എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുഷ്പാർച്ചന നടത്തുന്നു.
പുതുപ്പള്ളി (കോട്ടയം): ജനപ്രതിനിധികളല്ല, ജനങ്ങളാണ് വിഐപികളെന്ന് കരുതിയ ആളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ നടന്ന സ്മൃതിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടി നേടിത്തന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെ ദീപം അണയാതെ കാക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സംസ്കാരമാണ് ഉമ്മന്‍ ചാണ്ടിയെന്ന് അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ശിവഗിരി മഠം താന്ത്രികാചാര്യന്‍ ശിവനാരായണ തീര്‍ഥ സ്വാമി, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത, മന്ത്രിമാരായ മോന്‍സ് ജോസഫ്, ടി. സിദ്ദിഖ്, എംപിമാരായ ബെന്നി ബഹനാന്, ഫ്രാന്‍സിസ് ജോര്‍ജ്, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎല്‍എ, നോഹ അല്വോസ്റ്റ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി സിഇഒ സാജന് ലത്തീഫ്, സിഎസ്ഡിഎസ് സംസ്ഥാനപ്രസിഡന്റ് കെ.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഇന്നലെ ജനപ്രവാഹമായിരുന്നു. ആയിരക്കണക്കിനാളുകൾ പ്രിയനേതാവിന്റെ ഓർമകൾ പങ്കിട്ടു വലിയ പള്ളിയിൽ ഇടയശ്രേഷ്ഠന്മാരുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധകുര്‍ബാനയിലും കല്ലറയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയിലും പങ്കെടുത്തു.
Tags : OommenChandy Puthuppally memory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews