കൊല്ലപ്പെട്ട മലയാളി അഖിൽ ജോയൻ
ഒഡേസ: യുക്രെയ്നിലെ ഒഡേസ തുറമുഖത്തിനു സമീപം ധാന്യം കയറ്റിയ കപ്പലിനു നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പത്തു പേര് കൊല്ലപ്പെട്ടു.
ഇവരിൽ മലയാളി ഉള്‍പ്പെടെ നാലു പേർ ഇന്ത്യക്കാരാണ്. ഗിനിയ-ബിസു പതാകയേന്തിയ എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ഞായറാഴ്ച കരിങ്കടലില്‍ ആക്രമിക്കപ്പെട്ടത്.
ഇന്ത്യയില്‍നിന്നും സിറിയയില്‍നിന്നുമുള്ള ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. മൂന്നു ക്രൂസ് മിസൈലുകളാണു കപ്പലിനു നേര്‍ക്ക് റഷ്യന്‍ സൈന്യം തൊടുത്തത്.
വെള്ളരിക്കുണ്ട് വാളിപ്ലാക്കൽ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി. ഇന്നലെ ഉച്ചയോടെയാണ് അഖിൽ മരിച്ച വിവരം വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശമായി ലഭിച്ചത്.
19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളരിക്കുണ്ടിലെ ജോയന്-സാലി ദമ്പതികളുടെ ഏകമകനാണ്. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ചാണു തിരിച്ചുപോയത്. വടംവലി താരമായ ജോയന് ഫിംഗര്‍ പുള്ളിംഗില്‍ റിക്കാര്‍ഡ് ഹോള്‍ഡറാണ്.
കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് കപ്പല്‍ ജീവനക്കാരും ഒരാള്‍ മാരിടൈം പൈലറ്റുമാണ്. കപ്പലിലുണ്ടായിരുന്ന എട്ടു പേരെ യുക്രെയ്ന് നാവികസേന രക്ഷപ്പെടുത്തി. ഇവരില്‍ പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്.
ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മുംബൈ കേന്ദ്രമായ ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ ലിയോ.
യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരു റഷ്യന്‍ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഈ മാസം മാത്രം റഷ്യന്‍ ആക്രമണത്തില്‍ ഒഡേസയില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.
കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Tags : Russian attack UkrainianShip Malayali killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash