പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷൻ എന്നീ കന്പനികളിൽനിന്ന് 100 മെഗാവാട്ട് വീതം വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറിനാണ് അനുമതി ലഭ്യമായത്. ഇതോടെ യൂണിറ്റിന് 5.96 രൂപ നിരക്കിൽ അടുത്ത വർഷം ജൂലൈ 14 വരെ 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയാണ് 2025 ജൂലൈയെ അപേക്ഷിച്ച് ഈ ജൂലൈയിലുണ്ടായത്. മഴ കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്നു മുതൽ സംസ്ഥാനത്തിന് കിട്ടിത്തുടങ്ങുക.
ഇതോടെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കരാറിന് അനുമതി നൽകിയ റെഗുലേറ്ററി കമ്മീഷൻ ലോഡ് ഷെഡിംഗ് സംബന്ധിച്ചും കെഎസ്ഇബിക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോഡ് ഷെഡിംഗിന്റെ സമയം ഉപയോക്താളെ മുൻകൂട്ടി കൃത്യമായി അറിയിക്കണം. 15 മിനിറ്റ് ലോഡ് ഷെഡിംഗ് എന്നു പറഞ്ഞ ശേഷം അരമണിക്കൂറും ഒരു മണിക്കൂർ വരെയും നീട്ടരുതെന്നും കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
Tags : PowerCrisis Permission electricity purchase KSEB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews