വൈക്കം വിജയലക്ഷ്മി
"അങ്ങ് വാനക്കോണിൽ’ വരെ ഉയർന്നുകേട്ട ആ ശബ്ദത്തെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരവും. ജീവിതത്തിന്റെ ഇരുളിനെ സംഗീതംകൊണ്ടു പ്രകാശമാക്കി മാറ്റിയ വൈക്കം വിജയലക്ഷ്മിയെ തേടി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമെത്തുന്പോൾ അതു പ്രതിഭയ്ക്കും പരിശ്രമത്തിനും അതിരുകളില്ലെന്ന സന്ദേശംകൂടിയാണ് നൽകുന്നത്.
‘അജയന്റെ രണ്ടാം മോഷണ'ത്തിൽ (എആർഎം) മനു മഞ്ജിത്ത് എഴുതി ദിപു നൈനാൻ തോമസ് ഈണമിട്ട ഈ ഗാനം കൊച്ചുകുട്ടികൾ വരെ മൂളിനടന്ന ജനപ്രിയ ഗാനങ്ങളിലൊന്നായിരുന്നു. കുട്ടിക്കഥകളും പ്രകൃതിഭംഗിയും ചേർന്ന വരികളിലൂടെ കേൾവിക്കാരെ ശാന്തവും ഗൃഹാതുരവുമായ ലോകത്തേക്കു നയിക്കുന്ന ഈ താരാട്ടുപാട്ടിന്, ഹൃദയത്തിൽ വന്ന് കൂടുകൂട്ടുന്ന വൈക്കം വിജയലക്ഷ്മിയുടെ ആലാപനം കൂടിയായതോടെ ഗ്രാഫ് ഒന്നുകൂടി ഉയർന്നു.
ശാസ്ത്രീയസംഗീത അടിത്തറയുള്ളതിനാൽ ഗാനങ്ങളെ അനായാസമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നുവെന്നതാണ് വിജയലക്ഷ്മിയുടെ പ്രധാന പ്രത്യേകത. അതോടൊപ്പം അക്ഷരസ്ഫുടതയ്ക്കും ഉച്ചാരണശുദ്ധിക്കും മുൻതൂക്കം നൽകുന്നതിനാൽ പ്രേക്ഷകരിലേക്ക് അവയെ എളുപ്പം എത്തിക്കാനുമാകുന്നു.
വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി ചെറുപ്പം മുതൽതന്നെ സംഗീതരംഗത്തു പ്രത്യേക താത്പര്യം കാണിച്ചിരുന്നു.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വെന്നിക്കൊടി പാറിച്ച അവർ "ഗായത്രിവീണ’എന്ന ഉപകരണവുമായി കേരളത്തിലെന്പാടും വേദികൾ കൈയടക്കി. "സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ...,"നടൻ' എന്ന ചിത്രത്തിലെ "ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ...', "ബാഹുബലി'യിലെ "ആരിവൻ ആരിവൻ...' തുടങ്ങിയ ഗാനങ്ങളുമായി ചലച്ചിത്ര ഗാനരംഗത്തു ശ്രദ്ധേയായി.
അഞ്ചര വയസുള്ളപ്പോഴാണ് വിജയലക്ഷ്മി സംഗീതപഠനം തുടങ്ങിയത്. കുട്ടിക്കാലത്തു കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ വിജയലക്ഷ്മി പഠിച്ചതു കണ്ട് അച്ഛൻ മുരളിയാണ് ഗായത്രിവീണയെന്ന ഒറ്റക്കമ്പി വീണ നിർമിച്ചുനൽകിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്കു ഗായത്രിവീണയെന്ന പേരു നൽകിയത് പ്രശസ്ത സംഗീതജ്ഞൻ കുന്നക്കുടി വൈദ്യനാഥനാണ്.
തന്റെ സംഗീത സപര്യയ്ക്കു വിജയലക്ഷ്മി ഏറെ കടപ്പെട്ടിരിക്കുന്നതും മാതാപിതാക്കളോടാണ്. തന്റെയുള്ളിലെ കഴിവിനെ തിരിച്ചറിഞ്ഞ് സംഗീതലോകത്തേക്ക് കൈപിടിച്ചുകയറ്റിയത് ഗായകൻകൂടിയായ അച്ഛനും അമ്മയുമാണ്. ചെറുപ്പത്തിലേ മുടങ്ങാതെ സാധകം ചെയ്യിക്കുമായിരുന്നു. തന്റെ കണ്ണുകളും കരുത്തും കരുതലും അവർ തന്നെയാണെന്ന് വിജയലക്ഷ്മി പറയുന്നു. വിജയദശമി നാളിൽ ജനിച്ചതിനാലാണ് വിജയലക്ഷ്മിയെന്ന പേരും നൽകിയത്. ഇനിയും ധാരാളം നല്ല പാട്ടുകൾ പാടണമെന്നതാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഇതരഭാഷകളിൽ ഏറെ സ്വീകരിക്കപ്പെട്ട മലയാളി ഗായികയാണു വൈക്കം വിജയലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, സംസ്കൃതം എന്നീ ഭാഷകളിലെല്ലാം വിജയലക്ഷ്മിയുടെ ശബ്ദം പ്രേക്ഷകർ ശ്രവിച്ചു.
പ്രഥമ കേരളശ്രീ പുരസ്കാരം, കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, തമിഴ്നാട് സംസ്ഥാന പുരസ്കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തി. "വേലൈനു വന്തിട്ടാ വെള്ളക്കാരൻ' എന്ന ചിത്രത്തിലെ ‘ആരവല്ലി’ എന്ന ഗാനത്തിലൂടെയാണ് തമിഴകത്തെ പുരസ്കാരം വിജയലക്ഷ്മിക്കു ലഭിച്ചത്.
ദേശീയ പുരസ്കാരലബ്ധി യെക്കുറിച്ചു കേട്ടപ്പോൾ ഏറെ സന്തോഷം എന്നായിരുന്നു വിജയലക്ഷ്മിയുടെ പ്രതികരണം. ദേശീയ അവാർഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല.
പ്രഖ്യാപനം വന്നപ്പോൾ "സർപ്രൈസ്’ ആയി. ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കൻമാർക്കും എആർഎം സിനിമയുടെ ഗാനരചയിതാവിനും സംഗീതസംവിധായകനും അണിയറ പ്രവർത്തകർക്കും ഗാനത്തെ ഏറ്റെടുത്തവർക്കും ജൂറിക്കും നന്ദി. പുരസ്കാരം ഇവർക്കെല്ലാം സമർപ്പിക്കുന്നു.
ട്രാക്ക് കേട്ടാണ് ഈ ഗാനം ആദ്യം പഠിച്ചത്. പിന്നീട് സംഗീത സംവിധായകൻ ദിപുസാർ എത്തി പാട്ടിന്റെ സന്ദർഭം വിശദീകരിച്ചു തന്നു. എറണാകുളത്തുവച്ചായിരുന്നു റിക്കാർഡിംഗ്. പ്രചോദനം നൽകുന്ന നാടോടി താരാട്ടുപാട്ടാണ് ഇതെന്നും പറഞ്ഞു. അതിന്റെ ഭാവം ഉൾക്കൊണ്ടു പാടാൻ വേണ്ട നിർദേശവും അദ്ദേഹം നൽകിയതായും വിജയലക്ഷ്മി ഓർമിച്ചെടുത്തു.
Tags : Angu Vaanakkonum Kadannu NationalFilmAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews