ഫാ. ബസീലിയൂസ് പാണാട്ടിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണം
മൂക്കന്നൂര്‍ (അങ്കമാലി): ചെറുപുഷ്പ സന്യാസ സഭാ (സിഎസ്ടി ) സ്ഥാപകനും മൂക്കന്നൂർ പള്ളി മുൻ വികാരിയും നാടിന്റെ വികസനശില്പിയുമായ ഫാ. ബസീലിയൂസ് പാണാട്ടിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. മൂക്കന്നൂര്‍ ബേസില്‍ ഭവനിലായിരുന്നു അനുസ്മരണ പരിപാടികൾ.
രാവിലെ എട്ടിന് ഫാ. ബസീലിയൂസിന്റെ കബറിടത്തിൽ ഒപ്പീസോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. ബേസില്‍ ഭവന് ആശ്രമദേവാലയത്തില് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്നു നടന്ന അനുസ്മരണസമ്മേളനത്തിൽ സിഎസ്ടി സുപ്പീരിയർ ജനറൽ ഫാ. ഡോ. ജോജോ വരകുകാലായിൽ അധ്യക്ഷത വഹിച്ചു. ഗോരഖ്പുർ ബിഷപ് മാർ മാത്യു നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പുമാരായ മാര്‍ തോമസ് തുരുത്തിമറ്റം, മാർ തോമസ് ചക്യത്ത്, അതിരൂപത വികാരി ജനറാള്‍ ഫാ.ഡോ. ജോസ് പുതിയേടത്ത്, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഫാ. ബസീലിയൂസ് പാണാട്ടിനെക്കുറിച്ചു രചിച്ച വിവിധ പുസ്തകങ്ങളുടെ പ്രകാശനം, വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നൂറു പേർക്കു കുട വിതരണം, ശ്രാദ്ധം എന്നിവയുണ്ടായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Remembers Fr. Basilius