Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പിനെ-ഐടി ഫ്യൂച്ചര്‍ ടെക്നോളജീസ് ആന്‍ഡ് സ്റ്റാര്‍ട്ട് അപ്സ് വകുപ്പ് എന്നു പുനര്‍നാമകരണം ചെയ്യുമെന്നു ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
കേരള ഐടി മിഷനെ കേരള എഐ മിഷനും കേരള എമര്‍ജിംഗ് ടെക്നോളജീസ് മിഷനും ഉള്‍പ്പെടുത്തിക്കൊണ്ട് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് മിഷന് എന്നു മാറ്റം വരുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവൻ പാടണമെന്ന് ലോക്ഭവൻ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്.
എന്നാൽ ഗവർണറുടെ നിലപാടിനെതിരെ സർക്കാരിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പരമ്പരാഗതമായി സഭയിൽ തുടരുന്ന രീതിയാണിതെന്നും ഇതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.
എന്നാൽ ബിജെപി ഇതിനെ എതിർത്തു. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായിരുന്നു. വി.ഡി.സതീശൻ സംഘപരിവാറിന് കീഴടങ്ങിയെന്ന് സിപിഎം അന്ന് ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.
വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ വിവാദം. ഗവർണർക്കൊപ്പം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിയമസഭയ്ക്കകത്ത് പ്രവേശിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നു പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം പ്രതിപക്ഷം സ്പീക്കറോട് വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ച റവാഡ ചന്ദ്രശേഖർ പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തേക്കു പോകുകയായിരുന്നു. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും ഇത് പതിവില്ലാത്ത കീഴ്വഴക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കർ മറുപടിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ലഹരി കേസുകളിൽ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. എക്സൈസ് വകുപ്പ് നവീകരിക്കുമെന്നും മദ്യസക്തി കുറക്കാൻ നടപടിയെടുക്കുമെന്നും ഗവർണർ പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ കുറിച്ചും പരാമർശിച്ച ഗവർണർ, കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ലഹരി മാഫിയയെ തുടച്ചുനീക്കാനായി കേരള ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളുടെ വേരറുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂളുകളും എക്സൈസ് വകുപ്പുമായി ചേർന്ന് പ്രത്യേക ബോധവൽക്കരണവും നിരീക്ഷണവും നടത്തും.
സിന്തറ്റിക് ഡ്രഗ്സ്, രാസലഹരികൾ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഒഴുക്ക് തടയുകയും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, റിസോർട്ടുകൾ, ആഡംബര ബോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തും.
കൂടാതെ, ലഹരിയുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാന പോലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായി യോജിച്ച് പ്രവർത്തിക്കും.
Kerala
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണർ താവർചന്ദ് ഗെഹ്ലോട് അംഗീകരിച്ചു. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരുമെന്ന് രാജ്ഭവൻ അറിയിച്ചു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്നാണ് റിപ്പോര്‍ട്ട്. ദീർഘനാളത്തെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ് സംസ്ഥാന ഭരണനേതൃത്വത്തിൽ ഈ മാറ്റം നടപ്പിലാക്കുന്നത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ പോലീസിനോട് വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് ആണ് ഗവർണർ വിശദീകരണം തേടിയത്.
ഫോണിലൂടെ വിഷയത്തിൽ ഡിജിപി വിശദീകരണം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആണ് സിപിഎം ആക്രമണം ഉണ്ടായത്. പ്രവർത്തകർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അടിച്ചുതകർത്തിരുന്നു.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് നയപ്രഖ്യാപനത്തിന് അംഗീകാരം.
മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 29നാണ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം. വരുന്ന ദിവസങ്ങളിൽ അവധിയായതിനാലാണ് ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്.
നിയമസഭാ ചീഫ് വിപ്പായി അപു ജോണ്‍ ജോസഫിന് അംഗീകാരം നല്കി. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസെന്റിനെ നിയമിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾ നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
വയോജന വകുപ്പിന്റെ കീഴിൽ വരുന്ന മേഖലകൾ സംബന്ധിച്ച് തീരുമാനമായി. നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിഷയങ്ങളാണ് പുതുതായി രൂപീകരിക്കുന്ന വയോജന വകുപ്പിന്റെ കീഴിൽ ഉൾപ്പെടുത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Movies
എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് മമ്മൂട്ടിക്ക് നൽകി ആദരിച്ചു. കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഡോക്ടറേറ്റ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്.
മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനും വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണനും ഓണററി ബിരുദം നൽകും.
പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ പങ്കെടുത്തു. റജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.
മമ്മൂട്ടിക്ക് ഇതിന് മുൻപ് കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഗവർണർ ആർ.വി. അർലേക്കർ ചൊവ്വാഴ്ച സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ വകുപ്പുവിഭജന വിജ്ഞാപനം വൈകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പു വിഭജന തർക്കമൊന്നുമില്ല.
മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ വകുപ്പുവിഭജനം പൂർത്തിയാക്കിയിരുന്നു. സാധാരണ 48 മണിക്കൂർ വരെയെടുത്താണ് വകുപ്പു വിഭജനം പൂർത്തിയാക്കുന്നത്. ഇതിൽ കാലതാമസമുണ്ടായിട്ടില്ല.
കിഫ്ബിയുമായി ബന്ധപ്പെട്ട് നിരന്തരം ഉയർന്ന എല്ലാ ആക്ഷേപങ്ങളും പരിശോധിച്ചുവരികയാണ്. കെഎസ്ആർടിസി സൗജന്യയാത്ര ഇനി മന്ത്രിസഭയിൽ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
►►വി.ഡി. സതീശൻ (മുഖ്യമന്ത്രി)
ധനകാര്യം, നിയമം, തുറമുഖം, ശാസ്ത്ര സാങ്കേതികം, നാഷണൽ സേവിംഗ്സ്, സ്റ്റോർ പർച്ചേസ്, കൊമേഴ്സ്യൽ ടാക്സസ്, അഗ്രികൾച്ചറൽ ഇൻകം ടാക്സ്, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷ്വറൻസ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, സ്റ്റാന്പും സ്റ്റാന്പ് ഡ്യൂട്ടിയും, പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ്, പൊതുഭരണം, ഓൾ ഇന്ത്യ സർവീസസ്, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങൾ, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ റിഫോംസ്, ഇലക്ഷൻ, ഇന്റഗ്രേഷൻ, സൈനിക ക്ഷേമം, ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ആൻഡ് ക്രിമിനൽ ജസ്റ്റീസ്, വിമാനത്താവളങ്ങൾ, റെയിൽവേ, മെട്രൊ റെയിൽ, അന്തർ സംസ്ഥാന നദീജലം, കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി. ഇതിനു പുറമെ നയപരമായ കാര്യങ്ങളും നിർദേശിക്കാത്ത മറ്റു വകുപ്പകളും മുഖ്യമന്ത്രിയുടെ ചുമതലയിൽ ഉൾപ്പെടുന്നു.
►പി.കെ. കുഞ്ഞാലിക്കുട്ടി
വ്യവസായം, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്ലൂംസ് ആൻഡ് ടെക്സ്റ്റൈൽസ്
►രമേശ് ചെന്നിത്തല
ആഭ്യന്തരം, വിജിലൻസ്,ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിൽ, കയർ
► കെ. മുരളീധരൻ
ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല,നാട്ടു വൈദ്യം, ആയുഷ്, ഡ്രഗ് കണ്ട്രോൾ, ഫുഡ് സേഫ്റ്റി
►സണ്ണി ജോസഫ്
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം
►റോജി എം. ജോണ്‍
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ(കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒഴികെയുള്ളവ), എൻട്രൻസ്, എൻസിസി, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം
►എൻ. ഷംസുദ്ദീൻ
പൊതുവിദ്യാഭ്യാസം, സാക്ഷരത പ്രസ്ഥാനം, ഹജ്ജ്, വഖഫ്, ന്യൂനപക്ഷക്ഷേമം
►എം. ലിജു
സഹകരണം, എക്സൈസ്
►പി.സി. വിഷ്ണുനാഥ്
വിനോദസഞ്ചാരം, സാംസ്കാരികം, കെഎസ് എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
►ടി. സിദ്ദിഖ്
കൃഷി, മണ്ണ് സംരക്ഷണം,കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ്
കോർപറേഷൻ
►ബിന്ദു കൃഷ്ണ
തൊഴിൽ,ക്ഷീരവികസനം, മൃഗ സംരക്ഷണം, മിൽക്ക് കോ-ഓപ്പറേറ്റീവ്സ്, വനിത-ശിശു ക്ഷേമം
►കെ.എ. തുളസി
പട്ടികജാതി, പട്ടികവർഗ പിന്നാക്ക ഷേമം
►സി.പി. ജോണ്‍
റോഡ്- ജല ഗതാഗതം, മോട്ടോർ വെഹിക്കിൾ
►പി.കെ. ബഷീർ
പൊതുമരാമത്ത്
►ഒ.ജെ. ജനീഷ്
കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ, ആർക്കിയോളജി, ആർക്കൈവ്സ്
►മോൻസ് ജോസഫ്
ജലവിഭവം, സിഎഡിഎ, ഭൂഗർഭ ജലം, ജലവിതരണം,ശുചിത്വം, ഭവനനിർമാണം
►വി.ഇ. അബ്ദുൾ ഗഫൂർ
ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ്, സാമൂഹ്യക്ഷേമം
►എ.പി. അനിൽകുമാർ
റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, ഭൂപരിഷ്കരണം
►കെ.എം. ഷാജി
തദ്ദേശ സ്വയംഭരണം, ടൗണ്‍ പ്ലാനിംഗ്, ഗ്രാമവികസനം, റീജണൽ ഡെവലപ്മെന്റ് അഥോറിറ്റീസ്, കില
►അനൂപ് ജേക്കബ്
ഭക്ഷ്യ സിവിൽ സപ്ലൈസ്, കണ്‍സ്യൂമർ അഫയേഴ്സ്, ലീഗൽ മെട്രോളജി
►ഷിബു ബേബി ജോണ്‍
വനം, സ്കിൽ ഡെവലപ്മെന്റ്
Kerala
തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശൻ ലോക്ഭവനിലെത്തി ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയിരുന്നു.
വി.ഡി.സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. തിങ്കളാഴ്ച എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് ഗവർണർ ആരാഞ്ഞു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് വി.ഡി.സതീശൻ മറുപടി നൽകി.
അതേസമയം മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. ഇതിനായി യുഡിഎഫിൽ ചർച്ച തുടങ്ങി.
National
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി ലോക്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി ടിവികെ നേതാവ് വിജയ്. മറ്റ് കക്ഷി നേതാക്കളും വിജയ്ക്കൊപ്പമുണ്ട്.
120 എംഎൽഎമാരുടെ പിന്തുണ വിജയ്ക്കുണ്ട്. വിജയ് മാത്രം ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കാമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ എന്നീ കക്ഷികളുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത്.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണ വിജയിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറി. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു. സിപിഐ ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകി. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി.
ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാർ കൂടി പിന്തുണച്ചാൽ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും.
അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിച്ചത്.
വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമായിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
വിസികെ കൂടി അനുകീല തീരുമാനം എടുത്താൽ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിയും. നാല് പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻഡിഎ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനോട് ഗവർണർ രാജേന്ദ്ര ആർലേക്കറിന് വിയോജിപ്പെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ വസതിയിലെത്തിയ വിജയ്യോട് 118 എംഎൽഎമാരുടെ കത്തുമായി വരാൻ ഗവർണർ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ പാർട്ടി, സർക്കാർ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് വീണ്ടും ഗവർണറെ കണ്ടത്. ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് ഗവർണറെ അറിയിച്ചതായും വിവരമുണ്ട്. ഇന്ന് രാവിലെ 11ഓടെയാണ് വിജയ് ഗവർണറെ കണ്ടത്.
നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്ക്കുള്ളത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും മറ്റ് ഏതൊക്കെ പാർട്ടികൾ പിന്തുണയ്ക്കുമെന്നും ഉൾപ്പെടെയുള്ള നിരവധി ചോദ്യങ്ങൾ ഗവർണർ വിജയിയോടു ചോദിച്ചു.
അതേസമയം, ഗവർണറുടെ നിലപാടിനെതിരെ ഇപ്പോൾ കോടതിയെ സമീപിക്കില്ലെന്ന് ടിവികെ സൂചിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള ടിവികെ അധ്യക്ഷൻ വിജയ്യുടെ നീക്കത്തിനു വെല്ലുവിളി ഉയർത്തി ഗവർണർ. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നൽകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ അറിയിച്ചു.
തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം. കോൺഗ്രസ് പിന്തുണക്ക് പിന്നാലെ 113 എംഎൽഎമാർ ഒപ്പിട്ട കത്ത് ടിവികെ ഗവർണർക്ക് നൽകിയിയിരുന്നു.
എന്നാൽ 234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എംഎൽഎമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ.അങ്ങനെയെങ്കിൽ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നൽകു എന്നാണ് നിലപാട്.
ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. അഞ്ച് പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്.
Kerala
തിരുവനന്തപുരം: ഗവർണറുടെ സെക്രട്ടറിയായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയെ നിയമിച്ചു. ലോക്ഭവനിൽ സെക്രട്ടറി പദവി മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ അടക്കമുള്ള ചടങ്ങുകൾ നടക്കേണ്ടതിനാൽ സെക്രട്ടറിയെ നിയമിക്കണമെന്ന് ലോക്ഭവൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാളിന് നേരത്തെ സെക്രട്ടറിയുടെ താല്കാലിക ചുമതല നല്‍കിയിരുന്നു. അതേസമയം, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല ആർക്കും നൽകിയിട്ടില്ല.
NRI
വെർജീനിയ: ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ലിറ്ററേച്ചർ ആൻഡ് ഗവൺമെന്റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ പര്യടനത്തിന് ഉജ്വല തുടക്കം.
ഈ മാസം 18ന് കോളജ് ഓഫ് വില്യം ആൻഡ് മേരിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. നാല് വർഷം നീണ്ടുനിൽക്കുന്ന ഈ സംസ്ഥാനതല പദ്ധതിയുടെ ആദ്യ പരിപാടിയായിരുന്നു ഇത്.
സാഹിത്യം, പൗരജീവിതം, പൊതുനേതൃത്വം എന്നിവ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ജനാധിപത്യം, ഭരണനിർവഹണം, പൊതുസേവനം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ ആധുനിക കാലത്തും സാഹിത്യ കൃതികൾ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് ഈ പര്യടനം പരിശോധിക്കുന്നു.
ജെയിംസ് മാഡിസൺ, അലക്സാണ്ടർ ഹാമിൽട്ടൺ എന്നിവരുടെ ദി ഫെഡറലിസ്റ്റ് പേപ്പേഴ്സ്, തോമസ് ജെഫേഴ്സൺ, ജോർജ് മേസൺ എന്നിവരുടെ രചനകൾ തുടങ്ങിയവ ആധുനിക ഭരണസംവിധാനത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് ഹാഷ്മി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ നേതാക്കളെ വാർത്തെടുക്കുന്നതിൽ വലിയ പാരമ്പര്യമുള്ള വില്യം ആൻഡ് മേരി കോളജ് ഈ പര്യടനത്തിന് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണെന്നും അവർ കൂട്ടിച്ചേർത്തു.
നമ്മുടെ ദേശീയ സ്വത്വത്തെയും ജനാധിപത്യ തത്വങ്ങളെയും രൂപപ്പെടുത്തിയ അമേരിക്കൻ രചനകളിലൂടെ ഇന്നത്തെ സമൂഹത്തെയും രാഷ്ട്രീയത്തെയും നോക്കിക്കാണുക എന്നത് ഓരോ തലമുറയും ചെയ്യേണ്ട കാര്യമാണ്.
രാഷ്ട്രീയ ചർച്ചകൾ പലപ്പോഴും തീവ്രമായ നിലപാടുകളിലേക്ക് ചുരുങ്ങിപ്പോകുന്ന ഈ കാലത്ത്, ഗൗരവകരമായ വിശകലനങ്ങൾക്ക് ഇടം നൽകാനാണ് ഈ ഉദ്യമത്തിലൂടെ ഞങ്ങൾ ശ്രമിക്കുന്നതെന്നും ഹാഷ്മി പറഞ്ഞു.
വരും വർഷങ്ങളിൽ വെർജീനിയയിലെ വിവിധ കോളജുകളിലും സർവകലാശാലകളിലും ഈ പര്യടനം തുടരും. പുതിയ തലമുറയ്ക്ക് പൊതുവിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് പകരാൻ ഈ സംരംഭം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ഭാഗ്യമുണ്ടായെന്നും നല്ലവരെ തെരഞ്ഞെടുക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു ജവഹർനഗർ എൽപിഎസിൽ വോട്ടു ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു ഗവർണർ.
NRI
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ജെ.ബി. പ്രിറ്റ്സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്ലിയാണ് നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രിറ്റ്സ്കറുടെ പ്രധാന എതിരാളി. 2022-ലെ തെരഞ്ഞെടുപ്പിലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം; അന്ന് പ്രിറ്റ്സ്കർ വൻ വിജയം നേടിയിരുന്നു.
ഹയാത്ത് ഹോട്ടൽ ശൃംഖലയുടെ അവകാശിയും ശതകോടീശ്വരനുമായ പ്രിറ്റ്സ്കർ, 2028-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിടുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിലൂടെ അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധേയനായിരുന്നു.
സംസ്ഥാനത്തെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയർത്താനുള്ള നിയമത്തിൽ ഒപ്പുവച്ചു. അമേരിക്കയിൽ ആദ്യമായി 'ക്യാഷ് ബെയ്ൽ' (പണമിടപാടിലൂടെയുള്ള ജാമ്യം) നിർത്തലാക്കിയ സംസ്ഥാനമായി ഇല്ലിനോയിസിനെ മാറ്റി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
സ്വന്തം സമ്പാദ്യം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സഹായിക്കുന്ന പ്രിറ്റ്സ്കർ, തന്റെ ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റന്റെ സെനറ്റ് പോരാട്ടത്തിനായി 14.8 ദശലക്ഷം ഡോളറാണ് ചിലവഴിച്ചത്.
Kerala
തിരുവനന്തപുരം പലതവണ വഷളാവുകയും സമീപത്തായി ആർക്കുകയും ചെയ്ത ഗവർണർ സർക്കാർ പോലെ വീണ്ടും വഷളാകുന്ന തീരുമാനം ലോക്ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം, 2 പിഎസ്സി അംഗങ്ങൾ, വിവരാവകാശ കമ്മീഷൻ അംഗം, തദ്ദേശ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള നിയമന ശിപാർശകൾ ഗവർണർ തടഞ്ഞുവച്ചു.
കാലാവധി തീരാറാകുന്ന തൊട്ടുമുമ്പ് സംസ്ഥാന സർക്കാർ നടത്തിയ നിയമന ശിപാർശകളാണ് ലോക്ഭവൻ തടഞ്ഞുവച്ചത്. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമനവും ഇതിൽപ്പെടുന്നു. കോൺഗ്രസിന്റെ ഐ. ശിഹാബുദ്ദീൻ, സിപിഐയുടെ അജയകുമാർ എന്നീ പേരുകളാണ് ഗവർണർക്ക് അയച്ചിരുന്നത് എന്നാൽ പൊതുപ്രവർത്തകരെ പിഎസ്സി അംഗമാകരുത് എന്ന് ആവശ്യം മുൻനിർത്തി ചില സംഘടനകൾ ഈ വിഷയത്തിൽ ഗവർണർ സമീപിച്ചിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി വിരമിച്ച ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിന് നിയമിക്കാനുള്ള ശിപാർശയും ഗവർണർ തടഞ്ഞുവച്ചു .ഉപ ലോകായുക്തയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് ബാബു മാത്യു ജോസഫിനെ ഓംബുഡ്സ്മാനായി സ്വീകരിക്കരുതെന്ന് ഗവർണർക്ക് നിയമ ഉപദേശം ലഭിച്ചിരുന്നു.
വിവരാകാശ കമ്മീഷനിലേക്ക് മുൻ ഡിവൈഎഫ്ഐ നേതാവ് എം. ഹരിലാലിനെ നിയമിക്കാനുള്ള ശിപാർശയും സർക്കാർ തടഞ്ഞുവച്ചു. പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെയാണ് ഈ ശിപാർശ നൽകിയെന്ന കാരണത്താലാണിത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മെമ്പറായി നിയമകാര്യ സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ അംഗീകരിച്ചിട്ടില്ല .ഹൈക്കോടതിയുമായി ആലോചിച്ചില്ല എന്ന കാരണത്താലാണ് ഈ നിയമനം ഗവർണർ അംഗീകരിക്കാതിരുന്നത്.
ഈ നടപടിയോടെ നിയമനങ്ങൾ എല്ലാം നിർത്തിവച്ചതിനാൽ അടുത്ത സർക്കാരിന് പുതുതായി ഈ ഒഴിവുകളിൽ നിയമനം നടത്താൻ ആകും. എന്നാൽ അടുത്ത സർക്കാർ ഇപ്പോഴത്തെ ഭരണത്തുടർച്ചയാണെങ്കിൽ ഇതേ പേരുകൾ തന്നെ സർക്കാർ നിർദ്ദേശിക്കാൻ ഇടയുണ്ട് .അങ്ങനെ വന്നാൽ ഗവർണർ എന്ത് തീരുമാനം എടുക്കും എന്നുള്ളത് നിയമ പ്രശ്നങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ നിയമനങ്ങൾ ഉൾപ്പെട്ട ഫയലിൽ ഗവർണർ ഒപ്പിട്ടില്ല. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമന ഫയൽ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, തദ്ദേശ സ്ഥാപന ഓംബുഡ്മാൻ എന്നിവരെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശിപാർശ ഫയലുകളാണ് ഗവർണർ തടഞ്ഞത്.
പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം ഇത്തരം ഫയലുകളിൽ തീരുമാനമെടുക്കട്ടെയെന്നാണ് ഗവർണർ ആർ.വി. അർലേക്കറുടെ നിലപാട്. ഇൻഫർമേഷൻ കമ്മീഷണറായി ഡിവൈഎഫ്ഐ നേതാവായിരുന്ന എം. ഹരിലാലിനെ നിയമിച്ചു. പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്ന യോഗത്തിൽ വിവരാവകാശ കമ്മീണറെ നിയമിച്ച ഫയലിൽ ഒപ്പുവയ്ക്കരുതെന്ന പരാതി ഗവർണർക്കു ലഭിച്ചിരുന്നു.
പിഎസ്സി അംഗങ്ങളായി സിപിഐ പ്രതിനിധി അജയകുമാറിനേയും കോണ്‍ഗ്രസ്- എസിലെ ഷിഹാബുദീനേയും നിയമിച്ചിരുന്നു. ഇതും മരവിപ്പിച്ചു. തദ്ദേശ ഓംബുഡ്മാനായി ജസ്റ്റീസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനുള്ള ഫയലിലും പരാതി ലഭിച്ചിരുന്നു.
ലോകായുക്തയായി പ്രവർത്തിച്ചവർ സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തു വരാൻ പാടില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസെക്രട്ടറി കെ.ജി. സനൽകുമാറിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ച ഫയലിലും ഗവർണർ ഒപ്പിട്ടില്ല. ഗവർണർ ഒപ്പുവച്ചാൽ മാത്രമേ ഇത്തരം ഫയലുകളിൽ അംഗീകാരമാകൂ.
National
കോൽക്കത്ത: ബംഗാൾ ഗവർണർ സ്ഥാനം രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി സി.വി.ആനന്ദബോസ്. രാജി തികച്ചും ബോധപൂർവമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവൻ അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
ആനന്ദബോസ് രാജി വെക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവർണർ പദവിയിൽ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താൻ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
കോൽക്കത്ത: മലയാളിയായ ആനന്ദബോസ് ഗവർണർ പദവി ഒഴിഞ്ഞ ബംഗാളിലേക്ക് തമിഴ്നാട് ഗവർണർ ആയിരുന്ന ആർ.എൻ.രവിയെ അയച്ച കേന്ദ്രസർക്കാരിന്റെ നടപടി തന്ത്രപരമായ നീക്കമെന്നു വിലയിരുത്തൽ. ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നിയമനമെന്നു രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദബോസ് ചില കാര്യങ്ങളിൽ ബംഗാൾ സർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുന്ന രീതിയിലുള്ള അനാവശ്യമായ ഇടപെടലുകൾക്ക് അദ്ദേഹം തുനിഞ്ഞിരുന്നില്ല. മാത്രമല്ല, ആരോഗ്യകരമായ ഒരു ബന്ധം സംസ്ഥാന സർക്കാരുമായി നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. പദവിയുടെ മാന്യതയോ മഹത്വമോ വിട്ടുള്ള യാതൊരു നടപടിക്കും അദ്ദേഹം മുതിർന്നിരുന്നില്ല.
പോരിനു മടിയില്ല
അതേസമയം, അദ്ദേഹം പദവി ഒഴിയുന്ന ഘട്ടത്തിൽ ബംഗാളിലേക്ക് കേന്ദ്രസർക്കാർ പുതുതായി നിയമിച്ചിരിക്കുന്ന ആർ.എൻ.രവി അല്പംകൂടി വ്യത്യസ്തമായ സമീപനം പുലർത്തുന്ന ആളാണ്. കേന്ദ്രസർക്കാരിന്റെ ഇംഗിതങ്ങൾക്കായി ഏതറ്റം വരെയും പോയി പോരടിക്കാൻ മടി കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരുമായി തുറന്ന യുദ്ധം തന്നെയാണ് അദ്ദേഹം കുറെക്കാലമായി നടത്തി വന്നിരുന്നത്. ഗവർണർക്കെതിരേ സുപ്രീം കോടതിയിൽ വരെ കേസ് നടത്താൻ സ്റ്റാലിൻ സർക്കാർ മടിച്ചിരുന്നില്ല.
തമിഴ്നാട് നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഗവർണർ ഒപ്പിടാതെ നീണ്ടകാലം കൈവശം വച്ചുവെന്നാരോപിച്ചു സർക്കാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നു സർക്കാർ വിമർശിച്ചു. ഗവർണർ ചില പൊതുപ്രസംഗങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നയങ്ങളെ തുറന്നു വിമർശിച്ചതും വിവാദമായി.
സംസ്ഥാന സർക്കാർ ഗവർണർ ഭരണഘടനാപരമായ പരിധി ലംഘിക്കുന്നുവെന്നു ഡിഎംകെ കുറ്റപ്പെടുത്തി. 2023ൽ ഗവർണർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ സർക്കാർ തയാറാക്കിയ ചില ഭാഗങ്ങൾ വായിക്കാതിരുന്നതും അതിനു ശേഷം സഭയിൽനിന്ന് ഇറങ്ങിപ്പോയതും വലിയ രാഷ്ട്രീയ വിവാദം ഉയർത്തിയിരുന്നു.
ഒരു അവസരത്തിൽ ഗവർണർ സംസ്ഥാനത്തെ തമിഴ്ഗം എന്നു വിളിച്ചതിനെതിരെ വലിയ രാഷ്ട്രീയ പ്രതിഷേധം ഉണ്ടായി. ഇതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പേരായ "തമിഴ്നാട്'' എന്നതു മാറ്റാനുള്ള ശ്രമമാണെന്നായിരുന്നു സർക്കാരിന്റെയും പല രാഷ്ട്രീയ പാർട്ടികളുടെയും വിമർശനം. സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരത്തെക്കുറിച്ചും തർക്കം ഉണ്ടായി. ഈ അധികാരം കുറയ്ക്കാൻ തമിഴ്നാട് സർക്കാർ നിയമപ്രമേയം കൊണ്ടുവന്നതും പോര് രൂക്ഷമാക്കി.
വിട്ടുകൊടുക്കുമോ?
തമിഴ്നാട് സർക്കാരുമായി കൊമ്പുകോർത്തതിന്റെ അനുഭവ പരിചയവും ഊർജവുമായിട്ടാണ് മമതയുടെ ബംഗാളിലേക്ക് ആർ.എൻ.രവി ഗവർണറായി എത്തുന്നത്. തരിമ്പുപോലും വിട്ടുകൊടുക്കാത്ത പ്രകൃതമാണ് മമതയുടേത്. മമതയെ പിടിച്ചുകെട്ടാൻ കേന്ദ്രസർക്കാർ പലരീതിയിൽ നോക്കിയിട്ടും അതു കാര്യമായി വിജയിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയ ഗവർണർ എത്തുന്നത് എന്നതും ശ്രദ്ധേയം.
തീപ്പൊരിയായ മമത മുഖ്യമന്ത്രിയും പരമാവധി അലോസരപ്പെടുത്താൻ മടിയില്ലാത്ത ആർ.എൻ.രവി ഗവർണറും ആയി ബംഗാളിൽ ഒന്നിക്കുമ്പോൾ ഇനി എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
National
ന്യൂഡൽഹി: ഗവർണർ-ലഫ്. ഗവർണർ തലത്തിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്രസർക്കാർ. പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചതിനെത്തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമബംഗാൾ ഗവർണറായി നിയമിച്ചു. ആനന്ദബോസിനു പകരം ചുമതല നൽകിയിട്ടില്ല. തമിഴ്നാട് ഗവർണറുടെ അധിക ചുമതല കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കാണ്.
ഹിമാചൽപ്രദേശ് ഗവർണർ ശിവ പ്രതാപ് ശുക്ലയെ തെലുങ്കാന ഗവർണറാക്കി. തെലുങ്കാന ഗവർണറായിരുന്ന ജിഷ്ണു ദേവ് വർമയാണ് മഹാരാഷ്ട്രയുടെ പുതിയ ഗവർണർ. ബിഹാറിലെ മുൻ മന്ത്രി നന്ദ കിഷോർ യാദവിനെ നാഗാലാൻഡ് ഗവർണറാക്കി. ലഫ്. ജനറൽ (റിട്ട.) സയിദ് അത്താ ഹസ്നെയ്ൻ ബിഹാർ ഗവർണറാകും.
ലഡാക്ക് ലഫ്. ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽപ്രദേശ് ഗവർണറാക്കി. ഡൽഹി. ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയായിരിക്കും ലഡാക്ക് ലഫ്. ഗവർണർ.
പകരം ഡൽഹി ലഫ്. ഗവർണറായി അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ തരൺജിത് സിംഗ് സന്ധുവിനെ നിയമിച്ചു. നിയമനങ്ങളെല്ലാം അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ രാത്രി വിജ്ഞാപനമിറക്കി.
Kerala
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. കെ. ഗീതാകുമാരിയെ നീക്കി. സാങ്കേതിക സർവകലാശാല വിസി ഡോ.സിസാ തോമസിന് അധിക ചുമതല നൽകി ഗവർണർ ഉത്തരവിറക്കി. ബിഎഫ്എ തോറ്റ വിദ്യാർഥിക്ക് എംഎഫ്എ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ടതാണ് നടപടി.
തോറ്റ ബിഎഫ്എ വിദ്യാർഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണരുടെ ഉത്തരവ് നടപ്പാക്കാൻ വിസി വിസമ്മതിക്കുകയായിരുന്നു. ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാനും വിശദീകരണം നൽകാനും വിസിയോടും പരീക്ഷ കൺട്രോളറോടും ലോക്ഭവൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ലോക്ഭവന്റെ നിർദ്ദേശം വിസി നിരസിക്കുകയായിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗ അധ്യക്ഷ പ്രൊഫസർ കെ. കെ. ഗീതാകുമാരിക്ക് സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വിസിയുടെ ചുമതല നൽകിയത്.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം. മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഒപ്പിട്ടു. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവ ഇനി മലയാളത്തിലായിരിക്കും ഉണ്ടാകുക.
മുഴുവൻ സ്കൂളുകളിലും ഒന്ന് മുതൽ പത്ത് വരെ മലയാളം നിർബന്ധമാക്കി. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല.
ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമന നടപടികളിൽ പൂർണ നിയന്ത്രണം ഉറപ്പാക്കാൻ പുതിയ ഉത്തരവ് പുറത്തിറക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൈസ് ചാൻസലർമാരുടെ നിയമനത്തിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും ചാൻസലർ കൂടിയായ ഗവർണർ പിടിമുറുക്കുന്നത്.
സെലക്ഷൻ കമ്മിറ്റികളിലേക്ക് ഗവർണറുടെ പ്രതിനിധികളെ നിയമിക്കുന്നതിനായി മുൻ ഗവർണർ പി. സദാശിവത്തിന്റെ കാലത്തുള്ള പഴയ പട്ടിക പൂർണമായും റദ്ദാക്കി. ഇനി മുതൽ ഓരോ അധ്യാപക നിയമന നടപടി ആരംഭിക്കുന്നതിന് മുൻപും ഗവർണറുടെ പുതിയ നോമിനിയെ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലകൾ രാജ്ഭവന് കത്ത് നൽകണം.
നോമിനിയെ ആവശ്യപ്പെടുമ്പോൾ നിയമനം നടത്താൻ ഉദ്ദേശിക്കുന്ന തസ്തികകൾ, ആവശ്യമായ യോഗ്യതകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിസിമാർ ഗവർണർക്ക് കൈമാറണം. ഗവർണർ നോമിനിയെ നിശ്ചയിച്ചു നൽകിയാൽ രണ്ട് മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ പഴയ നോമിനി അയോഗ്യനാവുകയും വീണ്ടും പുതിയ നോമിനിയെ ആവശ്യപ്പെടുകയും വേണം.
യുജിസി ചട്ടപ്രകാരം എട്ടംഗ സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി നിർബന്ധമാണ്. എന്നാൽ പലപ്പോഴും ഗവർണർ അറിയാതെ പഴയ പട്ടികയിൽ നിന്ന് സർവ്വകലാശാലകൾ തങ്ങൾക്കിഷ്ടമുള്ളവരെ പ്രതിനിധിയായി ഉൾപ്പെടുത്താറുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തിടുക്കത്തിൽ നിയമനങ്ങൾ നടത്താനുള്ള സർക്കാർ നീക്കം തടയാൻ കൂടിയാണ് ഗവർണറുടെ ഈ ഇടപെടൽ.
Kerala
തിരുവനന്തപുരം: ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബിഎഫ്എ) പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ പ്രവര്ത്തകന് എംഎഫ്എയ്ക്ക് പ്രവേശനം നല്കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ തീരുമാനം തടഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍.
ഇക്കാര്യത്തില്‍ വൈസ് ചാന്‍സലറും പരീക്ഷാ കണ്ട്രോളറും വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകള്‍ ഹാജരാക്കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 20 വര്‍ഷം മുന്‍പ് പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവര്ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയിരുന്നു. 2023ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.
ബിഎഫ്എ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കാതെയാണ് എംഎഫ്എയ്ക്ക് കലേഷിന് പ്രവേശനം നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല പരീക്ഷാ വിഭാഗം കലേഷിന്റെ എംഎഫ്എ പരീക്ഷാ ഫലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്ന് തോറ്റ വിദ്യാര്‍ഥിയെ ബിഎഫ്എ പരീക്ഷ ജയിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിൽക്കുന്ന ചന്ദന മരം ഉടമയ്ക്ക് മുറിച്ച് വിൽക്കാം. സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത.
ഇരത്തിൽ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദന മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പ്രോത്സാഹനം നല്കുന്ന ട്രീ ബാങ്കിംഗ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു.
സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചന്ദന മരം ഉടമയ്ക്ക് വിൽക്കാനാകും.
Kerala
തിരുവനന്തപുരം: കേരളവും കാഷ്മീരും ആത്മീയമായും സാംസ്കാരികമായും ആഴമുള്ള ബന്ധം പങ്കുവയ്ക്കുന്ന പ്രദേശങ്ങളാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കർ.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ശ്രീനഗര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാധ്യമ പര്യടനത്തിന്റെ ഭാഗമായി ജമ്മു കാഷ്മീരില്‍ നിന്നെത്തിയ മാധ്യമ സംഘവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അതിഥേയത്വം ഏറെ ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് മാധ്യമ സംഘം അഭിപ്രായപ്പെട്ടു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി, പിഐബി ശ്രീനഗറിലെ ഓഫീസര്‍ മജീദ് പണ്ഡിറ്റ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
National
ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് പുതിയ സർക്കാർ ഇന്ന് തന്നെ ചുമതലയേൽക്കും എന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമഭാകക്ഷി യോഗം യുംനാം ഖേംചന്ദിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നയപ്രഖ്യാപന ദിവസത്തെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ലോക്ഭവന്റെ കത്തിനു മറുപടി നൽകില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്.
മാധ്യമങ്ങൾക്ക് നൽകിയ ശേഷം സ്പീക്കറുടെ ഓഫീസിന് കോപ്പി വച്ച് നൽകിയ കത്തിൽ മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഷംസീറിന്റെ നിലപാട്. എന്നാൽ രഹസ്യ സ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദത്തെ ഗവർണർ തള്ളി.
സ്പീക്കർക്ക് നൽകിയത് യഥാർഥ കത്ത് ആണെന്നും മാധ്യമങ്ങൾ കത്ത് പരസ്യപ്പെടുത്തിയതായി ലോക്ഭവന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഗവർണർ വിശദീകരിക്കുന്നു. കത്തിന് സ്പീക്കർ പ്രതികരിച്ച രീതി ശരിയല്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. ചാന്‍സലര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവായ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപഹര്‍ജി വിശദവാദത്തിനായി മാറ്റി.
സര്‍വകലാശാലയില്‍ വിസിയെ നിയമിക്കാന്‍ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ ചാന്‍സലര്‍ തിരക്കിട്ട് നിയമനം നടത്തിയതു ചോദ്യംചെയ്താണ് ഉപഹര്‍ജി.
വിസി നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായി അധികാരമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ഡോ. പി. രവീന്ദ്രനെ വിസിയായി നിയമിച്ച് ഈ മാസം 22ന് ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പുതിയ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. തന്റെ പ്രസംഗത്തിന്റെയും അതിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഗവർണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി.
വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകൾ അടങ്ങിയ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ തെരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണായക നിയമനം.
സർക്കാർ - ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്. നേരത്തെ വിസിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസർ ആണ്.
Kerala
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനത്തെ അതേദിവസംതന്നെ സഭയിൽ മുഖ്യമന്ത്രി തിരുത്തുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം.
ഗവർണർ നയപ്രഖ്യാപനത്തിലെ ആദ്യഭാഗവും അവസാന ഭാഗവും വായിച്ചാൽത്തന്നെ പൂർണമായി വായിച്ചതായി കണക്കാക്കുന്നതാണ് കീഴ്വഴക്കം. ഇതുസംബന്ധിച്ച് സ്പീക്കർമാരുടെ നിരവധി റൂളിംഗുകൾ നിലവിലുണ്ട്.
ഇന്നലെ കേന്ദ്രവിരുദ്ധ ഭാഗവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത നടപടിയും ഗവർണർ വായിക്കാതിരുന്നത് ഗവർണർ സഭ വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ ബഹളത്തെ തുടർന്ന് ഏഴു മിനിറ്റ് മാത്രം വായിച്ച് അവസാനിപ്പിച്ചിരുന്നു. ഇതു പൂർണ നയപ്രഖ്യാപന പ്രസംഗമായി കരുതണമെന്ന സ്പീക്കറുടെ റൂളിംഗും നിലവിലുണ്ട്. സുഖ്ദേവ് സിംഗ് കാങ് മുതൽ ആരിഫ് മുഹമ്മദ്ഖാൻ വരെ ഗവർണറായിരുന്ന കാലം വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തിൽ സ്പീക്കർമാരുടെ റൂളിംഗുകൾ നിലവിലുണ്ട്.
സാധാരണയായി ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗവർണർക്കു കഴിയില്ല. ഇക്കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കണ്ണൂർ: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിനു പിന്നില്‍ ഇലക്ഷന് സ്പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ചു നടത്തുന്ന നാടകമാണിത്. ഗവര്‍ണര്‍ക്കു വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അതു തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കിയെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ കെ.സി. വേണുഗോപാൽ പറഞ്ഞു.
ഗവര്‍ണര്‍ ഒഴിവാക്കുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല? സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണു മന്ത്രി സജി ചെറിയാന്റേ തെന്ന് എംപി പറഞ്ഞു. പിണറായി വിജയനെ പഠിക്കുകയാണു മന്ത്രി സജി ചെറിയാൻ.
സാംസ്കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിനു വേണ്ടി വര്‍ഗീയത പറയുന്നതി നെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോടു ചേര്‍ന്നു നില്ക്കുന്നതാണു മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ആര്‍ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരള ജനത വോട്ടു ചെയ്യു ന്നത്.
ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്സഭയിലേക്കു വിജയിച്ചത്. ഒരു വര്‍ഗീതയെയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: വനിതാ കർഷകരെ പിന്തുണയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രത്യേക വനിത കാർഷിക പദ്ധതി നടപ്പിലാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളമുള്ള വനിത കർഷകരെ പിന്തുണയ്ക്കാൻ പ്രത്യേക പദ്ധതി ആരംഭിക്കുന്നത്.
ഇതുവഴി കാർഷിക മേഖലയിലെ പദ്ധതിവിഹിതത്തിൽ വനിതകൾക്കായി പ്രത്യേക തുക നീക്കിവയ്ക്കപ്പെടും. കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷിരീതികളിലും വനിതാ കർഷകർക്ക് പ്രത്യേക പരിശീലനവും നൽകും.
കുടുംബശ്രീ വഴി കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും വനിതാ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകും. വനിതാ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കുട്ടനാട് വികസന പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും കർഷകർക്ക് സാമൂഹിക സുരക്ഷയും ക്ഷേമ പിന്തുണയും നൽകുന്നതിന് മതിയായ സാന്പത്തിക വ്യവസ്ഥകളോടെ കേരള കർഷക ക്ഷേമനിധി ബോർഡ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കും
തിരുവനന്തപുരം: യുവാക്കൾക്ക് വരുമാന അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കുമെന്ന് പ്രഖ്യാപനം.
പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ച് സ്ഥിരവിളകൾക്ക് പുറമെ നാണ്യവിളകളെയും ഉൾപ്പെടുത്തി യുവജനങ്ങൾക്ക് അധികവരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ജനസംഖ്യാപരമായ മാറ്റത്തെ സവിശേഷ അവസരമാക്കി മാറ്റാൻ സംസ്ഥാനത്ത് ‘സിൽവർ ഇക്കോണമി’ കെട്ടിപ്പടുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
കേരളത്തെ അനുഗ്രഹീത വാർധക്യകാലത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരമുള്ള ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള സാന്പത്തിക പ്രവർത്തനങ്ങളും വ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു വിപണി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആരോഗ്യപരിപാലനം, വിനോദം, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതുമുന്നിൽ കണ്ടുള്ള പദ്ധതികൾക്കു രൂപംനൽകി നടപ്പിലാക്കുക എന്നതാണ് സിൽവർ ഇക്കോണമിയുടെ പ്രധാന സവിശേഷത.
Kerala
തിരുവനന്തപുരം: ഗവർണർക്കു യുക്തമെന്നു തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നു സർക്കാർ അറിയിച്ചിരുന്നതായി ഗവർണറുടെ ഓഫീസിന്റെ വിശദീകരണം. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
മന്ത്രിസഭ അംഗീകരിച്ച് അയച്ചുകൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. അപ്പോഴാണ് സർക്കാരിൽനിന്ന് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. മാത്രമല്ല, ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാൽ തിങ്കളാഴ്ച അർധരാത്രി 12നു ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്.
യാത്ര കഴിഞ്ഞു കോഴിക്കോട്ടുനിന്നു വൈകി തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ താൻ നിർദേശിച്ചതും സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണു സഭയിൽ വായിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടർന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നത കോടതി അതു ഭരണഘടനാ ബെഞ്ചിനു റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇതു വാസ്തവവിരുദ്ധമാണ്.
സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിനു വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ കരടിലെ ഈ പരാമർശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമർശവും കരടിൽനിന്ന് ഒഴിവാക്കണമെന്നു ലോക്ഭവൻ നിർദേശിച്ചിരുന്നു.
പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദേശിച്ചിരുന്നതെന്നും ലോക്ഭവൻ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർ ആർ.വി. അർലേക്കറെ സ്വീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എത്തിയില്ല.
പകരം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഒപ്പം ഗവർണറെ സ്വീകരിച്ചത്.
ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ സ്പീക്കറുടെ ഡയസിനു തൊട്ടുതാഴെയുള്ള ഇരിപ്പിടത്തിൽ നിയമസഭാ സെക്രട്ടറിക്കൊപ്പം ചീഫ് സെക്രട്ടറിയും വേണമെന്നാണ് ചട്ടം.
എന്നാൽ ചീഫ് സെക്രട്ടറി ചൈന സന്ദർശനത്തിലായ സാഹചര്യത്തിലാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്തതെന്നാണ് വിശദീകരണം.
Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഗവർണർ വായിക്കാത്ത ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകളുടെ കാര്യത്തിലുള്ള ഭാഗമാണ് ഗവർണർ വായിക്കാതിരുന്നത്.
ഗവർണർ നയപ്രഖ്യാപനം നടത്തി മടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ഗവർണറുടെ നടപടിയെ സഭ അംഗീകരിക്കുന്നില്ലെന്നു സ്പീക്കർ എ.എൻ.ഷംസീറും വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും ചൂണ്ടിക്കാട്ടിയത്.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം.
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29ന് ആണ് ബജറ്റ് അവതരണം. ബജറ്റിൻ മേലുള്ള ചർച്ച പൂർത്തിയാക്കി പാസാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായേക്കും.
അതേസമയം കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ ഇത്തവണയുണ്ടാകില്ല. കാനത്തിൽ ജമീല നവംബറിൽ മരിച്ചിരുന്നു. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു, ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരും സഭയിലുണ്ടായിരിക്കില്ല.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്റെ പ്രത്യേക സവിശേഷത മാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇപ്പെടുമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട് പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒപ്പുവച്ച ഭീമൻ ഹർജിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ലേബർകോഡിന്റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമ പ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന സമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.
ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.
പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.
2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.
Kerala
തിരുവനന്തപുരം: ലോക് ഭവനിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് ചായ സൽക്കാരം ഒരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്.
അതേസമയം ശാസ്തമംഗലം കൗൺസിലറായ ആർ. ശ്രീലേഖ വിരുന്നിൽ പങ്കെടുത്തില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്.
കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഗവർണറുടെ ക്ഷണം ഉണ്ടായത്. എന്നാൽ ഇടത്, യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തവന്നിരുന്നില്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.
Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
National
കോൽക്കത്ത: വധഭീഷണി ലഭിച്ചതിന് പിന്നാലെ തെരുവിൽ ഇറങ്ങി ഭക്ഷണം കഴിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. പൊതുജനങ്ങൾക്കൊപ്പമാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോക്ഭവനിൽ സ്ഫോടനം നടത്തുമെന്നായിരുന്നു വ്യാഴാഴ്ച രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. ഇതോടെ ലോക്ഭവന് സുരക്ഷ വർധിപ്പിച്ചു. ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. സിആർപിഎഫും ബംഗാൾ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
എന്നാൽ തനിക്ക് സുരക്ഷ വേണ്ടെന്നും വധഭീഷണി വകവയ്ക്കുന്നില്ലെന്നുമായിരുന്നു ആനന്ദബോസിന്റെ നിലപാട്.
International
സാൻ ജുവാൻ: ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം കരീബിയൻ ദ്വീപുമേഖലയായ പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.
ഗർഭസ്ഥശിശു അമ്മയുടെ ഗർഭപാത്രത്തിലെ ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന് നിയമം അനുശാസിക്കുന്നു. അതിനാൽത്തന്നെ സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു.
ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും.
15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുൾപ്പെടുന്ന ഗർഭഛിദ്ര കേസുകൾക്കുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി 2025 ഒക്ടോബർ 30ന് പ്രാബല്യത്തിൽവന്ന നിയമത്തിനു പിന്നാലെയാണ് ജീവന്റെ മഹത്വം അംഗീകരിക്കുന്ന മറ്റൊരു സുപ്രധാന നിയമംകൂടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗർഭഛിദ്ര കേസുകളിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ ഒരാളോ നിയമപരമായ രക്ഷിതാക്കളോ സമ്മതപത്രത്തിൽ ഒപ്പിടണമെന്നും ബലാത്സംഗം സംശയിക്കപ്പെടുന്ന കേസുകളിൽ അധികാരികളെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
അമേരിക്കൻ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയാണു പ്യൂർട്ടൊ റിക്കോ. സ്വന്തമായ ഭരണഘടനയുള്ള പ്രദേശംകൂടിയാണിത്.
Kerala
തിരുവനന്തപുരം: ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അദ്ദേഹത്തിന്റെ വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് ഗവർണർ ഫെയ്സ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന് മുക്തി ലഭിക്കട്ടെ എന്നും ഗവർണർ കുറിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഡയാലിസിസ് ചെയ്യാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തിന്റെ ആരോഗ്യനില
തൃപ്പൂണിത്തുറ എത്തിയപ്പോൾ മോശമാവുകയായിരുന്നു.
തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.
Kerala
ന്യൂഡൽഹി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം പരിഹരിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു.
സ്ഥാനാർഥികളുടെ പട്ടികയിൽനിന്നു രണ്ട് സർവകലാശാലകളിലേക്കും നിയമനം നടത്തിയതായി ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സംസ്ഥാനത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. നിയമനത്തിൽ ഒത്തുതീർപ്പായതോടെ സുപ്രീംകോടതിയിലെ ബന്ധപ്പെട്ട കേസ് അവസാനിച്ചു.
കഴിഞ്ഞ 14ന് ലോക്ഭവനിലെത്തി ചർച്ച നടത്തിയതോടെ മുഖ്യമന്ത്രിയുമായുള്ള തർക്കം പരിഹരിക്കപ്പെട്ടെന്നും വെങ്കിട്ടരണമി കോടതിയെ അറിയിച്ചു. ഉത്തരവാദിത്വപ്പെട്ടവർ തുടർന്നും പ്രശ്നങ്ങൾ ഈ രീതിയിൽ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജസ്റ്റീസ് പർദിവാല വാക്കാൽ പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെട്ടതിൽ ബെഞ്ച് കക്ഷികൾക്ക് നന്ദി അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതി നിയോഗിച്ച സെർച്ച് കമ്മിറ്റി അധ്യക്ഷൻ സുധാൻഷു ധൂലിയയുടെ പ്രവർത്തനത്തെയും ബെഞ്ച് അഭിനന്ദിച്ചു.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിക്കാനാണ് ഏറെക്കാലത്തെ തർക്കത്തിനൊടുവിൽ ഗവർണറും സംസ്ഥാനസർക്കാരും ധാരണയിലെത്തിയത്.
ഇരുകൂട്ടരും തർക്കം തുടർന്ന സാഹചര്യത്തിൽ സുപ്രീംകോടതിതന്നെ നേരിട്ടു നിയമനം നടത്തുമെന്ന് പറഞ്ഞതോടെയാണു വിഷയത്തിൽ സമവായമുണ്ടായത്.
കേസ് ആറു മാസം മുന്‍പ് സുപ്രീംകോടതിക്കു മുന്നിലെത്തിപ്പോൾ സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാവി കണക്കാക്കി രാഷ്ട്രീയം മാറ്റിവച്ച് തീരുമാനത്തിലെത്താനായിരുന്നു നിർദേശം. എങ്കിലും ഗവർണറും സംസ്ഥാനവും തമ്മിലുള്ള തർക്കം നീണ്ടു. ഒടുവിൽ പരിഹാരത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല.
മുഖ്യമന്ത്രി വിയോജനക്കുറിപ്പ് നൽകിയ സിസ തോമസിനെ വിസിയായി നിർദേശിച്ച് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ തർക്കം വീണ്ടും മുറുകി. എന്നാൽ കഴിഞ്ഞദിവസം ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഏറെനാളത്തെ തർക്കത്തിന് പരിഹാരമാകുകയായിരുന്നു.
Kerala
ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.
ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കിയിരുന്നു.
നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ചു ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
Kerala
തിരുവനന്തപുരം: വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിനെതിരേ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ കോടതി തീരുമാനിക്കാം എന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.
വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും നിയമനിർമാണ സഭകളെ ബഹുമാനിക്കണമെന്നും ഗവർണർ പറഞ്ഞു.
മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ഗവര്‍ണര്‍- സർക്കാർ തര്‍ക്കത്തെത്തുടര്‍ന്ന് കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു.
മുദ്ര വച്ച കവറില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും മന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നിയമനം നടത്താന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു ചേർത്ത് ഗവർണർ ആർ.വി. അർലേക്കർ. വന്ദേമാതരം ഗീതത്തിന്റെ 150-ാം വാർഷികം സർവകലാശാലകളിൽ വിവിധ പരിപാടികളോട് ആചരിക്കണമെന്നു ഗവർണർ നിർദേശിച്ചു.
മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണമെന്നു ഗവർണർ നിർദേശം നൽകി. സ്വാതന്ത്ര്യ സമരത്തിന്റെ അന്തഃസത്ത സമൂഹത്തിലെ എല്ലാ നിലകളിലേക്കും എത്തിക്കേണ്ടതുണ്ടെന്നു ഗവർണർ അറിയിച്ചു.
വിദ്യാർഥി ഹോസ്റ്റലുകളിലെ നിയമങ്ങൾ കർശനമായി പാലിക്കാനും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ഗവർണർ നിർദേശം നൽകി. കാന്പസുകളിലെ റാഗിംഗ് നിയന്ത്രിക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കൻ തീരുമാനിച്ചു.
കഴിഞ്ഞ വർഷം വയനാട്ടിലെ വെറ്ററിനറി സർവകലാശാലാ കാന്പസിൽ വിദ്യാർഥിയായ സിദ്ധാർഥന്റെ മരണത്തിനു കാരണമായ റാഗിംഗിനെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഈ നിർദേശങ്ങൾ.
Kerala
തിരുവനന്തപുരം: ഇടവേളക്ക് ശേഷം രാജ്ഭവൻ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച, ഡോ. ജോൺ മത്തായിയുടെ ജീവചരിത്രഗ്രന്ഥ പ്രകാശന വേദിയിലാണ് ചിത്രം സ്ഥാപിച്ചത്.
മന്ത്രിമാരുടെ ഇറങ്ങിപ്പോക്കും ബഹിഷ്കരണവും ഉൾപ്പെടെ വിവാദങ്ങളെ തുടർന്ന് രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ചിത്രം സ്ഥാപിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ്, കേരള സർവകലാശാലകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും സമാന ചിത്രം വേദിയിൽ സ്ഥാപിച്ചത്.
പുസ്തക പ്രകാശന ചടങ്ങിൽ കാലിക്കറ്റ്, കേരള വി.സിമാരായ ഡോ. പി. രവീന്ദ്രൻ, ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗം പി. മധു, മുസ്ലിം ലീഗ് അംഗം ഡോ. റഷീദ് അഹമ്മദ്, ബിജെപി അംഗം എ.ജെ. അനുരാജ് തുടങ്ങിയവർ പങ്കെടുത്തു. സിൻഡിക്കേറ്റ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന പേരിൽ സിപിഎം അംഗങ്ങൾ പരിപാടി ബഹിഷ്ക്കരിച്ചു.
നേരത്തെ, വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്ത രാജ്ഭവൻ ത്രൈമാസിക ‘രാജഹംസം’ പ്രകാശന ചടങ്ങിൽ ചിത്രം സ്ഥാപിച്ചിരുന്നില്ല. അതിന് മുമ്പ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയുടെ വേദിയിൽ ഭാരതാംബ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
പരിസ്ഥിതി ദിന പരിപാടിയിൽ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു
Leader Page
രാഷ്ട്രീയവും ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തവുമാണു ജനാധിപത്യത്തിന്റെ ശക്തി. പക്ഷേ രാഷ്ട്രീയാതിപ്രസരം ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാക്കുന്നു. ഭരണഘടനയിലെ അവ്യക്തതകളും രാഷ്ട്രീയത്തിലെ കള്ളക്കളികളും ചേരുമ്പോള്‍ പ്രശ്നങ്ങള്‍ വഷളാകുന്നു. രാഷ്ട്രപതിയുടെ പ്രത്യേക റഫറന്‍സില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് നല്കിയ വിശദീകരണങ്ങളിലും പ്രശ്നപരിഹാരമില്ല. ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള ഉപദേശമായാണു വിരമിക്കുന്നതിനു തൊട്ടുമുമ്പായുള്ള ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടസപ്പെടുത്തുന്നുവെന്ന തമിഴ്നാട് സര്‍ക്കാരിന്റെ പരാതിയില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് രണ്ടു വര്‍ഷംമുമ്പു നല്കിയ വിധിയിലെ പ്രധാന വാദം പുതിയ അഞ്ചംഗ ബെഞ്ച് തള്ളി. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ പാടില്ലെന്നാണു വിശാല ബെഞ്ചിന്റെ വിലയിരുത്തല്‍. സമയപരിധി ലംഘിച്ചാല്‍, ബില്ലിനു സ്വാഭാവികമായി അംഗീകാരം കിട്ടിയെന്നു കണക്കാക്കാമെന്ന തമിഴ്നാട് കേസിലെ വിധിയോടു പാടെ വിയോജിച്ചു.
■ തീരാതെ ജുഡീഷല്‍ ഇടപെടല്‍
എന്നാല്‍, ബില്ലുകള്‍ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു ഭരണഘടനാ ബെഞ്ചും ചൂണ്ടിക്കാട്ടി. പരിമിതമായെങ്കിലും ഇതിനായി ജുഡീഷല്‍ അധികാരം പ്രയോഗിക്കാന്‍ കോടതിക്കു കഴിയുമെന്നതു സുപ്രധാന നിരീക്ഷണമാണ്. വിശദീകരിക്കാനാകാത്ത കാലതാമസത്തോടെ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതു ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ഗവര്‍ണറുടെ ‘നീണ്ടുനില്ക്കുന്നതും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ നിഷ്ക്രിയത്വം' തീര്‍ച്ചയായും പരിമിതമായ ജുഡീഷല്‍ പരിശോധനയ്ക്കു വിധേയമാക്കാമെന്ന നിരീക്ഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു പ്രതീക്ഷയാകും.
ബില്ലുകള്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള മറുപടി ഉപദേശമായതിനാല്‍, തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ 2023 ഏപ്രിലിലെ വിധി നിലനില്ക്കും. തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍, നിയമമായി നടപ്പാക്കിയതിലും മാറ്റമില്ല.
■ രാഷ്ട്രീയം മാറി; വഴക്കും
കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരിക്കെ നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി വൈകിച്ചതിനെതിരേ 2023 നവംബര്‍ ഒന്നിന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭരണഘടനയുടെ പ്രാഥമിക അടിത്തറയെ ഭീഷണിപ്പെടുത്തുന്നതാണു ഗവര്‍ണറുടെ നടപടിയെന്നാണ് കേരളം പറഞ്ഞത്. കേരളത്തില്‍ ദിവസേന വാര്‍ത്തയും വിവാദവും തര്‍ക്കവും സൃഷ്ടിച്ചിരുന്ന ഇതേ ആരിഫ് ഖാന്, ബിജെപി ഭരിക്കുന്ന ബിഹാറിലെ ഗവര്‍ണറായതോടെ തര്‍ക്കങ്ങളും വിവാദങ്ങളും ഒന്നുമേയില്ല! പ്രശ്നം രാഷ്ട്രീയമാണെന്നു വ്യക്തം.
സഹകരണസംഘ നിയമ ഭേദഗതി, ലോകായുക്ത ഭേദഗതി, പൊതുജനാരോഗ്യ ബില്ലുകള്‍ അടക്കം എട്ടു പ്രധാന ബില്ലുകള്‍ക്കാണ് അന്നത്തെ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത്. അഞ്ചെണ്ണം സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകളാണ്. സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്നതിനാണ് ഈ ബില്ലുകള്‍. എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട ബില്‍ രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ബില്ലുകളിലെ ‘പൊതുതാത്പര്യം’ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.
■ മുന്നില്‍ മൂന്നു വഴികള്‍
നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേല് ഭരണഘടനയനുസരിച്ചു ഗവര്‍ണറുടെ മുന്നില്‍ മൂന്നു വഴികളാണുള്ളത്. ഒന്നുകില്‍ ബില്ലിന് അംഗീകാരം നല്‍കുക, അല്ലെങ്കില്‍ ചില വ്യവസ്ഥകളോ ബില്‍ മൊത്തത്തിലോ പുനഃപരിശോധിക്കണമെന്നു നിര്‍ദേശിച്ചു നിയമസഭയ്ക്കു മടക്കി അയയ്ക്കുക, അതുമല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുക എന്നിവയാണിവ.
അനുമതി നല്കുന്നില്ലെങ്കില് ബില്ലിലെ പ്രത്യേക വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് സഭയോട് അഭ്യര്‍ഥിക്കുന്ന സന്ദേശം സഹിതം ഗവര്‍ണര്‍ എത്രയും വേഗം ബില്‍ തിരിച്ചയയ്ക്കണമെന്നാണ് ഭരണഘടനയുടെ അനുച്ഛേദം 200ല്‍ പറയുന്നത്. നിയമസഭ രണ്ടാമതും ബില്‍ പാസാക്കിയാല്‍ അതിന് അനുമതി നല്കാന് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പക്ഷേ, ഭരണഘടനയിലെ അവ്യക്തത മുതലെടുത്ത് നിയമസഭയുടെ അധികാരത്തെ തടയുന്ന സ്ഥിതി പലതുണ്ടായി.
■ വെര്‍ച്വല്‍ വീറ്റോ വേണ്ട
ബില്ലുകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് അനുച്ഛേദം 14ന്റെ ലംഘനമാണെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. നിയമം വ്യക്തവും ഏകപക്ഷീയവുമാണ്. നടപ്പാക്കാന്‍ ശ്രമിച്ചതു ക്ഷേമനിയമങ്ങള്‍ ആണെന്നതിനാല്‍ അവ കെട്ടിക്കിടക്കുന്നത് അനുച്ഛേദം 21ന്റെ ലംഘനമാണെന്നും വാദിച്ചു. അനുച്ഛേദം 168 പ്രകാരം ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണെന്ന് കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ വാദിച്ചിരുന്നു.
പഞ്ചാബ് സംസ്ഥാനവും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള കേസിലെ 2023 നവംബര്‍ 24ലെ കോടതിവിധി പരിശോധിക്കാനാണ് സുപ്രീംകോടതി കേരള ഗവര്‍ണറോട് അന്നു നിര്‍ദേശിച്ചത്. സംസ്ഥാന നിയമസഭയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ കേസിലെ വിധി. അംഗീകാരത്തിനായി അവതരിപ്പിച്ച ബില്ലുകള്‍ ‘വെര്‍ച്വല്‍ വീറ്റോ’ ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി ഇപ്പോഴും ബാധകമാണ്.
■ വിവേചനാധികാര വിവേചനം
ബില്ലുകള്‍ താമസിപ്പിച്ചു നിയമങ്ങള്‍ മുടക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്കെതിരേ തമിഴ്നാടും തെലുങ്കാനയും നല്കിയ കേസുകളില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കേരളത്തിന്റേതിനു സമാനമായിരുന്നു. തമിഴ്നാട്, കേരള കേസുകള്‍ തികച്ചും വ്യത്യസ്തമാണെന്നും ആ വിധി ബാധകമാകില്ലെന്നും കേരള ഗവര്‍ണറുടെ അഭിഭാഷകന് പിന്നീടു വാദിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ നടപടി നിയമവിരുദ്ധവും തെറ്റുമാണെന്നാണ് 2025 ഏപ്രില്‍ എട്ടിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഗവര്‍ണറുടെ അധികാരങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും മുമ്പാകെ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ തീരുമാനങ്ങളെടുക്കാന്‍ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. ഗവര്‍ണറും രാഷ്ട്രപതിയും തീര്‍പ്പു കല്‍പ്പിക്കാത്ത എല്ലാ ബില്ലുകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച തമിഴ്നാട് കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ അഞ്ചംഗ ബെഞ്ച് പാടെ തള്ളി. അനുച്ഛേദം 142 പ്രകാരമുള്ള വിവേചനാധികാരം ഉപയോഗിച്ചായിരുന്നു വിധി.
■ ചട്ടുകമാകരുത് രാജ്ഭവന്
സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വീക്ഷണം ഉപദേശസ്വഭാവത്തിലാണ്. നേരിട്ടുള്ള വിധിപ്രസ്താവം അല്ലാത്തതിനാല്‍ ഇക്കാര്യം മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, ‘നീണ്ടുനില്‍ക്കുന്ന നിഷ്ക്രിയത്വത്തിന്റെ വ്യക്തമായ സാഹചര്യങ്ങളില്‍’ ഗവര്‍ണര്‍മാര്‍ക്കു കോടതി നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ഭരണഘടനാ ബെഞ്ച് പറയുന്നു. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതിക്ക് ഇടപെടാനും നിര്‍ദേശം നല്‍കാനും സുപ്രീംകോടതി അവസരം നല്കി. ഇതിലൂടെ, പ്രശ്നം വീണ്ടും കോടതി കയറുമെന്നതില്‍ സംശയിക്കാനില്ല.
കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പുകാരന്റെ റോളിലാണു ചില ഗവര്‍ണര്‍മാർ. കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുന്ന വിശ്വസ്തരെയാണ് ഗവര്ണര്മാരാക്കുക. കഴിവും പ്രാപ്തിയും മാന്യതയും ഉള്ളവര്‍ പലരും രാജ്ഭവനുകളിലുണ്ട്. എന്നാല്‍, എല്ലാവരും അങ്ങനെയല്ല. ചിലരെങ്കിലും രാഷ്ട്രീയ ചട്ടുകമാകുന്നുവെന്നാണു പരാതി. സ്വാഭാവികമായും ഇടപെടലുകളിലും തീരുമാനങ്ങളിലും രാഷ്ട്രീയതാത്പര്യം മുഴച്ചുനില്‍ക്കും. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി ഒന്നാണെങ്കില് ഗവര്‍ണറും സര്‍ക്കാരും കൈകോര്‍ക്കുന്ന സ്ഥിതിയുമുണ്ട്.
National
ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രത്യേക റഫറൻസിൽ സുപ്രീംകോടതിക്കു മുന്നിൽ ഉയർത്തിയ 14 ചോദ്യങ്ങൾക്കുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഉത്തരങ്ങൾ വ്യക്തം. രണ്ടു ചോദ്യങ്ങൾ പ്രസക്തമല്ലാത്തതിനാൽ ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയില്ല. മറ്റു ചില ചോദ്യങ്ങൾക്ക് കൂട്ടായും മറ്റു ചിലതിൽ മുൻ ഉത്തരങ്ങൾ ആവർത്തിക്കുകയുമാണ് പരമോന്നത കോടതി ചെയ്തത്.
രാഷ്ട്രപതിക്കും ഗവർണർമാർക്കും കേന്ദ്രസർക്കാരിനും പൊതുവേ കരുത്തു പകരുന്നതാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി.
ചോദ്യോത്തരങ്ങൾ താഴെ
1. ഭരണഘടനയുടെ അനുച്ഛേദം (ആർട്ടിക്കിൾ) 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുന്പോൾ ഗവർണറുടെ മുന്‍പാകെയുള്ള ഭരണഘടനാ ഓപ്ഷനുകൾ എന്തൊക്കെയാണ്?
ബിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ ഗവർണർക്കു ബില്ലിനു സമ്മതം നൽകാനോ, സമ്മതം തടഞ്ഞുവയ്ക്കാനോ, രാഷ്ട്രപതിയുടെ സമ്മതത്തിനായി മാറ്റിവയ്ക്കാനോ കഴിയും. സമ്മതം തടഞ്ഞുവയ്ക്കുന്നതിനൊപ്പം ആർട്ടിക്കിൾ 200ലെ ആദ്യ വ്യവസ്ഥപ്രകാരം ബിൽ നിയമസഭയിലേക്കു തിരിച്ചയയ്ക്കണം. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ അതു നിയമസഭയിലേക്കു തിരിച്ചയയ്ക്കണം. സഭയിലേക്കു തിരിച്ചയയ്ക്കാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണറെ അനുവദിക്കുന്നത് ഫെഡറലിസത്തിന്റെ തത്വത്തെ അവഹേളിക്കും. (നിയമസഭയിലേക്കു തിരിച്ചയയ്ക്കാതെ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്കു കഴിയുമെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി തള്ളി).
2. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ബിൽ അവതരിപ്പിക്കുന്പോൾ മന്ത്രിസഭ നൽകുന്ന സഹായത്തിനും ഉപദേശത്തിനും ഗവർണർ ബാധ്യസ്ഥനാണോ?
സാധാരണയായി മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും കീഴിലാണു ഗവർണർ ചുമതലകൾ നിർവഹിക്കുന്നത്. എന്നാൽ, അനുച്ഛേദം 200 പ്രകാരം ഗവർണർക്കു വിവേചനാധികാരമുണ്ട്. ഇതിലെ രണ്ടാമത്തെ വ്യവസ്ഥയിൽ ‘അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ’ എന്ന വാക്കുകൾ ഇതു സൂചിപ്പിക്കുന്നു. ബിൽ തിരിച്ചയയ്ക്കാനോ, രാഷ്ട്രപതിയുടെ തീരുമാനത്തിനായി അയയ്ക്കാനോ ഗവർണർക്കു വിവേചനാധികാരമുണ്ട്.
3. ഗവർണർ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായമാണോ?
ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായെടുത്ത തീരുമാനത്തിന്റെ മെറിറ്റിലേക്കു പ്രവേശിക്കാൻ കോടതിക്കു കഴിയില്ല. എന്നിരുന്നാലും ദീർഘവും വിശദീകരിക്കപ്പെടാത്തതും അനിശ്ചിതവുമായ വ്യക്തമായൊരു നിഷ്ക്രിയ സാഹചര്യത്തിൽ, വിവേചനാധികാരത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഒരു നിരീക്ഷണവും നടത്താതെ, അനുച്ഛേദം 200 പ്രകാരമുള്ള തന്റെ പ്രവർത്തനങ്ങൾ ന്യായമായ സമയത്തിനുള്ളിൽ നിർവഹിക്കുന്നതിന് ഗവർണർക്കു പരിമിതമായൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്കു കഴിയും.
4. ഗവർണറുടെ നടപടികളുമായി ബന്ധപ്പെട്ട് ജുഡീഷൽ അവലോകനത്തിന് ഭരണഘടനയുടെ അനുച്ഛേദം 361 ഒരു സന്പൂർണ തടസമാണോ?
അനുച്ഛേദം 361 എന്നത് ജുഡീഷൽ അവലോകനത്തെക്കുറിച്ചുള്ള സന്പൂർണ തടസമാണ്. എന്നിരുന്നാലും, അനുച്ഛേദം 200 പ്രകാരം ഗവർണർ ദീർഘനേരം നിഷ്ക്രിയത്വം കാണിക്കുന്ന കേസുകളിൽ ഈ കോടതിക്ക് പ്രയോഗിക്കാൻ അധികാരമുള്ള ജുഡീഷൽ അവലോകനത്തിന്റെ പരിമിതമായ വ്യാപ്തിയെ നിരാകരിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല. വ്യക്തിപരമായ പ്രതിരോധശേഷി ഗവർണർക്കുണ്ടെങ്കിലും ഗവർണറുടെ ഓഫീസ് ഈ കോടതിയുടെ അധികാരപരിധിക്കു വിധേയമാണ്.
5. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയും ഗവർണർ അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയും ഇല്ലെങ്കിൽ, അനുച്ഛേദം 200 പ്രകാരം എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നതിന് ഗവർണർക്കു സമയപരിധി നിശ്ചയിക്കാനും ജുഡീഷൽ ഉത്തരവുകൾ വഴി വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?
6. ഭരണഘടനാപരമായ രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ന്യായയുക്തമാണോ?
7. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയും രാഷ്ട്രപതി അധികാരങ്ങൾ വിനിയോഗിക്കുന്ന രീതിയും ഇല്ലാത്ത സാഹചര്യത്തിൽ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം വിനിയോഗിക്കുന്നതിനായി ജുഡീഷൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാനും വിനിയോഗിക്കുന്ന രീതി നിർദേശിക്കാനും കഴിയുമോ?
ചോദ്യങ്ങൾ 5, 6, 7 എന്നിവയ്ക്ക് ഒരുമിച്ച് ഉത്തരം:
ഭരണഘടനാ അധികാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്, വൈവിധ്യമാർന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും മനസിൽ വച്ചുകൊണ്ട്, ആവശ്യമായ ഇലാസ്തികത (ഇലാസ്റ്റിസിറ്റി) നൽകുന്ന വിധത്തിലാണ് അനുച്ഛേദം 200, 201 എന്നിവയുടെ വാചകം രൂപപ്പെടുത്തിയിരിക്കുന്നത്. തത്ഫലമായി, നമ്മുടേതുപോലുള്ള ഒരു ഫെഡറൽ, ജനാധിപത്യരാജ്യത്ത് നിയമനിർമാണ പ്രക്രിയയിൽ ഉണ്ടാകാവുന്ന സന്തുലിതാവസ്ഥയുടെ ആവശ്യകതകൂടി കണക്കിലെടുക്കണം. അതിനാൽ സമയപരിധികൾ ഏർപ്പെടുത്തുന്നത് ഭരണഘടന വളരെ ശ്രദ്ധാപൂർവം സംരക്ഷിക്കുന്ന ഈ ഇലാസ്തികതയ്ക്കു വിരുദ്ധമായിരിക്കും. ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട സമയപരിധിയുടെ അഭാവത്തിൽ, അനുച്ഛേദം 200 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഈ കോടതി ജുഡീഷൽ ആയി സമയപരിധി നിർദേശിക്കുന്നത് ഉചിതമല്ല. ഗവർണറുടേതിനു സമാനമായ ന്യായവാദം അനുസരിച്ച്, അനുച്ഛേദം 201 പ്രകാരമുള്ള രാഷ്ട്രപതിയുടെ അനുമതി ന്യായീകരിക്കാവുന്നതല്ല. ഇതേ കാരണത്താൽ, അനുച്ഛേദം 201 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിന് കോടതി നിർദേശിച്ച സമയപരിധികൾ രാഷ്ട്രപതിക്കും ബാധകമല്ല.
8. രാഷ്ട്രപതിയുടെ അധികാരങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാപദ്ധതിയുടെ വെളിച്ചത്തിൽ, ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരമുള്ള റഫറൻസ് വഴി രാഷ്ട്രപതി സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ടതുണ്ടോ? രാഷ്ട്രപതിയുടെ അനുമതിക്കായി ഗവർണർ ഒരു ബിൽ മാറ്റിവയ്ക്കുന്പോഴോ അല്ലാതെയോ സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?
ഗവർണർ ഒരു ബിൽ മാറ്റിവയ്ക്കുന്പോഴെല്ലാം കോടതിയുടെ ഉപദേശം രാഷ്ട്രപതി തേടേണ്ടതില്ല. രാഷ്ട്രപതിയുടെ ആത്മനിഷ്ഠമായ സംതൃപ്തി മതിയാകും. വ്യക്തതയുടെ അഭാവമോ, ഉപദേശത്തിന്റെ ആവശ്യമോ ഉണ്ടെങ്കിൽ രാഷ്ട്രപതിക്കു റഫർ ചെയ്യാം.
9. അനുച്ഛേദം 200, 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങൾ യഥാക്രമം നിയമത്തിനു മുന്‍പുള്ള ഘട്ടത്തിൽ ന്യായയുക്തമാണോ? ഒരു ബില്ല് നിയമമാകുന്നതിനുമുന്‍പ്, ഏതെങ്കിലും വിധത്തിൽ അതിന്റെ ഉള്ളടക്കത്തിൽ കോടതികൾക്കു ജുഡീഷൽ വിധിന്യായം നടത്താൻ അനുവാദമുണ്ടോ?
ഇല്ല. അനുച്ഛേദം 200, 201 പ്രകാരമുള്ള ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങൾ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്‍പുള്ള ഘട്ടത്തിൽ നീതിന്യായപരമല്ല. ബില്ലുകൾ നിയമമായാൽ മാത്രമേ അവയെ ചോദ്യം ചെയ്യാൻ കഴിയൂ.
10. ഭരണഘടനാപരമായ അധികാരങ്ങളും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകളും അനുച്ഛേദം 142 പ്രകാരം ഏതെങ്കിലും വിധത്തിൽ മാറ്റി സ്ഥാപിക്കാൻ കഴിയുമോ?
ഇല്ല. ഭരണഘടനാപരമായ അധികാരങ്ങളും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഉത്തരവുകളും അനുച്ഛേദം 142 പ്രകാരം ഈ കോടതിക്ക് ഒരു തരത്തിലും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ബില്ലുകളുടെ ‘കണക്കാക്കപ്പെട്ട സമ്മതം’ എന്ന ആശയം ഭരണഘടന, പ്രത്യേകിച്ച് അനുച്ഛേദം 142, അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.
11. ഗവർണറുടെ സമ്മതമില്ലാതെ സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം പ്രാബല്യത്തിൽ വരുമോ?
ചോദ്യം പത്തിന്റെ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ഇതിനുത്തരം നൽകി. അനുച്ഛേദം 200 പ്രകാരം ഗവർണറുടെ സമ്മതമില്ലാതെ സംസ്ഥാന നിയമസഭ നിർമിച്ച ഒരു നിയമം പ്രാബല്യത്തിൽ വരുന്ന ചോദ്യം ഉദിക്കുന്നില്ല. ഗവർണറുടെ നിയമനിർമാണ പങ്ക് മറ്റൊരു ഭരണഘടനാ അധികാരത്താൽ മാറ്റി സ്ഥാപിക്കാൻ കഴിയില്ല.
12. ഭരണഘടനയുടെ അനുച്ഛേദം 145(3) ലെ വ്യവസ്ഥ കണക്കിലെടുക്കുന്പോൾ ഈ കോടതിയുടെ ഏതെങ്കിലും ബെഞ്ച്, ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു സ്വഭാവമുള്ളതാണോയെന്ന് ആദ്യം തീരുമാനിക്കേണ്ടതും കുറഞ്ഞത് അഞ്ചു ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫർ ചെയ്യേണ്ടതും നിർബന്ധമല്ലേ?
ഈ റഫറൻസിന്റെ പ്രവർത്തന സ്വഭാവവുമായി ചോദ്യം പ്രസക്തമല്ലാത്തതിനാൽ ഉത്തരം നൽകാതെ തിരിച്ചയച്ചു.
13. അനുച്ഛേദം 142 പ്രകാരമുള്ള സുപ്രീംകോടതിയുടെ അധികാരങ്ങൾ നടപടിക്രമ നിയമത്തിലെയോ അനുച്ഛേദം 142 ന്റെയോ കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ? ഭരണഘടനയുടെയോ നിലവിലുള്ള നിയമത്തിന്റെയോ നിലവിലുള്ള സാരവത്തായ അല്ലെങ്കിൽ നടപടിക്രമ വ്യവസ്ഥകൾക്കു വിരുദ്ധമായതോ പൊരുത്തപ്പെടാത്തതോ ആയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നുണ്ടോ?
ചോദ്യം പത്തിന്റെ ഭാഗമായി ഉത്തരം നൽകുന്നു.
14. അനുച്ഛേദം 131 പ്രകാരമുള്ള ഒരു കേസ് വഴിയല്ലാതെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെ മറ്റേതെങ്കിലും അധികാരപരിധി ഭരണഘടന വിലക്കുന്നുണ്ടോ?
അപ്രസക്തമാണെന്നു കണ്ടെത്തിയതിനാൽ ഉത്തരം നൽകിയിട്ടില്ല.
Editorial
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്ന് സാധ്യതകളേ ഉള്ളൂ. ഒന്ന് അനുമതി നൽകുക, രണ്ട് നിയമസഭയ്ക്കു തരിച്ചയയ്ക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധിച്ചത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണമാരെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവര്‍ണര്‍ ആര്.എന്‍. രവി മൂന്നു വർഷത്തോളം പിടിച്ചുവച്ചതോടെ വിഷയം സങ്കീർണമായി. തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസിലാണ് ഇപ്പോൾ വിധി. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്കു ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
എന്നാൽ, അനന്തമായി ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് കോടതി പറഞ്ഞതെന്നും സമയപരിധി നിശ്ചയിക്കാൻ അപ്പീൽ നൽകുമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. വിധിക്കുശേഷവും രാഷ്ട്രീയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണിത്. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നും അങ്ങനെവന്നാൽ സംസ്ഥാനങ്ങൾക്കു കോടതിയെ സമീപിക്കാമെന്നും പറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലിൽ രണ്ടംഗ ബെഞ്ച് ഗവർണർക്കെതിരായി നടത്തിയ വിധിയും മൂന്നുമാസ കാലാവധിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പ്രശ്നപരിഹാരമല്ല, ഭരണഘടനാ വിശദീകരണമാണ്. അതായത്, രാഷ്ട്രപതിക്കും ഗവർണർക്കും ഉപദേശം നൽകിയ കോടതി, അവർ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. രാജ്യത്തിന്റെ പ്രതിസന്ധി അതായിരുന്നെങ്കിലും രാഷ്ട്രപതി ചോദിച്ചത് ഗവർണറുടെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നു. കോടതി അതിനുത്തരം പറഞ്ഞു. മറ്റു കാര്യങ്ങൾ വീണ്ടും കോടതിയിലെത്തും.
രാഷ്ട്രീയത്തിനു മുകളിൽ ഒരു ബില്ലും പറക്കില്ലെന്നു വേണമെങ്കിൽ പറയാം. നോമിനിയായ ഗവർണർക്കു മുകളിലാണ് ജനം തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ എന്നും, രാഷ്ട്രീയത്തിനു മുകളിലാണ് ജനാധിപത്യം എന്നും ഗവർണർമാരും അവരെ പറഞ്ഞയച്ചവരും മനസിലാക്കിയിരുന്നെങ്കിൽ, ഈ വിഷയം ഭരണഘടനാ ബെഞ്ചിനു തലനാരിഴ കീറി പരിശോധിക്കേണ്ടി വരില്ലായിരുന്നു.
ഭരണഘടനയുടെ ആത്മാവിനെ ത്യജിക്കാൻ അതിന്റെ എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ വാക്യങ്ങളെ പഴുതുകളാക്കുന്ന പ്രവണത അധികാര രാഷ്ട്രിയത്തിനു ഗുണകരമായിരിക്കാം. പക്ഷേ, ഫെഡറൽ തത്വങ്ങൾക്കു ഗുണകരമല്ല. ഭരണഘടനാ സ്ഥാപനങ്ങളും സ്ഥാനങ്ങളും പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് മറക്കാതിരിക്കുന്നതാണ് യഥാർഥ ദേശസ്നേഹം.