കേരള സർവകലാശാലയുടെ ഭൂമി റവന്യു- സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ അളക്കുന്നു
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായിരുന്ന എകെജി സെന്റർ കൈയേറിയെന്ന പരാതിയിൽ ഭൂമി അളന്നുതുടങ്ങി. കേരള സർവകലാശാലയുടെ ഭൂമിയാണു റവന്യു- സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ അളക്കുന്നത്. ഇപ്പോൾ എകെജി സെന്ററിന്റെ ഭൂമി അളക്കില്ല. പുതിയ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചല്ല, പകരം പഴയ ചെയിൻ സർവേയാണ് നടത്തുന്നത്. ഇതിനാൽ കേരള സർവകലാശാലയുടെ ഭൂമി അളന്നുതീരാൻ ഇനിയും ദിവസമെടുക്കും.
കേരള സർവകലാശാലയ്ക്കായി തിരുവിതാംകൂർ രാജകുടുംബം 17.66 ഏക്കർ ഭൂമി വിട്ടുകൊടുത്തുവെന്നാണ് രേഖ. കേരള സർവകലാശാലയുടെ ഭൂമിയിൽ കുറവുണ്ടായാൽ കോടതിയുടെ അനുമതിയോടെ സമീപത്തെ ഭൂമികളും അളക്കും.
എകെജി സെന്ററിന്റെ ഭൂമി അളക്കാൻ കോടതി ഉത്തരവിൽ നിർദേശമില്ലെന്നും ഇതിനാൽ അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു സിപിഎം നിർദേശം. ഇക്കാര്യം സർക്കാരിനെ അറിയിച്ചു.
തുടർന്നാണ് സർവകലാശാലയുടെ ഭൂമി അളന്നുതുടങ്ങിയത്. എന്നാൽ, കൈയേറ്റം കണ്ടെത്താൻ എകെജി സെന്ററിന്റെ ഭൂമി അളക്കേണ്ടതുണ്ടെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കുമെന്ന് പരാതിക്കാരായ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാർ പറഞ്ഞു.
കേരള സർവകലാശാലയുടെ ഭൂമി അളക്കാനാണു കോടതി നിർദേശമെന്നും ഇതാണ് അളന്നുതുടങ്ങിയതെന്നും മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. റവന്യു വകുപ്പല്ല, ഹൈക്കോടതി നിർദേശാനുസരണമാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരെ സിപിഎം നേതൃത്വം വിലക്കിയെന്ന് ആരോപണം
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയും എകെജി സെന്ററും സ്ഥിതിചെയ്യുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള നോട്ടീസ് താലൂക്ക് സർവേ അധികൃതർ കൈമാറിയെങ്കിലും ഭൂമി അളക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതൃത്വം വിലക്കിയെന്നു സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ആരോപിച്ചു.
സിപിഎം വിലക്കിയതു കൊണ്ടാണ് സർവകലാശാലയുടെ കൈവശമുള്ള ഭൂമിയുടെ അളവുമാത്രം പൂർത്തിയാക്കാനുള്ള സർവേ ആരംഭിച്ചത്. ഇന്നു സർവേ പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകും.
Tags : Deepika DeepikaNewspaper BreakingNews Survey of Kerala University land begins