x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐടി പാർക്ക് പോലെ ലോൺ ആപ്പ് ഒാഫീസ്; 40 ജീവനക്കാർ, സിം ബോക്സുകൾ

വെബ് ഡെസ്ക്
Published: April 18, 2026 09:56 AM IST | Updated: April 18, 2026 09:56 AM IST

നോയ്ഡയിലെ ലോൺ ആപ്പ് സ്ഥാപനം.

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു ഭീഷണി മുഴക്കിയ "ഇൻസ്റ്റന്‍റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽനിന്ന് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.

നിരന്തരം ശല്യം

വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെത്തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്കു നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽത്തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്കു ചെയ്തിരുന്നു.

ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്നു ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്നു മനസിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.

സിം ബോക്സുകൾ

വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നതു പ്രയാസകരമായെങ്കിലും കേരള പോലീസിന്‍റെ മികച്ച അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്തി. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു.

നോയിഡ പോലീസിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്‍റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുനിന്‍റെ നേതൃത്വത്തിൽ സിപിഒമാരായ കെ.സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags : Loan App crime police Noida arrest fraud SUICIDE CASE

Recent News

Corehub Up