പുതിയ ഇനം ആഴക്കടല്‍ മത്സ്യം
കൊച്ചി: അറബിക്കടലില്‍നിന്ന് പുതിയ ഇനം ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി. ലക്ഷദ്വീപ് കടലിന്റെ കിഴക്കന്‍ മേഖലയില്‍ 350 മുതല്‍ 500 മീറ്റര്‍ വരെ ആഴമുള്ള ഭാഗത്താണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇവയെ കണ്ടെത്തിയത്.
കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിയ ആഴക്കടല്‍ ട്രോളിംഗ് ബോട്ടുകളില്നിന്നാണു ഗവേഷണത്തിനാവശ്യമായ ആറു മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചത്.
ഇന്ത്യന്‍ ഡോറി എന്നു വിളിക്കുന്ന ഈ മത്സ്യത്തിന് സിറ്റോപ്സിസ് ഇന്‍ഡിക്ക എന്നാണു ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ ഡോ. ആര്. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് കണ്ടെത്തലിനു പിന്നില്‍.
പരമ്പരാഗത ശാസ്ത്രീയ വര്‍ഗീകരണ രീതികളിലും അത്യാധുനിക ഡിഎന്‍എ പരിശോധനയിലുമാണ് ഇത് പുതിയ ഇനം മത്സ്യമാണെന്നു ഗവേഷകര്‍ സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ഈ മത്സ്യങ്ങള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണപ്പെടുന്ന സിറ്റോപ്സിസ് റോസിയ എന്ന വിഭാഗത്തില്‍പ്പെട്ടതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.
എന്നാല്‍ ജനിതകഘടനയില്‍ ഇവയില്‍നിന്നു വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് കണ്ടെത്തി. ഇന്ത്യന്‍ ജേർണല്‍ ഓഫ് ഫിഷറീസിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags : New species deep sea fish Arabian Sea discovered