സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണ (എസ്ഐആർ) സമയത്ത് പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഭേദഗതി വരുത്തിയ ഫോം ആറ് (ഫോം 6) ഉപയോഗിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അനുമതി നൽകിയിരുന്നില്ലെന്നു സുപ്രീംകോടതി.
ഇതോടെ അപേക്ഷകരുടെ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ മുമ്പു നടന്ന എസ്ഐആറിനുശേഷമുള്ള വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഫോം ആറിൽ ഉൾപ്പെടുത്തിയ വിവാദമായ പുതിയ ചോദ്യം സുപ്രീംകോടതി ശരിവച്ചിരുന്നുവെന്ന കമ്മിഷന്റെ വാദം പൊളിഞ്ഞു. ഫോം ആറ് പരിഷ്കരിച്ചതു സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് കോടതി അറിയിച്ചു. ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണത്തിന് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും തെരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിഷയത്തിൽ ഗ്യാനേഷ് കുമാർ, സഹ കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണർ മനീഷ് ഗാർഗ്, ഐടി വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്ന തുടങ്ങിയവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കമ്മിഷന്റെ തീരുമാനങ്ങൾ ഏകപക്ഷീയമാണെങ്കിൽ കോടതി അതു റദ്ദാക്കുമെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ബാഗ്ചി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കൂടാതെ ഏകപക്ഷീയമായി സ്വീകരിച്ച നടപടികൾ ഉടനടി റദ്ദാക്കാൻ നിർദേശം നൽകണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, എതിർ കക്ഷികളുടെ വാദം കേൾക്കാതെ കോടതിക്ക് ഏകപക്ഷീയമായ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരുടെ ആവശ്യം തള്ളി.
വാർത്താ റിപ്പോർട്ടുകളെ മാത്രം ആശ്രയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കക്ഷികളിൽനിന്നു മറുപടി ലഭിച്ചശേഷം വിഷയത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നു വ്യക്തമാക്കിയ കോടതി, കമ്മിഷന്റെ തീരുമാനം സംബന്ധിക്കുന്ന വിവിധ ഹർജികൾ ഒന്നിച്ചു പരിഗണിക്കാനും നിർദേശിച്ചു.
വിവാദമായ മാറ്റം
നിയമഭേദഗതിയില്ലാതെ ഫോം ആറിൽ മാറ്റം വരുത്താൻ കഴിയില്ലെന്നിരിക്കെയാണ് എസ്ഐആറിൽ വിവാദപരമായ പുതിയ ചോദ്യങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടുത്തിയത്. ഇതിനെതിരേ സഹകമ്മിഷണർമാർ രേഖാമൂലം എതിർപ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾ പുറത്തുവന്നപ്പോഴാണ് ഫോം ആറ് സംബന്ധിച്ച് എതിർപ്പുണ്ടായിട്ടും മുന്നോട്ടുപോയെന്ന വിവരം പുറത്തുവരുന്നത്.
Tags : ElectionCommission Argument Collapses Permission SupremeCourt Form6 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash