കല്‍പ്പറ്റ: വയനാട്ടില്‍ അറുതിയില്ലാതെ കാട്ടാന ആക്രമണം. ഈ വര്‍ഷം മാത്രം ജില്ലയില്‍ കൊല്ലപ്പെട്ടത് രണ്ടു പേര്. മേയ് 26നാണ് സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി കള്ളാടിയില്‍ 46 കാരി ജസിയുടെ ജീവന് ആനയെടുത്തത്. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ജസിക്ക് ദുരനുഭവം. വഴിയില്‍ ആനയെ കണ്ട് സ്കൂട്ടറില്‍നിന്നു ഇറങ്ങിയോടിയ ദമ്പതികളെ ആന പിന്തുടരുകയും ജസിയെ വകവരുത്തുകയുമായിരുന്നു.
ഇതിന്റെ വിങ്ങല്‍ ജനമനസുകളില്‍നിന്നു മറയുംമുമ്പാണ് ബുധനാഴ്ച രാവിലെ 10 ഓടെ നോര്‍ത്ത് വയനാട് വനം ഡിവിഷന് പരിധിയിലെ കാട്ടിക്കുളം പുളിമൂടുകുന്നില് 65കാരന് രാജു കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങിയതിനെത്തുടര്‍ന്ന് വനസേനയും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന വീടിനു സമീപം ജോലി ചെയ്യുകയായിരുന്ന രാജുവിനെ ആക്രമിച്ചത്.
2025 ഫെബ്രുവരി 10ന് ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ കാപ്പാടില്‍ മനുവും(45)അതേമാസം 25ന് രാത്രി മേപ്പാടി അട്ടമല ഏറാട്ട് ചോലനായ്ക്ക ഉന്നതിയിലെ ബാലകൃഷ്ണനും (26)കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 1980 മുതല്‍ 2023 വരെ ജില്ലയില്‍ 41 പേര് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇക്കാലയളവില്‍ കടുവയും പോത്തും പാമ്പും കരടിയും പന്നിയും ഉള്‍പ്പെടെ വന്യജീവികള്‍ ചേര്‍ന്നെടുത്തത് 150 മനുഷ്യജീവനാണ്.
2000നും 2023നും ഇടയില്‍ വയനാട് വന്യജീവി സങ്കേതം പരിധിയില്‍ മാത്രം 45 പേരാണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാടും നാടും ഇടകലര്ന്നുകിടക്കുന്നതാണ് വയനാട്ടിലെ പല പ്രദേശങ്ങളും. വയനാട് വന്യജീവി സങ്കേതത്തിന് അകത്തുപോലും ജനവാസകേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ പ്രാണന് കൈയില്‍ പിടിച്ചാണ് മനുഷ്യജീവിതം.
കാട്ടാനകള്‍ പകലും നിര്‍ഭയമായാണ് കൃഷിയിടങ്ങളില്‍ മേയുന്നത്. വന്യമൃഗങ്ങളുടെ കാടിറക്കം തടയാന്‍ വനം-വന്യജീവി വകുപ്പ് പദ്ധതികള്‍ പലതും നടപ്പാക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ഫലവത്താകാത്ത സ്ഥിതിയാണ്. വയനാടിനോട് ചേര്‍ന്നുകിടക്കുന്ന നീലഗിരി പ്രദേശവും കാട്ടാന ആക്രമണത്തിലൂടെ കുപ്രസിദ്ധി നേടുകയാണ്. നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഇക്കഴിഞ്ഞ മേയില്‍ മാത്രം മൂന്നു പേരെയാണ് ആന കൊലപ്പെടുത്തിയത്. ജൂണ്‍ ഒമ്പതിനും കാട്ടാന ആക്രമണത്തില്‍ ഒരു മരണം ഉണ്ടായി.
Tags : wild elephant Relentless death toll Latest News