ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്തിലെ ലുക്കൻവാൾഡെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ലുക്കൻവാൾഡെയിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ മെക്കാട്രോണിക്സ് എൻജിനിയറായി ജോലി ചെയ്തിരുന്ന കണ്ണൂർ കീഴ്പ്പള്ളി ചതിരൂർ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകൻ ജിതിൻ മാത്യുവിനെയാണ് (33) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിതിന്റെ മൃതദേഹം ജർമനിയിലെ പോലീസ് നടപടികളും ബെർലിൻ എംബസിയിലെ നടപടികളും പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ബുധനാഴ്ച വൈകുന്നേരം ഏഴോട് കൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
അവിടെനിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സ്വവസതിയിൽ എത്തിക്കും. കൊച്ചിയിൽ നിന്നും നോർക്കയുടെ സഹായത്തോടെയുള്ള ആംബുലൻസ് മുഖേനയാണ് മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ജിതിന്റെ സുഹൃത്ത് തോമസ് റോയ്, പിതൃസഹോദരപുത്രൻ ഫാ. ജിന്റോ തോമസ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപെടലുകളാണ് ജിതിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ സഹായകമായത്.
ഭാര്യ ബെസ്റ്റി ചെറുവിള പുത്തൻവീട് കുടുംബാംഗം. ബെസ്റ്റി ജർമനിയിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് ജിതിന്റെ ആകസ്മിക മരണം. ജിതിന് രണ്ടു സഹോദരിമാരുണ്ട്.
Tags : Found Dead Malayali Germany Jithin Mathew