പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധികതീരുവ ചുമത്താനുള്ള നിയമം പ്രാബല്യത്തിലാകുന്നതിന് തൊട്ടുമുൻപ് മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ മാസം ഒപ്പുവച്ച ബിൽ പ്രകാരം കർശന നിയന്ത്രണങ്ങളും ഉപരോധങ്ങളും നടപ്പിലാകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ തീരുമാനം.
ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഈ താത്കാലിക നിർത്തിവയ്ക്കൽ എന്ന് ട്രംപ് അറിയിച്ചു. അധികതീരുവ ഭാവിയിൽ എപ്പോൾ വേണമെങ്കിലും ചുമത്താൻ ട്രംപിനാകും. റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി വാങ്ങുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് നൂറുശതമാനം തീരുവ ചുമത്തിയിരുന്നത്.
അധികതീരുവ അടിച്ചേല്പ്പിക്കാന് പ്രസിഡന്റിന് അധികാരം നല്കുന്ന ബിൽ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കുകയും ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയുടെ ഊർജ വരുമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്.
Tags : Russian Oil Tariffs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash