അർജുൻ ജിനചന്ദ്രൻ
ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.
കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.
അർജുന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
സഹോദരി: അനു ഷൈജു.