സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ മലപ്പുറം ജില്ലാ ടീം.
കൊല്ലം: അവസാന ദിനത്തിലെ പോരാട്ടം തീപാറിയപ്പോൾ ട്രാക്കിൽ ചരിത്രമെഴുതി മലപ്പുറം. കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന 70-ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ 445 പോയിന്റുമായി മലപ്പുറം ഓവറോൾ ചാമ്പ്യന്മാരായി.
തുടർച്ചയായി കിരീടങ്ങളുമായി മുന്നേറിയ പാലക്കാടിനെ അവസാന ഘട്ടത്തിൽ മറികടന്നാണ് മലപ്പുറം ആദ്യമായി സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
425 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 409 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തി. 276.5 പോയിന്റുമായി തൃശൂർ നാലാമതും 254.5 പോയിന്റോടെ കോട്ടയം അഞ്ചാമതുമാണ്.
മലപ്പുറത്തിന് കരുത്തായത് അണ്ടർ 18, അണ്ടർ 20 പുരുഷ വിഭാഗങ്ങളായിരുന്നു. അണ്ടർ 18 പുരുഷന്മാരിൽ 120 പോയിന്റും അണ്ടർ 20 വിഭാഗത്തിൽ 87 പോയിന്റുമാണ് നേടിയത്. മീറ്റിൽ മലപ്പുറം 13 സ്വർണം, 26 വെള്ളി, 30 വെങ്കലം ഉൾപ്പെടെ 69 മെഡലുകൾ നേടി.
വനിതാ വിഭാഗത്തിൽ പാലക്കാട് ആധിപത്യം പുലർത്തി. അണ്ടർ 18 വനിതകളിൽ 68 പോയിന്റും അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ 73 പോയിന്റും നേടി പാലക്കാട് ഒന്നാമതെത്തി.
അണ്ടർ 14 ആൺകുട്ടികളിലും അണ്ടർ 16 ആൺകുട്ടികളിലും യഥാക്രമം 75, 62 പോയിന്റുമായി തിരുവനന്തപുരം മുന്നിലെത്തി. അണ്ടർ 14 പെൺകുട്ടികളിൽ 50 പോയിന്റുമായി കണ്ണൂരും അണ്ടർ 20യിൽ 116 പോയിന്റുമായി കോട്ടയവും ഒന്നാമതെത്തി.
Tags : Malappuram Champion JuniorAthletics Sports