Kerala
കൊച്ചി: ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വൻ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി വിമൽ എസ്. നമ്പൂതിരിയാണ് അറസ്റ്റിലായത്.
ഇൻഡ്യൻ നേവിയിലെ ഇന്റലിജൻസ് വിഭാഗവും കേരള പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്. നേവിയിൽ സർവീസിലുള്ള കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ജോലി തട്ടിപ്പ് നടത്തിയതിനാണ് ഇയാളെ കൊച്ചി പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി വൻതോതിൽ പണം തട്ടിയെടുത്തതായാണ് വിവരം. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കര്‍ണാടക സ്വദേശികളായ ഗണേഷ (38), രാഹുല്‍ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം ആറിന് പഴയന്നൂര്‍ ചീരക്കുഴി പാലത്തിന് സമീപം വെച്ചായിരുന്നു തട്ടിപ്പ് നടന്നത്. ചീരക്കുഴി സ്വദേശിയായ അരുണ്‍ ദാസിനെയാണ് പ്രതികള്‍ ചേര്‍ന്ന് ചതിക്കുഴിയില്‍ വീഴ്ത്തിയത്.
തങ്ങളുടെ കൈവശമുള്ളത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, അരുണ്‍ ദാസില്‍നിന്ന് 10 ലക്ഷം വാങ്ങി ആഭരണങ്ങള്‍ കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും തട്ടിപ്പിനിരയായ വിവരം ബോധ്യപ്പെട്ടതും. അരുണ്‍ദാസിന്റെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ സിഐ സുധിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Kerala
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേര്, ലോഗോ, വിശ്വാസ്യത എന്നിവ ദുരുപയോഗം ചെയ്ത് ഓണ്‍ലൈനിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സൈബർ ക്രൈം പോലീസ്.
ദിവസവേതന തൊഴിലാളികളെയും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും ലക്ഷ്യമിട്ടു തട്ടിപ്പുകാര്‍ അവരുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കവര്‍ന്നെടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണു പോലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുതാര്യമല്ലാത്ത ഇത്തരം സമ്മാന പദ്ധതികളുടെ വില്പന, പ്രമോഷന് എന്നിവയില്‍ ഭാഗ്യക്കുറി ഏജന്റുമാരും വില്പനക്കാരും ഏര്‍പ്പെട്ടാല്‍ ഏജന്‍സി രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്.
തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്: 04712305230 / 2301519, ദേശീയ സൈബര്‍ ക്രൈം ഹെല്പ്ലൈന്: 1930, ഓണ്‍ലൈന്‍ പരാതി പോര്‍ട്ടല്‍: www.cybercrime.gov.in എന്നിവ വഴി ബന്ധപ്പെടാം.
District News
നെടിയശാല: ജംഗ്ഷനു സമീപം ആരംഭിക്കുന്ന കള്ളുഷാപ്പിനെതിരേ ജനകീയ പ്രതിഷേധവുമായി നാട്ടുകാര്‍. ആലപ്പുഴ - മധുര ഹൈവേയുടെ ഭാഗമായ തൊടുപുഴ - വൈക്കം റോഡിനോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഷാപ്പ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
ഒട്ടേറെ വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കള്ളുഷാപ്പ് തുടങ്ങാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരേ പ്രദേശവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതി കഴിഞ്ഞ ദിവസം നിര്‍ദിഷ്ട കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഷാപ്പ് ആരംഭിച്ചാല്‍ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതംതന്നെ ഇല്ലാതാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂള്‍ കുട്ടികളും മറ്റും നടന്നുപോകുന്ന റോഡരികില്‍ ഷാപ്പ് ആരംഭിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.
പ്രസിഡന്റ് ജോര്‍ജ് മാത്യു മാറികവീട്ടില്‍, വൈസ് പ്രസിഡന്റ് ജോസഫ് മൂലശേരി, സെക്രട്ടറി സാജന് നെടിയശാല, ട്രഷറര്‍ ജോസഫ് തോമസ്, ജോയിന്റ് സെക്രട്ടറി സജി തോമസ് ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്കി. ഈ ഭാഗത്ത് നേരത്തേ ഷാപ്പ് ആരംഭിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പുറപ്പുഴ പഞ്ചായത്ത് ഇതിനുള്ള ലൈസന്‍സ് നല്‍കരുതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ നാട്ടുകാര്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഷാപ്പ് കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആംരഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
District News
വടക്കഞ്ചേരി: വാഹനം വാടകയ്ക്കു നൽകി പണംതട്ടുന്ന കൊല്ലം സ്വദേശിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെ വാഹനം വാടകക്ക് കൊടുക്കാനുണ്ടെന്നു പരസ്യം നല്‍കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്.
കാർ ഇത്തരത്തിൽ കൈമാറി വൻതുക കൈപ്പറ്റും. പിന്നീട് കാറിൽ ഘടിപ്പിച്ച ജിപിഎസ് പിന്തുടർന്ന് കാർ മോഷ്ടിക്കും. വാങ്ങിയ തുക തിരികെ നല്കുകയുമില്ല. നിശ്ചയിച്ചുറപ്പിച്ച തുകയുടെ കുറച്ച് സംഖ്യ അക്കൗണ്ട് വഴി കൈക്കലാക്കുകയും പരാതി വന്നാൽ ഈ തുക മാത്രം തിരികെ നല്‍കുകയുമാണ് പതിവ്. ഇത്തരത്തിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ വടക്കഞ്ചേരി വലിയകുളം സ്വദേശിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു.
എസ്ഐ സനീഷ്, എഎസ്ഐ ജൂബിഇഗ്നേഷ്യസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജി. ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളം വൈപ്പിനില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നു 47,092 രൂപ തട്ടിയതായി പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആണെന്ന വ്യാജ രേഖ ചമച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയ ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാജ് ഷിബു, ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ചെറായി രക്തേശ്വരി ഭാഗത്തുള്ള യുവതിയില്‍ നിന്നുമാണ് പണം തട്ടിയത്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ആണെന്ന് പറഞ്ഞ് സര്‍ക്കാര്‍ മുദ്രയുള്ള രേഖകളും വ്യാജ സര്‍ക്കുലറും സര്‍ക്കാര്‍ ഇമെയില്‍ ഐഡി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ഐഡിയും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പിനായി യുവതിയെ സമീപിച്ചത്.
ബ്ലോക്ക് റിസോഴ്സസ് സെന്ററിന്റെ കീഴിലുള്ള ഗവ. സ്കൂളില്‍ സൂപ്രണ്ട് ക്വാട്ടയില്‍ ജോലി വാങ്ങിത്തരാം എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച യുവതി ഭര്‍ത്താവിന്റെയും സഹോദരിയുടെയും ഗൂഗിള്‍ പേ അക്കൗണ്ടില്‍ നിന്നുമാണ് പണം നല്‍കിയത്.
എന്നാല്‍ ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. ഇതു നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പം എസ്ഐ പി.എസ്. സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
കരുവന്നൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ തട്ടിപ്പ് ആരംഭിക്കുന്നത് 2003 ലാണ്. ബാങ്ക് ലാഭം കൊയ്ത വര്‍ഷമായിരുന്നു 2003. നേട്ടത്തിനു കാരണമായത് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ബാങ്ക് റബ്കോ കമ്പനിയുടെ ഡീലര്‍ഷിപ്പ് ഏറ്റെടുത്തതായിരുന്നു.
2004ല്‍ കൊരുമ്പിശേരി സ്വദേശി ബിജോയിയെ കമ്മീഷന് ഏജന്റായി നിയമിച്ചു. ലാഭത്തില്‍ എട്ടു ശതമാനം ബിജോയിക്കും നാലു ശതമാനം ബാങ്കിനും എന്നായിരുന്നു ധാരണ. ഇവിടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. റബ്കോ വഴി കടകളിലേക്കു വിതരണം ചെയ്യുന്ന സാധനങ്ങളുടെ പണം ബാങ്കില്‍ അടയ്ക്കാതെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചായിരുന്നു തിരിമറി.
തട്ടിപ്പിന്റെ തുടക്കത്തിലെ വഴിത്തിരിവ് 2005ലായിരുന്നു. റബ്കോ ബിസിനസുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ബേബി ജോണിനു സുരേഷ് എന്നയാൾ പരാതി നല്കി. അന്വേഷണ കമ്മീഷനെ വച്ച് സിപിഎം അന്വേഷണം നടത്തിയെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീന് ചുമതലയേറ്റതോടെ അന്വേഷണം മുന്നോട്ടു പോയില്ല.
2014 ജനുവരിയില്‍ പ്രതികള്‍ കൂട്ടമായി ഡൂപ്ലിക്കേറ്റ് രേഖകള്‍ വച്ച് ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ തുടങ്ങി. 50 ലക്ഷം രൂപയേ ഒരാള്‍ക്കു വായ്പ നല്കാന് പാടുള്ളൂ എന്ന നിയമമൊക്കെ കാറ്റില്‍ പറത്തി 50 ലക്ഷം രൂപ വീതമുള്ള 46 ലോണുകളായി കിരണ്‍ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കു മാറ്റിയത് 23 കോടി രൂപ.
നഗരസഭാ കൗണ്‍സിലര്‍ ടി.കെ. ഷാജു ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണച്ചുമതല മുകുന്ദപുരം താലൂക്ക് രജിസ്ട്രാര്‍ക്കു കൈമാറി. പ്രതികള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഡിഐജിക്ക് കത്തു നല്‍കിയതോടെ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അപ്പോഴും കേസെടുത്തില്ല.
2020 ജനുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന് ടി.കെ. ഷാജു പരാതി നല്കി. 2020 ഏപ്രില്‍ 28ന് സ്വകാര്യചാനലില്‍ സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ ഫോണ്‍ ഇന്‍ പ്രോഗ്രാം പരിപാടിയില്‍ സുരേഷ് ബാങ്കിന്റെ തട്ടിപ്പുകളെക്കുറിച്ച് പരാതിപ്പെട്ടു. അന്വേഷിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. പിന്നീട് 2020 ഒക്ടോബര്‍ 19ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടുപ്രകാരം അന്വേഷണം വിജിലന്‍സിന് കൈമാറാന്‍ ശിപാര്‍ശ ചെയ്തു.
2021 ജൂണ്‍ 12നാണ് തട്ടിപ്പിന്റെ ഭീകര രൂപം മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയുടെ വായ്പാതട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍ പുറത്തുവന്നു.
2021 ജൂലൈ 14ന് ബാങ്ക് സെക്രട്ടറിയടക്കം ആറു ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ്, കമ്മീഷന് ഏജന്റ് എ.കെ. ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് റജി അനില്‍, ഇടനിലക്കാരന് കിരണ്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല നല്കിയ പരാതിപ്രകാരമാണു കേസെടുത്തത്.
2021 ജൂലൈ 19ന് 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഎം ഉന്നതനേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇഡിക്കും ആദായനികുതിവകുപ്പിനും ബിജെപി നേതാക്കള്‍ പരാതി നല്കി.
2021 ജൂലൈ 20 ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ബാങ്ക് രേഖകള്‍ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു.
2021 ജൂലൈ 21ന് കള്ളപ്പണം വെളുപ്പിച്ചതായി ഇഡിക്ക് വിവരം ലഭിച്ചു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ഇതിനിടെ ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റര്‍ ഭരണം നിലവില്‍വരികയും ചെയ്തു. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭാസമ്മേളനം ബഹിഷ്കരിച്ചിരുന്നു. 107.34 കോടി ക്രമക്കേട് നടത്തിയതായി വി.എന്‍. വാസവന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിൽ നിന്നും തട്ടിയെടുത്ത ആറുകോടി രൂപയുടെ നോട്ടുകൾ കത്തിച്ചുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. ക്ലർക്ക് സംഗീതാണ് വിജിലൻസിന് മൊഴി നൽകിയത്. നോട്ട് നിരോധനം വന്നതോടെയാണ് തട്ടിയെടുത്ത 500, 1000 നോട്ടുകൾ കത്തിച്ചത്. ക്ഷേമനിധി അക്കൗണ്ടിൽ നിന്നും പിൻവലിച്ച പണമാണ് കത്തിച്ചത്. 2017 ൽ പോങ്ങുമൂട്ടിലെ വീട്ടിലെ ഇൻസിനേറ്ററിൽ ഇട്ടാണ് കത്തിച്ചത്.
സംഗീത് തട്ടിയെടുത്ത് 16 കോടി രൂപയെന്ന് വിജിലൻസ് പറയുന്നു. നോട്ടു നിരോധനത്തിന് ശേഷം ക്ഷേമനിധിയിലെ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവ്. ലോട്ടറി തൊഴിലാളികൾ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയെന്നും പറയുന്നു. ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റേണ്ട പണം തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. 2021 വരെ ഇയാൾ 16 കോടി രൂപ തട്ടിയെടുത്തു.
2012-16 വരെ ഇയാൾ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കുകയാണ് ചെയ്തത്. നോട്ടുനിരോധനത്തിന് ശേഷം ഈ പണം എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാതായെന്നും പിന്നീടാണ് വീട്ടിലെ ഇൻസിനേറ്ററിൽ ഇട്ട് കത്തിച്ചുകളഞ്ഞതെന്നും ഇയാൾ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഫൊറൻസിക് സംഘം തെളിവെടുപ്പ് നടത്തി.
2017ന് ശേഷമാണ് തട്ടിയെടുക്കുന്ന പണം സുഹൃത്തും കോണ്‍ട്രാക്ടറുമായ അനിൽകുമാറിന്റെയും സഹോദരൻ സമ്പത്തിന്റെയും അക്കൗണ്ടുകളിലേക്ക് നേരിട്ട് മാറ്റി തുടങ്ങിയത്. കഴക്കൂട്ടത്തും ചാക്കയിലുമായി കോടികളുടെ ഭൂമി വാങ്ങിക്കൂട്ടി. തലസ്ഥാനത്ത് തന്നെ മൂന്ന് വീടുകള്‍ സംഗീതിനുണ്ട്. രണ്ടാം പ്രതി അനിൽകുമാറും കോടികള്‍ സമ്പാദിച്ചു. പ്രതികള്‍ വാങ്ങിയ 35 സ്ഥലത്തെ ഭൂമി വിജിലൻസ് കണ്ടുകെട്ടി. രണ്ടാം പ്രതി അനിലിന്റെ ആഡംബര കാറും കണ്ടുകെട്ടിയിട്ടുണ്ട്.
Business
മുംബൈ: രാജ്യത്തെ പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളായ രാജേഷ് എക്സ്പോര്‍ട്സിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകളുമായി ഇന്ത്യന്‍ ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബി. ഈ മാസം ആദ്യവാരം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് വരുമാനത്തില്‍ 15.15 ലക്ഷം കോടി രൂപയുടെ കൃത്രിമം കാണിച്ചുവെന്ന ഞെട്ടിക്കുന്ന വിവരമുള്ളത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വരുമാന തട്ടിപ്പ് ആരോപണങ്ങളിലൊന്നാണിത്.
◄99.80 ശതമാനം വരുമാനവും വ്യാജം
2020-21 സാമ്പത്തികവര്‍ഷം മുതല്‍ 2024-25 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ കമ്പനി തങ്ങളുടെ ആകെ വരുമാനം വലിയതോതില്‍ പെരുപ്പിച്ചു കാണിച്ചു. തങ്ങളുടെ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ‘വല്കംബി’ ഉള്‍പ്പെടെയുള്ള വിദേശ സബ്സിഡിയറി കമ്പനികളില്‍നിന്നാണ് ഈ വരുമാനമെന്നാണ് രാജേഷ് എക്സ്പോര്‍ട്സ് കാണിച്ചിരുന്നത്. എന്നാല്‍ യഥാർഥ ഓഡിറ്റ് രേഖകള്‍ പരിശോധിച്ചപ്പോള്‍ വിദേശ കമ്പനികളുടെ വരുമാനം നാമമാത്രമാണെന്നു കണ്ടെത്തി. വിദേശ സബ്സിഡിയറികളുടെ പേരില്‍ കാണിച്ച വരുമാനത്തിന്റെ 99.80 ശതമാനവും (ഏകദേശം 15.15 ലക്ഷം കോടി രൂപ) വ്യാജമാണെന്നാണ് സെബി വ്യക്തമാക്കുന്നത്. വിദേശ അനുബന്ധ കമ്പനികളുടെ പേരില്‍ കന്പനി പുറത്തുവിട്ട വരുമാനവും തട്ടിക്കൂട്ടിയതാണെന്നാണു വിവരം. ഇതിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
◄ഓഹരി ഉടമയുടെ പരാതിയിൽ അന്വേഷണം
2024 മാര്‍ച്ചില്‍ കമ്പനിയുടെ ഒരു ഓഹരി ഉടമ നല്കിയ പരാതിയാണ് ഈ അന്വേഷണത്തിനു വഴിത്തിരിവായത്. കമ്പനി മറ്റുള്ളവരില്‍നിന്ന് ഈടാക്കാനുള്ള വലിയൊരു തുക രണ്ടു വര്‍ഷത്തിലേറെയായിട്ടും ലഭിക്കാതെ കിടക്കുന്നതു ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. തുടര്‍ന്നു നടത്തിയ ഓഡിറ്റിലാണ് വരുമാനം പെരുപ്പിച്ചുകാണിച്ചതും കമ്പനിയുടെ പണം പ്രൊമോട്ടറുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റി ഡെറിവേറ്റീവ് ട്രേഡിംഗിനായി ഉപയോഗിച്ചതായും സെബി കണ്ടെത്തിയത്. രാജേഷ് എക്സപോർട്ട്സ് നിരവധി വിദേശ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഈ ഇടപാടുകൾക്കൊന്നും മതിയായ രേഖകളോ തെളിവുകളോ ലഭിച്ചില്ലെന്നും സെബി ചൂണ്ടിക്കാട്ടുന്നു. പരിശോധനകളിലും ഓഡിറ്റുകളിലും നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയടക്കം ചില ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വര്‍ണഖനികളില്‍ നിക്ഷേപമുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇതിനു കൃത്യമായ രേഖകള്‍ ഒന്നുമില്ലെന്നാണു പുറത്തുവരുന്ന വിവരം. സെബിയുടെ ഓഡിറ്റര്‍മാര്‍ക്ക് കൃത്യമായ അക്കൗണ്ട് വിവരങ്ങളോ രേഖകളോ മാനേജ്മെന്റ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◄താത്കാലിക വിലക്ക്
രാജേഷ് എക്സ്പോര്‍ട്സിന്റെ പ്രൊമോട്ടറും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ രാജേഷ് മേത്തയെ ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍നിന്നും ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സെബി താത്കാലികമായി വിലക്കി. കമ്പനിയുടെ രേഖകൾ പൂര്‍ണമായി പരിശോധിക്കാന്‍ പുതിയ ഫോറന്‍സിക് ഓഡിറ്ററെക്കൂടി നിയമിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 30 ദിവസത്തിനകം വിശദീകരണം നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ‘സത്യം കംപ്യൂട്ടേഴ്സ്’ തട്ടിപ്പിനു സമാനമായ രീതിയിലാണ് വരുമാന കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയതെന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ചില ഇടപാടുകളില്‍ ഒരേ തുക ആവര്‍ത്തിച്ച് കണക്കാക്കിയിരിക്കാമെന്നാണ് സെബി സംശയിക്കുന്നത്.
◄എൽഐസി ആശങ്കയിൽ
പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് രാജേഷ് എക്സ്പോര്‍ട്സില്‍ 10.8% ഓഹരി പങ്കാളിത്തമുണ്ട്. ഈ തകര്‍ച്ച എല്‍ഐസി നിക്ഷേപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനമായ എൽഐസി കോര്‍പറേറ്റ് ഗവേണന്‍സ് തകരാറിലായ ഒരു കമ്പനിയില്‍ എന്തിന് ഇത്രയും നിക്ഷേപം നടത്തിയെന്ന ചോദ്യമാണ് എൽഐസിയുടെ നിക്ഷേപകര്‍ ഉയര്‍ത്തുന്നത്. തട്ടിപ്പ് നടത്തിയതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രാജേഷ് എക്സ്പോര്‍ട്സിന്റെ ഓഹരികള്‍ 5% ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കമ്പനിയുടെ വിപണിമൂല്യത്തിന്റെ 80 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
◄നിഷേധിച്ച് രാജേഷ് മേത്ത
അതേസമയം, സെബിയുടെ ഈ ആരോപണങ്ങള്‍ രാജേഷ് എക്സ്പോര്‍ട്സ് പൂര്‍ണമായി നിഷേധിച്ചു. ഇതൊരു ഇടക്കാല ഉത്തരവ് മാത്രമാണെന്നും കമ്പനി പ്രഖ്യാപിച്ച വരുമാനക്കണക്കുകള്‍ കൃത്യമാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് അന്തിമ നിഗമനത്തില്‍ എത്തുന്നത് ശരിയല്ലെന്നുമാണ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ് മേത്ത പ്രതികരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണാഭരണ കയറ്റുമതി കമ്പനികളിലൊന്നാണ് രാജേഷ് എക്സ്പോര്‍ട്സ്. ബംഗളൂരുവാണ് കന്പനിയുടെ ആസ്ഥാനം. കമ്പനി വിവിധ രാജ്യങ്ങളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിക്ക് ലക്ഷക്കണക്കിനു നിക്ഷേപകരാണുള്ളത്.
Kerala
കൊല്ലം: ഡ്രൈവിംഗ് ലൈസൻസിൽ തിരിമറി നടത്തിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. കൊല്ലം ആർടി ഓഫീസിലെ എംവിഐ ചാത്തന്നൂർ മീനാട് സ്വദേശി അജയകുമാറിയാണ് അന്വേഷണ വിധേയമായി ഗതാഗത വകുപ്പ് സസ്പെൻന്റ് ചെയ്തത്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസർ ഐഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂളിന് നൽകി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന ഗുരുതര കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയത്. സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി.
ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനുള്ള നടപടികൾ സഹപ്രവർത്തകർ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വകുപ്പുതലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കല്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സിപിഎം നേതാക്കൾ തന്നെ നിയോഗിച്ച ഓഡിറ്റ് സംഘത്തിന്റെതാണ് കണ്ടെത്തൽ.
ബ്രഹ്മഗിരിയിൽ വലിയ ക്രമക്കേടുകളും കെടുകാര്യസ്ഥതയും നടന്നു. കോടികൾ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായി എന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു. ബ്രഹ്മഗിരിയിലെ ഇടപാടുകൾ പലതും സംശയാസ്പദമാണ് കൃത്യമായ രേഖകൾ പോലും ഇല്ലാതെ ഇടപാടുകൾ നടത്തി.
സർക്കാർ നൽകിയ ഫണ്ടുകൾ ഉപയോഗിച്ചതിലും കൃത്യതയില്ല നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്മഗിരിയിലെ ആളുകൾക്ക് തന്നെ വായ്പയായും അഡ്വാൻസായി നൽകിയെന്നും റിപ്പോര്‍ട്ടില്‍ പരാമർശം ഉണ്ട്.
ക്രമക്കേടുകൾ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഓഡിറ്റ് സംഘത്തെ നേതൃത്വം വിലക്കി. 2023ല്‍ സമർപ്പിച്ച റിപ്പോർട്ട് ബ്രഹ്മഗിരി നേതൃത്വം പുറത്തുവിട്ടിരുന്നില്ല.
Business
കൊച്ചി: ലുലുവിന്റെ പേരിൽ വ്യാജ പ്രചാരണവും തട്ടിപ്പും നടക്കുന്നതായി അധികൃതർ. വാർഷിക ഓഫറെന്ന പേരിലും ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നുവെന്ന പേരിലുമാണ് വ്യാജപ്രചാരണം .
ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു.
ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നു എന്നപേരിലാണ് വാട്സാപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും അവർ അറിയിച്ചു.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലുലുവിന്റെ ലോഗോയോടുകൂടിയ പേജിലാണ് എത്തുക. ലുലു മാളിന്റെയും ചെയർമാൻ എം.എ. യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്.
ചോദ്യങ്ങൾക്ക് ഉത്തരം നൽകി 20,000 രൂപ സമ്മാനം നേടാൻ അവസരം ലഭിക്കുമെന്നാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിനു താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം.
പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുൾപ്പെടെ നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സമ്മാനാർഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തെരഞ്ഞെടുക്കാനുള്ള അവസരമാണ്.
20,000 രൂപ ലഭിച്ചതായും കാണിക്കും. ഇനി ഇതു ലഭിക്കുന്നതിനായി ഇതേ സന്ദേശം അവർ പറയുന്ന ആപ്പുകളിലെ അഞ്ച് ഗ്രൂപ്പുകളിൽ 20 പേർക്കു പങ്കിടണമെന്നാണ് പിന്നീട് അവശ്യപ്പെടുക. അതിനുശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇത്തരം വ്യാജ ലിങ്കുകൾക്കും സൈബർ തട്ടിപ്പുകൾക്കുമെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലുലു അറിയിച്ചു.
Kerala
തിരുവനന്തപുരം: യുവാവിന് സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അർച്ചന (25) ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു.യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു.
യുവാവിന്റെ പിതാവിന്റെ പക്കൽ നിന്നും പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യുവാവ് പരാതി നൽകി. പിന്നാലെ മെഡിക്കൽ കോളജ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ സ്വയംതൊഴില്‍ വായ്പാ സബ്സിഡി പദ്ധതിയില്‍ വൻ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതിയെ വിജിലൻസ് പിടികൂടി. കോർപ്പറേഷനിലെ മുൻ എസ്സി പ്രമോട്ടർ എസ്. സിന്ധു (55) ആണ് അറസ്റ്റിലായത്.
2021-22 സാമ്പത്തിക വർഷത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ നിന്നുള്ള 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംരംഭക ഗ്രൂപ്പുകള്‍ക്ക് സബ്സിഡി വിതരണം ചെയ്തതായി വ്യാജരേഖകള്‍ സൃഷ്ടിച്ച്, തുക സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതുകൂടാതെ, പട്ടികജാതി വനിതകള്‍ക്കായുള്ള മറ്റൊരു പദ്ധതിയില്‍ 1.26 കോടി രൂപയും, ജനറല്‍ വിഭാഗം വനിതകള്‍ക്കായുള്ള സംരംഭ പദ്ധതികളില്‍ 1.14 കോടിയും 3.57 കോടിയും രൂപയുടെ ക്രമക്കേടുകള്‍ നടത്തിയ കേസുകളിലും സിന്ധു പ്രതിയാണ്. വർഷങ്ങളായി സഹകരണ സംഘങ്ങളെ മറയാക്കി സബ്സിഡി തുക തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ഗുണഭോക്താക്കള്‍ സമർപ്പിച്ച സർട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് വ്യാജ രേഖകള്‍ സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.
ഓഡിറ്റ് പരിശോധനയില്‍ ജാതി സർട്ടിഫിക്കറ്റുകളില്‍ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. താലൂക്ക് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പിന്നില്‍ വലിയ സംഘമുണ്ടെന്ന് കണ്ടെത്തി.
ആദ്യം മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു. ദീർഘനാളായി തുടരന്വേഷണം മന്ദഗതിയിലായിരുന്ന കേസില്‍ വിജിലൻസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് പ്രതിയെ അറസ്റ്റുചെയ്തു. സിന്ധുവിനെ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Movies
വിവാഹവാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തതായി തെലുങ്ക് നടിക്കെതിരെ പരാതി. അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെയാണ് പരാതി. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
യുകെയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിലെ ആരോപണം.
2018ൽ ആണ് ധർമ്മേന്ദ്ര അശ്വിനി റെഡ്ഡിയെ പരിചയപ്പെടുന്നത്. അക്കാലത്ത് ധർമ്മേന്ദ്ര വിവാഹമോചന നടപടികളിലായിരുന്നു. ധർമ്മേന്ദ്രയുമായി വിവാഹത്തിന് തയാറാണെന്ന് നടി ഉറപ്പു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിനുപിന്നാലെ തന്റെ സിനിമ കരിയർ, വ്യക്തിപരമായ ചെലവുകൾ, വായ്പ എന്നിവയുടെ പേരിൽ നടി പണം ആവശ്യപ്പെട്ടു. ഇതിനുപുറമെ കാർ, സ്വർണം, മറ്റ് ആസ്തികൾ എന്നിവയും ധർമ്മേന്ദ്രയിൽ നിന്ന് നടി വാങ്ങിയതായി പരാതിയിൽ ആരോപിക്കുന്നു.
2020 ജൂലൈയിൽ ഔദ്യോഗികമായി വിവാഹം കഴിക്കാൻ ധർമ്മേന്ദ്ര ആവശ്യപ്പെട്ടെങ്കിലും നടി അതിന് വിസമ്മതിച്ചു. തുടർന്ന് നടി ഹേമയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുകയും 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് അശ്വിനി സമ്മതിക്കുകയും ചെയ്തു.
ഇതിനായി നൽകിയ ബ്ലാങ്ക് ചെക്കുകൾ പിന്നീട് തിരികെ വാങ്ങി നശിപ്പിച്ചു കളഞ്ഞതായും പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്.
Kerala
രാമപുരം: ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രാമപുരം പോലീസ് പിടികൂടി. മലപ്പുറം കൂട്ടില്‍ മങ്കട പൂക്കാട്ടില്‍ അബ്ദുള്‍ റഷീദ് (40) ആണ് പോലീസ് പിടിയിലായത്. രാമപുരം മരങ്ങാട് സ്വദേശി വെട്ടിക്കാട്ടിങ്കല് ഷിന്റോ പി. ജോസിന്റെ 46,38,907 രൂപയോളമാണ് പ്രതി തട്ടിയെടുത്തത്.
ഷെയര്‍ മാര്‍ക്കറ്റ് ട്രെയ്ഡിംഗില് കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ നല്ല തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്കി പല തവണകളായി പണം തട്ടിയെടുക്കുകയായിരുന്നു. തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് ഷിന്റോ രാമപുരം പോലീസില്‍ പരാതി നല്‍കിയത്. അബ്ദുള്‍ റഷീദിന് ആലത്തൂര്‍ സ്റ്റേഷനിലും തമിഴ്നാട്ടിലെ സേലം പോലീസ് സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്. ആലത്തൂരിലെ കേസില്‍ 55 ലക്ഷത്തോളം രൂപയും സേലത്ത് 10 കോടി രൂപയോളവുമാണ് ഇയാള്‍ തട്ടിയെടുത്തത്.
ഇരകളെ ഫോണില്‍ വിളിച്ച് തന്ത്രപരമായി സംസാരിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയാണ് അബ്ദുള്‍ റഷീദ് പണം തട്ടുന്നത്. കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്, പാലാ ഡിവൈ എസ്പി കെ. സദന് എന്നിവരുടെ നിര്‍ദേശാനുസരണം രാമപുരം പോലീസ് അന്വേഷണം ഊര്ജിതമാക്കുയായിരുന്നു. എസ്എച്ച്ഒ കെ. ദീപക്ക്, എഎസ്ഐ മനീഷ്, സിപിഓമാരായ വിഷ്ണു, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലത്തൂരില്‍ വച്ച് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
National
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽനിന്ന് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.
നിരന്തരം ശല്യം
വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെത്തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്കു നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽത്തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്കു ചെയ്തിരുന്നു.
ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്നു ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്നു മനസിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.
സിം ബോക്സുകൾ
വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നതു പ്രയാസകരമായെങ്കിലും കേരള പോലീസിന്റെ മികച്ച അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്തി. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു.
നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുനിന്റെ നേതൃത്വത്തിൽ സിപിഒമാരായ കെ.സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: സ്റ്റാഫിനെ നൽകാം എന്ന വാഗ്ദാനവുമായി വ്യാജ ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ഹോട്ടൽ/റസ്റ്ററന്റ് ഉടമകളെയും ചെറുകിട സംരംഭകരെയും ലക്ഷ്യംവച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്.
തട്ടിപ്പുകാർ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിൽ വാട്സ്ആപ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപാരികളുമായി ബന്ധപ്പെടുന്നു.
രജിസ്റ്റർ ചെയ്ത പരാതികളിൽ ‘SKAN Crew or SKAN’ നെക്സസ് എന്നീ സ്ഥാപനങ്ങളുടെ പേരാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്.
വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യും. വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകൾ, മാർഗനിർദേശങ്ങൾ, മറ്റ് രേഖകൾ എന്നിവ പങ്കുവയ്ക്കുകയും ചെയ്യും.
തുടർന്ന് അഡ്വാൻസ് ഫീസ്, യാത്രച്ചെലവ് തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടും. പണം ലഭിച്ചതിനുശേഷം വിവിധ കാരണങ്ങൾ പറഞ്ഞു കാലതാമസം ഉണ്ടാക്കുകയും ഒടുവിൽ വാഗ്ദാനം നൽകിയ സേവനങ്ങൾ നൽകാതെ കടന്നുകളയുകയും ചെയ്യും.
ഇവ ശ്രദ്ധിക്കാം
Kerala
ആലപ്പുഴ: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ വിവരങ്ങളും കമ്പനിയുടെ ആസ്തിയും തിട്ടപ്പെടുത്താന്‍ പ്രത്യേക സെഷന്‍സ് കോടതി ഉത്തരവ്. പോപ്പുലര്‍ ഫിനാസ് കേസുകളുടെ വിചാരണയ്ക്കായി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെഷന്‍സ് കോടതിയുടെ ജഡ്ജി കെ.എന്‍. അജിത് കുമാറാണ് ഉത്തരവിട്ടത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനായി സര്‍ക്കാരിനുവേണ്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സംസ്ഥാനത്താകെ 258 ശാഖകളിലായി പതിനായിരത്തിലധികം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടു. നിരവധിപ്പേര്‍ക്ക് ശാഖകളില്‍ പണയം വച്ചിട്ടുളള സ്വര്‍ണ ഉരുപ്പടികളും നഷ്ടപ്പെട്ടിട്ടുണ്ട്. പണവും സ്വര്‍ണവും നഷ്ടപ്പെട്ടവര്‍ വിവിധ കോടതികളിലും ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകളിലും കേസ് നല്‍കിയിട്ടുണ്ട്.
അനധികൃത നിക്ഷേപ പദ്ധതികള്‍ വഴി നിക്ഷേപകരെ ചതിക്കുന്ന കുറ്റവാളികള്‍ക്ക് ശിക്ഷ നല്കുന്ന ബഡ്സ് ആക്ട് (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട് )പ്രകാരം നിയമിച്ചിട്ടുളള കോമ്പിറ്റന്റ്് അഥോറിറ്റി കമ്പനിയുടെ ആസ്ഥി തിട്ടപ്പെടുത്തി കോടതിക്ക് സമര്‍പ്പിക്കണം.
ഓരോ ശാഖയിലെയും നിക്ഷേപകരുടെയും സ്വര്‍ണം പണയം വച്ചിട്ടുളളവരുടെയും വിവരങ്ങള്‍ ശേഖരിക്കണം. കമ്പനിയുടെ സ്വത്ത് വിവരവും ഇടപാടുകാരുടെ വിവരവും ഉള്‍കൊള്ളുന്ന രജിസ്ട്രാര്‍ തയാറാക്കി സമര്‍പ്പിക്കാനാണ് പ്രത്യേക ജഡ്ജി കെ.എന്‍.അജിത് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ ആസ്തി കണ്ടെത്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാന് ബഡ്സ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് കോടതി ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ. ജ്വല്ലറിയുടെ ഗ്ലോബൽ മാനേജറായിരുന്ന ഗുൽസാർ അഹമ്മദിനെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
നൂറുകണക്കിന് ആളുകളിൽനിന്ന് സ്വർണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതുവരെ ലഭിച്ച പരാതികളിൽനിന്നു മാത്രം 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
അൽ മുക്താദിർ ജ്വല്ലറികളിൽ നിക്ഷേപം നടത്തുന്നവർക്ക് വർഷത്തിൽ 25 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങിയത്. കൂടാതെ പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണം നൽകാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കിയിരുന്നു.
സംഭവം ചർച്ചയായതോടെ ജ്വല്ലറിയുടെ ഇടപാടുകളിൽ ദുരൂഹതയുമേറി. സ്ഥാപനത്തിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറച്ച് പോലീസിന് നേരത്തെതന്നെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയിൽ പരിശോധന നടത്തി കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ജ്വല്ലറിയുടെ ശാഖകൾ ഓരോന്നായി അടച്ചുപൂട്ടി.
വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ കൂട്ടമായി പോലീസിൽ പരാതി നൽകി. തട്ടിപ്പ് പുറത്തുവന്നതോടെ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. കേസിലെ രണ്ടാം പ്രതിയെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 320 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Business
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോയുടെ പേരില്‍ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാനക്കത്തുകള്‍ അയച്ചു തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ്.
തട്ടിപ്പുകാര്‍ അയയ്ക്കുന്ന കത്തുകളില്‍ ആകര്‍ഷകമായ സ്ക്രാച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇതു സ്ക്രാച്ച് ചെയ്യുമ്പോള്‍ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെല്പ്ലൈന് നമ്പറിലോ വാട്സാപ് നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യും.
കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാര്‍, സമ്മാനത്തുക ലഭിക്കുന്നതിനു മുന്നോടിയായി പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന് ചാര്‍ജ്, ഇന്‍കംടാക്സ് തുടങ്ങിയ ഇനങ്ങളില്‍ പണം ആവശ്യപ്പെടുന്നു.
വിശ്വാസ്യത വര്‍ധിപ്പിക്കാനായി വ്യാജമായ ഇന്‍കംടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവര്‍ അയച്ചുനല്‍കും. പണം കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. ഇതാണു സംഘത്തിന്റെ തട്ടിപ്പുരീതി.
കരുതിയിരിക്കാം
Kerala
തിരുവനന്തപുരം: ഐപിഎൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണെന്ന പേരിൽ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.
വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകൾക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ആവശ്യപ്പെടുകയും, വിഐപി ടിക്കറ്റ്, ലിമിറ്റഡ് സീറ്റ്സ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നു.
ഐപിഎൽ സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇവർ വിശ്വാസം നേടിയെടുക്കാൻ യഥാർഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓൺലൈൻ ടിക്കറ്റുകൾ അയക്കുകയും പണം വാങ്ങുകയും ചെയ്യുന്നു. എന്നാൽ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാർ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ
ഇത്തരത്തിൽ ഏതെങ്കിലും സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം വഞ്ചനയും തട്ടിപ്പുമാണെന്നു പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഇന്നലെ പ്രതിഷേധിച്ചു.
രാജ്യസഭയിൽ എസ്ഐആർ വിഷയം ഉന്നയിക്കാൻ ഖാർഗെ എഴുന്നേറ്റതോടെ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തതാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
എന്നാൽ എസ്ഐആർ ഫ്രോഡ് ആണെന്നും ഇതേക്കുറിച്ച് പറയാൻ അനുവദിക്കണമെന്നും ഖാർഗെ വാദിച്ചെങ്കിലും അധ്യക്ഷൻ അനുവദിച്ചില്ല. തുടർന്ന് പ്രതിപക്ഷഎംപിമാർ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ലോക്സഭയിലും വോട്ടുമോഷണത്തിനെതിരേ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
Kerala
കൊച്ചി: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര്‍ ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്റെ നടത്തുകാരായ കാസര്‍ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.
2023 ജനുവരി 16 മുതല്‍ 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള്‍ ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്‍കാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ ആര്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. സാമ്പത്തിക തർക്കമാണ് കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസും അറിയിച്ചു. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു(45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നു പോലീസ് സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുമ്പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുമ്പു ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്കു കാരണമായതെന്നു പോലീസ് പറഞ്ഞു.
ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിർത്തിയിരുന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്റർ നിർത്തിയതെന്നു പറയുന്നു.
ഒഴിവാക്കൽ, കലഹം
ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ
ജോബിനെതിരേ കാഞ്ഞിരപ്പള്ളി പോലീസില്‍ ഷേർളി പരാതി നല്കി. എന്നാല്‍, പോലീസ് വിശദമായ ചര്‍ച്ചയ്ക്കു വിളിച്ചപ്പോള്‍ സഹകരിക്കാന്‍ ഷേര്‍ലി താത്പര്യം കാണിച്ചില്ല. ഇതിനിടെ, തന്റെ പണം തരണമെന്ന കടുത്ത നിലപാട് ജോബ് സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ പ്രശ്നം വളഷായി. ഇതിനിടെ, ഷേര്‍ലി മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു ജോബും ഷേര്‍ലിയുടെ ആദ്യ ഭര്‍ത്താവിന്റെ മകനും ചേര്‍ന്നു കൊച്ചിയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആ യാത്രയിലും തിരികെ വന്ന ശേഷവും ഇരുവരും തമ്മില്‍ കലശലായ ബഹളമുണ്ടായി.
ജോബ് തന്നെ വക വരുത്തുമെന്ന് അടുത്തിടെ പരിചയത്തിലായ സുഹൃത്തിനെ ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ഷേര്‍ളി ഫോണില്‍ അറിയിച്ചിരുന്നു. തിരികെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് ഇദ്ദേഹമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതും തുടര്‍ന്ന് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതും. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യത്തില്‍ പങ്കില്ലെന്നു കണ്ടതിനാല്‍ വിട്ടയച്ചു.
മൃതദേഹങ്ങൾ സംസ്കരിച്ചു
കൂവപ്പള്ളി കുളപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലപ്പെട്ട നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഷേർലിയുടെ മൃതദേഹം പൊൻകുന്നം ചേപ്പുംപാറ ശാന്തിതീരം പൊതുശ്മശാനത്തിലും ജോബ് സക്കറിയയുടെ മൃതദേഹം കോട്ടയത്തുമാണ് സംസ്കരിച്ചത്.
National
ന്യൂഡൽഹി: ഓണ്‍ലൈൻ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അടക്കം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ ക്രൈം സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി.
ഭീകരവിരുദ്ധ നിയമപാലകരായി വേഷം മാറി ഇന്ത്യക്കാരിൽനിന്നു കോടികൾ വെട്ടിച്ച സംഘത്തിന്റെ ഓപ്പറേഷൻ ഏകോപിപ്പിച്ച തായ്വാൻ പൗരനടക്കം ഏഴു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കേരളവും തമിഴ്നാടും ഉൾപ്പെടെ തട്ടിപ്പ് നടത്തിയ സംഘത്തിൽനിന്നു വിദേശ സിം കാർഡുകൾ അടക്കം 120 മൊബൈൽ സിം കാർഡുകൾ, 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സിസിടിവി കാമറകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 5,000ത്തിലധികം കോംപൈൽഡ് ഐഎംഇഐ നന്പറുകളും 20,000 സിം കാർഡുകളും തട്ടിപ്പിനുള്ള മൊഡ്യൂളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തായ്വാൻ, ചൈന, നേപ്പാൾ, കംബോഡിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് സിൻഡിക്കറ്റിന്റെ പ്രധാന സാങ്കേതിക ഓപ്പറേറ്ററായ തായ്വാൻ പൗരനായ ഐ സുംഗ് ചെന്നിനെ (30) പിടികൂടിയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്റെ ചുരുളുകളഴിഞ്ഞത്. ഡിസംബർ 21ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഗോയ്ല ഡയറിയിൽ ആദ്യ ഫിസിക്കൽ സിം ബോക്സ് സജ്ജീകരണം കണ്ടെത്തി.
ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശിക ഓപ്പറേറ്റർമാരായ ശശി പ്രസാദ് (53), പർവീന്ദർ സിംഗ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉപകരണങ്ങൾ സൂക്ഷിക്കാൻ ശശി പ്രസാദ് മുറി വാടകയ്ക്കെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു പർമീന്ദർ സിംഗിലേക്ക് പോലീസ് എത്തിയത്. ശശി, പർമിന്ദർ, ചെൻ എന്നിവരെ കൂടാതെ, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള സരബ്ജിത് സിംഗ്, ജസ്പ്രീത് കൗർ, ദിനേശ്, അബ്ദുൾ സലാഹ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള റെയ്ഡുകളിൽ മുംബൈ, മൊഹാലി, കോയന്പത്തൂർ എന്നിവിടങ്ങളിലെ സിം ബോക്സ് മൊഡ്യൂളുകൾ തകർത്തു.
ഡൽഹിയിലെ നിഹാൽ വിഹാറിൽനിന്നും നരേലയിൽനിന്നും സമാന ഉപകരണങ്ങൾ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ഫിസിക്കൽ സിമ്മുകളോ ഇ-സിമ്മുകളോ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് സിം ബോക്സ്, സൈബർ തട്ടിപ്പിന്റെ പ്രാരംഭഘട്ടങ്ങളിൽ കോളുകളുടെ ഉത്ഭവം മറയ്ക്കാൻ ഇതു സാധാരണയായി ഉപയോഗിക്കുന്നു. പ്രതികളിൽ പലരും മുന്‍പ് കംബോഡിയ ആസ്ഥാനമായുള്ള അഴിമതികേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്ലർ റിക്രൂട്ട് ചെയ്ത് ധനസഹായം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാൾ ആസ്ഥാനമായുള്ള ഒരു വിഭാഗം വിദൂരനിയന്ത്രിത പ്രവർത്തനങ്ങൾ നടത്തിയതായും സംശയിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കാതെയാണ് ഇരകളിൽ പലരും തട്ടിപ്പുകാർക്ക് വൻ തുക കൈമാറിയത്. തീവ്രവാദ വിരുദ്ധ സ് ക്വാഡിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ ചമഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം, ഡൽഹി സ്ഫോടനങ്ങൾ തുടങ്ങിയ ഭീകരാക്രണങ്ങളുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിച്ചായിരുന്നു നിരപരാധികളെ കുടുക്കിയത്. ഇരകൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പലരെയും ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിലാക്കി. പണം കൈമാറിയാൽ വിട്ടയയ്ക്കാമെന്ന ഓഫറിൽ പലരും വൻതുക പലപ്പോഴായി കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിനീത് കുമാർ പറഞ്ഞു.
അനധികൃത സിം ബോക്സ് ഇൻസ്റ്റലേഷനുകൾ ഉപയോഗിച്ച് വിദേശത്തുനിന്നു നടത്തിയ കോളുകളെ ആഭ്യന്തര ഇന്ത്യൻ നന്പറുകളായി ദൃശ്യമാകുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുകൾ ഓവർറൈറ്റ് ചെയ്ത്തിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ വഴികൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയടക്കം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി, ടെലികമ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Movies
നടനും ടിവികെ നേതാവുമായ വിജയ്യുടെ ആരാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ യൂട്യൂബർക്കെതിരെ വന്‍ തട്ടിപ്പ് ആരോപണം.
ഫോളോവേഴ്സില്‍ നിന്നും പണം തട്ടിയെന്നാണ് 15കാരനായ കൊടുവായ് അൻപിനെതിരെ ഉയരുന്ന പരാതി.
കൊടുവായ് അൻപിന് ഇന്‍സ്റ്റഗ്രാമില്‍ 0.6 മില്ല്യണും യൂട്യൂബില്‍ 2.9 മില്ല്യണ്‍ ഫോളോവേഴ്സും ഉണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കൊടുവൈ എന്ന സ്ഥലമാണ് അന്പിന്റെ സ്വദേശം.
ചെറിയ തുക നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അത് ഇരട്ടിയായി തിരികെ നൽകാമെന്ന് അൻപ് വിശ്വസിപ്പിച്ചതായി പരാതികളിൽ പറയുന്നു.
ജോലി അല്ലെങ്കിൽ പെട്ടെന്നുള്ള ലാഭം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് 1,000 മുതൽ 10,000 രൂപ വരെ ആളുകൾക്ക് നഷ്ടപ്പെട്ടു. പണം കൈപ്പറ്റിയ ശേഷം അൻപ് ഫോൺ കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കാറില്ലെന്നും ജോലിയോ ലാഭവിഹിതമോ ആർക്കും ലഭിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. പല യുവാക്കളെയും താന്‍ വിജയ് ആരാധകനാണ് അതിനാല്‍ പറ്റിക്കുമോ എന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചത്.
തട്ടിപ്പിന് ഇരയായ പലരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആദ്യകാലത്ത് ചലഞ്ച് വീഡിയോകളിലൂടെയും മറ്റും അളുകളെ കൂട്ടിയ അന്പ് അടുത്തകാലത്തായി നടന് വിജയ്യുടെ കടുത്ത ആരാധകനായും, ടിവികെ പ്രവര്‍ത്തകനുമായാണ് പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ അമ്മയ്ക്ക് മഹീന്ദ്ര ഥാർ കാർ സമ്മാനമായി നൽകിയതിന്റെ വീഡിയോ വൈറലായതോടെ അൻപ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. എന്നാൽ ഈ വാഹനം വാങ്ങാൻ ഉപയോഗിച്ച പണം ഇത്തരം തട്ടിപ്പുകളിലൂടെ സമ്പാദിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
എന്നാൽ താൻ ആരെയും പറ്റിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൻപ് ഒരു വീഡിയോയിലൂടെ വിശദീകരിച്ചു. താന്‍ ബെറ്റിംഗ് ആപ്പ് വഴിയാണ് പണം ഉണ്ടാക്കിയതെന്നും ഫോളോവേഴ്സില്‍ നിന്നും വാങ്ങിയ പണം ഘട്ടംഘട്ടമായി തിരികെ നൽകുമെന്നും തന്റെ പുതിയ കാർ കണ്ടുള്ള അസൂയയാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും അൻപ് അവകാശപ്പെട്ടു.
Kerala
മാവേലിക്കര: മാവേലിക്കരയിലെ വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാജ ഹാള്മര്ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ തട്ടിയ പള്ളിക്കല്‍ പഴകുളം റസല്‍ മന്‍സില്‍ മുഹമ്മദ് സാദിക് മകന് റസല്‍ മുഹമ്മദ് (20), നൂര്‍നാട് പാലമേല്‍ ചെറുനാമ്പില്‍ വീട്ടില്‍ എസ്. സൂരജ് (19), അടൂര്‍ മോലൂട് ചരുവില്തറയില് വീട്ടില്‍ ഉണ്ണികുട്ടന് (21), പന്തളം കുരമ്പാല ജയലക്ഷമി വിലാസം വീട്ടില്‍ എസ്. സൂരജ്കുമാര് (19) എന്നിവരെയാണ് മാവേലിക്കര പോലീസ് എറണാകുളത്തെ ഒരു ആഡംബര ഫ്ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ സുഹൃത്തുക്കളായ പ്രതികള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍നിന്നാണ് വ്യാജഹാള്മാര്ക്ക് ചെയ്ത സ്വര്‍ണം വാങ്ങി പണയം വച്ചിരുന്നത്.
ഒര്‍ജിനല്‍ സ്വര്‍ണത്തെ വെല്ലുന്ന രീതിയിലാണ് മുക്കുപണ്ടത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്തിരിക്കുന്നത്. ചെറുകിട ഫിനാന്‍സ് സ്ഥാപനങ്ങളില്‍ അപ്രൈസര്‍മാര്‍ ഇല്ലാതെ ജീവനക്കാര്‍ ഹാള്‍മാര്‍ക്ക് മാത്രം നോക്കി പണയം സ്വീകരിച്ചിരുന്നത് പ്രതികള്‍ക്ക് മുതല്‍കൂട്ടായി.
മാവേലിക്കര പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു സംഘം ചേര്‍ന്നുള്ള തട്ടിപ്പാണെന്ന് മനസിലായതോടെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Kerala
കൊച്ചി: ന്യൂ ഇയര്‍ ഗിഫ്റ്റ് ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത് അഞ്ചു കേസുകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാല് കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് കൊല്ലത്തും സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 5000 രൂപ വീതമാണ് സംഘം തട്ടിയെടുത്തത്.
പുതുവര്‍ഷത്തില്‍ പ്രധാനമന്ത്രിയില്‍നിന്ന് എന്നപേരില്‍ ന്യൂ ഇയര്‍ ഗിഫ്റ്റ്, സ്ക്രാച്ച് കാര്‍ഡ് എന്നിവ അയച്ചുനല്‍കിയാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സ്ക്രാച്ച് കാര്‍ഡ് അടങ്ങിയ ലിങ്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുനല്‍കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കും. ആ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് പിന്‍നമ്പര്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും നമ്പര്‍ എന്റര്‍ ചെയ്യുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയും ചെയ്യും.
ഇത്തരം തട്ടിപ്പിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പിഎം ഗിഫ്റ്റ് എന്നപേരിലോ മറ്റു പേരുകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരുവിധ സമ്മാനപദ്ധതികളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സൈബര്‍ പോലീസ് അറിയിച്ചു. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കണം.
Kerala
കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പില്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) മുന്നില്‍ ഹാജരാകില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് അന്‍വര്‍ ഇഡിയെ അറിയിച്ചതിനെത്തുടര്‍ന്ന് ജനുവരി ഏഴിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്കി.
അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കളളപ്പണ നിരോധന നിയമപ്രകാരം അന്‍വറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.
സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് അന്‍വറിനായില്ലെന്നും കെഎഫ്സിയില് നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അന്‍വറിന് ലോണ്‍ തരപ്പെടുത്തി നല്‍കിയെന്നുമാണ് ഇഡി നിലപാട്.
ഒരേ വസ്തു ഈടുവച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ വിവിധ ലോണുകള്‍ കെഎഫ്സി വഴി പി.വി. അന്‍വര്‍ തരപ്പെടുത്തിയതായി പരിശോധനക്ക് പിന്നാലെ ഇഡി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന് 7.5 കോടിയും പിവിആര്‍ ഡെവലപ്പേഴ്സിന് 3.05 കോടിയും, 1.56 കോടി രൂപയുമാണ് ലോണ്‍ അനുവദിച്ചത്. ലോണ്‍ എടുത്ത തുകകള്‍ വകമാറ്റി ചെലവഴിച്ചതായാണ് വിവരം. മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ താനാണെന്ന് പി.വി. അന്‍വര്‍ സമ്മതിച്ചതായും ഇഡി വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഇത് അടുത്ത ബന്ധുവിന്റേയും ഡ്രൈവറുടെയും പേരിലാണ്. മാത്രമല്ല, ലോണ്‍ എടുത്ത തുക പിവിആര്‍ മെട്രോ വില്ലേജ് എന്ന വലിയ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും അന്‍വര്‍ സമ്മതിച്ചിട്ടുണ്ട്.
2014 ല്‍ 14.38 കോടി രൂപയുടെ സ്വത്തുക്കള്‍ 2021 ആയപ്പോഴേക്കും 64.14 കോടി രൂപയായി വര്‍ധിച്ചതില്‍ കൃത്യമായ വിശദീകരണം നല്കാന് അന്‍വറിന് സാധിച്ചില്ലെന്നും ഇഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Kerala
പരവൂർ: ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം.
കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്. അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴിതിരിച്ചുവിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്.
തൽക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ ഏറ്റവും പ്രധാനം. അത് ഉടൻതന്നെ ബാങ്കിംഗ് നടപടികളിലേക്ക് നയിക്കും.കേന്ദ്ര സർക്കാരിന്റെ ഡേറ്റ പ്രകാരം ഒരു ഇര 1930 ഹെൽപ്പ് ലൈൻ നമ്പർ അല്ലെങ്കിൽ ഓൺലൈൻ സൈബർ ക്രൈം പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ബാങ്കുകൾ, പേയ്മെന്റ് ഗേറ്റ് വേൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തൽസമയ അലർട്ടുകൾ സ്വയമേവ അയക്കും. സംശയാസ്പദമായ അക്കൗണ്ടുകളും ഇടപാടുകളും തടയാനോ മരവിപ്പിക്കാനോ ഇതു വഴി സാധ്യമാക്കും.
Kerala
മലപ്പുറം: മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് പോലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടക്കലിലാണ് സംഭവം.
പുത്തൂര്‍ സ്വദേശി സനൂപിനെയാണ് (28) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 26ന് വൈകിട്ട് ആറിനാണ് സംഭവം. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിക്കാരനെ വിളിച്ചാണ് സനൂപ് ഭീഷണിപ്പെടുത്തിയത്.
സ്വന്തം മൊബൈല്‍ നമ്പറില്‍ നിന്ന് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച പ്രതി, മന്ത്രി പി. രാജീവിന്റെ ഓഫിസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. പുത്തൂര്‍ അരിച്ചോളിലുള്ള സനൂപിന്റെ വീട്ടില്‍ പോയ പൊലീസുകാരുടെ തൊപ്പി തെറിപ്പിക്കുമെന്നും വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഇടപെട്ടാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിലെ യു സിറ്റി കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 15,000 രൂപ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതിയുടെ വീട്ടില്‍ പോലീസ് അന്വേഷണത്തിനെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതിനു പിറകെയാണ് സ്റ്റേഷനിലേക്ക് ഫോണ്‍ വന്നത്. സനൂപ് തന്നെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ഇന്‍സ്പെക്ടര്‍ ദീപകുമാര്‍, എസ്ഐ റിഷാദലി നെച്ചിക്കാടന് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. മുത്രത്തിക്കര സ്വദേശിയായ 85കാരനിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് മാനേജരുടെ ഇടപെടലിൽ പരാജയപ്പെടുകയായിരുന്നു.
മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വയാധികൻ പറപ്പൂക്കര സിഎസ്ബി ബാങ്കിലെത്തിയത്.
പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ ആൻ മരിയാ ജോസ് കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് വയോധികൻ ബാങ്കിലെത്തിയത്.
സംഭവം തൃശൂർ റൂറൽ സൈബർ പോലീസിൽ അറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.
Kerala
കൊച്ചി: ഓപ്പറേഷന് സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചിയിൽ അറസ്റ്റിലായ മൂന്നുപേരും കോളജ് വിദ്യാര്‍ഥികള്‍.
ഏലൂര്‍ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), എടത്തല സ്വദേശി അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ തട്ടിപ്പുസംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ തട്ടിപ്പുപണം പിന്വലിക്കുന്നതിനിടെയാണു പോലീസിന്റെ പിടിയിലായത്.
നഗരത്തിലെ വിവിധ കോളജുകളില്‍ പഠനം നടത്തുന്ന ഇവർ അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പുസംഘത്തിന് കൈമാറുകയാണു ചെയ്തിരുന്നത്. ഓരോ തവണയും പണം എടിഎം വഴി പിന്‍വലിച്ച് തട്ടിപ്പുസംഘത്തിന് കൈമാറുമ്പോള്‍ പതിനായിരങ്ങളാണ് പ്രതികൾക്കു കമ്മീഷനായി ലഭിച്ചിരുന്നത്. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചതായാണു കണ്ടെത്തല്‍. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ മാത്രം തട്ടിപ്പിനായി ഉപയോഗിക്കുന്ന മുന്നൂറിലേറെ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തി. വിദ്യാര്‍ഥികളടക്കം സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതികളായ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ബോധവത്കരണ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ്.
സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വില്പന നടത്തിയത് ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് പോലീസ് കണ്ടെത്തി. കൊച്ചി നഗരത്തിലടക്കം തട്ടിപ്പുസംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്.
പ്രതികളെ തട്ടിപ്പുസംഘവുമായി ബന്ധിപ്പിക്കുന്നത് പെരുമ്പാവൂര്‍ സ്വദേശിയാണെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇയാള്‍ മുഖേന ഒരു ദിവസം 25 ലക്ഷം രൂപ വരെയാണു പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.
അറസ്റ്റ് പണം
പിന്‍വലിക്കുന്നതിനിടെ
തിരുവനന്തപുരം സ്വദേശിയായ ശ്രാവണിന്റെ 80,000 രൂപ അടുത്തിടെ സൈബർ സംഘം തട്ടിയെടുത്തിരുന്നു. പിന്നാലെ നൽകിയ പരാതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടിൽ രജിസ്റ്റർ ചെയ്തതോടെ പണം കൈമാറിപ്പോയ അക്കൗണ്ടുകളെല്ലാം നിരീക്ഷണത്തിലായി.
ഈ പണം അഭിഷേക് പിൻവലിച്ചതോടെയാണു മൂന്നുപേരുടെ അറസ്റ്റ് വേഗത്തിലായത്. ഹാഫിസിൽനിന്ന് 6.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മരടിലെ ഒരു ബാങ്കിന്റെ ബ്രാഞ്ചിൽനിന്നാണ് ഇവർ പണം പിൻവലിച്ചത്.
District News
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ബഥനി ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്ന ഇടുക്കി സ്വദേശി കെ.ജെ. ജ്യോതിഷിനെ(43)തിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഇരുപതോളം പരാതികള്‍ ലഭിച്ചത്.
ഇതില്‍ ഒരു കുടുംബത്തിലെ അംഗങ്ങളില്‍ നിന്നു മാത്രം ഇയാള്‍ ആറുലക്ഷം വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മാത്രം നൂറിലധികം പരാതികള്‍ ഇയാള്‍ക്കെതിരെ മുമ്പ് ലഭിച്ചിരുന്നു.
ഓസ്ടേലിയലിലേയ്ക്കും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്കും ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു ജ്യോതിഷ് പണം വാങ്ങിയിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളംപേരില്നിന്ന് ഇയാള്‍ പണം തട്ടിയതായാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്ന ഇയാളെ ബംഗളൂരു ഇന്ദിര നഗറില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.
National
ന്യൂഡൽഹി: രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ചു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുക.
കഴിഞ്ഞ 17ന് കേസ് പരിഗണിക്കവേ, രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ജുഡീഷൽ രേഖകളിൽ കൃത്രിമം കാണിച്ചും ഡിജിറ്റൽ അറസ്റ്റുകളിലൂടെയും തട്ടിപ്പ് നടത്തുന്ന ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ നടപടികൾ വേണമെന്നു നിർദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പോലീസ് സേനകളിലെ ഏകോപനത്തിലൂടെയാണ് നടപടികളുണ്ടാകേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സിബിഐയുടെയും കേന്ദ്രത്തിന്റെയും പ്രതികരണവും കോടതി തേടിയിരുന്നു.
കോടതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഹരിയാന സ്വദേശികളായ വൃദ്ധദന്പതികളിൽനിന്ന് 1.05 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിച്ചത്. ദന്പതികളിൽ ഒരാൾ ചീഫ് ജസ്റ്റീസിന് കത്തെഴുതിയതിനെത്തുടർന്നാണു വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
Kerala
പരവൂർ: സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്ററ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ.
ടെലികോം വകുപ്പിന്റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും.
ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോൾ ഉപഭോക്താക്കളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും സാധിക്കും. ഇതു വഴി സൈബർ തട്ടിപ്പുകൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയും.
നിലവിൽ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പരുകൾ യഥാർഥത്തിൽ അക്കൗണ്ട് ഉടമകളുടേതാണെന്ന് ഉറപ്പാക്കാൻ നിയമപരമായ ഒരു സംവിധാനവുമില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് ടെലികോം സൈബർ സുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. ഇതിലൂടെ ബാങ്കുകൾക്കും ഫിൻടെക്ക് സ്ഥാപനങ്ങൾക്കും ടെലിഫോൺ നമ്പരുകളുടെ ഉടമസ്ഥാവകാശം ടെലികോം കമ്പനികളുമായി ബന്ധപ്പെട്ട് നേരിട്ട് പരിശോധിക്കാൻ എംഎൻവി സംവിധാനം വഴി കഴിയും.
ടെലികോം കമ്പനികൾ സ്വമേധയാ ഈ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് മറ്റുള്ളവർക്ക് പ്രയോജനകരമാക്കണമെന്നും വകുപ്പ് നിഷ്കർഷിക്കുന്നു. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഭക്ഷ്യ വിതരണ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയ്ക്ക് ഈ സംവിധാനത്തിൽ പ്രവേശിക്കണമെന്ന് നിബന്ധനയില്ല. എന്നാൽ ഈ സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പരുകളുടെ ആധികാരികത പരിശോധിക്കണമെങ്കിൽ നിർദിഷ്ട ഫീസ് അടച്ച് അവർക്കും എംഎൻവി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാൻ സാധിക്കും.
District News
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ്(ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെ(43)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരു ഇന്ദിര നഗറിലെ ഹോട്ടലിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ബുനനാഴ്ച പിടികൂടിയ പ്രതിയെ ഇന്നലെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയാണ് പരാതിയിലായിരുന്നു അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024ൽ ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് ജോലി ലഭിക്കാതെ വന്നതോടെ ഇദ്ദേഹം കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നൂറിലധികം പരാതികളാണുള്ളത്.
പലരില്‍ നിന്നായി ഏകദേശം നാലു കോടി രൂപയോളം തട്ടിയതായാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്നും പരാതികള്‍ ലഭിക്കുന്നതിനാല്‍ 500 ഓളം തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ് സംഘം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Editorial
കേന്ദ്രസർക്കാർ തന്നിഷ്ടപ്രകാരം നിയോഗിച്ച കമ്മീഷനെതിരേയാണ് വോട്ടുതട്ടിപ്പ് ആരോപണം. കമ്മീഷനു പറ്റുന്നില്ലെങ്കിൽ സർക്കാർ മറുപടി പറയണം.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെയും ആവർത്തിച്ച വോട്ടുമോഷണ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടിയില്ലെങ്കിൽ കേന്ദ്രസർക്കാർ വായ തുറക്കണം. പ്രതിപക്ഷത്തിന്റെയോ ചീഫ് ജസ്റ്റീസിന്റെയോ ഇടപെടലില്ലാതെ സർക്കാർ ഏകപക്ഷീയമായി നിയോഗിച്ച കമ്മീഷനാണിത്. കമ്മീഷന്റെ നിലപാടിനെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ഈ സർക്കാർ അധികാരത്തിലെത്തില്ലായിരുന്നോ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ നിൽക്കുന്നത്. രാഹുലിന്റെ ഇന്നലത്തെ ആരോപണത്തിന്, ആർക്കും ആരെയും ഓൺലൈനായി വോട്ടർപട്ടികയിൽനിന്നു നീക്കാനാവില്ലെന്ന സമാധാനിപ്പിക്കലല്ല, അന്വേഷണസംഘത്തിനു രേഖകൾ കൊടുക്കുകയാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചെയ്യേണ്ടത്.
വോട്ടുതട്ടിപ്പിൽ രണ്ടാമത്തെ വാർത്താസമ്മേളനമാണ് ഇന്നലെ രാഹുൽ ഗാന്ധി ന്യൂഡൽഹിയിൽ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “നൂറു ശതമാനം തെളിവുകൾ മുന്നിൽ വച്ചിട്ടും കമ്മീഷൻ ഉറങ്ങുകയാണ്. കോൺഗ്രസിനു കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കി. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ടുകൾ, വ്യാജ അപേക്ഷകൾ നൽകി വെട്ടിക്കളഞ്ഞു.
വോട്ട് നീക്കംചെയ്യാൻ അപേക്ഷിച്ചെന്നു പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതേക്കുറിച്ച് അറിയില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്ത് വോട്ട് നീക്കംചെയ്തു. വോട്ട് വെട്ടാൻ പ്രത്യേക സോഫ്റ്റ്വെയറുകളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മൊബൈൽ ഫോണുകളും ഉപയോഗിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കർണാടക സിഐഡി 18 മാസത്തിനിടെ 18 കത്തയച്ചിട്ടും കമ്മീഷൻ ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ കൈമാറുന്നില്ല. മഹാരാഷ്ട്രയിലെ രജൗരയിൽ 6,850 വോട്ടുകൾ കൂട്ടിച്ചേർത്തതും സമാന രീതിയിലായിരുന്നു. ഹരിയാനയിലും യുപിയിലും ഇതു സംഭവിച്ചു.” താൻ പറഞ്ഞിരുന്ന ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും അതു വരാനിരിക്കുന്നതേയുള്ളുവെന്നും രാഹുൽ പറഞ്ഞു.
കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളിൽ ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു രാഹുൽ ഗാന്ധി ആരോപിച്ചത് കഴിഞ്ഞ മാസമാണ്. മറുപടി പറയുന്നതിനു പകരം, രാഹുൽ മാപ്പു പറയണമെന്നായിരുന്നു കമ്മീഷന്റെ രോഷത്തോടെയുള്ള പ്രതികരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും ആരോപണം ഉയർന്നതോടെ സുപ്രീംകോടതി ഇടപെട്ട് കുറച്ചെങ്കിലും മാറ്റം വരുത്തി.
രാഹുലിന്റെ ആരോപണത്തിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരും പ്രതികരിച്ചിരുന്നു. പക്ഷേ, കമ്മീഷന്റെ മൗനം ദുരൂഹമായൊരു നിസഹായാവസ്ഥയുടെ പ്രതിഫലനമെന്നോണം തുടരുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമായിരിക്കണമെന്നു ബിജെപി സർക്കാർ വാശി പിടിച്ചതോടെ സംശയം മണത്തെങ്കിലും ആദ്യമായാണ് ശക്തമായ തെളിവുകൾ കമ്മീഷനെതിരേ നിരത്തപ്പെടുന്നത്. സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്.
ഇപ്പോഴിതെല്ലാം പരസ്പരം ചേർത്തു വായിക്കേണ്ടി വന്നിരിക്കുന്നു. ഇന്നലെ സമൂഹമാധ്യമത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചു: “അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ നീക്കാനുള്ള ശ്രമം ചിലയിടങ്ങളിൽനിന്നുണ്ടായെങ്കിലും വിജയിച്ചില്ല. ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ 2018ൽ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് വിജയിച്ചതെങ്കിലും 2023ൽ കോൺഗ്രസിലെ ബി.ആർ. പാട്ടീലാണ് വിജയിച്ചത്.
വോട്ടർമാരെ പൊതുജനത്തിനു പട്ടികയിൽനിന്നു നീക്കാനാകുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണയാണ്.” പക്ഷേ, തെറ്റിദ്ധാരണ നീക്കാൻ ആവശ്യമായ രേഖകൾ കമ്മീഷൻ കൊടുക്കുകയുമില്ല. മാത്രമല്ല, കോൺഗ്രസ് ജയിച്ചതുകൊണ്ട്, അവിടെ തട്ടിപ്പു നടന്നിട്ടില്ലെന്നും വോട്ട് വെട്ടിയ ജനാധിപത്യ ഘാതകരെ വെറുതേ വിട്ടേക്കാമെന്നും കരുതാനാവില്ലല്ലോ.
കാര്യങ്ങൾ സുതാര്യമല്ലെന്ന പ്രതീതി മാനംമുട്ടെ ഉയർന്നിരിക്കുന്നു. അത്, രാഹുൽ ഗാന്ധി ബോധപൂർവം സൃഷ്ടിച്ചതാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ കമ്മീഷന്റെയും സർക്കാരിന്റെയും വിശ്വാസ്യത പുനഃസ്ഥാപിക്കണം. രാഹുൽ കത്തിച്ചത് ഹൈഡ്രജൻ ബോംബല്ല പൂത്തിരിയാണെന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിനു പരിഹസിക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന വോട്ടുതട്ടിപ്പ് പുറത്തു കൊണ്ടുവരുന്പോൾ കോമാളിത്തം പറയാൻ, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സൗജന്യമായി കിട്ടിയതല്ലെന്നു കരുതുന്നവർക്ക് ആവില്ല.
Business
മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്പകളെ 'തട്ടിപ്പ്' (Fraudulent) വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയാതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നിലവില്‍ പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.
2017ല്‍ കനറ ബാങ്കില്‍നിന്ന് വായ്പയെടുത്ത 1,050 കോടി രൂപ ദുരുപയോഗം ചെയ്തതായി ആരോപിച്ച് ബാങ്ക് അംബാനിയുടെ ആര്‍കോമിനെയും അതിന്റെ യൂണിറ്റിനെയും തട്ടിപ്പ് സ്ഥാപനമായി തിരിച്ചിരുന്നു. മൂലധന ചെലവുകള്‍ക്കും കമ്പനിയുടെ നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനുമായിരുന്നു കടം നല്‍കിയത്.
ബാങ്കിന്റെ "തട്ടിപ്പ്' ടാഗിനെ ചോദ്യം ചെയ്ത് അനില്‍ അംബാനി സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റീസുമാരായ രേവതി മോഹിതേ, നീല ഗോഖലെ എന്നിവരുടെ ബെഞ്ച് കേസ് തീര്‍പ്പാക്കിയത്. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍ക്കാനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വകമാറ്റി എന്നു കാണിച്ചാണ് വായ്പകളെ തട്ടിപ്പ് വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയത്. 2024 നവംബര്‍ എട്ടിന് അക്കൗണ്ടിനെ തട്ടിപ്പ് അക്കൗണ്ടായി തരംതിരിച്ചു. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഉത്തരവ് പ്രകാരമായിരുന്നു ഈ നീക്കം. ബാങ്കിന്റെ ഈ നീക്കത്തിനെതിരേ അനിൽ അംബാനി കോടതിയെ സമീപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. അന്ന് വായ്പ അക്കൗണ്ടുകള്‍ വഞ്ചനാപരമെന്ന് പ്രഖ്യാപിക്കുന്നതിനു മുമ്പ് കടംവാങ്ങിയ ആളുടെ വ്യക്തിപരമായ വാദം കേള്‍ക്കല്‍ അനുവദിക്കണമെന്ന് നിര്‍ദേശിക്കുന്ന സുപ്രീംകോടതി വിധിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാസ്റ്റര്‍ സര്‍ക്കുലറിന്റെയും ലംഘനമാണ് ബാങ്ക് നടത്തിയതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിധിയും ആര്‍ബിഐയുടെ നിര്‍ദേശങ്ങളും ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരേ ആര്‍ബിഐ നടപടിയെടുക്കുമോയെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആര്‍കോമിന്റെ വായ്പ അക്കൗണ്ടുകളെ വഞ്ചനാ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അനില്‍ അംബാനിക്കെതിരേ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്ബിഐ ജൂലൈ രണ്ടിന് വ്യക്തമാക്കിയിരുന്നു. അംബാനി എസ്ബിഐയുടെ ഉത്തരവിനെ വെല്ലുവിളിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.