ഷഫീഖുള്‍ ഇസ്ലാം
കൊച്ചി: കൊച്ചിയില്‍ ലഹരി മരുന്ന് ഇടപാടിനായി ഉപയോഗിച്ച മൂന്നു വീടുകള്‍ കണ്ടെത്തി. ഹെറോയിന്‍ മൊത്ത വിതരണക്കാരനായ ആസാം സ്വദേശി ഷഫീഖുള്‍ ഇസ്ലാമിന്‍റെ ലഹരി കച്ചവടത്തിനായിരുന്നു വീടുകള്‍ ഉപയോഗിച്ചിരുന്നത്.
ആക്രിക്കച്ചവടത്തിന്‍റെ മറവില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഷഫീഖുള്‍ ഇസ്ലാം കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് പിടിയിലായത്.
അങ്കമാലിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്നു അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ തുടരന്വേഷണത്തിലാണ് ഷഫീഖുള്‍ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിടയില്‍ 'ദാദാ' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഷഫീഖുള്‍ ആസാമില്‍ നിന്ന് കൊണ്ടു വരുന്ന ഹെറോയിന്‍ സംഭരിക്കാനും ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യാനുമാണ് മൂന്നു വീടുകള്‍ ഉപയോഗിച്ചിരുന്നത്. പെരുമ്പാവൂര്‍ ഉള്‍പ്പെടെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലാണ് ഈ വീടുകള്‍ റൂറല്‍ പോലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനിടെയാണ് കൊച്ചിയിലെ വിവിധ ഭാഗങ്ങളിലായി മൂന്നു വീടുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇയാളില്‍ നിന്നും ലഹരി വാങ്ങുന്നത് ആരൊക്കെയാണെന്നും വിതരണ ശൃംഖല എങ്ങനെയായിരുന്നു എന്നുമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
അതേസമയം, വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിക്കെത്തിയ ഷഫീഖുള്‍ പിന്നീട് ലഹരി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ആസാമില്‍ നിന്നും 30,000 രൂപയ്ക്ക് വാങ്ങുന്ന ഹെറോയിന്‍ കേരളത്തില്‍ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്.
Tags : Heroin Drug Deepika DeepikaNewspaper BreakingNews NewsUpdate Headlines