പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ക്രിസ്തുവിന്റെ സഭയെന്ന നിലയിൽ സംഖ്യാബലത്തേക്കാൾ നാടിനും ജനങ്ങൾക്കും സഭ നൽകുന്ന ശുശ്രൂഷകളുടെ മഹത്വമാണ് വലുതെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിലുൾപ്പെടെ കേരളത്തിനകത്തും പുറത്തും സീറോമലബാർ സഭ നൽകിയിട്ടുള്ള സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം സാക്ഷരസമ്പന്നമായതിൽ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന വിശുദ്ധ ചാവറയച്ചന്റെ ദീർഘവീക്ഷണത്തോടെയുള്ള മഹത്തായ ആശയത്തിന് നിർണായക പങ്കുണ്ട്.
പൗരസ്ത്യസഭകളിൽ ആൾബലംകൊണ്ടും പ്രവർത്തനതീക്ഷ്ണതകൊണ്ടും സീറോ മലബാർ സഭ മറ്റു സഭകളേക്കാൾ മുന്നിലാണ്. വളർച്ചയ്ക്കൊത്തു സാക്ഷ്യത്തിലും നാം മുന്നേറണം.
മാർഗം തെറ്റാതെ സഞ്ചരിക്കാൻ നമുക്കാകണം. രൂപതകളിൽ ശക്തമായി പ്രവർത്തിക്കുമ്പോൾത്തന്നെയും സഭയെന്നനിലയിൽ സംഘബോധവും കൂട്ടായ്മയും വളർത്താൻ നമുക്കു സാധിക്കേണ്ടതുണ്ട്.
സഭയുടെ ശക്തി ഉറക്കെപ്പറയേണ്ട കാലഘട്ടമാണിതെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
കൊച്ചി: ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന്റെ അലമാരയിലിരിക്കാനുള്ളതല്ലെന്നും അതിലെ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി സണ്ണി ജോസഫ്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്സിആർഎ നിയമഭേദഗതി സംബന്ധിച്ച ആശങ്കകൾ നീക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ളതെല്ലാം ചെയ്യും.
ചെറിയ ക്ലാസുകൾ മുതൽ ഉന്നതവിദ്യാഭ്യാസം വരെ സഭയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണു പഠിക്കാനായതെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാദിനാഘോഷത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊച്ചി: പൗരബോധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതിന് സ്കൂൾ വിദ്യാഭ്യാസപ്രക്രിയ ഇനിയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്.
സീറോമലബാർ സഭയ്ക്കു കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇനിയും ഏറെക്കാര്യങ്ങൾ ചെയ്യാനാകും. നമുക്കുമുന്നിലുള്ള സാധ്യതകളെ അതിനായി പ്രയോജനപ്പെടുത്തണമെന്നും ചീഫ് വിപ്പ് പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാദിനാഘോഷത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊച്ചി: രാജ്യത്തു വിദ്യാഭ്യാസ പ്രക്രിയ സാർവത്രികമാക്കുന്നതിലും ജനകീയവത്കരിക്കുന്നതിലും ക്രൈസ്തവസഭയുടെ പങ്ക് പ്രധാനമെന്ന് മന്ത്രി റോജി എം.ജോൺ. സഭയുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് രാജ്യമെങ്ങും സ്വീകാര്യതയുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവസഭയുടെ കീഴിലല്ലാത്ത വിദ്യാലയങ്ങൾക്കും ക്രിസ്തീയമായ പേരുകളിടുന്നത് അവിടെയെല്ലാം ക്രിസ്ത്യൻ സമൂഹത്തിന്റെ വിദ്യഭ്യാസരംഗത്തെ പ്രവർത്തനമികവും സ്വീകാര്യതയുമാണു വ്യക്തമാക്കുന്നത്.
സഭാംഗമെന്ന നിലയിൽ സീറോമലബാർ സഭയുടെ ആദരം അഭിമാനത്തോടെയാണു കാണുന്നതെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാദിനാഘോഷത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിനു മറുപടി പറയവെ മന്ത്രി പറഞ്ഞു.
കൊച്ചി: സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള സർക്കാരിന്റെ ശക്തമായ ശ്രമങ്ങൾക്കൊപ്പം സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളും ദൈവികമായ കൃപയും ആവശ്യമാണെന്നു മന്ത്രി മോൻസ് ജോസഫ്. നാടിന്റെ പുരോഗതിക്ക് മനുഷ്യസാധ്യമായ പരിശ്രമങ്ങളെല്ലാം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.
മലയോരമേഖലയിലെ പ്രതിസന്ധികളുൾപ്പെടെ സഭ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കു പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാർതോമാശ്ലീഹായുടെ ധീരത എക്കാലവും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സഭാദിനാഘോഷത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.