യാമി ഗൗതം
ഗ്ലാമർ വേഷങ്ങളിൽ മാത്രം ഒതുങ്ങുന്ന നായികാസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ സുവർണസിംഹാസനം തീർത്ത നടി യാമി ഗൗതമിന് ദേശീയ ചലച്ചിത്ര അവാർഡ് തിളക്കം.
72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായാണ് യാമി ഗൗതമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
2024ൽ പുറത്തിറങ്ങി വലിയരീതിയിൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘ആർട്ടിക്കിൾ 370’ലെ മികച്ച അഭിനയത്തിനാണ് ഈ പരമോന്നത പുരസ്കാരം താരത്തെ തേടിയെത്തിയത്.
യാമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ആദിത്യ സുഹാസ് ജംഭാലെയാണ്. യാമിയുടെ ഭർത്താവും ‘ഉറി’ (ഉറി: ദ സർജിക്കർ സ്ട്രൈക്ക്) എന്ന ചിത്രത്തിന്റെ സംവിധായകനുമായ ആദിത്യ ധറാണ് ഈ ചിത്രം നിർമിച്ചത്.
ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ‘ആർട്ടിക്കിൾ 370’ റദ്ദാക്കിയതുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെയും അതിനുപിന്നിലെ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
കാഷ്മീലെ തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്താനും ക്രമസമാധാനം ഉറപ്പാക്കാനും കേന്ദ്രസർക്കാർ നടത്തുന്ന രഹസ്യ നീക്കങ്ങളായിരുന്നു സിനിമയുടെ പ്രധാന ഇതിവൃത്തം.
ഹിമാചൽപ്രദേശ് സ്വദേശിനിയായ യാമി ചണ്ഡിഗഡിലാണു വളർന്നത്. ഒരു ഐഎഎസ് ഓഫീസറാകാൻ ആഗ്രഹിച്ച അവർ നിയമപഠനത്തിനിടയിലാണ് അപ്രതീക്ഷിതമായി മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.
Tags : YamiGautam Article370 NationalFilmAward BestActress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews