പ്രതീകാത്മക ചിത്രം
കീവ്: യുക്രെയ്നിലെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗിനിയ-ബിസൗ പതാക വഹിച്ചെത്തിയ "ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ പൂർണ്ണമായി തകർന്നു.
കൊല്ലപ്പെട്ടവരിൽ ഒൻപത് വിദേശ നാവികരും യുക്രെയ്ൻ സീപോർട്ട് അതോറിറ്റിയിലെ ഒരു പൈലറ്റും ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ എട്ട് പേരെ രക്ഷപ്പെടുത്തിയത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 17 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് ഭൂരിഭാഗവും.
സമീപ ആഴ്ചകളിൽ ഒഡേസ തുറമുഖ മേഖല കേന്ദ്രീകരിച്ച് റഷ്യൻ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഇവിടെ റഷ്യ നടത്തിയ വിവിധ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു.
Tags : Killed Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines