പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് വടകരയിൽ സൈബര്‍ തട്ടിപ്പിനിരയായ വയോധികന് 1.37 കോടി രൂപ നഷ്ടമായി. എഐ നിർമിത വീഡിയോയ്ക്ക് ഒപ്പം നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെയാണ് പണം നഷ്ടമായത്.
തട്ടിപ്പിനിരയായ വയോധികൻ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമത്തിൽ കണ്ട എഐ വീഡിയോയ്ക്ക് ഒപ്പം നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ തട്ടിപ്പുകാര്‍ ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു.
തുടർന്ന് തട്ടിപ്പ് സംഘത്തിന്റെ നിർദേശാനുസരണം വയോധികൻ വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്ലിക്കേഷനും ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപ സംഘം തട്ടിയെടുത്തു.
പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ വയോധികൻ സൈബർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Digital CyberCrime Ransomware Phishing DarkWeb Hacking