മുംബൈ: ഗുജറാത്തിലെ വഡിനാറിൽ അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം വികസിപ്പിക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന് കീഴിൽ ദീൻദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 1,570 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ജെട്ടികൾ ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾ 650 കോടി രൂപ ചെലവിൽ ഡിപിഎ വികസിപ്പിക്കും.
രണ്ട് വലിയ ഫ്ലോട്ടിംഗ് ഡോക്കുകൾ അടക്കമുള്ള കപ്പൽ അറ്റകുറ്റപ്പണി സംവിധാനങ്ങൾക്കായി സിഎസ്എൽ 920 കോടി രൂപ നിക്ഷേപിക്കും.
കേന്ദ്രത്തിന്റെ പ്രവർത്തന ചുമതലയും കൊച്ചിൻ ഷിപ്പ്യാർഡിനായിരിക്കും. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
Tags : ship repair centre Cochin Shipyard permission Vadinar