ലെയോ പതിനാലാമന് മാർപാപ്പ ആശുപത്രിയിൽ നിന്ന് മടങ്ങുന്നു.
റോം: ശ്വാസകോശ ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം റോമിലെ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെയോ പതിനാലാമൻ മാർപാപ്പ ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിയത്. ആശുപത്രി വിടുന്നതിനു മുമ്പ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സുമാർ എന്നിവരോട് മാർപാപ്പ നന്ദി അറിയിച്ചു.
യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക മുറിയിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു. ശനിയാഴ്ച രാവിലെ നടത്തിയ രക്തപരിശോധനകളുടെയും നെഞ്ചിന്റെ എക്സ് റേ പരിശോധനയുടെയും അടിസ്ഥാനത്തിലാണു മാർപാപ്പയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ഡിസ്ചാർജ് നടപടികൾ പൂർത്തിയാക്കിയത്.
ഞായറാഴ്ച പൊതുവേദിയിൽ പ്രാർഥനയ്ക്ക് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം അന്നുതന്നെ വിധേയനായിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം വ്യാഴാഴ്ച മുതൽ പോപ്പ് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചിരുന്നു. ആശുപത്രിയിലെ താത്കാലിക ചാപ്പലിൽ കുർബാന അർപ്പിക്കുന്ന ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിരുന്നു.
Tags : Pope Leo XIV Discharged Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash