മലിനജലം കുടിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങൾ വിലപിക്കുന്നു.
ഭോപ്പാൽ: മധ്യപ്രദേശിൽ കിണറ്റിലെ മലിനജലം കുടിച്ച് ഗ്രാമീണർക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം.
രത്ലാം ജില്ലയിൽപ്പെട്ട പിപ്ലോഡ താലൂക്കിലെ അസംപുർ ദോദിയ ഗ്രാമവാസികൾക്കാണു ഛർദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 80 പേർക്കാണു രോഗബാധയുണ്ടായത്. ഇതിൽ നില ഗുരുതരമായ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗബാധിതരെ കണ്ടെത്താനും അവർക്കു കൃത്യമായ ചികിത്സ ഉറപ്പാക്കാനുമായി ആരോഗ്യവകുപ്പ് ഗ്രാമത്തിൽ വീടുവീടാന്തരം കയറി സർവേ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് മെഡിക്കൽ ക്യാമ്പും ദുരിതാശ്വാസ പ്രവർത്തനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പൈപ്പ് വെള്ളത്തിന് രുചിയില്ലാത്തതിനാൽ ഗ്രാമീണർ ഈ കിണറ്റിലെ മധുരമുള്ള വെള്ളമാണ് കുടിക്കാൻ ഉപയോഗിച്ചിരുന്നത്.