Kerala
തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം.
തീരുമാനത്തിനെതിരേ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തു നൽകി.
ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോണ് ഫിക്ഷൻ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. ‘ഗ്ളോബ് ’ എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ മേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്രത്തിൽനിന്ന് പ്രത്യേക ഇളവ് ആവശ്യമാണ്. ഇതിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 347 ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
ചിത്രങ്ങളുടെ പ്രമേയങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും നൽകിയിരുന്നു. തുടർന്ന് മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും പരിശോധനയ്ക്കായി സമർപ്പിച്ചു. ഇതിനു ശേഷമാണ് 31 ചിത്രങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര നടപടിയെ സാംസ്കാരിക സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ് ശക്തമായി വിമർശിച്ചു. നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിദഗ്ധ സമിതിയാണ് മേളയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് മേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.
പ്രേക്ഷകർക്ക് ചിത്രങ്ങൾ കണ്ട് സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനും അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിന്റെ പ്രത്യേക കാരണങ്ങൾ കേന്ദ്ര മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടില്ലെന്നതാണ് നിലവിലെ പ്രധാന വിവരം. 2025ലെ ഐഎഫ്എഫ്കെയിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 19 ചിത്രങ്ങളിൽ 13 എണ്ണത്തിന് പിന്നീട് അനുമതി ലഭിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന കടുത്ത വൈദ്യുതി കമ്മി മറികടക്കാനായി കൂടുതൽ വൈദ്യുതി ഹ്രസ്വകാലാടിസ്ഥാനത്തിൽ വാങ്ങുന്നതിനു കരാർ ഉണ്ടാക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടി കെഎസ്ഇബി. സെപ്റ്റംബർ ഒന്നു മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം.
വൈദ്യുതിവിതരണ കമ്പനികൾ യൂണിറ്റിന് ഒന്പതു രൂപയോ അതിൽ കൂടുതലോ നിരക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉയർന്ന ഡിമാൻഡുള്ള വൈകുന്നേരങ്ങളിലെ ആവശ്യകത മുൻനിർത്തി എട്ടു വിതരണക്കാരിൽ നിന്ന് ഹ്രസ്വകാല വാങ്ങൽ നടത്താനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്.
കെഎസ്ഇബിയുടെ ഈ അപേക്ഷയിന്മേൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സെപ്റ്റംബർ മൂന്നിനു വിശദമായ ഹിയറിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജലസംഭരണികളിലെ താഴ്ന്ന ജലനിരപ്പ്, ദുർബലമായ മൺസൂൺ, വേനൽക്കാലത്ത് വർധിച്ചുവരുന്ന ഉപഭോഗം, എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതം എന്നിവമൂലം സംസ്ഥാനത്ത് വലിയതോതിൽ വൈദ്യുതി കമ്മി ഉണ്ടാകുമെന്നാണ് ബോർഡ് വിലയിരുത്തൽ.
വരും മാസങ്ങളിൽ സംസ്ഥാനത്ത് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും ലോഡ് ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനുമാണ് ഈ വാങ്ങലിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതിവാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന കോർ കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിർദേശം സമർപ്പിച്ചത്.
വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ കമ്മി ഗണ്യമായി വർധിക്കുമെന്നും അതുകൊണ്ടു തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ലോഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും അധിക വൈദ്യുതി സമയബന്ധിതമായി സംഭരിക്കേണ്ടത് ആവശ്യമാണെന്നും കെഎസ്ഇബി ഓഗസ്റ്റ് 24 ന് കമ്മീഷന് നൽകിയ ഹർജിയിൽ പറയുന്നു.
Business
ന്യൂഡല്ഹി: ഇന്ധനവിതരണം കൂടുതല് കാര്യക്ഷമമാക്കാനും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി 1800 കിലോമീറ്റര് ദൈര്ഘ്യമുള്ള എല്പിജി പൈപ്പ്ലൈന് പദ്ധതിക്ക് പെട്രോളിയം ആന്ഡ് നാച്ചുറല് ഗ്യാസ് റെഗുലേറ്ററി ബോര്ഡ് (പിഎന്ജിആര്ബി) അനുമതി നല്കി. ഇതോടെ രാജ്യത്തെ പൊതു എല്പിജി പൈപ്പ്ലൈന് ശൃംഖല 25 ശതമാനത്തിലേക്കെത്തും.
തെലുങ്കാന, മഹാരാഷ്ട്ര, ഉത്തര്പ്രദേശ്, ഉത്തരാഖണ്ഡ്, കര്ണാടക, ഗോവ എന്നീ ആറ് സംസ്ഥാനങ്ങളിലായി മൂന്ന് എല്പിജി പൈപ്പ്ലൈന് പദ്ധതികള്ക്കാണ് അംഗീകാരം ലഭിച്ചത്. ഈ പദ്ധതികള്ക്ക് ഏകദേശം 7,000 കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ വാതക വിതരണ കമ്പനിയായ ഗെയില് (ഇന്ത്യ) ലിമിറ്റഡായിരിക്കും ഈ പദ്ധതികള് നടപ്പിലാക്കുന്നത്.
ഈ പദ്ധതി പൂര്ത്തിയാകുന്നതോടെ രാജ്യത്തെ മൊത്തം എല്പിജി പൈപ്പ്ലൈന് ശൃംഖല നിലവിലുള്ള 7,700 കിലോമീറ്ററില്നിന്ന് ഏകദേശം 9,500 കിലോമീറ്ററിലേക്ക് വര്ധിക്കും. ഏകദേശം 24 ശതമാനം വളര്ച്ചയാണുണ്ടാകുക.
അനുമതി ലഭിച്ച പുതിയ മൂന്നു പൈപ്പ്ലൈന് പദ്ധതികള്: തെലുങ്കാനയിലെ ചെര്ലാപ്പള്ളിയില്നിന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിലേക്കുള്ള 556 കിലോമീറ്റര്, ഉത്തര്പ്രദേശിലെ ഝാന്സിയില്നിന്ന് ഉത്തരാഖണ്ഡിലെ സിതാര്ഗഞ്ചിലേക്കുള്ള 611 കിലോമീറ്റര് പൈപ്പ്ലൈന്, മഹാരാഷ്ട്രയിലെ ഷിക്രാപുരില്നിന്ന് ഗോവ, കര്ണാടകയിലെ ഹൂബ്ലി എന്നിവിടങ്ങളിലേക്കുള്ള 633 കിലോമീറ്റര് പാത എന്നിവ ഉള്പ്പെടുന്നു.
ഇന്ത്യയുടെ എല്പിജി ഇറക്കുമതിയുടെ പ്രധാന പങ്കും തീരദേശ കേന്ദ്രങ്ങള് വഴിയാണ് എത്തിക്കുന്നത്. തുടര്ന്നാണ് ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പൈപ്പ്ലൈന് ശൃംഖല വികസിക്കുന്നതിലൂടെ രാജ്യത്തിന്റെ ഉള്നാടന് പ്രദേശങ്ങളിലേക്ക് എല്പിജി എത്തിക്കുന്നതിന്റെ കാര്യക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ഏറ്റവും നീളമേറിയ എല്പിജി പൈപ്പ്ലൈനായ 2757 കിലോമീറ്ററിന്റെ കണ്ട്ല-ഗോരഖ്പുര് പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതികള് വരുന്നത്.
എല്പിജി റോഡ് മാര്ഗം കൊണ്ടുപോകുന്നതിന് പകരം പൈപ്പ്ലൈനുകളിലൂടെ എത്തിക്കുന്ന രീതിയിലേക്ക് മാറ്റുന്നത് വേഗത്തിലാക്കാന് പുതിയ അടിസ്ഥാന സൗകര്യങ്ങള് സഹായിക്കുമെന്ന് പിഎന്ജിആര്ബി പറഞ്ഞു. ഇത് എല്പിജി ടാങ്കറുകളുടെ ഗതാഗതം കുറയ്ക്കുകയും, റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ലോജിസ്റ്റിക്സ് ചെലവുകള്, ഗതാഗതക്കുരുക്ക്, കാര്ബണ് പുറന്തള്ളല് എന്നിവ കുറയ്ക്കാനും ഇതു സഹായിക്കും.
ദീര്ഘദൂരത്തിലേക്ക് എല്പിജി കൊണ്ടുപോകുന്നതിന് പൈപ്പ്ലൈന് ഗതാഗതമാണ് കൂടുതല് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്ഗമായി കണക്കാക്കപ്പെടുന്നത്. റോഡില്നിന്ന് പൈപ്പ്ലൈനിലേക്കുള്ള ഈ മാറ്റം, ടാങ്ക് ട്രക്കുകളില് അപകടകരമായ ഇന്ധനങ്ങള് കൊണ്ടുപോകുന്നത് മൂലമുണ്ടാകുന്ന അപകടസാധ്യതകളും കുറയ്ക്കുന്നു.
Kerala
കൊച്ചി: മുട്ടില് മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില് വീഡിയോ കോണ്ഫറന്സ് വഴി ഹാജരാകാന് അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്പ്പിക്കുന്ന തീയതിയും ഇന്ന് തീരുമാനിക്കും.
വഞ്ചനാക്കേസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ളതല്ല എന്നാണ് അഗസ്റ്റിന് സഹോദരങ്ങളുടെ വാദം. ഇക്കാര്യത്തിലും കോടതി ഇന്ന് വിധി പറയും. മജിസ്ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള് നിര്ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ആവശ്യം മജിസ്ട്രേറ്റ് കോടതിയില് തന്നെ ഉന്നയിക്കാന് നിര്ദേശിച്ചാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഹര്ജി തള്ളിയത്. തുടര്ന്ന് ഒന്നാം പ്രതിയായ റോജി അഗസ്റ്റിന് മജിസ്ട്രേറ്റ് കോടതിയില് ഹാജരായിരുന്നു. എന്നാല് ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും ഹാജരായില്ല.
ഇതോടെ മറ്റ് പ്രതികള് എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്ക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്ച്ചയായി ഹാജരാകാതിരുന്നതോടെയാണ് കോടതിയുടെ വിമര്ശനം.
വയനാട് മേപ്പാടിയില് നിന്ന് മുറിച്ച ഈട്ടിമരങ്ങള് വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള് മലബാര് ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില് അമ്പലമേട് പൊലിസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.
National
ന്യൂഡൽഹി: നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് സുപ്രീംകോടതിയുടെ അനുമതി. പശ്ചിമ ബംഗാൾ സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനും ഇഷ്ടമുള്ള ചികിത്സ തെരഞ്ഞെടുക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മൂന്നാഴ്ചത്തെ വിദേശയാത്രയ്ക്കാണ് ഉപാധികളോടെ അനുമതി നൽകിയത്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഷേക് ബാനർജിയുടെ ആരോഗ്യവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശവും കോടതി അംഗീകരിച്ചു. ആരോഗ്യ വിവരങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കാതിരിക്കുക സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
അഭിഷേക് ബാനർജിക്കെതിരെ 15ഓളം കേസുകളുണ്ടെന്നും വിദേശത്തേക്ക് പോയാൽ ഇന്ത്യയിലേക്ക് മടങ്ങിവരാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ എസ്.വി. രാജു വാദിച്ചു. എന്നാൽ കേസുകൾ ഗുരുതര സ്വഭാവത്തിലുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതര കേസുകളുള്ളവർക്കുപോലും മുമ്പ് വിദേശയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
യാത്രയുമായി ബന്ധപ്പെട്ട വിമാന വിവരങ്ങൾ, വിദേശത്തെ താമസസ്ഥലം, ചികിത്സിക്കുന്ന ഡോക്ടർമാരുടെയും ആശുപത്രിയുടെയും വിവരങ്ങൾ എന്നിവ കോടതിയിൽ സമർപ്പിക്കണമെന്നും അഭിഷേക് ബാനർജിക്ക് നിർദേശം നൽകി.
Kerala
കൊച്ചി: വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും ശാസ്ത്രീയമായ പരിചരണം ഉറപ്പാക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള കെയർ ഗിവേഴ്സ് കോഴ്സുകൾ ആരംഭിക്കാൻ നഴ്സിംഗ് സ്കൂളുകൾക്കും അനുമതി നൽകുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വയോജന വകുപ്പിലൂടെ പ്രത്യേക പരിചരണം ആവശ്യമുള്ള പ്രായമായവരുടെ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി എൽഎഫ് ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
National
പ്രയാഗ്രാജ്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുപിയിലെ പ്രയാഗ്രാജിൽ സംഘടിപ്പിക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) പരിപാടിക്ക് ഉപാധികളോടെ പോലീസ് അനുമതി നൽകി.
പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചെന്നും ഇനി തടസങ്ങളൊന്നുമില്ലെന്നും യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. ഇന്നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നടത്താനിരുന്ന വിദ്യാർഥി സംഗമ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) അനുമതി പിൻവലിച്ചു.
നാളെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള കെ.പി. കോളജ് ഗ്രൗണ്ടിൽ നടത്താനിരുന്ന പരിപാടിയാണു കോളജ് അധികൃതരായ കെ.പി. ട്രസ്റ്റ് റദ്ദാക്കിയത്.
കോളജ് ഗ്രൗണ്ട് കായികപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
തടയാനാകില്ല:രാഹുൽ
പ്രയാഗ്രാജിലെ ഛാത്രോൺ കീ ഗൂഞ്ച് പരിപാടി സാധ്യമായ ഏതു വിധേനയും നടത്താതിരിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ പ്രതിധ്വനിയെപ്പോലും അവർ ഭയപ്പെടുന്നു എന്നത് വ്യക്തമാണെന്നും സർക്കാർ എത്ര ശ്രമിച്ചാലും വിദ്യാർഥികളുടെ ശബ്ദം ഉയർത്തുന്നതിൽനിന്നു തന്നെ തടയാനാകില്ലെന്നും രാഹുൽ കുറിച്ചു.
National
ന്യൂഡല്ഹി: വിഡ്ഢികള്, അന്ധഭക്തര് തുടങ്ങിയ പ്രയോഗങ്ങളുടെ അകമ്പടിയോടെ ആര്എസ്എസിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി.
പേരെടുത്തു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്എസ്എസ് നേതാക്കളെയും രൂക്ഷ പരിഹാസത്തിലൂടെ ലോക്സഭയില് ഇന്നലെ രാഹുല് വിമര്ശിച്ചു. ഇതിനെതിരേ മന്ത്രിമാരുടെ നേതൃത്വത്തില് ഭരണപക്ഷ എംപിമാര് ഉയര്ത്തിയ ബഹളത്തില് പ്രതിപക്ഷ നേതാവിനു പ്രസംഗം പൂര്ത്തിയാക്കാനായില്ല.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ഭേദഗതികളെല്ലാം തള്ളിക്കൊണ്ട് പൊതുപരീക്ഷകളിലെ അന്യായമായ മാര്ഗങ്ങള് തടയല് ഭേദഗതി ബില് (പബ്ലിക് എക്സാമിനേഷന്- പ്രിവന്ഷന് ഓഫ് അണ്ഫെയര് മീന്സ്)- 2026 ബില് ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. വിദ്യാര്ഥികള്ക്കുനേരേ ലാത്തിച്ചാര്ജിനും പെല്ലറ്റ് വെടിവയ്പിനും ആഭ്യന്തരമന്ത്രിയാണ് അനുമതി നല്കിയതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
സുപ്രധാന നിയമനിര്മാണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും വിശേഷിപ്പിച്ച ബില്ലിന്മേല് നടന്ന രണ്ടു ദിവസത്തെ ചര്ച്ചയ്ക്കിടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്സഭയിലെത്തിയില്ല. ഈ രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്നു വിളിക്കപ്പെടുന്ന വ്യക്തിക്ക് സഭയില് വന്നിരിക്കാനുള്ള ധൈര്യമില്ലെന്നതില് അതിയായ സന്തോഷമുണ്ടെന്ന് രാഹുല് പരിഹസിച്ചു. ഭയപ്പെടുന്നതുകൊണ്ടാണ് ആഭ്യന്തരമന്ത്രി ഇന്നലെ ലോക്സഭയില് വരാതിരുന്നത്. വിദ്യാര്ഥികള്ക്കുനേരേയുണ്ടായ ആക്രമണത്തെക്കുറിച്ചു സംസാരിക്കാനോ പാര്ലമെന്റിനെ നേരിടാനോ ഉള്ള ധൈര്യം ഇപ്പോള് ആഭ്യന്തരമന്ത്രിക്കില്ലെന്നു രാഹുല് പറഞ്ഞു.
ഇന്ത്യയിലെ ഓരോ സര്വകലാശാലയിലും ആര്എസ്എസ് പശ്ചാത്തലമുള്ള വൈസ് ചാന്സലര്മാരാണുള്ളതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ധര്മേന്ദ്ര പ്രധാന് ഒരു പ്രതീകം മാത്രമാണ്. വിദ്യാര്ഥികളുടെ യഥാര്ഥ ശത്രു ആര്എസ്എസാണ്. വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നത് മന്ത്രിയല്ല, ആര്എസ്എസാണ്. സര്വകലാശാലകളില് പ്രത്യയശാസ്ത്രപരമായ സ്വാധീനം വ്യാപിച്ചിട്ടുണ്ട്. വിദ്യാര്ഥികളുടെ ശബ്ദം അടിച്ചമര്ത്തുകയാണ്.
പിടിച്ചുപറി സംവിധാനമാക്കി വിദ്യാഭ്യാസത്തെ മാറ്റി. വിദ്യാഭ്യാസ വ്യവസ്ഥ ഭയാനകമാണ്, ക്രൂരമാണ്. അനിയന്ത്രിതമായ സ്വകാര്യവത്കരണം ചൂഷണത്തിനുള്ള ഉപാധിയാക്കി. ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയെ ഭരണകൂടം കൈപ്പിടിയിലൊതുക്കി. അറിവും സത്യവും തേടുന്നതില്നിന്നു വിദ്യാര്ഥികളെ ആര്എസ്എസ് പ്രവര്ത്തകര് തടയുകയും തങ്ങള് ഭാവനയില് മെനഞ്ഞെടുത്ത ചരിത്രം പഠിക്കാന് അവരെ നിര്ബന്ധിക്കുകയും ചെയ്യുന്നു- രാഹുല് കുറ്റപ്പെടുത്തി.
സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തം ആഗ്രഹങ്ങള് പിന്തുടരാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതില് രാജ്യത്തുടനീളമുള്ള വിദ്യാര്ഥികള് നിരാശരാണ്.
ഇന്ത്യയില് വിദ്യാര്ഥികളായിരിക്കാനോ തങ്ങളുടെ അഭിനിവേശം പിന്തുടരാനോ, ആഗ്രഹിക്കുന്നതു പറയാനോ, ആഗ്രഹിക്കുന്ന ചോദ്യങ്ങള് ചോദിക്കാനോ അനുവാദമില്ല എന്നതാണു വിദ്യാര്ഥികളെ പ്രകോപിപ്പിക്കുന്നതെന്നു രാഹുല് അഭിപ്രായപ്പെട്ടു.
ജന്തര് മന്തറില് നടന്ന വിദ്യാര്ഥിപ്രക്ഷോഭത്തെ രാഹുല് പ്രകീര്ത്തിച്ചു. രാജ്യത്തിന്റെ തെരുവുകളില് ഭാവി തലമുറ കാഴ്ചവച്ച കാര്യങ്ങള് വലിയ ആവേശവും ആത്മവിശ്വാസവും നല്കി. രാജ്യത്തെ യുവാക്കളുടെ വികാരങ്ങളുടെ ആഴത്തിലുള്ള പ്രകടനമാണുണ്ടായത്. അതില് ദേഷ്യമോ വിദ്വേഷമോഅക്രമമോ ഇല്ല.
തെരുവില് കണ്ട ഇന്ത്യന് യുവതയുടെ ശക്തിയെ ബിജെപി ഉള്പ്പെടെ എല്ലാവരും മാനിക്കണം. ഓരോ ഇന്ത്യക്കാരനും നമ്മുടെ യുവാക്കളില് അഭിമാനിക്കണം. നേതാക്കളുടെ മക്കളും പ്രതിഷേധിച്ച യുവാക്കളോടു യോജിക്കുന്നുണ്ട്. മക്കളോട് സംസാരിച്ചാല് മനസിലാകുമെന്നും രാഹുല് കൂട്ടിച്ചേര്ത്തു.
Kerala
തൊടുപുഴ: വിദേശ മലയാളി ദമ്പതികളുടെ ആറും ഒന്നും വയസുള്ള കുട്ടികൾക്ക് അകാരണമായി ബോര്ഡിംഗ് പാസ് നിഷേധിച്ച ഖത്തർ എയര്വെയ്സ് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് ഉത്തരവ്. 45 ദിവസത്തിനുള്ളില് തുക നല്കാത്തപക്ഷം പരാതി നൽകിയ തീയതി മുതൽ തുക നൽകുന്നതുവരെ ഒമ്പതു ശതമാനം പലിശകൂടി നൽകണമെന്നും ഉത്തരവില്പറയുന്നു.
ഇറ്റലിയിൽ ജോലി ചെയ്യുന്ന കണ്ണൂർ ചെമ്പേരി സ്വദേശി പുതുവീട്ടിൽ റോഷൻ ജോസും ഭാര്യ വിനയയുടെയും മക്കൾക്കാണ് ഖത്തർ എയർവെയ്സിൽ നിന്നും ദുരനുഭവം ഉണ്ടായത്. നാട്ടിൽ അവധി ആഘോഷിച്ച ശേഷം മടങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആറ് വയസുകാരൻ റോണിന് മതിയായ യാത്ര രേഖയില്ലെന്ന് കാട്ടി ഖത്തർ എയർവെയ്സ് ബോർഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ തടസമൊന്നുമില്ലായിരുന്നുവെന്നും ബോർഡിംഗ് പാസ് അനുവദിക്കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
കുടുംബത്തെ യാത്രയാക്കാൻ വന്ന ബന്ധുക്കൾക്കൊപ്പം കണ്ണൂരിലേക്ക് കുട്ടിയെ തിരിച്ചയച്ച് ദമ്പതികൾ ഒരു വയസുകാരൻ റെയിനുമായി ദോഹയ്ക്ക് പറന്നു. ദോഹയിൽ എത്തി വെനീസിലേക്കുള്ള വിമാനത്തിൽ കയറാൻ യാത്രാ രേഖകൾ ഹാജരാക്കിയപ്പോൾ ഒരു വയസുകാരനും മതിയായ രേഖയില്ലെന്ന് ആരോപിച്ച് ബോർഡിംഗ് പാസ് നിഷേധിച്ചു.
കൊച്ചിയിൽ നിന്നും യാത്രയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് ദമ്പതികൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തർക്കത്തിനൊടുവിൽ ബുക്ക് ചെയ്തിരുന്ന വെനീസ് വിമാനം ദമ്പതികളെയും കുട്ടിയെയും കൂട്ടാതെ പറക്കുകയും ചെയ്തു. പിന്നീട് റോഷനും ഒരു വയസുകാരൻ മകനും ദോഹയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പോന്നു. ഭാര്യ വിനയ മറ്റൊരു വിമാനത്തിൽ വെനീസിലേക്ക് പോകുകയും ചെയ്തു.
നാട്ടിലെത്തി കുട്ടികൾക്ക് യാത്രാനുമതി നിഷേധിച്ച ഖത്തർ എയർവെയ്സിനെതിരേ റോഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അനാവശ്യ തർക്കങ്ങളുണ്ടാക്കി കുട്ടികൾക്ക് യാത്രാനുമതി നൽകാതിരുന്നത് നീതി നിഷേധമാണെന്നും ഖത്തർ എയർവെയ്സ് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഡി.ബി. ബിനു പ്രസിഡന്റും രാമചന്ദ്രൻ, ടി.എന്. ശ്രീവിദ്യ എന്നിവര് അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷനാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.
അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാര്, അഭിജിത് സി. ലാല് എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി.
Kerala
തലശേരി: അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാര്ഥി നിതിന് രാജ് കോളജ് കെട്ടിടത്തില്നിന്നു ചാടിമരിച്ച സംഭവത്തില് ഒന്നാംപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഹർജി വാദം കേൾക്കാനായി 23 ലേക്കു മാറ്റി.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നിതിൻ രാജിന്റെ മരണം. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിയാണ് ഡോ. റാം. ഇയാൾ നടത്തിയ കുറ്റകൃത്യത്തിന്റെ കാഠിന്യം കൊണ്ടാണ് സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാതിരുന്നത്.
കുറ്റകൃത്യം ചെയ്ത ശേഷം നിയമത്തെ വെല്ലുവിളിച്ച് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ ഇയാളെ സഹായിച്ചവരേയും പ്രതിയെ സംരക്ഷിച്ചവരേയും കണ്ടെത്താനും കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും റാമിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ഹർജിയിൽ പറഞ്ഞു.
National
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം ഹിന്ദു ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരേ പരിമിത ഇടക്കാലാശ്വാസം നൽകി സുപ്രീംകോടതി.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്ന് വരെ തർക്കസ്ഥലത്തിന് സമീപമുള്ള തുറന്ന സ്ഥലത്ത് പ്രാർഥന നടത്താൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് അനുമതി നൽകി.
കേസിലെ അന്തിമവിധിക്ക് മുമ്പേയുള്ള താത്കാലിക ക്രമീകരണമാണിതെന്നും കോടതി വ്യക്തമാക്കി. മേയ് 15ലെ മധ്യപ്രദേശ് ഹൈക്കോടതി വിധിയെത്തുടർന്ന് പുരാവസ്തു വകുപ്പ് സമുച്ചയത്തിൽ വരുത്തുന്ന ഒരു മാറ്റവും സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ നടപ്പിലാക്കാൻ പാടില്ലെന്നും ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും.
ഭോജ്ശാല സമുച്ചയം ഹിന്ദു സമുദായത്തിന് തിരികെ നൽകണമെന്നും മുസ്ലിം വിഭാഗക്കാർ അവിടെ നടത്തുന്ന പ്രാർഥന വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി മേയ് 15ന് വിധി പുറപ്പെടുവിച്ചത്.
ഈ മേഖലയിലെ കമാൽ മൗല മസ്ജിദ് ഉൾപ്പെടുന്ന തർക്ക പ്രദേശത്തിന്റെ മതപരമായ സ്വഭാവം സരസ്വതീ ദേവിയുടെ ക്ഷേത്രമുള്ള ഭോജ്ശാലയാണെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമുച്ചയത്തിൽ പ്രാർഥന നടത്താൻ മുസ്ലീംകൾക്ക് അനുമതി നൽകികൊണ്ട് 2003ൽ പുരാവസ്തു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
പള്ളിനിർമാണത്തിന് മുസ്ലിംകൾക്ക് ബദൽ സ്ഥലം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ലണ്ടൻ മ്യൂസിയത്തിലുള്ള സരസ്വതീ ദേവിയുടെ വിഗ്രഹം തിരികെ എത്തിക്കണമെന്ന ആവശ്യത്തിൽ വിദേശത്തുള്ള പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്ന യാതൊരു നിർദേശവും നൽകാൻ സാധിക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ സുപ്രീംകോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു മത്സരിച്ച കോണ്ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.
തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പുഹർജി നൽകാനുള്ള അവകാശം നിലനിർത്തി റിട്ട് ഹർജി തള്ളുകയായിരുന്നു. സുപ്രീംകോടതി നടപടിയോടെ തെരഞ്ഞെടുപ്പുഹർജിയുമായി മീനാക്ഷി നടരാജന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ വിഷയത്തിൽ തീർപ്പുണ്ടാകാൻ കാലതാമസമെടുത്തേക്കും.
പത്രിക തള്ളിയത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെങ്കിൽ കോടതിക്ക് ഇടപെടാമെന്ന ഹർജിക്കാരിയുടെ വാദം ഭരണഘടനയുടെ 329(ബി) അനുച്ഛേദമനുസരിച്ച് നിലനിൽക്കില്ലെന്ന് ഇന്നലത്തെ വാദത്തിനിടയിൽ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടന്ന് യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നാമനിർദേശം തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ഏകപക്ഷീയവും തീർത്തും നിയമവിരുദ്ധവുമാണെന്ന് മീനാക്ഷി നടരാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു. ഈ സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനുമുന്പ് ഇത്തരം സാഹചര്യത്തിൽ കോടതി ഇടപെടൽ നടത്തിയ ഏതെങ്കിലും കേസുണ്ടോയെന്ന് നാമനിർദേശം നിരസിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പുഹർജി മാത്രമേ നിലനിൽക്കൂവെന്ന ചട്ടം ഓർമിപ്പിച്ചുകൊണ്ട് കോടതി ചോദിച്ചു.
തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നാമനിർദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു വ്യാഴാഴ്ചയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച സുപ്രീംകോടതി വിഷയം വെള്ളിയാഴ്ച പരിഗണിക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
മധ്യപ്രദേശിൽ ബിജെപിക്ക് രണ്ടു സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള അംഗബലമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കോണ്ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മൂന്നാമത് നിർത്തിയ സ്ഥാനാർഥിയെ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുകയാണുണ്ടായത്.
Kerala
ആലപ്പുഴ: ഹരിപ്പാട് ഡിവൈഎഫ്ഐയുടെ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ തടഞ്ഞ് പോലീസ്. മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ജാഥ തടഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം. ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്ഐ ബാബുജിയും തമ്മിൽ നടുറോഡിൽ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പോലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
ഹരിപ്പാട് ടൗൺഹാളിൽ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ തുടരുകയാണെങ്കിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ ഭീഷണി മുഴക്കി.
പോലീസ് ജീപ്പ് വട്ടംവെച്ച് വഴിമുടക്കിയതോടെ സ്ഥലത്ത് വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കുമുണ്ടായി. ഏറെ നേരം നീണ്ടുനിന്ന തർക്കത്തിനൊടുവിൽ പ്രതിഷേധസൂചകമായി ജാഥ പൂർത്തിയാക്കാതെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഭവസ്ഥലത്തുനിന്നും മടങ്ങി. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും മുൻകൂട്ടി അനുമതി വാങ്ങാത്തതിനാലുമാണ് ജാഥ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം.
District News
കയ്പമംഗലം: തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കയ്പമംഗലം പ്രദേശങ്ങളിലെ മുഴുവൻ നായകളെയും ഇല്ലായ്മ ചെയ്യാനായി ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിക്ക് അപേക്ഷിക്കുന്നതിന് തദ്ദേശസ്ഥാപനതലസമിതി യോഗം തീരുമാനിച്ചു.
ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ കൃത്യമായ നിയന്ത്രണവും പൊതുജന ബോധവത്കരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. തെരുവുനായ്ക്കള് കൂട്ടത്തോടെ തമ്പടിക്കുന്നത് പ്രധാനമായും മാലിന്യങ്ങള്തള്ളുന്ന സ്ഥലങ്ങളിലാണെന്നതിനാൽ പഞ്ചായത്ത് പരിധിയിലുള്ള.
ഹോട്ടലുകള്, കല്യാണ മണ്ഡപങ്ങള്, ഇറച്ചി വിപണനകേന്ദ്രങ്ങള് എന്നിവിടങ്ങളില് നിന്നുള്ള അവശിഷ്ടങ്ങള് കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അതിൻറെ ഭാഗമായി ഇത്തരം സ്ഥലങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തും.
പേവിഷബാധ തടയുന്നതിനായി തെരുവ് നായ്ക്കള്ക്കും വളര്ത്തുനായ്ക്കള്ക്കും കൃത്യമായ ഇടവേളകളില് വാക്സിനേഷന് നല്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പഞ്ചായത്ത് വെറ്റിനറി സർജനോട് ആവശ്യപ്പെടും. ആക്രമണകാരികളായ നായ്ക്കളെയും രോഗം ബാധിച്ചവയെയും നിരീക്ഷിക്കുന്നതിന് താൽക്കാലിക ഡോഗ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി തീരുമാനമെടുത്തു.
വീട്ടില്വളര്ത്തുന്ന നായ്ക്കള്ക്ക് ലൈസന്സ് നിര്ബന്ധമാക്കുകയും അവയെ തെരുവിലേക്ക് ഉപേക്ഷിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള കർശനനടപടികൾക്ക് തീരുമാനിച്ചു. വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പുവരുത്തുന്നതിന് ഹരിതകർമസേനയേയും ആശാ പ്രവർത്തകരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു. അപകടകാരികളായ നായ്ക്കളെ കണ്ടാല് വിവരമറിയിക്കാന് രണ്ടോ മൂന്നോ വാർഡുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ തലത്തിൽ ജനകീയ ജാഗ്രതാസമിതികൾ രൂപീകരിക്കും.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് സക്കറിയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് സെക്രട്ടറി പി.ഡി. പരമേശ്വരൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എൻ. ആശ, കയ്പമംഗലം സിഐ ബിജിത്ത്, സബ് ഇൻസ്പെക്ടർ അജാസുദ്ദീൻ, സീനിയർ വെറ്ററിനറി സർജൻ രാഗേഷ്, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സിജി, പഞ്ചായത്ത് ആസൂത്രണസമിതി ചെയർമാൻ ജോഷി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
District News
ഇടുക്കി: വേനല് അവധിക്കാലം പരിഗണിച്ച് നിബന്ധനകള്ക്ക് വിധേയമായി ഇടുക്കി, ചെറുതോണി ഡാമുകള് ജനങ്ങള്ക്ക് 31 വരെ സന്ദര്ശിക്കാന് സര്ക്കാര് അനുമതി നല്കി. കാലവര്ഷാരംഭത്തിന് മുമ്പ് അണക്കെട്ടുകളില് അറ്റകുറ്റപ്പണികളും സുരക്ഷയ്ക്ക് ആവശ്യമായ ജോലികളും നടന്നുവരികയാണ്. ജോലികള്ക്ക് തടസമുണ്ടാകാത്ത വിധത്തില് ആളുകള്ക്ക് കാല്നടയായി മാത്രമേ സന്ദര്ശനം അനുവദിക്കൂ. അവധിക്കാലം പ്രമാണിച്ച് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഹൈഡല് ടൂറിസം അധികൃതര് ഉറപ്പാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ബഗ്ഗി കാര് വഴിയുള്ള യാത്ര ഒഴിവാക്കി.
വൈദ്യുതി ബോര്ഡും സര്ക്കാരും നിര്ദേശിക്കുന്ന സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും പാലിച്ച് ഇടുക്കി ആര്ച്ച് ഡാമില് ടൂറിസം പ്രവര്ത്തനങ്ങള് പുനരാരംഭിക്കുന്നതിന് ആവശ്യമായ അനുമതി നല്കണമെന്ന് ഹൈഡല് ടൂറിസം സെന്റര് ഡയറക്ടര് സര്ക്കാരിനോട് അഭ്യര്ഥിച്ചിരുന്നു.
നിബന്ധനകള് പാലിച്ച് ഇടുക്കി, ചെറുതോണി ഡാമുകള് മേയ് 30 വരെ പൊതുജനങ്ങള്ക്ക് നടന്നുകാണുന്നതിന് അനുമതി നല്കാമെന്നും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഹൈഡല് ടൂറിസം വകുപ്പിന് നിര്ദേശം നല്കണമെന്നും ജില്ലാ കളക്ടറുടെ ഓഫീസില്നിന്ന് അറിയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച ശേഷമാണ് ഡാമുകള് പൊതുജനങ്ങള്ക്ക് സന്ദര്ശിക്കുന്നതിനായി സര്ക്കാര് അനുമതി നല്കിയത്.
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള് നിലനില്ക്കുന്ന അവസരത്തിലും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്ന ദിവസങ്ങളിലും ഒഴികെ ഡാമില് നിലവില് നടക്കുന്ന അറ്റകുറ്റപ്പണിക്ക് തടസം വരാത്ത രീതിയില് സന്ദര്ശനാനുമതി ലഭിക്കും. നേരത്തെ ഡിസംബര് 31 വരെയാണ് അണക്കെട്ടുകളില് പ്രവേശനം അനുവദിച്ചിരുന്നത്. പിന്നീട് സഞ്ചാരികള്ക്ക് സന്ദര്ശനാനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.
Business
മുംബൈ: ഗുജറാത്തിലെ വഡിനാറിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന് കീഴിൽ ദീൻദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 1,570 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ജെട്ടികൾ ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ 650 കോടി രൂപ ചെലവിൽ ഡിപിഎ വികസിപ്പിക്കും.
രണ്ട് വലിയ ഫ്ലോട്ടിംഗ് ഡോക്കുകൾ അടക്കമുള്ള കപ്പൽ അറ്റകുറ്റപ്പണി സംവിധാനങ്ങൾക്കായി സിഎസ്എൽ 920 കോടി രൂപ നിക്ഷേപിക്കും.
കേന്ദ്രത്തിന്റെ പ്രവർത്തന ചുമതലയും കൊച്ചിൻ ഷിപ്പ്യാർഡിനായിരിക്കും. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: ബർത്ത് ചെയ്യാൻ അനുമതി തേടിയ മുൻനിര അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ ഒഴിവാക്കി വിഴിഞ്ഞം തുറമുഖം. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകൾ തുടരുന്നതിനിടെയാണ് വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകളെത്തിയത്.
തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാലാണ് അപേക്ഷകൾ നിരസിച്ചത്. ജർമൻ, തായ്വാൻ, ഡാനിഷ് കമ്പനികളാണ് നിലവിൽ അനുമതി തേടി വിഴിഞ്ഞം തുറമുഖത്തെ സമീപിച്ചത്.
ജർമൻ ഷിപ്പിംഗ് കമ്പനിയായ ഹാപാംഗ് ലോയ്ഡ്, തായ്വാൻ കമ്പനി എവർഗ്രീൻ, ഡാനിഷ് കമ്പനി മെഴ്സ്ക്, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് എന്നീ കമ്പനികളാണ് അനുമതി തേടിയത്. പശ്ചിമേഷ്യൽ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായി.
ഇതോടെയാണ് വിഴിഞ്ഞത്ത് ബർത്തിംഗിനും ചരക്കിറക്കുന്നതിനും കപ്പൽ കമ്പനികൾ അനുമതി തേടിയത്. വിഴിഞ്ഞത്ത് ഇപ്പോൾ പ്രതിമാസം എത്തുന്നത് 60ൽ ഏറെ കപ്പലുകളാണ്. 60,000ൽ അധികം കണ്ടെയ്നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്.
കപ്പൽ അടുപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ വിഴിഞ്ഞം മടക്കി. രണ്ടാംഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി കമ്മീഷനിംഗ് നടത്തി കൂടുതൽ കപ്പലുകൾക്ക് ബർത്ത് ചെയ്യാനും യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില് പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്ക്കാര് നടപടി കോടതിയലക്ഷ്യമെന്നു ഹൈക്കോടതി. സിബിഐ നല്കിയ അപേക്ഷ തള്ളിയ 2025 ഒക്ടോബർ 28 ലെ ഉത്തരവും ജസ്റ്റീസ് എ. ബദറുദ്ദീന് റദ്ദാക്കി.
സിബിഐയുടെ അപേക്ഷ മേയ് 18നകം പുനഃപരിശോധിച്ച് ഉത്തരവിടണം. അന്നേദിവസം വ്യവസായ പ്രിന്സിപ്പല് സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില് നേരിട്ടു ഹാജരാകണമെന്നും കോടതി നിര്ദേശിച്ചു.
കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ കോടതിയലക്ഷ്യ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്ക്കാര് നിലപാട് സേച്ഛാപരവും പൊതുതാത്പര്യ വിരുദ്ധവും ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും കോടതി വിലയിരുത്തി. 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയ കേസില് പ്രഥമദൃഷ്ട്യാ അഴിമതിനിരോധന നിയമത്തിലെ വകുപ്പുകള് ബാധകമാണ്.
എന്നാല്, ഇതില് സര്ക്കാര് താത്പര്യക്കുറവ് പ്രകടിപ്പിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. 2015 സെപ്റ്റംബര് 23ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള് വിജിലന്സ് അന്വേഷണത്തിനാണു സര്ക്കാര് താത്പര്യം പ്രകടിപ്പിച്ചത്.
സിബിഐ അന്വേഷണത്തിനാണ് ഉത്തരവുണ്ടായതെങ്കിലും അതു സര്ക്കാരടക്കം ചോദ്യം ചെയ്യാത്തതിനാല് അന്തിമമാകുകയും ചെയ്തു. 2020 ഏപ്രില് 30നാണ് പ്രോസിക്യൂഷന് അനുമതി തേടി സിബിഐ അപേക്ഷ നല്കിയത്.
2020 ഒക്ടോബര് 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാന് 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. എന്നിട്ടും 2025 മാര്ച്ച് 21നും ഒക്ടോബർ 28നും അപേക്ഷ നിരസിച്ചതാണ് നിലവില് കോടതിയലക്ഷ്യ ഹര്ജിക്കു കാരണമായത്.
Kerala
തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.
Kerala
കൊച്ചി: വിവിധ സര്വകലാശാലകളിലെ വിസി നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട ഹര്ജിയില് അധിക സത്യവാങ്മൂലം നല്കാന് ഹര്ജിക്കാരിക്കു ഹൈക്കോടതിയുടെ അനുമതി.
സംസ്ഥാനത്തെ ഒമ്പത് സര്വകലാശാലകളില് വിസിമാരുടെ നിയമനം നടത്താനുണ്ടെന്നും സ്ഥിരംനിയമനം നടത്താന് ഗവര്ണര്ക്കു നിര്ദേശം നല്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുന് അധ്യാപിക ഡോ. മേരി ജോര്ജ് നല്കിയ ഹര്ജിയാണു ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഹര്ജിയിലെ ചില ആരോപണങ്ങളിലടക്കം കൂടുതല് വ്യക്തത വരുത്താനുള്ളതിനാല് അധിക സത്യവാങ്മൂലം നല്കാന് ഹര്ജിക്കാരി അനുമതി തേടിയത് കോടതി അനുവദിക്കുകയായിരുന്നു. തുടര്ന്ന് ഹര്ജി മേയ് 20ന് പരിഗണിക്കാന് മാറ്റി.
International
ലണ്ടൻ: ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. വെള്ളിയാഴ്ച ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ സജ്ജമാക്കിയിട്ടുള്ള മിസൈലുകൾ നശിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നാണ് ബ്രിട്ടീഷ് വൃത്തങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയേഗോ ഗാർസിയ ദ്വീപിലുള്ള ബ്രിട്ടീഷ്-യുഎസ് സൈനിക താവളത്തിൽനിന്ന് ഇനി ഇറാനു നേർക്ക് ആക്രമണം നടത്താൻ അമേരിക്കയ്ക്കു കഴിയും.
ബ്രിട്ടന്റെ തീരുമാനത്തെ ഇറാൻ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൽ പങ്കുചേരാൻ സ്റ്റാർമർ മുന്പ് വിസമ്മതിച്ചിരുന്നതാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് സ്റ്റാർമറിന് മനംമാറ്റമുണ്ടാവുകയായിരുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത് എ.കെ. ആന്റണിയുടെ ഇടപെടലിലെന്ന് സൂചന. സീറ്റില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് പിന്നാലെ പാർട്ടി വിടുമെന്ന് സൂചന നൽകിയ കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു.
കെ. സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ ഇടപെടൽ. എ.കെ. ആന്റണിയുടെ സമ്മർദത്തിന് വഴങ്ങിയാണ് കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചത്.
സിപിഎമ്മുമായി പോരടിച്ചു വളര്ന്ന നേതാവ് സിപിഎമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന് വഴിയൊരുക്കരുത് എന്ന് സുധാകരനോട് അഭ്യര്ഥിച്ചതായും എ.കെ. ആന്റണി പറഞ്ഞു.
നിലവിൽ കെ. സുധാകരന് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് മത്സരിക്കാൻ താത്പര്യപ്പെട്ട മറ്റ് എംപിമാർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിൽ ആശങ്കയുളവാക്കുന്നുണ്ട്.
കോന്നിയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച അടൂർ പ്രകാശ് വിമത ശബ്ദമുയർത്തിയാൽ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Kerala
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്ക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് (പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകൽ) ചട്ടങ്ങള് 2026 രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്കി.
വീടുകള്, കാര്ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്ക്ക് നിര്മിക്കുന്ന കെടിടങ്ങള്, മാര്ക്കറ്റുകള്, ആരാധനാലയങ്ങള്, പൊതു ആവശ്യങ്ങള്ക്കുള്ള നിര്മിതികള്, സാംസ്ക്കാരിക സ്ഥാപനങ്ങള്, ക്ലബുകള്, ചാരിറ്റബിള് ആവശ്യങ്ങള്ക്കുള്ള നിര്മിതികള് എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും.
കൂടാതെ 5000 സ്ക്വയര്ഫീറ്റിന് താഴെ വിസ്തീര്ണമുള്ള കൊമേഷ്യല്/ഇന്ഡസ്ട്രിയല് കെടിടങ്ങള്ക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5000 -10,000 സ്ക്വയര്ഫീറ്റിനിടയിലുള്ള കെടിടങ്ങള്ക്ക് പ്രോപ്പര്ട്ടിയുടെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും.
10,000 സ്ക്വയര്ഫീറ്റിന് മുകളിലുള്ള കെടിടങ്ങള്ക്ക് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. ഇതര ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കും.
Kerala
തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡനും അധികാരപ്പെട്ട ഉദ്യോഗസ്ഥനും നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ കാലാവധി 2026 മേയ് 28 മുതൽ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.
സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മൂന്നു ലക്ഷം സ്മാർട്ട് മീറ്ററുകൾ കാപ്പക്സ് മോഡിൽ നടപ്പാക്കിയ കെഎസ്ഇബിഎലിന്റെ നടപടി കെഎസ്ഇബിഎൽ സമർപ്പിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സാധൂകരിച്ചു.
സ്മാർട്ട് മീറ്റർ പദ്ധതിയുടെ രണ്ടാം ഘട്ടം 35 ലക്ഷം സ്മാർട്ട് മീറ്ററുകൾ മോഡിനു കീഴിൽ നടപ്പാക്കുന്നതിന് കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകി.
Kerala
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അനുമതിയുടെ കാലാവധി ഒരു വർഷത്തേയ്ക്കു കൂടി നീട്ടി ഉത്തരവിറക്കി.
കാട്ടിൽനിന്നു നാട്ടിലും നഗരത്തിലും ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള കാലാവധിയാണ് ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചത്. ഉത്തരവ് കാലാവധി മേയ് 27ന് അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടിയത്.
നിലവിലെ ഉത്തരവു പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ വെടിവയ്ക്കാനുള്ള അധികാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ബന്ധപ്പെട്ടവർ എന്നിവർക്ക് ചുമതല നൽകാം.
നിബന്ധനകൾ പാലിച്ച് ഇല്ലായ്മ ചെയ്യുന്ന കാട്ടുപന്നികളെ സംബന്ധിച്ച് ഓരോമാസവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ അടുത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കിയവര്ക്ക് നന്ദി അറിയിക്കാനുണ്ടെന്നും അതിനായി വാട്സ്ആപ് സന്ദേശം അയയ്ക്കാന് അനുമതി നല്കണമെന്നും ആവശ്യപ്പെട്ട് സര്ക്കാര് ഹൈക്കോടതിയിൽ.
അനുമതിക്കായി സര്ക്കാര് പ്രത്യേകം അപേക്ഷ നല്കിയാല് പരിഗണിക്കാമെന്നു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
വയനാട്ടിലെ വീടുകളുടെ നിര്മാണം പൂര്ത്തിയായ സാഹചര്യത്തില് സംഭാവന നല്കിയവര്ക്കു നന്ദിസന്ദേശം അയയ്ക്കാനാണ് അനുമതി തേടുന്നത്. സര്ക്കാര് ജീവനക്കാര്ക്കു മുഖ്യമന്ത്രിയുടെ ഓഫീസില് സന്ദേശമയച്ചതില് ഡാറ്റാ ചോര്ച്ചയുണ്ടെന്നാരോപിച്ചുള്ള ഹര്ജിയില് വാദത്തിനിടെയാണ് ആവശ്യമുന്നയിച്ചത്.
ജീവനക്കാര്ക്ക് അയച്ചതിനു സമാന രീതിയില് സന്ദേശങ്ങള് അയയ്ക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് പ്രത്യേക അനുമതി തേടിയത്.
ഐടി മിഷന് വികസിപ്പിച്ച ഡിജിറ്റല് പ്ലാറ്റ്ഫോമില് നിന്നാണ് സന്ദേശങ്ങള് അയച്ചതെന്നും വ്യക്തിവിവരങ്ങള് ചോര്ന്നിട്ടില്ലെന്നുമാണു സര്ക്കാര് കോടതിയെ അറിയിച്ചത്.
Kerala
കോട്ടയം: മന്നം സമാധിയില് പുഷ്പാര്ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്എസ്എസ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള സന്ദർശനം മറ്റ് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കർശന സുരക്ഷയൊരുക്കേണ്ടതിനാൽ, മന്നം സമാധിയിൽ പരിശോധനയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നും എൻഎസ്എസ് അറിയിച്ചു.
എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.
ഡല്ഹിയില് നിന്ന് വിമാനമാര്ഗം നെടുമ്പാശേരിയില് ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില് ചങ്ങനാശേരിയിലെത്തും. പെരുന്ന എന്എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര് ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്ച്ചന നടത്താനാണ് തീരുമാനിച്ചത്.
നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്ച്ചന ഇന്ന് രാവിലെയാണ് തീരുമാനിച്ചത്.
National
ന്യൂഡൽഹി: ഒഡീഷയിൽ ക്രിസ്ത്യൻ ബാലന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തതു വിവാദമായി.
നബരംഗ്പുർ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ കപേനയിലാണ് ഗ്രാമവാസിയായ കൃതിബാസ് സാന്തയുടെ മകൻ ആയുഷ് സാന്തയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തത്. തർക്കത്തെത്തുടർന്ന് കുടുംബം അവരുടെ സ്വന്തം ഭൂമിയിൽ കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.
അസുഖബാധിതനായിരുന്ന ആയുഷ് സാന്ത ശനിയാഴ്ച രാവിലെയാണു മരിച്ചത്. ക്രൈസ്തവർക്കു പ്രത്യേക ശ്മശാനമില്ലാത്തതിനാൽ ഗ്രാമത്തിലെ പൊതുശ്മശാനത്തിന്റെ ഒരു ഭാഗത്താണു പതിറ്റാണ്ടുകളായി മൃതദേഹം അടക്കം ചെയ്തിരുന്നത്. ഇതുപ്രകാരം കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തവെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമത്തിനു പുറത്തേക്ക് കൊണ്ടുപോകണമെന്നും ഒരുവിഭാഗം ഗ്രാമവാസികൾ ആവശ്യപ്പെടുകയായിരുന്നു.
തർക്കം നീണ്ടതോടെ 20 മണിക്കൂറാണ് കുടുംബം മകന്റെ മൃതദേഹവുമായി കാത്തിരുന്നത്. ഒടുവിൽ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെത്തുടർന്ന് ഗ്രാമത്തിന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്വന്തം ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.
ശവക്കല്ലറയിൽ മതചിഹ്നങ്ങളൊന്നും സ്ഥാപിക്കില്ലെന്നും ഗ്രാമത്തിൽ ക്രമസമാധാനം നിലനിർത്തുമെന്നുമുള്ള പ്രസ്താവനയിൽ ഒപ്പിട്ടതിനുശേഷം മാത്രമാണ് സ്വന്തം ഭൂമിയിൽ മകനെ സംസ്കരിക്കാൻ കൃതിബാസിന് അനുമതി ലഭിച്ചത്. മൃതദേഹം അവിടെ എത്തിച്ചപ്പോഴും പ്രതിഷേധവുമായി ഒരുസംഘമാളുകൾ എത്തിയിരുന്നതായി കൃതിബാസ് സാന്ത പറഞ്ഞു.
200 കുടുംബങ്ങളുള്ള ഗ്രാമത്തിൽ 40 ക്രൈസ്തവ കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരുസംഘമാളുകൾ രണ്ട് ക്രൈസ്തവരെ ബലംപ്രയോഗിച്ചു സ്ഥലത്തെ ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം ഗ്രാമത്തിലെ ഒരുവിഭാഗമാളുകൾ തങ്ങളോടു ശത്രുത കാട്ടിത്തുടങ്ങുകയും പ്രദേശത്തെ പള്ളി പൊളിച്ചുനീക്കണമെന്നും ക്രൈസ്തവർ ഗ്രാമം വിട്ടുപോകണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കൃതിബാസ് സാന്ത പറഞ്ഞു. ഗ്രാമവാസികൾ സമാധാനപ്രിയരാണെന്നും പുറത്തുനിന്നുള്ള ചിലരാണു പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള സംഘം എല്ലാ ദിവസവും ഗ്രാമത്തിലെത്തി യോഗങ്ങൾ വിളിച്ചുചേർക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗ്രാമത്തിലെ ക്രൈസ്തവരായ യുവാക്കൾ ഉന്നതവിദ്യാഭ്യാസം നേടുന്നതും നേതൃരംഗത്തും കായികമേഖലയിലുമെല്ലാം ശോഭിക്കുന്നതുമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതെന്ന് പാസ്റ്റർ ഗൗരവ് കൗർ പറഞ്ഞു.
District News
വൈപ്പിൻ: ഏറെ നാളായി നിർത്തിവച്ചിരുന്ന പള്ളിപ്പുറം കോൺവന്റ് ബീച്ച് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 75 ശതമാനം പണികൾ തീർന്ന പാലത്തിൻ്റെ ശേഷിക്കുന്ന പണികൾ തീർക്കാൻ 4.98 കോടി രൂപയ്ക്കാണ് അനുമതി.
അപ്രോച്ച് റോഡിന്റെ യും റീടെയ്നിംഗ് വാളിന്റെയും നിർമാണം റീ അറേഞ്ച് ചെയ്തുകൊണ്ടാണ് നടപടി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളതായി എംഎൽഎ പറഞ്ഞു. 16.9 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഡിസൈനിൻ മാറ്റം വന്നതോടെ ഇത് 24.46 കോടിയായി ഉയർന്നു.
ഇപ്പോൾ പാലത്തിന്റെ ഫൗണ്ടേഷൻ സബ് സ്ട്രക്ചർ പ്രവൃത്തികൾ എല്ലാം പൂത്തിയായി കിടക്കുകയാണ്. നിലവിൽ എട്ട് സ്പാനുകളിലെ മൂന്ന് സ്ലാബുകളുടെയും, 24 ബീമുകളിൽ 20 എണ്ണത്തിന്റെ യും പണികൾ പൂർത്തിയായിട്ടുണ്ട്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി അപ്രോച്ച് റോഡിനായി 69.91 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിനു ബജറ്റിൽ ഉൾപ്പെടുത്തിയതു പ്രകാരം ഭരണാനുമതി ലഭിക്കുകയും, വൈറ്റില എൽഎ തഹസിൽദാറിനെ നിയമിച്ച് കണ്ടിജൻസി തുകയായ 13.98 ലക്ഷം രൂപ കൈമാറിയതായും എംഎൽഎ വ്യക്തമാക്കി.
District News
മണ്റോതുരുത്ത്: പട്ടംതുരുത്ത് പടിഞ്ഞാറ് വാര്ഡിലെ ജനങ്ങളുടെ ദീര്ഘകാല ആവശ്യം അംഗീകരിക്കപ്പെട്ടു. പൂപ്പാണിയില് ഭാഗത്ത് വാഴയില്പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധമായി രണ്ടു കിലോമീറ്റര് റോഡും നിര്മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീര്ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും മണ്റോതുരുത്തിലെ ടൂറിസം വികസനത്തിന് പുതിയ വാതിലുകള് തുറക്കുകയും ചെയ്യും.
റോഡ് ഗതാഗതസൗകര്യങ്ങളുടെ അഭാവവും പ്രദേശത്തിന്റെ പകുതിയോളം ഭാഗം നേരിടുന്ന വേലിയേറ്റ പ്രശ്നങ്ങളും ഇവിടെ ടൂറിസം വികസനത്തിന് തിരിച്ചടിയാണ്.
ഒന്നാം പിണറായി സര്ക്കാര് സിഎംഎല്ആര്ആര്പി പദ്ധതിയില് ഉള്പ്പെടുത്തി ഈ പ്രദേശത്തേക്ക് പാലത്തിന് ഭരണാനുമതി നല്കുകയും ഹാര്ബര് എന്ജിനീയറിംഗ് ഡിവിഷന് വഴി എസ്റ്റിമേറ്റ് തയാറാക്കി നല്കുകയും ചെയ്തിരുന്നെങ്കിലും തുടര്നടപടി കൈക്കൊള്ളാനും അധിക സാമ്പത്തികാനുമതി നേടിയെടുക്കാനും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതോടെ പദ്ധതി കാലഹരണപ്പെടുകയായിരുന്നു.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തീകരിക്കുന്നതിനുമുന്പ് കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അംഗത്തെ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കറുടെ ചെയറിനു മുന്നിൽ പേപ്പർ കീറി എറിഞ്ഞതിനും ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനും ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
നടപ്പ് സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ടുവരെയാണ് സസ്പെൻഷൻ. കോണ്ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, അമരീന്ദർ സിംഗ് രാജ വാറിംഗ്, സി. കിരണ് കുമാർ റെഡ്ഢി, ഗുർജീത് സിംഗ് ഔജ്ല, സിപിഎമ്മിന്റെ മധുര എംപി എസ്. വെങ്കിടേശൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവർ. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തിയാക്കിയശേഷം മാത്രമേ സഭയിലെ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാവൂ. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്നതാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവം രാഹുൽ ഗാന്ധി ഇന്നലെയും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കറിന്റെ ചെയറിൽ ഉണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നറ്റി അനുമതി നിഷേധിച്ചതോടെയാണു ബഹളം കനത്തത്. സമാജ്വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു രണ്ടിനു ചേർന്നപ്പോൾ രാഹുൽ പ്രസംഗിക്കാനെത്തി. നരവനെയുടെ ഓർമക്കുറിപ്പിലെ സംഭവം സംബന്ധിച്ച് തിങ്കളാഴ്ച ഉന്നയിച്ച സമാനവിഷയം ഇന്നലെയും രാഹുൽ ഉന്നയിക്കാൻ ശ്രമിച്ചു. ഇതുസംബന്ധിച്ച രേഖകൾ ആധികാരികമാക്കാൻ സ്പീക്കർക്കു കൈമാറി. റൂളിംഗിലൂടെ അനുമതി നിഷേധിച്ച സമാന വിഷയം വീണ്ടും ഉന്നയിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകാൻ മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി സ്പീക്കർ മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിച്ചു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ആരും പ്രസംഗിക്കാൻ തയാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നതാണ് പിന്നീടു കണ്ടത്. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കവർ പേജും എംപിമാരുടെ കൈയിലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ ടിഡിപിയുടെ ജി.എം. ഹരീഷ് ബാലയോഗി സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സസ്പെൻഷൻ ലഭിച്ച എംപിമാർ ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിലെത്തി സ്പീക്കർക്കു നേരേ മുദ്യാവാക്യങ്ങൾ മുഴക്കി. മാണിക്കം ടാഗോറാണ് ആദ്യം ഇരിപ്പിടത്തിലേക്കു കയറിയത്. പിന്നാലെ ഹൈബി, ഡീൻ തുടങ്ങിയവരുൾപ്പെടെയുള്ള എംപിമാരും കയറി മുദ്രാവാക്യങ്ങൾ മുഴക്കി. അമരീന്ദർ സിംഗ് വാറിംഗ് പേപ്പർ കീറിയെറിഞ്ഞതോടെ ലോക്സഭ മൂന്നുവരെ നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ അറിയിച്ചു. അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ആർ. സുധ തുടങ്ങി നാല് എംപിമാർ വീണ്ടും സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം മുഴക്കി. നരവാനെയുടെ പുസ്തകത്തിന്റെ കവർ പേജിന്റെ കോപ്പി കോണ്ഗ്രസിന്റെ തമിഴ്നാട്ടിൽനിന്നുള്ള എംപി ആർ. സുധ സ്പീക്കർക്കു നേരേ കീറിയെറിഞ്ഞു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്ന് പാർലമെന്റിനു പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധിച്ചു.
സ്പീക്കറിന്റെ ചെയറിനു നേരേ രണ്ടാമത് പേപ്പർ കീറിയെറിഞ്ഞ ആർ. സുധയ്ക്കെതിരേ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ലഭിച്ച സസ്പെൻഷൻ വലിയ അംഗീകാരമാണെന്ന് ഡീനും ഹൈബിയും പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: സംവിധായകന് അനുരാജ് മനോഹർ മകരവിളക്ക് ദിവസത്തില് ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയെന്ന് ദേവസ്വം വിജിലന്സ് റിപ്പോര്ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നു. മകരവിളക്ക് ദിവസം ഹിൽടോപ്പിൽ വച്ചായിരുന്നു ഷൂട്ടിംഗ് എന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ്. ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എഡിജിപി ശ്രീജിത്ത് അനുമതി നല്കിയതായി റിപ്പോര്ട്ടിലില്ല. ഷൂട്ടിംഗ് നടന്നതിന്റെ വീഡിയോ സഹിതമുള്ള റിപ്പോര്ട്ടാണ് ദേവസ്വം ബോര്ഡ് പ്രസിഡന്റിന്, എസ്.പി. സുനിൽകുമാർ നല്കിയത്.
ദേവസ്വം ബോര്ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ. ജയകുമാര് ഇന്ന് നിയമോപദേശം തേടും. അതിനുശേഷമായിരിക്കും ബോർഡിന്റെ തുടർ നടപടികൾ. വനം വകുപ്പാണ് കേസ് രജിസ്റ്റര് ചെയ്തത്.
റിസര്വ് വന ഭൂമിയില് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില് കൂടുതല് പേര്ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില് കേസ് രജിസ്റ്റര് ചെയ്തത്.
Kerala
കൽപ്പറ്റ: വസ്തു ഇടപാടുകളിൽ സഹകരണ സംഘങ്ങൾക്കു മൂക്കുകയറിട്ട് സഹകരണ വകുപ്പ്. സഹകരണ സംഘം സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും രജിസ്ട്രാറുടെ മുൻകൂർ അനുമതി നേടണം. സഹകരണ സ്ഥാപനങ്ങളുടെ സ്ഥലം, കെട്ടിടം ഇടപാടുകൾക്കു രജിസ്ട്രാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥ. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട സർക്കുലറുകൾ പിൻവലിച്ചാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
സംഘത്തിന്റെ ദൈനംദിന വ്യാപാരത്തെ ബാധിക്കാത്ത വിധത്തിലാണ് സ്ഥാവര വസ്തുക്കൾ വാങ്ങേണ്ടത്. ഇതിനു രജിസ്ട്രാറുടെ മുൻകൂർ അനുമതി നേടുന്നതിനു പുറമേ പ്രവർത്തനമേഖലയിൽ പ്രചാരമുള്ള രണ്ടു ദിനപത്രങ്ങളിൽ സംഘത്തിന്റെ പേര്, സ്ഥാവര വസ്തു ആർജിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം, വസ്തുവിന്റെ അളവ് എന്നിവയടങ്ങിയ പരസ്യം നൽകണം. ഇതിനു ചെലവഴിക്കുന്ന തുക പ്രവർത്തന മൂലധനത്തിൽനിന്നാണെങ്കിൽ അഞ്ചു ശതമാനം കവിയരുത്. ഈ തുക 10 വർഷത്തിനിടെ തുല്യവാർഷിക ഗഡുക്കളായി തിരികെ സ്വരൂപിക്കണം.
സംഘം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാവര വസ്തുവിന്റെ വാല്യുവേഷൻ ജോയിന്റ് രജിസ്ട്രാർ(ജനറൽ), ജോയിന്റ് ഡയറക്ടർ(ഓഡിറ്റ്), ബന്ധപ്പെട്ട സംഘത്തിന്റെ പ്രവർത്തന പരിധിയിലെ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാല്യുവേഷൻ ഓഫീസർ, റവന്യു വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ, രജിസ്ട്രേഷൻ വകുപ്പിലെ സബ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥൻ, പൊതുമരാമത്ത്/തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ (വസ്തുവിൽ കെട്ടിടം ഉണ്ടെങ്കിൽ)എന്നിവരടങ്ങുന്ന സമിതി നടത്തണം.
സമിതിയിലെ സ്വതന്ത്ര വാല്യുവർമാർ സഹകരണ രജിസ്ട്രാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവിലെ പട്ടികയിൽ ഉൾപെട്ടവരാകണം. വില നിർണയം സർക്കാർ നിശ്ചയിച്ച ഫെയർ വാല്യുവോ ബന്ധപ്പെട്ട തഹസിൽദാർ നൽകുന്ന വാല്യുവേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ മൂന്ന് വർഷത്തിനുള്ളിൽ നടത്തിയ സമാന സ്വഭാവമുള്ള ഭൂമി കൈമാറ്റങ്ങളിലെ ശരാശരി വിലയോ പരിഗണിച്ചാകണം. ഇതിൽ കൂടുതലുള്ള തുക അടിസ്ഥാന വിലയായി കണക്കാക്കണം. സംഘത്തിന്റെ എക്സിക്യൂഷൻ നടപടികളുടെ ഭാഗമായി ആർജിക്കുന്ന സ്ഥാവര വസ്തുക്കൾ വിൽക്കുന്പോഴും വില നിർണയവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബാധകമായിരിക്കും.
മാർഗനിർദേശങ്ങളിൽനിന്നു വ്യതിചലിച്ച് സ്ഥാപനത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്തിയാൽ ഉത്തരവാദിത്വം കമ്മിറ്റി അംഗങ്ങൾക്കുണ്ടാകും. ജില്ലകളുടെ ചുമതലയുള്ള അഡീഷണൽ രജിസ്ട്രാർമാർ ഇടപാടുകളുടെ 25 ശതമാനത്തിൽ കുറയാത്ത ഫയലുകൾ പരിശോധിച്ച് ആധികാരികതയിൽ വ്യക്തത വരുത്തണം.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. സഹകരണ സ്ഥാപനങ്ങൾ നിർദേശങ്ങൾ പാലിച്ചുവെന്ന് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാർ(ജനറൽ), ജോയിന്റ് ഡയറക്ടർ(ഓഡിറ്റ്)എന്നിവർ ഉറപ്പുവരുത്തണം. വീഴ്ച കണ്ടെത്തുന്നപക്ഷം രജിസ്ട്രാർ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
National
ചെന്നൈ: പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ നീക്കത്തിന് തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിക്കൊണ്ട് ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പോലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ ടിവികെ നടത്തുന്ന റാലിക്ക് തമിഴ്നാട്ടിലെ വിഴുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽനിന്ന് ആളുകളെത്താൻ സാധ്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. കരൂർ ദുരന്തം കണക്കിലെടുത്ത് ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡർ കഴകം എന്ന സംഘടനയും പോലീസിനെ സമീപിച്ചിരുന്നു.
റാലികൾക്ക് അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഏതാനം മാസങ്ങൾക്കു മുമ്പ് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികൾ നടത്തിയിരുന്നില്ല.
ഡിസംബർ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികൾ പുനരാരംഭിക്കാനായിരുന്നു പാർട്ടിയുടെ നീക്കം. എന്നാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച് തമിഴ്നാട് പോലീസ് അനുമതി നൽകിയില്ല.
National
ഹൈദരാബാദ്: ശബരിമലയിലേക്ക് വിമാനത്തിൽ എത്തുന്നവർക്കു ഇരുമുടിക്കെട്ട് കൈവശം വയ്ക്കാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രാലയം. ജനുവരി 20 വരെയാണ് അനുമതിയെന്ന് മന്ത്രി കെ. രാം മോഹൻ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
കാബിൻ ബാഗേജായി ഇതുവരെ പരിഗണിച്ചിരുന്ന ഇരുമുടിക്കെട്ട് ഇനിമുതൽ ഭക്തർക്ക് ചെക് ഇൻ ബാഗേജായി ഒപ്പം എടുക്കാം.
സുരക്ഷാ മാർഗനിർദേശങ്ങളെല്ലാം പാലിക്കുന്നതിനൊപ്പം ജനവികാരംകൂടി പരിഗണിച്ചാണ് പരന്പരാഗതരീതിക്കു തടസം വരാതിരിക്കാനുള്ള തീരുമാനമെടുത്തത്.
സാംസ്കാരിക മൂല്യങ്ങളോടും മതപരമായ പാരന്പര്യത്തോടുമുള്ള എൻഡിഎ സർക്കാരിന്റെ പ്രതിബദ്ധതയാണു തീരുമാനത്തിൽ വ്യക്തമാകുന്നതെന്നും സന്ദേശത്തിൽ മന്ത്രി രാം മോഹൻ വ്യക്തമാക്കി.