പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർഷങ്ങൾക്കുമുന്പ് സർവീസിൽ പ്രവേശിച്ച ഉയർന്ന യോഗ്യതയുള്ള അധ്യാപകരുടെ സർവീസ് അപ്രൂവൽ, റെഗുലറൈസേഷൻ, പ്രൊബേഷൻ, ഇൻക്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നു.
പിഎസ്സി വിജ്ഞാപനപ്രകാരമുള്ള യോഗ്യതയോടെ സർവീസിൽ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകരാണ് വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയിൽ തുടരുന്നത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിലെ ഏകോപനമില്ലായ്മയുമാണ് അധ്യാപകർ ജോലിയിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശന്പളമോ പ്രൊബേഷനോ ഇൻക്രിമെന്റോ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെയുള്ള പ്രതിസന്ധി സൃഷ്ടിച്ചത്.
2019, 2023 വർഷങ്ങളിൽ നിയമനം നേടിയവരാണ് ദുരിതത്തിൽ തുടരുന്നത്. ജോലിയിൽ പ്രവേശിച്ചഘട്ടത്തിൽ തന്നെ സർക്കാർ നിഷ്കർഷിച്ച ഉയർന്ന യോഗ്യതകളായ നെറ്റ്, സെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയവ അധ്യാപകർ നേടിയിരുന്നു.
വർഷങ്ങൾക്കുശേഷം കോടതി വിധി പ്രകാരം കെ.ടെറ്റ് പരീക്ഷയും നിശ്ചിത സമയത്തിനുള്ളിൽ അധ്യാപകർ പാസായി. ഇവരുടെ അപ്രൂവൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകുന്നതിനു ന്യായീകരണമായി പലപ്പോഴും സർക്കാർ മുന്നോട്ടുവച്ച വാദം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട റോസ്റ്റർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നതായിരുന്നു.
എന്നാൽ റോസ്റ്റർ പൂർത്തിയായി സർക്കാർ അംഗീകാരം നൽകിയിട്ടും പല വിദ്യാഭ്യാസ ഉപജില്ലാ, ജില്ലാ ഓഫിസുകളിലും ഫയലുകൾ തീർപ്പാക്കാതെ മെല്ലെപ്പോക്ക് തുടരുന്നതായാണ് അധ്യാപകരുടെ പരാതി.
എഇഒ, ഡിഇഒ ഓഫിസുകളിൽനിന്നു വ്യത്യസ്തമായ ഉത്തരവുകളാണ് ഇതുസംബന്ധിച്ച് ഇറങ്ങുന്നതെന്നും ചില ഓഫിസുകളിൽ സർവീസ് ക്രമവത്കരിച്ചു നൽകുന്പോൾ, മറ്റുചിലയിടങ്ങളിൽ അകാരണമായി നിരസിക്കുകയോ വൈകിപ്പിക്കപ്പെടുകയോ ചെയ്യുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.
ചില ഓഫിസുകളിൽ സർവീസ് ക്രമവത്കരിച്ചു നൽകുന്പോൾ കെ-ടെറ്റ് ലഭ്യമായ സമയം മുതലാണ് നിയമന അംഗീകാരം, പ്രൊബേഷൻ, ഇൻക്രിമെന്റ് തുടങ്ങിയവയ്ക്ക് പരിഗണിക്കുന്നതെന്നും ഇതു ഭരണഘടനാപരമായ തുല്യനീതിയുടെ ലംഘനമാണെന്നും അധ്യാപകർ പരാതിയായി ഉന്നയിക്കുന്നുണ്ട്.
ഡിഇഒ, എഇഒ തലത്തിൽ ഉദ്യോഗസ്ഥർ സ്വന്തം രീതിയിലുള്ള നീക്കങ്ങൾ നടത്തുന്നതോടെ ദുരിതത്തിലാകുന്നത് അധ്യാപകരാണ്.പൊതുവിദ്യാഭ്യാസ മന്ത്രിതന്നെ വിഷയത്തിൽ ഇടപെട്ട് നിയമാനുസൃതം ലഭിക്കേണ്ട സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഏകീകൃത ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.
Tags : Regularization Service HighlyQualifiedTeachers UnifiedGovernmentOrder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash