മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
ന്യൂഡൽഹി: നേതാക്കളെ ആദ്യം തന്നെ കസ്റ്റഡിയിലെടുത്ത് പ്രതിഷേധം ഇല്ലാതാക്കാമെന്ന പൊലിസ് തന്ത്രം പാളി. രാജ്യതലസ്ഥാനത്ത് ത്രിവർണപതാകയേന്തി യുവശക്തി തിളച്ചു. കോക്രോച്ച് ജനത പാർട്ടിയും (സിജെപി) ഇടത് വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ച തിരംഗ റാലിയിലെ വൻ പങ്കാളിത്തമാണ് പൊലിസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.
റാലിക്കു മുമ്പേതന്നെ സിജെപി നേതാവ് അഭിജീത് ദീപ്കെയെ വീടിനു മുന്നിൽവച്ചും ഐസ നേതാവ് നേഹ ബോറയെ മണ്ഡി ഹൗസിൽനിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. റാലി പ്രഖ്യാപിച്ച കൊണാട്ട ്പ്ലേസിലെ സെൻട്രൽ പാർക്ക് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഡൽഹി മുനിസിപ്പൽ അഥോറിറ്റി രണ്ടു ദിവസത്തേക്ക് അടച്ചെങ്കിലും കൊണാട്ട് പ്ലേസ് വളഞ്ഞ് പ്രവർത്തകരെത്തി. ഇടത് എംപിമാരായ ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, എ.എ. റഹിം, വി. ശിവദാസൻ തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമായി.
ദേശീയപതാക കൈയിലേന്തിയും ദേശീയഗാനം ആലപിച്ചുമാണ് പ്രവർത്തകർ എസ്ഐആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധത്തിന്റെ പുതുവഴി തേടിയത്. വൈകുന്നേരം അഞ്ചിന് കൊണാട്ട് പ്ലേസിലേക്ക് എത്താനായിരുന്നു ആഹ്വാനം.
അതനുസരിച്ച് പലയിടങ്ങളിൽനിന്നായി പ്രവർത്തകർ അണിനിരന്നു. ആദ്യം നടപടിയിലേക്ക് കടക്കാതിരുന്ന പൊലിസ് സെൻട്രൽ പാർക്ക് ചുറ്റി റാലി നടത്തുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. നേതാക്കളെ ആദ്യമേ കസ്റ്റഡിയിലെടുത്തതോടെ മുൻ ദിവസങ്ങളെ അപേക്ഷിച്ച് പ്രവർത്തകരെ പൂർണമായും തടയുന്ന സമീപനമായിരുന്നില്ല പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്.
എന്നാൽ, പ്രതിഷേധം ആരംഭിച്ച് ഒരുമണിക്കൂർ കഴിഞ്ഞതോടെ പ്രവർത്തകരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. പലരും റോഡിൽ കിടന്നു. അവരെ ബലമായി കസ്റ്റഡിയിലെടുത്ത് നീക്കി. നേതാക്കളുൾപ്പടെ നൂറ്റിയൻപതോളം പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കി.
സിജെപിയുടെ മാർച്ചിനു പിന്നാലെ ഐസ, എഎപി, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ്, എസ്എഫ്ഐ തുടങ്ങി വിവിധ സംഘടനകൾ പ്രകടനമായി എത്തിയതോടെ ചെറിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലിസ് അവരെയും നീക്കംചെയ്തു. 6,000 സുരക്ഷ സൈനികരെ കൊണാട്ട് പ്ലേസിൽ വിന്യസിച്ചാണ് പൊലിസ് പ്രവർത്തകരെ നേരിട്ടത്.
സിഎപിഎഫിന്റെ 220 കമ്പനിയെയും ഇവിടെ വിന്യസിച്ചിരുന്നു. ഇന്നും മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Protests DelhiIntensify TirangaRally Momentum Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash