Kerala
കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. ഇതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാകും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വാഹന സംബന്ധമായ സേവനങ്ങള്‍ നല്കുന്ന വാഹന്‍, ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച സാരഥി എന്നീ പോര്‍ട്ടലുകള്‍ വഴിയുള്ള സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈനാക്കുന്നത്.
ഇതോടെ ഭൂരിഭാഗം ആവശ്യങ്ങള്‍ക്കും അപേക്ഷകര്‍ക്ക് ആര്‍ടി ഓഫീസുകളില്‍ നേരിട്ട് എത്തേണ്ടതില്ല. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകള്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാ ക്രമത്തിലാകും തീര്‍പ്പാക്കുക.
വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയല്‍, വ്യക്തിഗത വാദം കേള്‍ക്കല്‍ എന്നിവയ്ക്ക് ഒഴികെ ഓഫീസുകളില്‍ പോകേണ്ടി വരില്ല. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ നമ്മുടെ കേരളം പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും.
വ്യക്തിഗത വാദം കേള്‍ക്കലിന് പോര്‍ട്ടലിലെ വി മീറ്റ് സംവിധാനത്തിലൂടെ വീഡിയോ കോള്‍ വഴിയും ഹാജരാകാം. ഓണ്‍ലൈന്‍ അപേക്ഷകളുടെ പകര്‍പ്പ് ഓഫിസുകളില്‍ സമര്‍പ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാങ്കേതികസഹായം ആവശ്യമുള്ളവര്‍ക്ക് അക്ഷയ, സിഎസ്സി കേന്ദ്രങ്ങളെയോ ആര്‍ടി ഓഫിസുകളെയോ നേരിട്ട് സമീപിക്കാം. ആധാര്‍ ഒടിപി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തില്‍ മാത്രം ആധികാരികത ഉറപ്പാക്കാന്‍ അപേക്ഷകന് ഒരു തവണ നേരിട്ട് ഹാജരാകേണ്ടിവരും.
ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് തുടങ്ങിയവയുടെ ടെസ്റ്റുകള്‍ക്കുള്ള സ്ലോട്ടുകള്‍ സാരഥി പോര്‍ട്ടല്‍ വഴിയും ഫിറ്റ്നസ് ടെസ്റ്റുകള്‍ക്കുള്ള സ്ലോട്ടുകള്‍ വാഹന്‍ പോര്‍ട്ടല്‍ വഴിയുമാണ് ബുക്ക് ചെയ്യുന്നത്.
District News
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി ഡിപ്പോയിൽനിന്ന് മംഗലാപുരം വഴി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള പ്രതിദിന സർവീസിനു തുടക്കമായി. ദിവസവും ഉച്ചക്ക് 1.15 ന് ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ എട്ടിനു മൂകാംബിക ക്ഷേത്രത്തിലെത്തിച്ചേരും. ഉച്ചതിരിഞ്ഞ് 2.15ന് തിരികെ പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ ഏഴിനു നെയ്യാറ്റിൻകരയിലെത്തും. 2,040 രൂപയാണ് യാത്രാനിരക്ക്.
ഓൺലൈൻ മുഖേനയും റിസർവേഷൻ കൗണ്ടറിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ശീതീകരിച്ച രണ്ട് പുതിയ മൾട്ടി ആക്സിൽ വോൾവോ ബസുകൾ മുകാംബിക സർവീസിനായി നെയ്യാറ്റിൻകര ഡിപ്പോക്ക് അനുവദിച്ചു. മൂകാംബിക സർവീസ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് 9188933708 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നെയ്യാറ്റിന്‍കര- കൊല്ലൂര്‍ പ്രതിദിന സര്‍വീസിന്റെ ഫ്ലാഗ് ഓഫ് കര്‍മം എന്‍. ശക്തന് എംഎല്‍എ നിര്‍വഹിച്ചു. എടിഒ കെ.ജി. സൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.ആർ. പ്രാണകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. സജീവ് കുമാർ, ഗ്രാമം പ്രവീൺ, ലൈല, എസ്.ജി. രാജേഷ്, എൻ.കെ. രഞ്ജിത്ത്, ചേതക് നായർ, എസ്. അനീഷ്, ആന്റണി കിരൺ, പി. വിനോദ് കുമാർ, ഷിബു, സുനിൽകുമാർ, വി.കെ. ലേഖ, ബൈജു, ശ്രീധരൻനായർ, മഞ്ചവിളാകം ജയൻ, എസ്.കെ. ജയകുമാർ, പ്രിയകുമാർ, മൂകാംബിക ദേവീ ഭക്തസമിതി സെക്രട്ടറി ഒ.പി. അശോകൻ എന്നിവര്‍ സംബന്ധിച്ചു.
District News
സീതത്തോട്: മൂഴിയാര്‍-ഗവി റോഡില്‍ വാഹനഗതാഗതം പുനരാരംഭിച്ചു. പത്തനംതിട്ട-ഗവി-കുമളി കെഎസ്ആർടിസി ബസുകൾ ഇന്നലെ മുതൽ പതിവ് സർവീസുകൾ ആരംഭിച്ചു. പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മൂഴിയാർ വാൽവ് ഹൗസിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് യാത്ര തടസപ്പെടാൻ കാരണമായത്. മണ്ണ് റോഡിൽനിന്നു നീക്കിയെങ്കിലും അപകടസാധ്യത കണക്കിലെടുത്ത് വാഹനഗതാഗതത്തിന് അനുമതി നൽകിയിരുന്നില്ല.
മണ്ണ് പര്യവേക്ഷണ വിഭാഗം, പൊതുമരാമത്ത്, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവ സംയുക്ത പരിശോധന നടത്തിയശേഷമാണ് വാഹനഗതാഗതത്തിന് അനുമതി നൽകിയത്. മഴ മാറിനിൽക്കുന്നതിനാൽ നിലവിൽ അപകടസാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ നാല്പതേക്കര് കോളനിയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീഴുകയും റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയും ചെയ്തത്. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപഡിവിഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഗവി റൂട്ടിലൂടെ കെഎസ്ആര്‍ടിസി നടത്തിയിരുന്ന മൂന്നു സര്‍വീസുകളും പുനരാരംഭിച്ചു. നിർത്തിവച്ചിരിക്കുന്ന ഗവി ബജറ്റ് ടൂറിസവും കെഎസ്ആർടിസി പുനരാരംഭിക്കും. ഗവിയിലേക്കുള്ള സഞ്ചാരികളെയും കടത്തിവിടാൻ അനുമതിയായിട്ടുണ്ട്.
Kerala
നെടുമ്പാശേരി: സ്പൈസ് ജെറ്റിന്റെ ഫുജൈറയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി.
ഇന്നലെ രാവിലെ 6.55ന് കൊച്ചിയിൽ എത്തി 11.45ന് മടങ്ങേണ്ടിയിരുന്ന വിമാനമാണു റദ്ദാക്കിയത്. വെള്ളിയാഴ്ച രാത്രി 9.20ന് എത്തേണ്ടിയിരുന്ന ദുബായ്-കൊച്ചി വിമാനം ഇന്നലെ രാവിലെ 10.45നാണ് എത്തിയത്.
വെള്ളിയാഴ്ച രാത്രി 12.25ന് പുറപ്പെടേണ്ട മടക്കവിമാനം ഇന്നലെ രാവിലെ ആറരയോടെയാണു പോയത്. രണ്ടാഴ്ചയായി സ്പൈസ് ജെറ്റ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ മുടങ്ങുകയാണെന്നു പരാതിയുണ്ട്.
Kerala
കൊച്ചി: കർക്കടകവാവ് പ്രമാണിച്ച് ബലിതർപ്പണത്തിന് എത്തുന്നവർക്ക് യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ഓഗസ്റ്റ് 11 ചൊവ്വാഴ്ച തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് രാത്രി 11.15 നും 11.30 നും സർവീസ് ഉണ്ടായിരിക്കും.
കൂടാതെ ഓഗസ്റ്റ് 12 ബുധനാഴ്ച ആലുവയിൽ നിന്നും പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും തൃപ്പൂണിത്തുറയിലേയ്ക്ക് സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേയ്ക്ക് പോയ റോ റോ സര്‍വീസിന്റെ എന്ജിന് തകരാറിലായതിനെ തുടര്‍ന്നാണ് കപ്പല്‍ച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്. വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി.
എന്ജിന് പ്രവര്‍ത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോള്‍ ബോട്ടും സംഘവും ചേര്‍ന്ന് പിന്തുടര്ന്ന് വടംബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.കെഎസ്ഐഎന്‍സിയുടെ ഉടമസ്ഥതയിലുള്ള റോ റോ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്.
സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും 50-ഓളം യാത്രക്കാരും റോ റോയില്‍ ഉണ്ടായിരുന്നു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. വിഷ്ണു, ബോട്ട് സ്രാങ്ക് അജയന്, ഡ്രൈവര്‍ ഷാജി, സീ റെസ്ക്യൂ ഗാര്‍ഡ്മാരായ ഷെല്ലന്‍, ഉദയന്‍, വിനു, ജിപ്സണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Kerala
കൊച്ചി: 2004 മുതല്‍ തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന കോളജ് അധ്യാപികയുടെ സര്‍വീസ് ക്രമപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കൊല്ലം എസ്എന്‍ കോളജിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അധ്യാപികയായ സുകി പി. രാജിന്റെ 22 വര്‍ഷത്തെ സേവനം ക്രമപ്പെടുത്താനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ക്രമപ്പെടുത്തല്‍ ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് അധ്യാപിക നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പ്രീഡിഗ്രി വേര്പ്പെടുത്തിയതിനെത്തുടര്ന്ന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ അധികം വന്ന അധ്യാപകരെ ഉള്‍പ്പെടുത്താന്‍ 1998ല്‍ 440 പുതിയ കോഴ്സുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന നിബന്ധനയോടെയായിരുന്നു ഇത്.
2010ല്‍ വിവിധ എയ്ഡഡ് കോളജുകളില്‍ സോപാധിക അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കോഴ്സുകളില്‍ പഠിപ്പിക്കുന്നവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കാന്‍ ആയിരത്തിലേറെ അധ്യാപക തസ്തികകളും അനുവദിച്ചു.
ഇക്കൂട്ടത്തില്‍ കംപ്യൂട്ടര്‍ സയന്‍സിന് പകരം ഫിസിക്സില്‍ ആണ് തസ്തിക അനുവദിച്ചത്. സര്‍ക്കാര്‍ പിന്നീട് അതു തിരുത്തിയിട്ടും ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി.
അധ്യാപികയെ നിയമിക്കുകയല്ല, നിയോഗിക്കുകയാണു ചെയ്തതെന്നും നെറ്റ് യോഗ്യത ഇല്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം.
Kerala
കൊച്ചി: ഇന്ത്യന്‍ ഓയില്‍ 10 കിലോഗ്രാം ഭാരമുള്ള ഇന്‍ഡെയ്ന്‍ എക്സ്ട്രാലൈറ്റ് നൗ കോമ്പോസിറ്റ് എല്‍പിജി സിലിണ്ടറും അതിനൊപ്പമുള്ള അതിവേഗ ഹോം ഡെലിവറി സേവനവും അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എ.എസ്. സാഹ്നി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൗമിത്ര പി. ശ്രീവാസ്തവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ബുക്കിംഗ് നടത്തിയ നാലു മണിക്കൂറിനുള്ളില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുന്ന സേവനമാണ് പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതോടൊപ്പം അഞ്ചു കിലോഗ്രാം ഛോട്ടു സിലിണ്ടറിനും നാലു മണിക്കൂറിനുള്ളില്‍ ഹോം ഡെലിവറി ലഭ്യമാക്കുന്ന സേവനവും ഇന്ത്യന്‍ ഓയില്‍ ആരംഭിച്ചു.
ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡെയ്ന്‍ എക്സ്ട്രാലൈറ്റ് നൗ സിലിണ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. സിലിണ്ടറിലെ വാതകത്തിന്റെ അളവ് പുറത്തുനിന്നുതന്നെ മനസിലാക്കാന്‍ കഴിയുന്ന സുതാര്യമായ പുറംഭാഗം ഇതിന്റെ പ്രത്യേകതയാണ്.
ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള സമയത്ത് വിതരണം, കുറഞ്ഞ രേഖകളോടെ പുതിയ കണക്ഷന്, നാല് മണിക്കൂറിനുള്ളിലെ അതിവേഗ വിതരണം എന്നിവയും സേവനത്തിന്റെ ഭാഗമാണ്. പൂന, ഗുരുഗ്രാം, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
ഓഗസ്റ്റ് പകുതിയോടെ 25 നഗരങ്ങളിലേക്കും ഒക്ടോബര്‍ അവസാനത്തോടെ പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഓയില്‍ വണ്‍ മൊബൈല്‍ ആപ്പിലൂടെയും ഇന്ത്യന്‍ ഓയില്‍ ഉപഭോക്തൃ പോര്‍ട്ടലിലൂടെയും പുതിയ കണക്ഷന് രജിസ്റ്റര്‍ ചെയ്യാനും റീഫില്‍ ബുക്ക് ചെയ്യാനും കഴിയും. വാട്സ്ആപ് ബുക്കിംഗ് സംവിധാനവും ഉടന്‍ ആരംഭിക്കും.
നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും ജോലിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദവും സുതാര്യവുമായ എല്‍പിജി സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.
District News
തൊടുപുഴ: ജില്ലയിലെ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് കവറേജും മറ്റ് അനുബന്ധ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായി.
വിവിധ വാര്‍ഡുകളില്‍ ബിഎസ്എന്‍എല്‍ ശൃംഖല നേരിടുന്ന തടസങ്ങളും പരാതികളും കണ്ടെത്തുന്നതിനൊപ്പം പുതിയ മൊബൈല്‍ ടവറുകള്‍ അടിയന്തരമായി സ്ഥാപിക്കേണ്ട പ്രദേശങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ പ്രതിനിധികളില്‍നിന്നു നേരിട്ട് ശേഖരിക്കും. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും എംപി നേരിട്ട് കത്തയയ്ക്കും. മുനിസിപ്പാലിറ്റികളില്‍ നെറ്റ്വര്‍ക്ക് കവറേജും ഫൈബര്‍ കണക്ടിവിറ്റിയും വര്‍ധിപ്പിക്കാനും ഗ്രാമപ്രദേശങ്ങളില്‍ ശൃംഖല കൂടുതല്‍ വ്യാപിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നെറ്റ്വര്‍ക്ക് കവറേജ് തീരെ ലഭ്യമല്ലാത്ത ഭൂമിശാസ്ത്രപരമായി ഏറെ ദുഷ്കരമായ ആദിവാസി, പിന്നാക്ക മേഖലകളിലെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. ഇത്തരം പ്രദേശങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും. ഇടമലക്കുടി, മൂന്നാര്‍, ദേവികുളം, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനകള്‍ നടത്തും. പ്രശ്നപരിഹാരത്തിനുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമപ്പിക്കണമെന്ന് എംപി നിര്‍ദേശം നല്കി.
യുഎസ്ഒഎഫ് ഫണ്ടുപയോഗിച്ച് ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി മുന്‍പ് ലഭിച്ചതും വനംവകുപ്പിന്റെയും തോട്ടങ്ങളുടെയും എന്‍ഒസി തുടങ്ങിയ വിവിധ അനുമതികള്‍ ലഭിക്കാത്തതുമൂലം മുടങ്ങിപ്പോയതുമായ എല്ലാ നിര്‍ദേശങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍തലത്തില്‍ ഇടപെടും. പുതുതായി ടവറുകള്‍ അനുവദിക്കേണ്ട അപേക്ഷകള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. മറ്റു കമ്പനികളുടെ ടവറുകള്‍ വാടക അടിസ്ഥാനത്തില്‍ ഉപയോഗിച്ച് ബിഎസ്എന്‍എലിന്റെ സേവനം വിപുലീകരിക്കുന്നതിനും നടപടിയെടുക്കും.
ബിഎസ്എന്‍എല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവത്കരിക്കുന്നതിന് വാര്‍ഡ്തല വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തും. വരാനിരിക്കുന്ന ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും ഉദ്യാഗസ്ഥര്‍ നേരിട്ടെത്തി പുതിയ പദ്ധതികളെയും പരാതി പരിഹാരങ്ങളെയും കുറിച്ച് വിശദീകരിക്കും. സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ബിഎസ്എന്‍എലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍ഗണന നല്കി വാടകയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും എംപി പറഞ്ഞു.
Kerala
കൊച്ചി: ക്രിസ്തുവിന്റെ സഭയെന്ന നിലയിൽ സംഖ്യാബലത്തേക്കാൾ നാടിനും ജനങ്ങൾക്കും സഭ നൽകുന്ന ശുശ്രൂഷകളുടെ മഹത്വമാണ് വലുതെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിലുൾപ്പെടെ കേരളത്തിനകത്തും പുറത്തും സീറോമലബാർ സഭ നൽകിയിട്ടുള്ള സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം സാക്ഷരസമ്പന്നമായതിൽ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന വിശുദ്ധ ചാവറയച്ചന്റെ ദീർഘവീക്ഷണത്തോടെയുള്ള മഹത്തായ ആശയത്തിന് നിർണായക പങ്കുണ്ട്.
പൗരസ്ത്യസഭകളിൽ ആൾബലംകൊണ്ടും പ്രവർത്തനതീക്ഷ്ണതകൊണ്ടും സീറോ മലബാർ സഭ മറ്റു സഭകളേക്കാൾ മുന്നിലാണ്. വളർച്ചയ്ക്കൊത്തു സാക്ഷ്യത്തിലും നാം മുന്നേറണം.
മാർഗം തെറ്റാതെ സഞ്ചരിക്കാൻ നമുക്കാകണം. രൂപതകളിൽ ശക്തമായി പ്രവർത്തിക്കുമ്പോൾത്തന്നെയും സഭയെന്നനിലയിൽ സംഘബോധവും കൂട്ടായ്മയും വളർത്താൻ നമുക്കു സാധിക്കേണ്ടതുണ്ട്.
സഭയുടെ ശക്തി ഉറക്കെപ്പറയേണ്ട കാലഘട്ടമാണിതെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
National
അയോധ്യ: അയോധ്യയിലെ തന്റെ സേവനകാലം അവസാനിച്ചെന്ന് രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുമായ ചന്പത് റായ്.
അയോധ്യയിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട ചന്പത് റായി തന്റെ അനുയായികളോടായാണ് ഇതു പറഞ്ഞത്. ഒപ്പമുള്ളവർ വിശ്വാസവഞ്ചന നടത്തി ഒറ്റപ്പെടുത്തിയെന്നും ഇത് വലിയ മനോവ്യഥയുണ്ടാക്കിയെന്നും ചന്പത് റായി പറഞ്ഞു.
ജൂലൈ ഒന്പതിനു ചേരുന്ന ട്രസ്റ്റ് അടിയന്തര യോഗത്തിൽ ചന്പത് റായിയുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജിക്കത്തിൽ തീരുമാനമുണ്ടാകും. ട്രസ്റ്റ് മാനേജ്മെന്റിന്റെ പ്രവൃത്തികളെക്കുറിച്ചും സംഭാവനകൾ ജീവനക്കാർ കൊള്ളനടത്തിയ രീതിയും ഉത്തർപ്രദേശ് സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
National
ന്യൂഡൽഹി: റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ ഗാർഹിക പരിചരണത്തിന് പ്രതിമാസം കുറഞ്ഞത് 30,000 രൂപ കണക്കാക്കി ഇൻഷ്വറൻസ് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഓരോ മൂന്നു വർഷം കൂടുന്പോഴും ഈ തുകയിൽ പത്തു ശതമാനം വർധന വരുത്തണം. വീട്ടമ്മമാരുടെ സേവനത്തെ രാഷ്ട്രനിർമാണത്തിന് തുല്യമായി കണക്കാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ജോലിയില്ലാത്ത വീട്ടമ്മമാർ റോഡപകടത്തിൽ മരിച്ചാൽ അവരുടെ കുടുംബത്തിൽ നഷ്ടപരിഹാരമായി കുറഞ്ഞ തുകയായിരുന്നു ഇൻഷ്വറൻസ് കന്പനികളിൽനിന്നു ലഭിച്ചിരുന്നത്. കുടുംബത്തിലെ ആശ്രിതർ എന്നു കണക്കാക്കിയായിരുന്നു ഇത്തരമൊരു രീതി.
എന്നാൽ ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകൾ കുടുംബത്തിന് ആശ്രിതരാണെന്ന തെറ്റായ ധാരണ മാറണമെന്നും കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിന് അവരുടെ അധ്വാനം അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനം രാജ്യത്തിന്റെ ജിഡിപിയിൽ കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്നും എന്നാൽ അതു സാന്പത്തികമായി ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2001ൽ ഹരിയാനയിൽ നടന്ന ഒരു റോഡപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം വർധിപ്പിച്ചു നൽകിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇനിമുതൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകൾ നഷ്ടപരിഹാരം കണക്കാക്കുന്പോൾ ‘ഗാർഹിക പരിചരണത്തിനുള്ള നഷ്ടം’ എന്ന പ്രത്യേക ഇനത്തിൽ പ്രതിമാസം 30,000 രൂപ വീതം ചേർക്കണം. വീട്ടമ്മമാർക്ക് വരുമാനമില്ലാത്ത സാഹചര്യത്തിലാണ് ഈ തുക ‘സ്റ്റാൻഡ്ഇൻ’ വരുമാനമായി കണക്കാക്കുക.
അതേസമയം, വീട്ടമ്മമാർ ജോലിക്കു പോകുന്നവരാണെങ്കിൽ അവരുടെ യഥാർഥ വരുമാനത്തിന് പുറമെ ഈ തുകകൂടി ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
Sports
ഫുട്ബോള്‍ കളിച്ചു തുടങ്ങി അധികം വൈകാതെ തന്റെ ഐക്കണ്‍ ആയി മാറിയ കാല്‍പ്പന്ത് രാജാവ് പെലെയെക്കുറിച്ചും ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ തന്റെ ആരാധനാപാത്രം ഗോര്‍ഡന്‍ ബാങ്ക്സിനെക്കുറിച്ചുമാണ് 'പറക്കും ഗോളി' എന്നറിയപ്പെടുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യന്‍ താരവുമായിരുന്ന വിക്ടര്‍ മഞ്ഞിലയ്ക്ക് ഫിഫ ലോകകപ്പിനെക്കുറിച്ചുള്ള ആദ്യ ഓര്മ. 'അന്നൊന്നും ടെലിവിഷനോ മറ്റു സൗകര്യങ്ങളോ ഇല്ല.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ പൂരം എക്സിബിഷന് നടക്കുമ്പോള്‍ സ്ക്രീനില്‍ കളികാണിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അങ്ങനെ 25 പൈസ മുടക്കി ആദ്യമായി കണ്ടത് 1966 ലോകകപ്പിലെ ഇംഗ്ലണ്ട് - വെസ്റ്റ് ജര്‍മനി ഫൈനല്‍ ആയിരുന്നു. പിന്നെ 1970 ലോകകപ്പിലെ ചില മത്സരങ്ങളും'- വിക്ടര്‍ മഞ്ഞില പറഞ്ഞു.
“1966 ജൂലൈ 30ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
11-ാം മിനിറ്റില്‍ ജര്‍മനി ഗോള്‍ നേടി. അധികം വൈകാതെ ജെഫ് ഹര്സ്റ്റിലൂടെ സമനില. 88-ാം മിനിറ്റില്‍ മാര്ട്ടിന് പീറ്റേഴ്സിലൂടെ ഇംഗ്ലണ്ടിനു ലീഡ്. 90-ാം മിനിറ്റില്‍ ജര്‍മനിക്കു നാടകീയ സമനില. കളി അധികസമയത്തേക്കു നീണ്ടു. ജെഫ് ഹര്‍സ്റ്റ് അടിച്ച ഒരു തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി താഴേക്കുപതിച്ചു. പന്ത് ഗോള്‍ലൈന്‍ കടന്നോയെന്നു സംശയം. എന്തായാലും ലൈന്‍ റഫറിയുടെ നിര്‍ദേശപ്രകാരം മെയിന്‍ റഫറി ഗോള്‍ വിളിച്ചു. 101-ാം മിനിറ്റിലായിരുന്നു ആ വിവാദ ഗോള്‍. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ 120-ാം മിനിറ്റില്‍ ഹര്‍സ്റ്റ് തന്റെ മൂന്നാം ഗോള്‍ നേടി;
ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പുയര്‍ത്തി ചരിത്രംകുറിച്ചു. ബോബി മൂര്‍ ആയിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ലോകത്തെ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ ആയിരുന്നു ഗോര്‍ഡന്‍ ബാങ്ക്സ്. പിന്നെ ഇംഗ്ലണ്ടിന്റെ പ്രധാന ആകര്‍ഷണമായിരുന്നു ബോബി ചാള്ട്ടണ് (മുന്‍നിര താരം), ജാക്ക് ചാള്ട്ടണ് ( പ്രതിരോധ താരം) എന്നീ സഹോദരങ്ങള്‍”- മഞ്ഞില ഓര്‍മിക്കുന്നു.
“ഓര്‍മയില്‍ തങ്ങിനില്ക്കുന്ന മറ്റൊരു മത്സരം 1970 ലോകകപ്പിലെ ബ്രസീല്‍ - ഇംഗ്ലണ്ട് ഗ്രൂപ്പ് പോരാട്ടമാണ്. 1970 ജൂണ്‍ ഏഴിന് മെക്സിക്കോയിലെ ഗ്വാഡലഹാരയിലായിരുന്നു മത്സരം. വലതു വിംഗില്‍നിന്ന് ജൈര്സീന്യോ നല്കിയ ക്രോസ് പെലെ അതിശക്തമായ ഹെഡറിലൂടെ ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ഗോളെന്നുറച്ച് സന്തോഷിക്കാന്‍ തുടങ്ങിയ പെലെ ഒന്നു ഞെട്ടി. ഒന്നാം പോസ്റ്റില്‍ നിന്നിരുന്ന ഗോര്‍ഡന്‍ ബാങ്ക്സ് മിന്നല്‍ വേഗത്തില്‍ പറന്നുവന്ന് പന്ത് തട്ടിയകറ്റി. കളിക്കാരും സ്റ്റേഡിയവും ഒന്നടങ്കം ഞെട്ടി. ഇന്നും ‘നൂറ്റാണ്ടിന്റെ സേവ്' എന്നറിയപ്പെടുന്നത് ബാങ്ക്സിന്റെ ഈ സേവാണ്. ഇതോടെ ബാങ്ക്സ് ഗോള്‍കീപ്പര്‍മാരില്‍ എന്റെ ആരാധനാപാത്രമായി. കളി പിന്നീട് ബ്രസീല്‍ 1-0 ന് ജയിച്ചു. അത്തവണ പെലെയുടെ ടീം കപ്പും നേടി”- മായാത്ത ഓര്‍മയോടെ മഞ്ഞില പറയുന്നു.
എന്നും പെലെ
കളിക്കാരില്‍ പെലെ തന്നെയാണ് എന്നും മനസില്‍. വായുവില്‍ ഉയര്‍ന്നുചാടി പന്ത് ലക്ഷ്യത്തിലെത്തിക്കാനും ഹെഡറിലൂടെ ഗോളാക്കാനുമുള്ള അസാമാന്യ കഴിവ്. ഇടത് - വലതുകാല്‍ വ്യത്യാസമില്ലാതെ പവര്‍ഫുള്‍ ഷോട്ടുകള്‍. എതിരാളികളുടെ കാലിലേക്ക് പന്തടിച്ച് തിരിച്ചെടുക്കുന്ന ഒരു സവിശേഷ ശൈലിയും സ്വന്തം. മൂന്നു ലോകകപ്പ് കിരീടങ്ങള്‍ (1958, 62, 70) നേടിയ ഏകതാരം. 1958 ലെ ലോകകപ്പില്‍ തന്റെ 17-ാം വയസില്‍ സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക് നേടിയും ഫൈനലില്‍ സ്വീഡനെതിരേ രണ്ടു ഗോള്‍ നേടിയും ലോകത്തെ വിസ്മയിപ്പിച്ചു.
2026ലെ കരുത്തര്‍ ഇവർ
“ഫിഫ 2026 ലോകകപ്പിലെ കരുത്തരായ ടീമുകള്‍ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന് തുടങ്ങിയവരാണ്. എഴുതിത്തള്ളാനാവില്ലെങ്കിലും ബ്രസീലിന് അത്ര സാധ്യതയുണ്ടെന്ന് പറയാനാകില്ല. എങ്കിലും ബ്രസീലിനോടാണ് എനിക്ക് ഏറെയിഷ്ടം”- മഞ്ഞിലയുടെ വാക്കുകള്‍.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി സി.പി ജോണ്‍. കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്ന സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആനുകൂല്യം എല്ലാമേഖലകളിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആകെ കെഎസ്ആര്‍ടിസിക്കുള്ള 5,765 ബസുകളുള്ളതില്‍ 1,406 ബസുകളാണ് വടക്കന്‍ ജില്ലകളിലുള്ളത്. 24.38ശതമാനം മാത്രം. സര്‍വീസുകള്‍ 33ശതമാനം മാത്രമാണ്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് തൃത്താല കേന്ദ്രീകരിച്ച് ഡിപ്പോയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വി.ടി. ബല്‍റാമിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
International
ദോഹ: കോഴിക്കോട് - ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഖത്തർ എയർവേയ്സിന്റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി, തുടർന്ന് 3.35ന് ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും സർവീസുകൾ ഉണ്ടാകും.
ദോഹയിൽനിന്നു മറ്റു വിവിധ രാജ്യങ്ങളിലേക്കു കണക്ഷൻ വിമാന സർവീസുകളും ഉണ്ടാകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - മസ്കറ്റ് വിമാന സർവീസ് ഈ മാസം ആറിന് പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് - മസ്കറ്റ് വിമാന സർവീസ് ആഴ്ചയിൽ മൂന്നു വീതം ഈ മാസം 31 വരെയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാകുക.
Kerala
കാക്കനാട്: പെസഹാ എന്നത് കേവലം ഒരു സ്മരണയല്ല; ജീവിക്കുന്ന സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള വലിയൊരു കടന്നുപോകലാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിശുദ്ധ വാരത്തിലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സീറോ മലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. സഭാ ആസ്ഥാനത്തെ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു.
സ്ഥലകാലങ്ങളുടെ പരിമിതകളിലുപരി, മനുഷ്യഹൃദയങ്ങളിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ കടന്നുപോകൽ നമ്മെ ഓർമിപ്പിക്കുന്നത്. മിശിഹാ ഈ ലോകത്തിൽനിന്നു കടന്നുപോയത് സ്വാംശദാനത്തിന്റെ പരകോടിയായ പരിശുദ്ധ കുർബാനയും വിനീതമായ സേവനത്തിന്റെ ഉത്തമ മാതൃകയായ പാദക്ഷാളനവും ലോകത്തിന് നൽകിക്കൊണ്ടാണ്. ഈ രണ്ട് മാതൃകകളോളം ലോകത്തെ മറ്റൊന്നിനും പരിവർത്തനവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ചരിത്രപരമായ സത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓരോ ക്രിസ്തുശിഷ്യനും യേശുവിന്റേതിനു തുല്യമായ കടന്നുപോകൽ നടത്താൻ സാധിക്കണം. അധികാരമോ പദവികളോ അല്ല, മറിച്ച് മറ്റുള്ളവർക്കായി സ്വയം മുറിച്ചുവിളമ്പുന്ന സ്നേഹവും എളിയവനെ ശുശ്രൂഷിക്കാനുള്ള മനസുമാണ് ക്രൈസ്തവ സാക്ഷ്യത്തിന്റെ കാതൽ.” മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. സ്വാർഥതയിൽനിന്ന് സ്നേഹത്തിലേക്കും അഹന്തയിൽനിന്ന് വിനയത്തിലേക്കുമുള്ള ഈ കടന്നുപോകൽ ഇന്നത്തെ ലോകസാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മിശിഹായുടെ കുരിശുമരണത്തിന്റെ സ്മരണപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. പീഡാനുഭവ ചരിത്രവായന, സന്ദേശം, കുരിശുചുംബനം, കുരിശിന്റെ വഴി എന്നിവയുണ്ടാകും.
Business
കൊച്ചി: രാജ്യത്തുടനീളം പ്രിന്റിംഗ്, പാക്കേജിംഗ് മേഖലയെ ബാധിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം പ്രിന്റിംഗ് സേവന നിരക്കുകൾ ഉയർത്തിയതായി കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് (കെഎംപിഎ) അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്, മഷി, കെമിക്കല്‍സ്, പ്രിന്റിംഗ് പ്ലേറ്റുകള്‍, ഗം, ലാമിനേഷന് ഫിലിം തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായി.
വിദ്യാഭ്യാസം, പാക്കേജിംഗ്, വാണിജ്യ അച്ചടി തുടങ്ങിയ വിവിധ മേഖലകളുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്റിംഗ് വ്യവസായം ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അച്ചടിനിരക്കുകള്‍ 20 ശതമാനമെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകുന്നത് ദുഷ്കരമാണെന്ന് കെഎംപിഎ പ്രസിഡന്റ് ലൂയി ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി ഡി. മന്മോഹന് ഷേണായി, റോ മെറ്റീരിയല്‍ കമ്മിറ്റി ചെയര്മാന് എം. കൃഷ്ണമൂര്‍ത്തി എന്നിവര്‍ അറിയിച്ചു. നിരക്ക് വർധന ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി അസോസിയേഷന് അറിയിച്ചു.
Kerala
നെടുമ്പാശേരി : കൊച്ചിക്കും ഗൾഫ് മേഖലയ്ക്കുമിടയിൽ ഇന്നലെ 35 വിമാന സർവീസുകൾ നടത്തി .
അബുദാബി -ആറ്, ദോഹ -രണ്ട് , ഷാർജ -രണ്ട് , ദുബായ് -മൂന്ന് , മസ്കറ്റ് -രണ്ട് , ജിദ്ദ - ഒന്ന് , ദമാം- ഒന്ന് എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ എത്തിയത് .
കൊച്ചിയിൽനിന്ന് 18 വിമാനങ്ങളാണ് ഗൾഫിലേക്കു പുറപ്പെട്ടത് . ദുബായ് -മൂന്ന്, മസ്കറ്റ് - മൂന്ന് , ഷാർജ - രണ്ട് , അബുദാബി -ആറ് , ജിദ്ദ -രണ്ട് , ദമാം- ഒന്ന് , ദോഹ -ഒന്ന്.
National
ന്യൂഡൽഹി: കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറന്ന് വിമാനം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീർഘദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്.
ഏകദേശം എട്ട് മണിക്കൂർ പറന്നശേഷം ആകാശമധ്യേ യുടേൺ എടുത്ത് തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയർ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാർക്ക് ദുരനുഭവത്തിന് കാരണമായത്. ഡൽഹിയിൽ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാൻകൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി എയർ ഇന്ത്യ നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടിൽ പറക്കാനുള്ള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, അത്തരം ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങൾ ഉള്ള ബോയിംഗ് 777 300 ഇആർ വിമാനങ്ങൾക്കാണ് ഈ സർവീസിന് അനുമതിയുള്ളത്.
വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
District News
പത്തനംതിട്ട: ജില്ലാ നിയമസേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടയം നേതൃത്വത്തില്‍ ജില്ല കോടതി സമുച്ചയത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ 4869 കോടതി കേസുകള്‍ തീര്‍പ്പാക്കി. 4,04,79,127 രൂപ നഷ്ടപരിഹാരം വിധിച്ചു. 27,85,300 രൂപ ക്രിമിനല്‍കേസ് പിഴയും ഈടാക്കി.
മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കി തീര്‍ക്കാവുന്നവ, എംഎസിടി, ബാങ്ക്, ആര്‍ടിഒ, ബിഎസ്എന്‍എല്‍, സിവില്‍ വ്യവഹാരം, കുടുംബ തര്‍ക്കം തുടങ്ങിയ കേസുകളാണ് തീര്‍പ്പാക്കിയത്.
ജില്ലാ ജഡ്ജി എന്‍. ഹരികുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി ജി.പി. ജയകൃഷ്ണന്, ജില്ല നിയമസേവന അഥോറിറ്റി സെക്രട്ടറി ഡോ. ജോണ്‍ വര്‍ഗീസ്, സബ് ജഡ്ജ് തോമസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.ഡോണി തോമസ് വര്‍ഗീസ്, എഫ്. മിനിമോള്‍, ലെനി തോമസ് കുരാക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
നെടുമ്പാശേരി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽനിന്നു പച്ചക്കറിയും പഴവർഗങ്ങളും അബുദാബിയിൽ എത്തിക്കാൻ ഇന്നു പ്രത്യേക ചരക്കുവിമാനം സർവീസ് നടത്തും.
80,000 കിലോഗ്രാം പച്ചക്കറികളും പഴങ്ങളുമാണ് ഇവിടെനിന്ന് കയറ്റി അയയ്ക്കുക. ഫെയർ എക്സ്പോർട്ട്സ് (ഇന്ത്യ) ആണ് 12,000 പാക്കേജുകൾ ക്രമീകരിച്ചിട്ടുള്ളത്. അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ഇവ എത്തിക്കുന്നത്. പഴവും പച്ചക്കറിയും കേരളത്തിൽനിന്നാണു സംഭരിച്ചത്.
അബുദാബിയിൽനിന്ന് രാവിലെ എട്ടിന് ഫെറി ഫ്ളൈറ്റായി വരുന്ന വിമാനം ചരക്ക് കയറ്റി 11ന് തിരിച്ചുപോകും. ഇന്ന് എയർ അറേബ്യയുടെ വിമാനം ഷാർജയിലേക്ക് സർവീസ് നടത്തും.
ഇന്നലെ ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിൽനിന്നായി 13 വിമാനങ്ങൾ കൊച്ചിയിൽ വന്നു. കൊച്ചിയിൽനിന്ന് ദുബായ്, റിയാദ്, ഷാർജ, ജിദ്ദ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഒന്‍പത് വിമാനങ്ങൾ സർവീസ് നടത്തി.
District News
കുറവിലങ്ങാട്: കുറവിലങ്ങാട് വഴിയുള്ള ദീർഘദൂര സർവീസുകളും സ്റ്റേ ബസുകളുമടക്കം ഒന്നിനു പിറകേ ഒന്നായി നിർത്തി കെഎസ്ആർടിസി. സർവീസുകൾ ഇല്ലാതാകുന്നതോടെ യാത്രാക്ലേശം രൂക്ഷമാണെങ്കിലും ജനപ്രതിനിധികളടക്കമുള്ളവർ മൗനം പാലിക്കുന്നതിനാൽ നടപടികളുണ്ടാകുന്നില്ല.
സ്റ്റേ ബസുകളടക്കം നിർത്തലാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടുവെങ്കിലും ചോദിച്ചുവാങ്ങാൻ ആരുമില്ലാത്ത അവസ്ഥയാണ്. ദീർഘദൂര സർവീസുകൾ റൂട്ടുമാറ്റിയും കെഎസ്ആർടിസി നാടിനോടു ചിറ്റമ്മനയം പുലർത്തുന്നു. സ്റ്റേഷൻമാസ്റ്റർ ഓഫീസടക്കമുണ്ടായിരുന്ന നാടാണ് ഇപ്പോൾ നിലയ്ക്കുന്ന സർവീസുകളുടെ പേരിൽ കിതയ്ക്കുന്നത്.
ഓർഡിനറി സർവീസുകൾ ചെയിനിൽ ഒതുങ്ങി
ഒന്നാം നമ്പർ സംസ്ഥാന ഹൈവേയായ എംസി റോഡിൽ ഓർഡിനറി സർവീസുകൾ വല്ലപ്പോഴും എത്തിയാൽ ഭാഗ്യം. മോനിപ്പള്ളി, ഉഴവൂർ വഴിയുള്ള ചെയിനാണ് ഏക ആശ്രയം. വൈക്കം-പാലാ റൂട്ടിൽ ചെയിൻ സർവീസ് എണ്ണത്തിൽ കുറഞ്ഞെങ്കിലും ആശ്രയം അതു മാത്രമാണ്. പത്തിൽനിന്ന് ആറിലെത്തിനിൽക്കുകയാണ് ബസുകളുടെ എണ്ണം.
ചരിത്രമായ സ്റ്റേ ബസുകൾ നിരവധി
കോട്ടയം-വാക്കാട്-ചേരുംതടം, കോട്ടയം-ഞീഴൂർ-പെരുവ, കോട്ടയം-വെളിയന്നൂർ, പാലാ-കുറവിലങ്ങാട്, കോട്ടയം-കുറവിലങ്ങാട്-മോനിപ്പള്ളി, കോട്ടയം- ഇലഞ്ഞി, കോട്ടയം-മോനിപ്പള്ളി-ശാന്തിപുരം-പെരുവ -പിറവം എന്നിവയാണ് നിലച്ച സ്റ്റേ സർവീസുകൾ. രാത്രി 9.30ന് പാലായിൽനിന്ന് പുറപ്പെട്ടിരുന്ന സ്റ്റേ ബസ് നിറുത്തലാക്കിയതോടെ രാത്രി എഴു കഴിഞ്ഞാൽ പാലായിൽനിന്ന് കുറവിലങ്ങാട്ടെത്താൻ ഏറ്റുമാനൂരിലെത്തി എംസി റോഡിലെ ബസുകളെ ആശ്രയിക്കണം.
നിലച്ചുപോയവയും നിരവധി
കോട്ടയം-വലിയപാറ വഴി ഉഴവൂർ, കോട്ടയം-കാണക്കാരി വഴി കൂത്താട്ടുകുളം, വൈക്ക -കാട്ടാന്പാക്ക് വഴി കുറവിലങ്ങാട്, പാലാ-കിടങ്ങൂർ, കൂടല്ലൂർ, വെമ്പള്ളി, വൈക്കം വഴി എറണാകുളം എൽഎസ് ഓർഡിനറി, പാലാ-ഞീഴൂര്‍-പെരുവ വഴി എറണാകുളം എൽഎസ് ഓർഡിനറി, പാലാ-കാട്ടാന്പാക്ക് വഴി വൈക്കം, പാലാ-കുറപ്പന്തറ-കല്ലറ വഴി ആലപ്പുഴ, തൊടുപുഴ-കുറപ്പന്തറ-കല്ലറ വഴി ചേർത്തല, കോട്ടയം-മോനിപ്പള്ളി വഴി പിറവം, കോട്ടയം-ഞീഴൂർ വഴി പിറവം, എറണാകുളം-പാലാ വഴി മുണ്ടക്കയം- ഇളങ്കാട് ഫാസ്റ്റ്, എറണകുളം-പാലാ-പൊൻകുന്നം വഴി മുണ്ടക്കയം എൽഎസ് ഓർഡിനറി, എറണകുളം-പാലാ-പൊൻകുന്നം വഴി കുമളി ഫാസ്റ്റ്, പൊൻകുന്നം-പാലാ-കടുത്തുരുത്തി വഴി അമൃത ആശുപത്രി എൽഎസ് ഓർഡിനറി, തൊടുപുഴ-കോട്ടയം മെഡിക്കൽ കോളജ്, പാലാ-വൈക്കം വഴി എറണാകുളം എൽഎസ് ഓർഡിനറി, പാലാ- കുറവിലങ്ങാട്-എറണാകുളം വഴി അമ്പയത്തോട് (ഫാസ്റ്റ്) സർവീസുകൾ നിർത്തലാക്കിയവ യിൽപ്പെടുന്നു.
റൂട്ടുമാറ്റവും വിന
ചങ്ങനാശേരിയിൽനിന്ന് കുറവിലങ്ങാട് വഴി സർവീസ് നടത്തിയിരുന്ന വേളാങ്കണ്ണി ബസ് അടുത്തനാളിൽ കുറവിലങ്ങാടിനെ ഉപേക്ഷിച്ച് റൂട്ട് മാറ്റി. എരുമേലിയിൽനിന്ന് പാലാ -കുറവിലങ്ങാട് വഴി സർവീസ് നടത്തിയിരുന്ന എറണാകുളം ബസ് മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ മാസം മുതൽ മരങ്ങാട്ടുപിള്ളി - ഉഴവൂർ വഴിയാക്കി യാത്ര.
കോട്ടയം - ഉഴവൂർ - രാമപുരം - തൊടുപുഴ വഴി കട്ടപ്പനയ്ക്കു തുടങ്ങിയ സർവീസ് ഇപ്പോൾ പാലാ വഴിയാണ് കട്ടപ്പനയ്ക്കു പോകുന്നത്. കൊട്ടാരക്കരയിൽനിന്ന് കർണാടകയിലെ സുള്ള്യയിലേക്കു നടത്തിയിരുന്ന സൂപ്പർ ഡീലക്സ് ബസ് ഇപ്പോൾ കടുത്തുരുത്തി - എറണാകുളം വഴിയാക്കിയും കുറവിലങ്ങാടിനെ കൈവിട്ടു.
District News
റാന്നി: പുതമൺ, അന്ത്യാളൻകാവ്, പുതുശേരിമല, തലച്ചിറ റൂട്ടുകളിൽ കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി.
റാന്നി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം നേരിടുന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതിനു വേണ്ടി ഒരു കെഎസ്ആർടിസി ബസ് വിട്ടുനിൽക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയേ തുടർന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഇടപെട്ട് റാന്നി ഡിപ്പോയ്ക്ക് അനുവദിച്ച ബസ് ഉപയോഗിച്ചാണ് പുതിയ ഷെഡ്യൂൾ ആരംഭിച്ചത്.
പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സർവീസുകൾ ഇല്ലാതെ ജനങ്ങൾ വലയുന്ന പ്രദേശങ്ങളിലാണ് പുതിയ ബസിന്റെ സർവീസ് ആരംഭിച്ചത്. രാവിലെ 7.30 ന് റാന്നിയിൽ നിന്ന് ആരംഭിച്ച് അന്ത്യാളൻകാവ്, കടമ്മനിട്ട വഴി പത്തനംതിട്ടയ്ക്കും 8.55 ന് പത്തനംതിട്ടയിൽ നിന്നു തിരികെ റാന്നി വഴി വെച്ചൂച്ചിറ നവോദയയിലേക്കാണ് സർവീസ്. 11.10 ന് നവോദയയിൽ നിന്നു റാന്നിക്കും 12.15 ന് റാന്നി - പുതുശേരിമല - വടശേരിക്കര വഴി തലച്ചിറ. 1.30 ന് തലച്ചിറയിൽ നിന്നും വടശേരിക്കര പുതുശേരിമല വഴി റാന്നി. 2.20ന് റാന്നി - നവോദയ - 70 ഏക്കർ , 3.45 ന് തിരികെ പുറപ്പെടും. 5.45 ന് റാന്നിയിൽ നിന്ന് ചിറക്കൽപ്പടി വഴി വലിയകാവ്. 6.05 ന് വലിയ കാവിൽ നിന്നു റാന്നിക്കും സർവീസ് നടത്തും. 187 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ബസ് സഞ്ചരിക്കുക.
അന്ത്യാളൻകാവിൽ ബസിനു സ്വീകരണം നൽകി. പ്രമോദ് നാരായൺ എംഎൽഎ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എം. ടി. ജെസി, അജിത് കുമാർ, ലോക്കൽ സെക്രട്ടറി ജോസ് ബെൻ ജോർജ്, അസി. ഡിടിഒ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് റീ ഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നത്.
ആദ്യ സര്‍വീസ് മേയര്‍ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം,കുന്നൻപാറ, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്.
തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോൾ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം പുതിയ സർവീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മേയര്‍ പ്രതികരിച്ചിരുന്നു.
Kerala
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി. തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടിയത്.
ഫെബ്രുവരി അവസാനം വരെ ഈ ട്രെയിനുകൾ സർവീസ് തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നു മുതൽ 22 വരെയാണ് നീട്ടിയത് (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
07314 കൊല്ലം - ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ടു മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06523 എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ട് മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
06524 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി മൂന്നു മുതൽ 24 വരെ നീട്ടി (ചൊവ്വാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06547 എസ്എംവിടി ബാഗളൂരു - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) സ്പെഷൽ ട്രെയിൻ ഫെബ്രുവരി നാല് മുതൽ 25 വരെ നീട്ടി. (ബുധനാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
06548 തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു സ്പെഷൽ ട്രെയിൻ ഫെബ്രുവരി അഞ്ച് മുതൽ 26 വരെ നീട്ടി. (വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്). 06555 എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി ആറ് മുതൽ 20 വരെ ദീർഘിപ്പിച്ചു.(വെള്ളിയാഴ്ചകളിൽ മാത്രമാണ് സര്‍വീസ്).
06556 തിരുവനന്തപുരം നോർത്ത് - എസ്എംവിടി സംഗളൂരു സ്പെഷൽ ട്രെയിൻ ഫെബ്രുവരി എട്ട് മുതൽ 22 വരെ നീട്ടി. (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്).
Business
കൊച്ചി: മുൻനിര ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. പ്രാരംഭ ഓഫറായി കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാനും അവതരിപ്പിച്ചു. 299 രൂപ മുതല്‍ ആരംഭിക്കുന്ന 5 ജി പ്ലാനുകള്‍ ലഭ്യമാകും.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് നേരത്തേ വിജയകരമായി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്ടിവിറ്റിയും തടസമില്ലാത്ത ഇന്റര്‍നെറ്റും ഉറപ്പാക്കുന്നതിനാണ് വിപുലീകരണമെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് വി. ജോര്‍ജ് മാത്യു പറഞ്ഞു.
കൂടുതല്‍ വിപുലമായ കവറേജും വേഗമേറിയ ഡാറ്റാ സ്പീഡും മികച്ച കസ്റ്റമര്‍ എക്സ്പീരിയന്‍സും നല്‍കുന്നതിനായി കേരളത്തിലെ തങ്ങളുടെ 4ജി ശൃംഖലയും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
International
മാഡ്രിഡ്: സ്പെയിനിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്.
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ 73 പേർക്ക് പരിക്കേറ്റതായും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Kerala
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.
തുടർന്ന് നാല് ട്രൈനുകൾ പിടിച്ചിട്ടു. ഒരു മണിക്കൂറിന് ശേഷമാണ് പാളം തെറ്റിയ ബോഗി തിരിച്ചുകയറ്റിയത്. ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ ട്രാക്കിലെ നിർത്തിയിട്ട സർവീസുകൾ ഉടൻ പുനരാരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വൈകിയോടുന്ന ട്രെയിനുകൾ
ഏറനാട് എക്സ്പ്രസ്
കോഴിക്കോട്-പാലക്കാട് എക്സ്പ്രസ്
പരശുറാം എക്സ്പ്രസ്
കോഴിക്കോട് നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്
ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്
National
ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് ഉത്തരവിറക്കിയത്. പി. രാധാകൃഷ്ണനോട് നിർബന്ധിതമായി വിരമിക്കാൻ ധനകാര്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന് പുറത്താകുന്നത്. നിലവിൽ ജമ്മുകാഷ്മീരിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിനെതിരെ കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്കല് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടർന്ന്, രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്.
തുടര്‍ന്ന് പി. രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റി. തനിക്കെതിരെയുള്ള നടപടി പ്രതികാര നടപടിയാണെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.
Kerala
പരവൂർ: സർക്കാർ പിന്തുണയുള്ള ഭാരത് ടാക്സി സർവിസ് ഈ മാസം അവസാനത്തോടെ ഡൽഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സമ്പൂർണ സേവനം തുടങ്ങും.
ക്യാബ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 1.4 ലക്ഷത്തിലധികം ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് ആപ്പിനെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
സഹകരണ മന്ത്രാലയം വഴി കേന്ദ്ര സർക്കാരാണ് സഹകരണ സംഘത്തിന്റെ മുഖ്യ പ്രമോട്ടറായി പ്രവർത്തിക്കുന്നത്. മാത്രമല്ല സംഘത്തിന്റെ ഭരണ സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഡ്രൈവർ പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ വാഹന ഡ്രൈവർമാർ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2024 മാർച്ചിൽ കേന്ദ്ര മന്ത്രി അമിത് ഷായാണ് ആപ്പിന്റെ പ്രാരംഭ പ്രഖ്യാപനം നടത്തിയത്.
2025 ഡിസംബർ രണ്ടു മുതൽ ആപ്പ് ഡൽഹിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു.
Kerala
കൊച്ചി: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ കൂടുതൽ സർവീസ് നടത്തും. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേയ്ക്ക് ഇന്ന് വൈകുന്നേരം ഏഴ് വരെയായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക.
അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് വാട്ടാർ മെട്രോ അധികൃതർ അറിയിച്ചു.
രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ നാല് വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈക്കോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു.
അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർഥിച്ചു.
Kerala
ചാത്തന്നൂർ: പുതുക്കാട് നന്തിക്കരയ്ക്കു സമീപം കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ സർവീസിൽനിന്നു നീക്കി.
കഴിഞ്ഞ 29ന് പാലാ ഡിപ്പോയിൽനിന്നും സർവീസ് പോയ സൂപ്പർഫാസ്റ്റ് ബസ് നന്തിക്കര പഞ്ചായത്ത് ഓഫീസിനു സമീപം ഒരേ ദിശയിൽ പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു ലോറിയിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി.
ഇതിനുപിന്നാലെയാണ് സർവീസിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഎംഡിയുടെ അറിയിപ്പിൽ പറയുന്നു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
Kerala
പത്തനംതിട്ട: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവർ പമ്പയിൽ കാത്തുകിടക്കുകയാണ്.
മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അതേസമയം, സ്വാധീനമുള്ളവർക്ക് ഡോളി സർവീസ് ലഭ്യമാണെന്ന് തീർഥാടകർ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. 140 നോൺ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസുകളും സർവീസിന് തയാറാക്കിയിട്ടുണ്ട്.
തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷൽ സർവീസുൾ നടത്തുന്നതിന് ആവശ്യമായ ബസുകളും ഒരുക്കി. മതിയായ യാത്രക്കാരുള്ള പക്ഷം ചാർട്ടേഡ് ട്രിപ്പുകളും പ്രത്യേക സർവീസുകളും ഓപ്പറേറ്റ് ചെയ്യാനും നടപടി സ്വീകരിച്ചു.
തകരാറുകൾ പരിഹരിക്കാൻ നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായി നിലകൊള്ളും. അടിയന്തര സഹായത്തിന് കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും പമ്പയിൽ ലഭ്യമാക്കുന്നതാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമവും ഡെസ്റ്റിനേഷൻ നമ്പറുകളും രേഖപ്പെടുത്തുന്നതാണ്. പമ്പിലേക്കും തിരിച്ചും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ശബരിമല തീർഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Kerala
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം ബംഗളൂരുവിൽ എത്തിച്ചേരും. എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 8.45ഓടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ഒൻപത് മണിക്കൂറിൽ ട്രെയിൻ 608 കിലോമീറ്റർ പിന്നിടും.
11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊത്തന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര് ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.
കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തുമെന്ന് റെയിൽവേ വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
മറ്റ് മൂന്ന് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.