Kerala
കോളംബോ: ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി എം.കെ.മുഹമ്മദ് ഇർഫാദ് ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് ദിവസം മുന്‍പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യയ്ക്കൊപ്പം ശ്രീലങ്കയിലേക്ക് മധുവിധു യാത്ര പോയതാണ്. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് അയയ്ക്കും.
NRI
റിയാദ്: ഖത്തർ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലെ പ്രകൃതി വാതക പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണു മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യവസായ കേന്ദ്രത്തിൽ അറ്റകുറ്റ പ്രവൃത്തികൾക്കിടെയാണു സ്ഫോടനമുണ്ടായത്.
പിതാവ്: ബാബു (ടൈലർ പുറമേരി), അമ്മ: മോളി (സീന). ഭാര്യ: അതുല്യ. സഹോദരി: വിസ്മയ (ബംഗളൂരു).
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
Kerala
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്.
ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡിൽ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയായിരുന്നു അപകടം. അബ്ദുന്നാസർ ഓടിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
ദമ്മാമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടസ്ഥലത്തുവെച്ചുതന്നെ അബ്ദുന്നാസർ മരിച്ചതായാണ് വിവരം. പരേതനായ ബാവയുടെയും കുളങ്ങരകത്ത് ആയിഷയുടെയും മകനാണ്. സുലേഖയാണ് ഭാര്യ.
NRI
റിയാദ്: ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്.
റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഷിന്റോ താമസസ്ഥലത്ത് എത്താതിരിക്കുകയും ഫോണിൽ ലഭിക്കാതാവുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
റിയാദ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഷുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
NRI
ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്തിലെ ലുക്കൻവാൾഡെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ലുക്കൻവാൾഡെയിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ മെക്കാട്രോണിക്സ് എൻജിനിയറായി ജോലി ചെയ്തിരുന്ന കണ്ണൂർ കീഴ്പ്പള്ളി ചതിരൂർ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകൻ ജിതിൻ മാത്യുവിനെയാണ് (33) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിതിന്റെ മൃതദേഹം ജർമനിയിലെ പോലീസ് നടപടികളും ബെർലിൻ എംബസിയിലെ നടപടികളും പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ബുധനാഴ്ച വൈകുന്നേരം ഏഴോട് കൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
അവിടെനിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സ്വവസതിയിൽ എത്തിക്കും. കൊച്ചിയിൽ നിന്നും നോർക്കയുടെ സഹായത്തോടെയുള്ള ആംബുലൻസ് മുഖേനയാണ് മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ജിതിന്റെ സുഹൃത്ത് തോമസ് റോയ്, പിതൃസഹോദരപുത്രൻ ഫാ. ജിന്റോ തോമസ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപെടലുകളാണ് ജിതിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ സഹായകമായത്.
ഭാര്യ ബെസ്റ്റി ചെറുവിള പുത്തൻവീട് കുടുംബാംഗം. ബെസ്റ്റി ജർമനിയിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് ജിതിന്റെ ആകസ്മിക മരണം. ജിതിന് രണ്ടു സഹോദരിമാരുണ്ട്.
Kerala
കൊച്ചി: ജാര്‍ഖണ്ഡിലെ നദിയില്‍ മുങ്ങിമരിച്ച എറണാകുളം ചെറായി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചെറായി ഗൗരീശ്വരം കിഴക്ക് ഓടശേരി സാജിയുടെ മകന് ആഷിന് (30) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരൊപ്പം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ ആഷിന് ചെളിയില്‍ പൂണ്ടുപോകുകയായിരുന്നു.
ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്കാരം ചെറായി പൊതു ശ്മശാനത്തില്‍ നടന്നു. ഭിലായില്‍ സുപേലയിലുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലി ചെയ്യുകയായിരുന്നു ആഷിന്.
NRI
ലണ്ടൻ: യുകെയിൽ കെയർ വീസയിലെത്തി ജോലി ലഭിക്കാതെ കടുത്ത ദാരിദ്ര്യത്തിലായ മലയാളി യുവാവിന് നിയമപോരാട്ടത്തിൽ ചരിത്ര വിജയം. ഒരൊറ്റ ദിവസം പോലും ജോലി നൽകാതെ ഒരു വർഷത്തോളം വഞ്ചിച്ച യുകെയിലെ കെയർ കമ്പനി, യുവാവിന് 30 ലക്ഷത്തിലധികം രൂപ വേതനമായി നൽകാൻ ബ്രിട്ടനിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു.
കേരളത്തിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഷബിൻ ഷാജി (33) എന്ന യുവാവാണ് യുകെയിലെ റിക്രൂട്ട്മെന്റ് തട്ടിപ്പിനെതിരേ പോരാടി ഈ ലാൻഡ്മാർക്ക് വിധി (Landmark case) സ്വന്തമാക്കിയത്. "സ്വാൻ കെയർ സൊല്യൂഷൻസ് ലിമിറ്റഡ്' എന്ന കമ്പനിക്കെതിരേയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
യുകെയിൽ ആരോഗ്യമേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടെന്ന പരസ്യങ്ങൾ കണ്ട്, ഒരു യൂട്യൂബ് ഇൻഫ്ലുവൻസർ വഴി പരിചയപ്പെട്ട ഏജന്റുമാർക്ക് 17 ലക്ഷം രൂപയോളം നൽകിയാണ് ഷബിൻ യുകെയിലെത്തിയത്.
വാട്സ്ആപ് വഴി നടത്തിയ അഭിമുഖത്തിന് ശേഷം സ്വാൻ കെയർ സൊല്യൂഷൻസ് കമ്പനി ഇദ്ദേഹത്തിന് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് (CoS) നൽകി. എന്നാൽ 2023-ൽ യുകെയിലെ സ്റ്റാഫോർഡിൽ എത്തിയ ഷബിന്, ഡ്രൈവിംഗിനായി കാർ വാങ്ങുകയും ഓൺലൈൻ പരിശീലനം പൂർത്തിയാക്കുകയും ചെയ്തിട്ടും കമ്പനി ഷിഫ്റ്റുകൾ ഒന്നും നൽകിയില്ല.
ജോലി ചോദിച്ചപ്പോഴൊക്കെ "നിങ്ങളുടെ ഊഴം വരുമ്പോൾ അറിയിക്കാം' എന്ന് പറഞ്ഞ് കമ്പനി അധികൃതർ കൈമലർത്തുകയായിരുന്നു. സ്പോൺസേർഡ് വിസയിലായതിനാൽ ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ മറ്റ് ജോലികൾ ചെയ്യാനും ഇദ്ദേഹത്തിന് നിയമപരമായി സാധിക്കുമായിരുന്നില്ല.
ജോലിയും കൂലിയുമില്ലാതെ യുകെയിൽ അകപ്പെട്ടുപോയ തന്റെ ദുരിതകാലത്തെക്കുറിച്ച് ഷബിൻ കോടതിയിൽ പറഞ്ഞത് കണ്ണീരണിയിക്കുന്നതായിരുന്നു. "പണമില്ലാതെ പൂർണമായും ഞാൻ തകർന്നുപോയി. വെള്ളം കുടിച്ചും കാലാവധി തീരാറായ വിലകുറഞ്ഞ ബ്രെഡ് വാങ്ങിയുമാണ് ജീവൻ നിലനിർത്തിയതെന്നും ഷബിൻ ഷാജി പറഞ്ഞു.
യുകെയിലെ തൊഴിലാളി സംരക്ഷണ ചാരിറ്റിയായ വർക്ക് റൈറ്റ്സ് സെന്ററിന്റെ സഹായത്തോടെയാണ് ഷബിൻ നിയമപോരാട്ടം നടത്തിയത്. ഒരു തൊഴിലാളി ജോലി ചെയ്യാൻ തയാറായി ഇവിടെയുള്ളപ്പോൾ അവർക്ക് വേതനം നൽകാതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് എംപ്ലോയ്മെന്റ് ജഡ്ജ് കേറ്റ് എഡ്മണ്ട്സ് വ്യക്തമാക്കി. കമ്പനി ഷബിനെ ഒരു സീറോഅവർ തൊഴിലാളിയെപ്പോലെയാണ് പരിഗണിച്ചതെന്നും എന്നാൽ വീസ നിയമപ്രകാരം അത് തെറ്റാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ശമ്പള കുടിശികയ്ക്ക് പുറമെ, കൃത്യമായ തൊഴിൽ കരാർ നൽകാത്തതിനും പരാതി പരിഹരിക്കാതിരുന്നതിനും കമ്പനിക്ക് കോടതി പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ ഈ കമ്പനിയുടെ വീസ സ്പോൺസർഷിപ്പ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കുകയും ചെയ്തു.
യുകെയിൽ കെയർ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി ആളുകളെ എത്തിക്കുകയും പിന്നീട് ജോലി നൽകാതെ വഞ്ചിക്കുകയും ചെയ്യുന്ന കെയർ കമ്പനികൾക്കുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് ലണ്ടനിലെ പ്രവാസി സംഘടനകൾ വിലയിരുത്തി.
വീസ നിയമങ്ങളിൽ അടിയന്തിര പരിഷ്കാരം കൊണ്ടുവരണമെന്ന് വർക്ക് റൈറ്റ്സ് സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡോറ ഒലിവിയ ആവശ്യപ്പെട്ടു.
International
അബുദാബി: സാമൂഹികമാധ്യമമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ(40) ആണ് മരിച്ചത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.
ടിക് ടോക്കിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ടിക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ എത്തുകയായിരുന്നു എന്നാണ് സൂചന. പൊതുസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഷാർജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ഇസ്മായിൽ. ഭാര്യയും മക്കളും നാട്ടിലാണ്. അദ്ദേഹത്തിന്റെ സഹോദരൻ ജുബൈറും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ടിക് ടോക്കിൽ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേരെ ഷാർജ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഷാർജയിലെ ബുഹൈറ പോലീസ് ആണ് തുടർനടപടികൾ സ്വീകരിച്ചത്. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Kerala
ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് മരിച്ചത്.
ഷാർജ അൽ നഹ്ദയിലാണ് സംഭവം. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം.
സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
NRI
മസ്കറ്റ്: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു. കാക്കത്തോട് സ്വദേശിയായ എം.പി. മഹമൂദ് (62) ആണ് മരിച്ചത്.
മഹമൂദിന്റെ മകന്റെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. കബറടക്കം മസ്കറ്റിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ: മെഹ്റ, മാജിത, മാസിൻ മഹമൂദ്.
Sports
ആലുവ: തമിഴ്നാട്ടിലെ ഫുട്ബോൾ മൈതാനങ്ങളിൽ ഒരുകാലത്ത് കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി നിറഞ്ഞുനിന്ന മലയാളിതാരം കെ.പി. പോൾസൺ എന്ന ആലുവ കരുവേലി പോൾസൺ ഇനി ഓർമ.
പ്രതിരോധനിരയിലാണു കളിച്ചിരുന്നതെങ്കിലും ആക്രമണ ഫുട്ബോളിന്റെ ആവേശം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അപൂർവതാരങ്ങളിലൊരാളായിരുന്നു പോൾസൺ. തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് ടീമിന്റെ പ്രതിരോധതാരമായി തമിഴ്നാട് ഫുട്ബോൾ ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച പോൾസൺ, തമിഴ്നാടിന്റെ സന്തോഷ് ട്രോഫി ടീമിലെ അവിഭാജ്യഘടകമായിരുന്നു. നാലുവർഷം സന്തോഷ് ട്രോഫി ടീമിൽ കളിച്ചു.
പന്തു കാലിലെത്തിയാൽ നിമിഷങ്ങൾക്കകം പ്രതിരോധഭടനിൽനിന്ന് ആക്രമണനിരയിലെ കുന്തമുനയായി പോൾസൺ മാറുമായിരുന്നു. ഇടത്-വലത് വിംഗുകളിലൂടെ ചാട്ടുളിപോലെ പാഞ്ഞുകയറി മുന്നേറ്റനിരയിലെ താരങ്ങൾക്കു കൃത്യമായ പാസുകൾ നൽകി ഗോളവസരങ്ങൾ ഒരുക്കിയിരുന്നു. പ്രതിരോധത്തിന്റെ ഉറപ്പും ആക്രമണത്തിന്റെ ചടുലതയും ഒരുപോലെ ചേർന്ന അപൂർവ കേളിശൈലി അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.
1981ൽ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ കിരീടം നേടിയ കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലെ ശക്തമായ സാന്നിധ്യമായിരുന്നു. മലപ്പുറം മന്പാട് എംഇഎസ് കോളജിന്റെ താരമായി 1979 മുതൽ കാലിക്കട്ട് വാഴ്സിറ്റിക്കായി കളിച്ചു. കരുത്തുറ്റ ടാക്ലിംഗും കൃത്യമായ ക്ലിയറൻസുകളും അതിവേഗമുന്നേറ്റങ്ങളും ചേർന്ന കളി സഹതാരങ്ങൾക്കും പരിശീലകർക്കും ഒരുപോലെ വിശ്വാസമായിരുന്നു. തമിഴ്നാട്ടിലെ ക്ലബ് ഫുട്ബോളിൽ മലയാളിതാരങ്ങളുടെ സാന്നിധ്യം ശക്തമായിരുന്ന കാലത്ത് ആത്മാർഥതയും കഠിനാധ്വാനവുംകൊണ്ട് സ്വന്തം ഇടം ഉറപ്പിച്ച താരമായിരുന്നു പോൾസൺ.
“1983 ൽ തമിഴ്നാട് ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടിഎഫ്എ ഷീൽഡിന്റെ സെമിഫൈനൽ. ചണ്ഡിഗഡിന്റെ ഇന്ത്യയിലെന്നെ മികച്ച മുന്നേറ്റതാരമായിരുന്ന സതീഷ്കുമാർസിംഗിനെ പെനാൽറ്റി ബോക്സിനുള്ളിൽ കടക്കാൻ പോൾസൻ അനുവദിച്ചില്ല. അന്നവരെ തോൽപ്പിച്ച് ഞങ്ങൾ സെമിയിൽ കടന്നു. അത്തവണ തൃശൂരിലെ ചാക്കോള ട്രോഫിയിലും ഞങ്ങൾ സെമിയിലെത്തി.
എന്നെ തൂത്തുക്കുടി പോർട്ട് ടീമിലേക്കു കൊണ്ടുപോയതും പോൾസണാണ്. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഞങ്ങൾക്കിരുവർക്കും അവസരം ലഭിച്ചെങ്കിലും അദ്ദേഹം പോന്നില്ല. അവിടെത്തന്നെ അസി. ട്രാഫിക് മാനേജരായി വിരമിച്ചു”- സഹതാരവും ഇരിങ്ങാലക്കുട സ്വദേശിയുമായ എ.വി. ജോസഫ് ഓർമകൾ പങ്കുവച്ചു.
കാൻസർ ശരീരത്തെ തളർത്തിയെങ്കിലും ഫുട്ബോളിനോടുള്ള പോൾസന്റെ ആവേശം അവസാനനാളുകളിലും കുറഞ്ഞില്ലെന്ന് ഇന്ത്യൻതാരമായിരുന്ന നാട്ടുകാരൻ എം.എം. ജേക്കബ് അനുസ്മരിച്ചു. വിരമിച്ചിട്ടും ആലുവ ഫുട്ബോൾ അക്കാഡമിയുടെ കോച്ചായിരുന്നു.
NRI
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
NRI
ഷിക്കാഗോ: സെന്റ് തോമസ് സീറോമലബാർ രൂപതയുടെ സ്ഥാപനം, മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി കന്യാസ്ത്രീമാരുടെയും സംഗമം ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ സമാപിച്ചു.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ ബിസെന്റ് കത്തോലിക്കാ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച നടന്ന സെമിനാറിന് സ്പ്രിംഗ്ഫീൽഡിലെ ബിഷപ് തോമസ് പാപ്രോക്കി നേതൃത്വം നൽകി. വൈകുന്നേരം അർപ്പിക്കപ്പെട്ട സമൂഹബലിയിൽ ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായിരുന്നു.
ബിഷപ് റോബർട്ട് പിപ്റ്റ വചനസന്ദേശം നൽകി. മാർ ജേക്കബ് അങ്ങാടിയത്തും നിരവധി വൈദികരും സഹകാർമികരായി. തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സംഗമത്തിൽ പങ്കെടുത്ത 250-ൽ പരം സന്യാസിനികളെ ആദരിച്ച് പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ് റോബർട്ട് പിപ്റ്റ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
NRI
ഷിക്കാഗോ: സെന്റ തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമം ഷിക്കാഗോ ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് തുടക്കമായി.
ഇതോടനുബന്ധിച്ച പൊതുസമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ റിതുവേനീയൻ -ബൈസന്റെൻ കത്തോലിക്കാ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിന് സ്പ്രിംഫിൽഡിലെ ബിഷപ് തോമസ് പപ്പറോക്കി നേതൃത്വം നല്കി. അഞ്ചിന് നടന്ന സമൂഹബിലിയിൽ ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായിരുന്നു. ബിഷപ് റോബർട്ട് പിപ്റ്റ വചന സന്ദേശം നൽകി. ഫാ. ജയ്ക്കബ് അംങ്ങാടിയത്തും നിരവധി വൈദികരും സഹകാർമികരായിരുന്നു.
തുടർന്ന് മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഈ സംഗമത്തിൽ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതിൽപരം സന്യാസിനികളെ പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനം റിതുവേനീയൻ - ബൈസന്റെയിൽ രൂപതാ ബിഷപ് റോബർട്ട് പിപ്റ്റ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷൻ ആയിരുന്നു. ജൂബിലേറിയൻ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വാഷിംഗ്ടൺ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയ്സൻ ഓഫീസറും മലങ്കരഓർത്തഡോക്സ് രൂപതാംഗവുമായ റവ.ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ.സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.
ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നല്കിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ചിക്കാഗോ സീറോമലബാർ രൂപതാ വികാരി ജനറാളന്മാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസാ ആഞലിക്കൻ എന്നിവർ നേതൃത്വം നല്കി.
സമ്മേളനത്തിന്റെ ചെയർപേഴ്സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു. എലൈൻ ഒറ്റതൈക്കൽ സമ്മേളനത്തിന്റെ എംസിയായി പ്രവർത്തിച്ചു.
തുടർന്ന് ഷിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.
കലാപരിപാടികൾ ഡെന്നി പുല്ലാപ്പള്ളിൽ, ചിന്നു തോട്ടം എന്നിവർ കോഓർഡിനേറ്റ ചെയ്തു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എംസിയായി പ്രവർത്തിച്ചു. ചരിത്രപരമായ ഈ കൂട്ടായ്മ ശനിയാഴ്ച ഉച്ചയോടെ സമാപിക്കും.
National
മുംബൈ: താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച ജയൻ ശിവാനന്ദൻ നായർക്കു തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി. ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നു ജയൻ മൊഴി നൽകിയതായി സീനിയർ പോലീസ് ഇൻസ്പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു.
യുവതി സഹായം അഭ്യർഥിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ ജയൻ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്നു വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു.
ഒമ്പതാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ വളർത്തിയത് അതിക്രമത്തിന് ഇരയായ യുവതിയുടെ കുടുംബമാണ്. സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. സ്കൂൾ വളപ്പിൽനിന്നു വാഴപ്പഴം പറിക്കുന്നതു യുവതി ചോദ്യം ചെയ്തതാണ് യുവാക്കളുമായി തർക്കത്തിനു കാരണമായത്.
യുവതിയെ പലതവണ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. താനെ മുംബ്രയിലെ ബിസ്മില്ലാ ചാളിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തപ്പോൾ യുവതി ജയനെ വിളിച്ചുവരുത്തുകയായിരുന്നു. തോക്കുമായി സ്ഥലത്തെത്തിയ ജയൻ വെടിവയ്ക്കുകയും ഇരുവരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാലു കിലോമീറ്റർ അകലെനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ജയനെ റിമാൻഡ് ചെയ്തു. യുവതിക്കെതിരെയും കേസെടുത്തു.
കൊല്ലത്താണ് കുടുംബവീടെന്നും ഏറെക്കാലം കോല്‍ക്കത്തയിൽ താമസിച്ചിരുന്നതായും ജയൻ പോലീസിനു മൊഴി നൽകി. ജയൻ മുൻ സൈനികനാണെന്നും പരിശീലനം ലഭിച്ചവർക്കു മാത്രമേ ഇത്ര കൃത്യതയോടെ വെടിവയ്ക്കാൻ കഴിയൂ എന്നും പോലീസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി.
വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു.
കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗീക അതിക്രമണത്തിന് ശ്രമിച്ചിരുന്നു. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്. യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടവച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പോലീസ് പറഞ്ഞു.
International
ഡബ്ലിൻ: മലയാളിയായ തോമസ് ജോസഫിനെ അയർലൻഡിൽ ഓത്ത്സ് കമ്മീഷണറായി നിയമിച്ചു.
ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിൽ എത്തുന്നത്. തലസ്ഥാന നഗരമായ ഡബ്ലിൻ ഏരിയയിലാണ് നിയമനം.
ഐറിഷ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് തോമസ് ജോസഫിന് നിയമനം നൽകിയത്. നിലവിൽ പീസ് കമ്മീഷണറായ ഇദ്ദേഹം ഡല്ലേരി കൗണ്ടിയിൽ കൗൺസിലർ കൂടിയാണ്. ലേബർ പാർട്ടി പ്രതിനിധിയാണ്. ഇദ്ദേഹം ഡബ്ലിനിൽ ഐടി സ്പെഷലിസ്റ്റാണ്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിവരുന്നു.
ഓത്ത്സ് കമ്മീഷണർ പദവിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സൗജന്യമായി നിറവേറ്റുമെന്ന് തോമസ് ജോസഫ് ദീപികയോട് പറഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെയായി അയർലൻഡിലെ പൊതുപ്രവർത്തനരംഗത്തുള്ള തോമസ് ജോസഫ് ഇടുക്കി ഉപ്പുതോട് വേഴപ്പശേരിൽ പരേതരായ ജോസഫ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ മഞ്ജുഷ് മാത്യു (ട്യൂട്ടർ, നിയോനേറ്റൽ, എച്ച്എസ്ഇ, ഡബ്ലിൻ) മക്കൾ ആൻസെൽ, ആൽഫി, ആന്റോൺ.
NRI
റിയാദ്: സൗദിയിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്.
ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു.
Kerala
കൊച്ചി: ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമൊരുക്കി മലയാളിയുടെ കണ്ടുപിടിത്തം. കൊല്ലം ചടയമംഗലം സ്വദേശി ഹസൻ വർഷങ്ങൾ നീണ്ട പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും രൂപപ്പെടുത്തിയ ‘ഡയപ്പർ ഡിസോൾവർ’ എന്ന പൊടിയാണു മാലിന്യ സംസ്കരണത്തിൽ പുതുമാതൃകയാവുന്നത്.
ഉപയോഗശേഷം അശാസ്ത്രീയമായി ഉപേക്ഷിക്കുന്ന ഡയപ്പറുകളിലും നാപ്കിനുകളിലുമുള്ള ജെൽ ഘടകമായ സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തുവിനെ നിർവീര്യമാക്കുന്നത് ലോകമെങ്ങും മാലിന്യസംസ്കരണ മേഖലയിൽ വെല്ലുവിളിയാണ്. ഇവയിൽ വെള്ളം തട്ടുമ്പോൾ വീർത്ത് ഡ്രെയിനുകൾ മൂടുകയും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്യും.
മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം ഈ മാലിന്യം നിലനിൽക്കും. പല പാളികളുള്ള പ്ലാസ്റ്റിക് ഘടനയും ജെൽ കോറും ഉള്ളതിനാൽ ഇത് എളുപ്പത്തിൽ നശിക്കാത്തതും പ്രതിസന്ധിയാണ്. ടോയ്ലറ്റുകളിലേക്കും തുറന്ന ചാലുകളിലേക്കും മാലിന്യകൂമ്പാരങ്ങളിലേക്കും ഡയപ്പർ തള്ളുന്ന സാഹചര്യം വ്യാപകമാണ്.ഈ പ്രശ്നത്തിനാണ് ഹസൻ കണ്ടെത്തിയ ഡയപ്പർ ഡിസോൾവറിലൂടെ പരിഹാരം കാണുന്നത്.
ഉപയോഗിച്ച ഡയപ്പറോ നാപ്കിനോ ഡിസോൾവർ പൊടി നിശ്ചിത അളവിൽ കലക്കിയ വെള്ളത്തിൽ 10-20 മിനിറ്റ് മുക്കിവയ്ക്കണം. ഇതിലൂടെ ജെൽ ഭാഗം പൂർണമായി വെള്ളത്തിൽ ലയിക്കും. ശേഷിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാം.
വീട്ടുപയോഗത്തിനും ആശുപത്രികൾക്കും മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നു ഹസൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഡയപ്പർ, നാപ്കിൻ മാലിന്യ സംസ്കരണത്തിന് കർമപദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമം.
ആരോഗ്യ, ശുചിത്വ വകുപ്പുകൾ, സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി എന്നിവയുമായി സഹകരിച്ച് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. റെസിഡന്റ്സ് അസോസിയേഷനുകൾ, ആശുപത്രികൾ, പ്രസവകേന്ദ്രങ്ങൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
ഡയപ്പർ ഡിസോൾവറിനു പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹസന്റെ നേതൃത്വത്തിൽ ക്ലീനിംഗ് സാമഗ്രികൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റ് ചടയമംഗലത്ത് 2006 മുതൽ പ്രവർത്തിക്കുന്നുണ്ട്.
International
മസ്കറ്റ്: ഒമാനിൽ വാഹനമിടിച്ച് മലയാളികളായ രണ്ടുപേർ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്. ഷജിത്തിന്റെ സഹോദരന്റെ പുത്രനാണ് ആകാശ്.
ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം വിട്ട് ഷജിത്തിനെയും ആകാശിനെയും ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തുടർനടപടിക്കായി ആശുപത്രിയിലേക്ക് മാറ്റി.
NRI
അബഹ: സൗദി അറേബ്യയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കർണാടക ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദയിലായിരുന്നു അപകടം. സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് വലിയപറമ്പ സ്വദേശി മുബറാക് - റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ് - നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ.
Viral
അരുണാചൽ പ്രദേശിലെ തവാങ്ങിലുള്ള സെല തടാകത്തിലുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ജീവൻ നഷ്ടമായി.
സമുദ്രനിരപ്പിൽ നിന്നും 13000 -ത്തോളം അടി ഉയരത്തിലുള്ള തടാകത്തിലെ മഞ്ഞുപാളി തകർന്നു വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളായ ദിനുവും മഹാദേവും അപകടത്തിൽപ്പെട്ടത്.
സംഘത്തിലുണ്ടായിരുന്ന ഒരാൾ തടാകത്തിലെ ഐസ് പാളികൾക്കിടയിലേക്ക് വീണപ്പോൾ ഇരുവരും ചേർന്ന് ഇയാളെ സുരക്ഷിതനായി കരയ്ക്കെത്തിച്ചെങ്കിലും, തുടർന്നുണ്ടായ അപ്രതീക്ഷിത സാഹചര്യത്തിൽ ഇവർ രണ്ടുപേരും തണുത്തുറഞ്ഞ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസും ദുരന്തനിവാരണ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ ദിനുവിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം മഹാദേവിനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.
മരവിച്ചുകിടക്കുന്ന തടാകത്തിലൂടെ നടക്കുന്നത് അപകടമാണെന്ന ഭരണകൂടത്തിന്റെ കർശന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ ദാരുണസംഭവം നടന്നത്.
ശൈത്യകാലത്ത് തടാകത്തിലെ മഞ്ഞുപാളികൾക്ക് ഭാരം താങ്ങാനുള്ള ശേഷിയുണ്ടാകില്ലെന്നതിനാൽ വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.
Kerala
ആലപ്പുഴ: ഭാവിയിലെ ഊർജ സംഭരണ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഗവേഷണത്തിന് മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്.
സൂപ്പർ കപ്പാസിറ്ററുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന നൂതനമായ ഇലക്ട്രോഡ് മെറ്റീരിയൽ വികസിപ്പിച്ചെടുത്തതിനാണ് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗം ഗവേഷകയായിരുന്ന ഡോ. ക്രിസ്മ റോസ് ബാബുവിനും സൂപ്പർവൈസർ പ്രഫ. ഇ.ഐ. അനിലയ്ക്കും കേന്ദ്ര സർക്കാർ പേറ്റന്റ് അനുവദിച്ചത്. 20 വർഷത്തേക്കാണ് ഈ പേറ്റന്റിന് സാധുതയുള്ളത്. ബാറ്ററികളേക്കാൾ വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ കാലം ഈടുനിൽക്കാനും സഹായിക്കുന്നവയാണ് സൂപ്പർ കപ്പാസിറ്ററുകൾ.
കാർബണിന്റെ അപരരൂപമായ ഗ്രാഫൈറ്റിൽനിന്നുണ്ടാകുന്ന റെഡ്യൂസ്ഡ് ഗ്രാഫീൻ ഓക്സൈഡും (rGO), കോപ്പർ ഡോപ്പ് ചെയ്ത കൊബാൾട്ട് ഓക്സൈഡ് നാനോകണങ്ങളും സംയോജിപ്പിച്ച് പുതിയൊരു ഹൈബ്രിഡ് നാനോകോമ്പോസിറ്റ് ഇലക്ട്രോഡാണ് ഇവർ നിർമിച്ചത്. ഏതാണ്ട് 200 ഡിഗ്രി സെൽഷസ് എന്ന ഉയർന്ന താപനിലയിൽ നടത്തിയ സങ്കീർണമായ പരീക്ഷണത്തിലൂടെ നിക്കൽ ഫോം എന്ന കറന്റ് കളക്ടറിലാണ് ഈ ഇലക്ട്രോഡ് മെറ്റീരിയൽ വികസിപ്പിച്ചത്. ഇതിന്റെ ഇലക്ട്രോ കെമിക്കൽ പെർഫോമൻസ് പഠനങ്ങൾ വലിയ വിജയമായിരുന്നു.
വൈദ്യുത വാഹന രംഗത്ത് വൻ മാറ്റം
ഇലക്ട്രിക് വാഹന മേഖലയിലും ഇലക്ട്രോണിക്സ് രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ കണ്ടുപിടിത്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ഊർജ സംഭരണ മാർഗങ്ങളേക്കാൾ കാര്യക്ഷമമായതിനാൽ പുനരുപയോഗ ഊർജ സംവിധാനങ്ങൾ (Renewable Energy Systems), ബാക്കപ്പ് പവർ തുടങ്ങിയ മേഖലകളിലും ഈ സാങ്കേതികവിദ്യ മുതൽക്കൂട്ടാകും.
അഭിമാനമായി ഗവേഷകർ
ചേർത്തല തൈക്കാട്ടുശേരിയിലെ ഇരവിമംഗലത്ത് അധ്യാപക ദമ്പതികളായ ബാബു സിറിയക്കിന്റെയും മരിയ ജോണിന്റെയും മകളാണ് ഡോ. ക്രിസ്മ റോസ് ബാബു. തേവര സേക്രഡ് ഹാർട്ട് കോളജിലെ എംഎസ്സി പഠനത്തിനു ശേഷമാണ് പ്രഫ. അനിലയുടെ മാർഗനിർദേശത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്.
നിലവിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (CUSAT) ഫിസിക്സ് വിഭാഗത്തിൽ റൂസ (RUSA) പ്രോജക്റ്റിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചറാണ് ക്രിസ്മ. ഇടുക്കി മേരികുളം സ്വദേശി ബ്രിജിൽ ജോസഫാണ് ഭർത്താവ്. ആലുവ യുസി കോളജിലെ മുൻ അധ്യാപികയായ പ്രഫ. ഇ.ഐ. അനില നിലവിൽ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രഫസറായി സേവനമനുഷ്ഠിക്കുന്നു.
National
ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനായ ബിനിയം നാസർ എന്ന യുവാവിനെ ആണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.
ദുബായ്, ഹൈദരാബാദ് യാത്രയ്ക്കിടെ, എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസിനെ അപമര്യാദയായി സ്പർശിച്ചെന്ന പരാതിയിലാണ് നടപടി. മദ്യലഹരിയിലായിരുന്നു ഇയാൾ.
അശ്ലീല ഭാഷയിൽ, എയർ ഹോസ്റ്റസിന് ഇയാൾ എഴുതിയ കത്തും കണ്ടെത്തി.ബിഎൻഎസിലെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.
നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം ദുബായ്-ഹൈദരാബാദ് വിമാനത്തിൽ വെച്ച് നടന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബിനിയം നസർ മദ്യലഹരിയിലായിരുന്നെന്നും വിമാനത്തിനുള്ളിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും ശാരീരികമായി സ്പർശിച്ചെന്നും കാണിച്ച് ക്യാബിൻ ക്രൂ അംഗം പരാതി നൽകി.
വിമാനജീവനക്കാരി ആദ്യം ഈ ശാരീരിക സ്പർശം ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതി തള്ളിക്കളഞ്ഞു. എന്നാൽ, വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നാസർ വീണ്ടും വിമാനജീവനക്കാരെ സമീപിച്ചു. തന്റെ പാസ്പോർട്ട് വിമാനത്തിൽ വെച്ച് മറന്നുപോയതായി ഇയാൾ അവകാശപ്പെട്ടു. പാസ്പോർട്ട് പരിശോധിക്കാൻ എയർ ഹോസ്റ്റസ് സീറ്റിലേക്ക് തിരികെ പോയപ്പോൾ, യാത്രക്കാരൻ ഇരുന്ന സീറ്റിനടുത്ത് ഉപേക്ഷിച്ച ടിഷ്യൂ പേപ്പറിൽ അശ്ലീലമായ എഴുത്തുകൾ കണ്ടെത്തുകയായിരുന്നു.
എന്നാൽ പാസ്പോർട്ട് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഔദ്യോഗികമായി പരാതി നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു. പരാതിയെത്തുടർന്ന് വിമാനത്താവള പോലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
ശ്രീനഗർ: ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ കെ. സജീഷ് ആണ് വീരമൃത്യു വരിച്ചത്.
പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഞായറാഴ്ച നാട്ടിൽ എത്തിക്കും.
NRI
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
NRI
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
NRI
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു. കുറുമുള്ളൂർ കണിയാംപറന്പിൽ പരേതനായ സിറിയക്കിന്റെയും മോളി ചെമ്മാച്ചേലിന്റെയും മകൻ നവീഷ് ലൂക്ക് സിറിയക്(42) ആണ് മരിച്ചത്.
സംസ്കാരം ചൊവ്വാഴ്ച ഷിക്കാഗോയിൽ. ഭാര്യ ജിനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗം. മക്കൾ: നേതൻ, ജയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ, പ്രറ്റി മുടിക്കുന്നേൽ (ഇരുവരും അമേരിക്ക).
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പരേതന്റെ ആത്മശാന്തിക്കായി കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
NRI
ഡബ്ലിൻ: അയർലൻഡിൽ കാറിനുള്ളിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീകാന്ത് സോമനാഥൻ(51) ആണ് മരിച്ചത്. ഡബ്ലിൻ കരിക്കമൈൻസിലാണ് ശ്രീകാന്തിനെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് നിഗമനം. സംസ്കാരം പിന്നീട്.
പന്തളം കൂരമ്പാല ചിത്രയിൽ പരേതനായ സോമനാഥന്റെയും ശകുന്തളയുടെയും മകനാണ്.
ശ്രീനാഥിന് ഭാര്യയും ഒരു മകനും ഉണ്ട്. സഹോദരൻ ശ്രീജിത്ത്.
NRI
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം തോപ്പിൽ രഹനയാണ്(42) മരിച്ചത്. ഭർത്താവ് അബ്ദുൾ മനാഫുമൊന്നിച്ച് (ജലീൽ) കാറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംതെറ്റി മറിഞ്ഞായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന മകൻ മുഹമ്മദ് സ്വാലിഹിനും ജലീലിനും നിസാര പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഹന ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളി ഖബറിസ്ഥാനിൽ സംസ്കരിക്കും. മൂന്നു വർഷം മുമ്പാണ് രഹന നാട്ടിൽനിന്ന് ജലീലിനൊപ്പം ദമാമിലേക്കു പോയത്. മകൾ തസ്നീമ. മരുമകൻ മുഹമ്മദ് ഫാസിൽ.
NRI
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. 30 വർഷമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനായ സിദ്ദീഖ്(57) ആണ് മരിച്ചത്.
ജോലിക്ക് വരുന്ന സമയം കഴിഞ്ഞും സിദ്ദീഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി മുറിയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ പി.എൻ.എം. റഫീഖ്, ഏരിയ പ്രസിഡന്റ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി.
മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ റംല. മക്കൾ മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്.
NRI
ഷാര്‍ജ: കഴിഞ്ഞാഴ്ച ഷാര്‍ജയില്‍ അന്തരിച്ച മലപ്പുറം തിരൂര്‍ പുതുപ്പള്ളി സ്വദേശി പ്രേമരാജന്റെ(49) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
വെള്ളിയാഴ്ച രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ 3.35ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി.
ഷാര്‍ജയിലെ താമസസ്ഥലത്താണ് പ്രേമരാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പ്രേമരാജന്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ക്ക് യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരി, കമ്പനി എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അശ്വതി ദാസ്, ബന്ധുക്കളായ കിരണ്‍, രാജു, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
NRI
ഡബ്ലിൻ: കോഴിക്കോട് സ്വദേശിയെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കോർക്കിലുള്ള ബാൻഡനിൽ താമസിക്കുന്ന രഞ്ജു റോസ് കുര്യൻ(40) ആണ് മരിച്ചത്.
അയര്‍ലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് (നഴ്സ്). മക്കൾ: ക്രിസ്, ഫെലിക്സ്.
NRI
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരിച്ചു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ റൂബി (റോം). രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ അലിക് ഇറ്റലി, രക്തപുഷ്പങ്ങൾ ഇറ്റലി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
NRI
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാണ്(27) മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
ന്യൂജഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോമലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ്: ജോബിന് ജോസഫ്.
NRI
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ(26) ആണ് മരിച്ചത്.
യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
NRI
ഇരിട്ടി: ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) വേണ്ടി എഐ സാങ്കേതികവിദ്യയിൽ നിർമിച്ച ഹ്രസ്വചിത്രത്തിൽ പങ്കാളിയായി കീഴ്പ്പള്ളി സ്വദേശിയും. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമായ ഇരിട്ടി കീഴ്പ്പള്ളിയിലെ കാരക്കാട്ട് തോമസ്-ഷൈനി ദമ്പതികളുടെ മകൻ ഷോൺ ആണ് ഹ്രസ്വചിത്രത്തിന്റെ പ്രൊഡ്യൂസർമാരിലൊരാൾ.
15 വർഷത്തിനു ശേഷമുള്ള പ്രകൃതിയെക്കുറിച്ചുള്ള സിനിമയാണ് ‘ഇമാജിൻ ലാൻഡ് 2040’. പ്രകൃതിയിലേക്കും ചുറ്റുപാടുകളിലേക്കുമുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിൽനിന്നും പുതിയ പ്രതീക്ഷയിലേക്കുള്ള ചെറിയ കുട്ടിയുടെ സ്വപ്നത്തിലൂടെയാണ് കഥ കടന്നുപോകുന്നത്.
നിലവിലുള്ള വെല്ലുവിളികളെ അതിജീവിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള കൊച്ചുസന്ദേശമാണ് സിനിമയുടെ രൂപത്തിൽ ഷോണും സുഹൃത്തുക്കളും പറഞ്ഞു വയ്ക്കുന്നത്. 40 പേരടങ്ങുന്ന സംഘത്തിൽ 35 വിദ്യാർഥികളും അഞ്ചു മുതിർന്നവരുമാണു സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
രണ്ടാഴ്ചകൊണ്ട് ഷൂട്ടിംഗ് പൂർത്തിയായെങ്കിലും നാലുമാസം എടുത്താണ് സിനിമയുടെ ചിത്രീകരണം മുഴുവൻ പൂർത്തിയാക്കിയത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങൾ, വനങ്ങൾ, ചൈനയിലെ മലനിരകൾ, ആമസോൺ കാടുകൾ, സെനഗലിലെ മരുഭൂമി എന്നിവിടങ്ങളിലെ കാഴ്ചകളാണു സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾപഠന കാലഘട്ടത്തിൽത്തന്നെ അക്കഡേമിക് മികവുകൊണ്ട് യുഎന്നിന്റെ വിവിധ പ്രോഗ്രാമുകളിൽ ഷോൺ പങ്കെടുത്തിട്ടുണ്ട്. യുഎന്നുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾക്കായി ഷോൺ 33 വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ക്ഷണപ്രകാരം വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിലും ഷോൺ പങ്കെടുത്തിട്ടുണ്ട്.സിനിമയ്ക്കു പുറമെ ന്യൂയോർക്ക് സിറ്റിയിൽ പുതിയ സ്റ്റാർട്ട് അപ്പ് ബിസിനസും ആരംഭിച്ചിരിക്കുകയാണ് ഷോൺ.