വി. അബ്ദുറഹ്മാൻ
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരേ കേസെടുക്കാനുള്ള അനുമതി ഫയലിൽ ഗവർണർ ആർ.വി. അർലേക്കർ ഇന്നു മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കും.
ഗോവയിൽനിന്ന് ഇന്നു വൈകുന്നേരത്തോടെ ഗവർണർ ലോക്ഭവനിൽ മടങ്ങിയെത്തും. തുടർന്ന് സർക്കാർ എത്തിച്ച അനുമതി ഫയൽ പരിശോധിച്ചു തീരുമാനമെടുക്കും.
ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ നിയമോപദേശവും തേടും. 22നു ഗവർണർ അർലേക്കർ കേരളം വിടുംമുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മെസിയുടെ പേരിൽ നടത്തിയ സ്പോണ്സർഷിപ്പ് തട്ടിപ്പിൽ അബ്ദുറഹ്മാനെതിരേ കേസെടുക്കാൻ ഗവർണറുടെ അനുമതി ആവശ്യമാണെന്ന് എജി നിയമോപദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് മെസി തട്ടിപ്പ് അന്വേഷിക്കുന്ന എസ്ഐടി സംഘത്തലവൻ എഡിജിപി പി. വിജയൻ ഫയൽ സർക്കാരിലേക്കു നൽകി. കഴിഞ്ഞ അഞ്ചിന് സർക്കാരിനു മുന്നിലെത്തിയ ഫയലിൽ ഏറെ കാലതാമസമുണ്ടായി. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടു കഴിഞ്ഞ ദിവസം ഗവർണറുടെ അനുമതിക്കായി സമർപ്പിക്കുകയായിരുന്നു.
മുൻമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, സ്പോർട്സ് കൗണ്സിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരേ കേസെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പരിപാടികളുടെ സ്പോണ്സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എംഡി ആന്റോ അഗസ്റ്റിനാണ് കേസിൽ ആരോപണ വിധേയനായ മറ്റൊരാൾ.
Tags : Fraud MessiName Governor Decision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VAbdurahman