Business
കൊച്ചി: സംസ്ഥാനത്തു ഹാള്മാര്ക്ക് എച്ച്യുഐഡി മുദ്ര പതിച്ച വ്യാജ സ്വര്ണാഭരണങ്ങളുടെ വ്യാപക വില്പന നടക്കുന്നുണ്ടെന്നും ഇതിനുപിന്നില് പ്രവര്ത്തിക്കുന്നവരെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്നും കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുള് നാസറും ആവശ്യപ്പെട്ടു.
ബിഐഎസ് കെയര് ആപ്പില് ആറക്ക ആല്ഫാ ന്യൂമറിക് എച്ച്യുഐഡി നമ്പര് പരിശോധിച്ചാല് ഹാള് മാര്ക്കിംഗ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ലഭിക്കും.
സ്വര്ണവില വര്ധിച്ചതിനു പിന്നാലെയാണ് ഇത്തരം തട്ടിപ്പുകള് വ്യാപകമായത്.സംഭവം കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്സികള് ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള് ആവശ്യപ്പെട്ടു.
Business
കൊച്ചി: കേരളത്തിലെ സ്വര്ണാഭരണ വിപണിയില് 18 കാരറ്റ് സ്വര്ണത്തിനും ഏകീകൃത വിലനിലവാരത്തിലേക്ക് എത്തിക്കാന് സംസ്ഥാനത്തെ സ്വര്ണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തില് തീരുമാനം.
18 കാരറ്റ് സ്വര്ണാഭരണങ്ങള്ക്കു കേരളത്തില് വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്. വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചര്ച്ചകള് നടന്നുവരികയായിരുന്നു.
യോഗത്തില് ടി.എസ്. കല്യാണരാമന് അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന് (എകെജിഎസ്എംഎ), കെ. സുരേന്ദ്രന്, അഡ്വ. എസ്. അബ്ദുൾ നാസര് (കെജിഎസ്എംഎ), എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഒ. അഷര് (കെജെഎഫ്) എന്നിവര് പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കള്ക്ക് ഗുണകരമാകുമെന്നും സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വില്പനയില് കുതിപ്പുണ്ടാകുമെന്നും സ്വര്ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താന് കഴിയുമെന്നും കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുള്നാസര് അറിയിച്ചു.
Sports
ദീപികയും കോട്ടയം സിറിൽസ് ജ്വല്ലറിയും ചേർന്നു നടത്തുന്ന ലോകകപ്പ് പ്രവചനമത്സരത്തിന്റെ കൂപ്പണുകൾ ഓൺലൈനിൽ അയയ്ക്കാൻ അവസരം.
വായനക്കാരുടെ അഭ്യർഥന മാനിച്ചാണ് കൂപ്പണുകൾ ഓൺലൈനായി അയയ്ക്കാൻ അവസരമൊരുക്കുന്നത്. കൂപ്പൺ പൂർണമായി പൂരിപ്പിച്ച് ഫോട്ടോയെടുത്ത് https://tinyurl.com/2jkwvd52 എന്ന വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടത്. വെബ്സൈറ്റ് അഡ്രസിന് ക്യുആർ കോഡ് സ്കാൻ ചെയ്യാം.
നേരിട്ട് അയയ്ക്കുന്നവർ ദീപിക വേൾഡ് കപ്പ് പ്രവചന മത്സരം 2026, ദീപിക പി.ബി. നമ്പർ: 7, കോളജ് റോഡ്, കോട്ടയം 686001. എന്ന വിലാസത്തിലേക്ക് അയയ്ക്കുകയോ ദീപികയുടെ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കോട്ടയം യൂണിറ്റുകളിലോ, സബ് ഓഫീസുകളിലോ ഏൽപ്പിക്കുകയോ ചെയ്യാം.
കൂപ്പണുകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ എട്ട് വൈകുന്നേരം അഞ്ച്. ഒരാൾക്ക് എത്ര കൂപ്പൺ വേണമെങ്കിലും അയയ്ക്കാം. ഫോട്ടോ കോപ്പികൾ സ്വീകരിക്കുന്നതല്ല.
ദീപികയിലെയും സിറിൽസ് ജ്വല്ലറിയിലെയും ജീവനക്കാരോ അവരുടെ കുടുംബാംഗങ്ങളോ മത്സരത്തിൽ പങ്കെടുക്കാൻ അർഹരല്ല. മത്സരം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ അന്തിമ തീരുമാനം ദീപിക മാനേജ്മെന്റിന്റേതായിരിക്കും.
Kerala
കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.
ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.
അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്.
മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.
പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.
അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .
സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.
Business
കൊച്ചി: അന്താരാഷ്ട്ര സ്വര്ണാഭരണ പ്രദര്ശനമായ കേരള ജ്വല്ലറി ഇന്റര്നാഷണല് ഫെയറിന്റെ ഏഴാമത് എഡിഷന് ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റര്നാഷണല് കണ്വന്ഷന് സെന്ററില് നടത്താന് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള 200 ഓളം പ്രദര്ശകര് 400 ഓളം സ്റ്റാളുകളിലാണ് അന്താരാഷ്ട്ര സ്വര്ണാഭരണ മേള സജ്ജീകരിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ആഭരണ പ്രദര്ശനമാണ് കേരള ജ്വല്ലറി ഇന്റര്നാഷണല് ഫെയര്. സ്വര്ണാഭരണ വ്യാപാര വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളും സിമ്പോസിയങ്ങളും ആഭരണമേളയോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ജൂലൈ അഞ്ചിന് 5,000 സ്വര്ണവ്യാപാരികള് പങ്കെടുക്കുന്ന സംസ്ഥാന സ്പെഷല് കണ്വന്ഷന് സംഘടിപ്പിക്കാനും സംസ്ഥാന കൗണ്സില് തീരുമാനിച്ചു.
യോഗത്തില് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്, ട്രഷറര് സി.വി. കൃഷ്ണദാസ്, വര്ക്കിംഗ് പ്രസിഡന്റ് പി.കെ. ആയമു ഹാജി തുടങ്ങിയവര് പ്രസംഗിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ മെഹ്സാനയിൽ വയോധികയെ കൊലപ്പെടുത്തി സ്വർണം കവർന്നു. ഇന്ദ്രാദ് സ്വദേശിനി ശാർദാബെൻ താക്കൂർ (60) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 20 മുതൽ കാണാതായ ശാർദാബെനിനെ കൃഷിയിടത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പുല്ല് ശേഖരിക്കാൻ പോയ ശാർദാബെൻ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ ഗോവിന്ദ്ജി ബൽദേവ്ജി താക്കൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു സ്വകാര്യ കന്പനിയുടെ കൃഷിയിടത്തെയ്ക്ക് ശാർദാബെൻ നടന്നുപോകുന്നത് കണ്ടത്. എന്നാൽ തിരികെ വരുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ തോട്ടത്തിലെ കുറച്ച് ഭാഗങ്ങളിൽ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവിടെ ഒരടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തലയ്ക്കടിയേറ്റാണ് ശാർദാബെൻ കൊല്ലപ്പെട്ടത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ സമീപത്ത് തന്നെ കുഴിച്ചുമൂടിയിരുന്നു. ശരീരത്തിലുണ്ടായിരുന്ന നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന ശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി എൽപിജി സിലിണ്ടർ ഉൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിച്ച് കള്ളൻ. വാർഡ് നമ്പർ 10 ലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവത്തിന്റെ വസതിയിലാണ് നടന്നത്.
സ്ഥലത്ത് ഇല്ലാതിരുന്ന രജാവത് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഗ്യാസ് സിലിണ്ടറിനൊപ്പം സ്വർണം, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയും നഷ്ടപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിയയാൾ ഗ്യാസ് സിലിണ്ടർ തോളിൽ ചുമന്ന് വീട്ടിൽ നിന്നും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്വാലി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഗാന്ധിനഗർ: അഹമ്മദാബാദിലെ കുബേർനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛാരൻനഗർ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്.
ഭാരതി വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയൽവാസി വീടിന്റെ വാതിൽ പലതവണ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മകൻ ഹിതിഷ് ബജരംഗിനെ വിവരം അറിയിക്കുകയായിരുന്നു.
ഹിതിഷും കുടുംബവും വാതിൽ തകർന്ന് അകത്തു കയറിയപ്പോൾ കട്ടിലിന് സമീപം ഭാരതിയെ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. തലയ്ക്ക് സമീപം രക്തം പുരണ്ട തലയിണ കണ്ടെത്തിയിട്ടുണ്ട്.
ലോക്കറിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന് പിൻവശത്തെ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഹിതേഷ് പോലീസിനോട് പറഞ്ഞു. ഹിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളത്ത് യുവാവ് ജ്വല്ലറിക്ക് മുകളില് നിന്നും ചാടി ജീവനൊടുക്കി. എംജി റോഡിലുള്ള ആലപ്പാട്ട് ജ്വല്ലറിയുടെ മുകളില് നിന്നാണ് 40 വയസ് പ്രായം തോന്നിക്കുന്ന യുവാവ് താഴേക്ക് ചാടി ജീവനൊടുക്കിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ ആയിരുന്നു സംഭവം നടന്നത്. എറണാകുളം ജോസ് ജംഗഷന് വടക്കുവശത്തുള്ള ആലപ്പാട്ട് ജ്വല്ലറിയിലേക്ക് വന്ന യുവാവ് സൈഡിലൂടെയുള്ള സ്റ്റെപ്പിലൂടെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം എറണാകുളം ജനറല് ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളം സെന്ട്രല് പോലീസ് സംഭവത്തില് അന്വേഷണം ആരംഭിച്ചു. മാനസികാസ്വസ്ഥതയുള്ളയാളാണ് ഇയാള് എന്നാണ് പോലീസിന്റെ നിഗമനം.
National
കാൺപുർ: മൊമോസിനോടുള്ള ആസക്തി മൂലം സ്വന്തം വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള ആഭരങ്ങൾ കവർന്ന് കൗമാരക്കാരൻ. ഉത്തർപ്രദേശിലാണ് സംഭവം.
മൊമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങൾ മോഷ്ടിച്ച് കടക്കാരന് നൽകി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭരണങ്ങളിൽ പലതും നഷ്ടമായെന്ന് വീട്ടുകാർ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. സ്വർണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം നടത്തി വരികയാണ് പോലീസ്.
Kerala
കൊച്ചി: സ്വർണവില കുതിക്കുന്നു. ഇന്നും പവന് ആയിരത്തിലധികം രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1080 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി.
വെള്ളിയാഴ്ച 1,15,240 രൂപയായിരുന്നു ഒരു പവന്. ദിവസങ്ങൾ നീണ്ട കുതിപ്പിനു ശേഷം വ്യാഴാഴ്ച സ്വർണവില താഴേക്കു പോയിരുന്നു. പവന് ഒറ്റയടിക്ക് 1,680 രൂപയും ഗ്രാമിന് 210 രൂപയുമാണ് കുറഞ്ഞത്. സ്വർണവില ബുധനാഴ്ച രണ്ടു തവണകളായി 5,480 രൂപ വർധിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ പവന് വിലയില് 15,000 രൂപയിലധികമാണ് വര്ധിച്ചത്.
സ്വർണവില തിങ്കളാഴ്ച ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് സ്വർണവില റിക്കാർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീണ്ടും കുതിച്ചുയർന്നത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുതിപ്പും കിതപ്പുമായി മുന്നോട്ടുപോയത്.
Kerala
കൊച്ചി: കളമശേരിയിലെ ജ്വല്ലറിയിൽ ജീവനക്കാരിയുടെ മുഖത്ത് പെപ്പര് സ്പ്രേ അടിച്ച് മോഷണം. സ്വർണമെന്നു കരുതി ഡിസ്പ്ലേയ്ക്കായി വച്ച 8,000 രൂപ വിലയുള്ള മോഡൽ മാലകൾ പ്രതികൾ കവര്ന്നു.
സംഭവത്തില് സഹോദരങ്ങളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾ സ്ഥിരം മോഷ്ടാകളാണെന്നു പൊലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വാളിക്കോട്ടെ ഫിനാൻസ് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂർ സ്വദേശി അജ്മൽ, ചല്ലിമുക്ക് സ്വദേശിനി അൻസീന എന്നിവരാണ് പിടിയിലായത്. പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്.
വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്. പണയം സ്വീകരിച്ച സ്വർണം ബാങ്കിന്റെ ലോക്കറിൽ കൊണ്ടുവയ്ക്കുന്നതിനായി എത്തിയപ്പോഴാണ് സ്വർണം പൂശിയതെന്ന് മനസിലാക്കുന്നത്.
തുടർന്ന് നെടുമങ്ങാട് പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
National
ബംഗുളൂരു: മൈസൂരിൽ നഗരമധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. മോഷ്ടാക്കൾ 4.5 കോടി രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങൾ കൊള്ളയടിച്ചു.
അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൈസൂരു ഹുൻസൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്.
ഏപ്രിൽ 27നായിരുന്നു ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. ജീവനക്കാരെയും ആഭരണങ്ങൾ വാങ്ങാൻ വന്നവരെയും തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കൊള്ള.
രണ്ട് മോട്ടോർ ബൈക്കിൽ എത്തിയ സംഘം തോക്ക് ചൂണ്ടി ഷോറൂമിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഷോറൂമിലെ സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അതേസമയം, ഷോറൂം മാനേജർ അസ്ഹറിന് നേരെ അക്രമികൾ വെടിവച്ചുവെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ കവർന്നു. മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൽക്കത്തയിൽ നിന്ന് സമസ്തിപുരിലേക്ക് പോകുമ്പോഴായിരുന്നു കവർച്ച.
ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്ന് ശ്രീമതി പറഞ്ഞു.
ആ ബോഗിയില് യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്ണവില ഗ്രാമിന് 11,175 രൂപയിലും പവന് 89,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.
ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല ഉയരം. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
National
ഗുരുഗ്രാം: കുടുംബത്തിന്റെ സഹായത്തോടെ വിവാഹത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്. ഗുരുഗ്രാമില് നിന്നാണ് കാജല് എന്ന യുവതിയെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തത്. പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായി നിരവധി യുവാക്കളെയാണ് യുവതി വിവാഹം കഴിച്ചത്.
കാജല് ഒരു വര്ഷമായി ഗുരുഗ്രാമിലെ സരസ്വതി എന്ക്ലേവില് ഒളിവില് കഴിയുകയായിരുന്നുവെന്ന് ഒരു മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു.
കാജലിന് തമന്ന എന്ന സഹോദരികൂടിയുണ്ട്. ഇവരുടെ പിതാവ് ഭഗത് സിംഗ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി ഇരുവര്ക്കുമായി വിവാഹം ആലോചിക്കും. ഇത്തരത്തില് 2024 മേയില് യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആണ്മക്കള്ക്ക് ഇയാള് തന്റെ പെണ്മക്കളെ വിവാഹം ആലോചിച്ചു. 11 ലക്ഷം രൂപയാണ് വിവാഹ ആവശ്യങ്ങള്ക്കായി താരാചന്ദില് നിന്ന് വാങ്ങിയത്.
മേയ് 21ന് ആഘോഷത്തോടെ വിവാഹം നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരന് സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം രണ്ട് ദിവസം ഭഗത് സിംഗിന്റെ കുടുംബം താരാചന്ദിനൊപ്പം താമസിച്ചു. മൂന്നാം ദിവസം മുങ്ങി.
ആഭരണങ്ങള്, പണം, വസ്ത്രങ്ങള് എന്നിവ മോഷ്ടിച്ചുകൊണ്ടായിരുന്നു മുങ്ങിയത്. തുടര്ന്ന് താരാചന്ദ് പോലീസില് പരാതി നല്കി. സിക്കാര് ജില്ലയില് എഫ്ഐആര് രജിസ്റ്റര് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഡിസംബര് 18 ന് ഗോവർധനില് നിന്ന് ഭഗത് സിംഗിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില് കുടുംബം വിവാഹ റാക്കറ്റ് നടത്തിയിരുന്നതായി വെളിപ്പെട്ടു. പിന്നീട് തമന്നയെയും സൂരജിനെയും പോലീസ് അറസ്റ്റ് ചെയ്തു. അപ്പോഴേക്കും കാജല് രക്ഷപ്പെട്ടിരുന്നു. ജയ്പൂരിലും മഥുരയിലും കുറച്ചു കാലം ചെലവഴിച്ച അവര് പിന്നീട് ഗുരുഗ്രാമിലേക്ക് മാറി. ഇവിടെ നിന്നാണ് കാജലിനെ പിടികൂടിയത്.
National
മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികൾക്കു സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്.
ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു.
വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം വാങ്ങി സ്വർണം നൽകി വൃദ്ധദന്പതികളെ പറഞ്ഞയയ്ക്കുകയുമായിരുന്നു. ആദ്യമൊന്ന് അന്പരന്ന ദന്പതികൾ ജ്വല്ലറിയുടമയുടെ കരുണയിൽ ഒരുവേള കണ്ണീർ വാർക്കുകയും ചെയ്തു. വൃദ്ധദന്പതികളുടെ പരസ്പരമുള്ള കരുതലും സ്നേഹവും തന്നെ ആകർഷിച്ചെന്നും ജീവിതസായന്തനത്തിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണു അവർ മുന്നോട്ടുപോകുന്നതെന്നും ജ്വല്ലറിയുടമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. മൂത്ത മകൻ നേരത്തേ മരിച്ചു. ഇളയമകൻ മദ്യപാനിയാണ്. ദന്പതികൾ തനിച്ചാണു താമസം. എങ്കിലും ഉള്ളതുകൊണ്ട് സംതൃപ്തരായി സന്തോഷകരമായ ദാന്പത്യജീവിതമാണ് ഇരുവരും നയിക്കുന്നതെന്നും ജ്വല്ലറിയുടമ പറഞ്ഞു. വൃദ്ധദന്പതികൾ ജ്വല്ലറിയിലേക്ക് എത്തുന്നതും സ്വർണമാല തെരഞ്ഞെടുക്കുന്നതും കൈവശമുണ്ടായിരുന്ന പണം നൽകുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.