നാളെ ദുബായിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ജുവൽ ഓഫ് ജോയ്
ദുബായ്: മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷൻ തുറക്കാൻ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്.
അത്യാധുനിക സൗകര്യങ്ങളോടെ ദുബായ് ഗോൾഡ് സിറ്റിയിൽ നിർമാണം പൂർത്തീകരിച്ച ജുവൽ ഓഫ് ജോയ് ജ്വല്ലറി ഡെസ്റ്റിനേഷന്റെ ഉദ്ഘാടനം നാളെ യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി നിർവഹിക്കും.
ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജ്വല്ലറിവിഭാഗം സിഇഒ ജോണ് പോൾ ആലുക്കാസ് എന്നിവർക്കു പുറമേ മേഖലയിലെ വ്യവസായപ്രമുഖരും വിശിഷ്ടാഥിതികളും പങ്കെടുക്കും.
25,000 ചതുരശ്രയടി വിസ്തീർണത്തിലാണു ഷോറൂം ഒരുങ്ങുന്നത്. പരന്പരാഗത സ്വർണാഭരണങ്ങൾ, വിവാഹാവശ്യങ്ങൾക്കുള്ള ആഭരണ സെറ്റുകൾ, വജ്രാഭരണങ്ങൾ, അപൂർവ രത്നങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഭീമാകാര വളയുടെ മാതൃകയിൽ ഒരുക്കിയ റോയൽ ബാംഗിൾ വോക്ക് ആണ് ഷോറൂമിന്റെ ആകർഷണങ്ങളിലൊന്ന്. ഉപയോക്താക്കൾക്ക് ഇതിലൂടെ പ്രവേശിച്ച് ആഭരണങ്ങൾ പരിചയപ്പെടാനും വാങ്ങാനും സൗകര്യമുണ്ട്.
Tags : JewelofJoy Dubai Inauguration Joyalukkas MiddleEast Jewellery Business