NRI
ബെർലിൻ: ജർമനിയിൽ കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിദേശ പൗരന്മാർക്കെതിരേ കടുത്ത നടപടികളുമായി ഫെഡറൽ സർക്കാർ. ഗുരുതരമായ ലൈംഗികാതിക്രമങ്ങൾ, ലഹരിക്കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 13 അഫ്ഗാൻ പൗരന്മാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.
കുറ്റവാളികളെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവരെയും പുറത്താക്കുന്ന നടപടികൾ കൂടുതൽ വിപുലീകരിക്കുമെന്നും ഇനിമുതൽ കാബൂളിലേക്ക് തുടർച്ചയായി ഡീപോർട്ടേഷൻ വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പ്രഖ്യാപിച്ചു.
നാടുകടത്തപ്പെട്ട 13 പേരിൽ 12 പേരും വിവിധ കുറ്റകൃത്യങ്ങൾക്ക് ജർമൻ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന കൊടും കുറ്റവാളികളാണ്. ശിക്ഷാ കാലാവധി പൂർത്തിയായതിനെയും തുടർനടപടികളെയും തുടർന്നാണ് ഇവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയച്ചത്.
കുറ്റവാളികൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ല, അവർ രാജ്യം വിട്ടേ മതിയാകൂ. നാടുകടത്തൽ പ്രക്രിയയെ നമ്മുടെ നിയമവാഴ്ചയുടെ വിട്ടുവീഴ്ചയില്ലാത്ത ഭാഗമാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
14 മാസത്തിനിടെ എട്ടാമത്തെ ചാർട്ടർ വിമാനം
കഴിഞ്ഞ 14 മാസത്തിനിടെ ജർമനിയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുന്ന എട്ടാമത്തെ വലിയ ചാർട്ടർ വിമാനമാണിത്. 2025 ജൂലൈ 18ന് 81 കുറ്റവാളികളുമായി ആദ്യ വിമാനം അയച്ചുകൊണ്ട് തുടങ്ങിയ നടപടികൾ ഈ വർഷം കൂടുതൽ വേഗത്തിലാക്കി.
2026 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലായി 45 പേരെയും ജൂൺ, ജൂലൈ മാസങ്ങളിൽ യഥാക്രമം 30, 31 പേരെയും നാടുകടത്തി. കഴിഞ്ഞ ഓഗസ്റ്റ് 25ന് 23 പേരെയും സെപ്റ്റംബർ ഒന്നിന് 22 പേരെയും തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത സംഘത്തെയും കയറ്റി അയച്ചത്.
11,400 പേർ രാജ്യം വിടേണ്ടവർ
ഔദ്യോഗിക കണക്കുകൾ പ്രകാരം 11,400 അഫ്ഗാൻ പൗരന്മാരാണ് നിലവിൽ നിയമപരമായി ജർമനി വിടേണ്ടവരുടെ പട്ടികയിലുള്ളത്. ഇതിൽ 9,600 പേർക്ക് മാനുഷിക പരിഗണനകൾ മുൻനിർത്തിയുള്ള താൽക്കാലിക ഇളവ് ലഭ്യമാണ്.
എന്നാൽ യാതൊരുവിധ സംരക്ഷണ പദവിയുമില്ലാത്ത ബാക്കി 1,800 പേരിൽ വലിയൊരു പങ്ക് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരോ സുരക്ഷാ ഭീഷണിയുള്ളവരോ ആണെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.
ഇത്തരക്കാരെ മുൻഗണനാ ക്രമത്തിൽ വരും ആഴ്ചകളിലും നാടുകടത്താനാണ് സർക്കാരിന്റെ നീക്കം. ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ നിന്നാണ് പുതിയ വിമാനവും യാത്ര തിരിച്ചത്.
NRI
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ജനകീയ ഉത്സവമായ ഒക്ടോബർ ഫെസ്റ്റിന്റെ (Oktoberfest 2026) 191-ാമത് പതിപ്പിന് ബവേറിയൻ തലസ്ഥാനമായ മ്യൂണിക്കിൽ അരങ്ങൊരുങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് കൃത്യം 12ന് ഷോട്ടൻഹാമൽ ഫെസ്റ്റ് ടെന്റിൽ വച്ച് മ്യൂണിക്ക് മേയർ പരമ്പരാഗത രീതിയിൽ ആദ്യത്തെ ബിയർ വീപ്പ തുറക്കുന്നതോടെ രണ്ടാഴ്ചയിലധികം നീളുന്ന വിശ്വോത്തര ആഘോഷങ്ങൾക്ക് തുടക്കമാകും.
ഒക്ടോബർ നാല് വരെ നീളുന്ന ഉത്സവത്തിലേക്ക് ലോകമെമ്പാടുമുള്ള 60 ലക്ഷത്തിലധികം വിനോദസഞ്ചാരികളും ജർമനിയിലെ മലയാളി പ്രവാസികളുമടങ്ങുന്ന വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്.
ബവേറിയൻ സംസ്കാരവും പരമ്പരാഗത വേഷവിധാനങ്ങളായ ഡിർൻഡിലും ലെഡർഹോസനും അണിഞ്ഞെത്തുന്ന ജനക്കൂട്ടവും മ്യൂണിക്കിലെ തെരേസിയൻവീസയെ അടുത്ത 16 ദിവസം വർണാഭമായ ഉത്സവപ്പറമ്പാക്കി മാറ്റും.
ബിയർ വിലയിൽ വർധനവ്; "മാസ്' നിരക്കുകൾ 15 യൂറോ കടന്നു
വർധിച്ചുവരുന്ന ഊർജ്ജച്ചെലവുകളും ജീവനക്കാരുടെ വേതന വർധനവും കാരണം ഇത്തവണത്തെ ബിയർ വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഉത്സവ മൈതാനിയിൽ വിളമ്പുന്ന ഒരു ലിറ്റർ ബിയർ അളവായ "മാസിന്' ഇത്തവണ ശരാശരി 14.50 യൂറോ മുതൽ 15.30 യൂറോ വരെയാണ് ഈടാക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് വിലക്കയറ്റമുണ്ടെങ്കിലും പ്രധാന ടെന്റുകളിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗുകൾ പൂർത്തിയായിക്കഴിഞ്ഞു.
പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ; എഐ "ഹീറ്റ് മാപ്പുകളും' കനത്ത പരിശോധനകളും; സുരക്ഷ കർശനം
യൂറോപ്പിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അടുത്തിടെയുണ്ടായ വിവിധ സുരക്ഷാ സംഭവവികാസങ്ങളും മുൻനിർത്തി തെരേസിയൻവീസ മൈതാനത്ത് ബവേറിയൻ പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഭീകരാക്രമണ ഭീഷണികളും കഴിഞ്ഞ വർഷമുണ്ടായ ബോംബ് ഭീഷണികളും കണക്കിലെടുത്ത് ബവേറിയൻ പൊലിസ് തെരേസിയൻവീസയിൽ വിപുലമായ സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. അറുനൂറോളം പൊലിസുകാരെയും നൂറുകണക്കിന് സുരക്ഷാ ജീവനക്കാരെയുമാണ് മൈതാനത്ത് വിന്യസിച്ചിട്ടുള്ളത്.
ബാഗ് നിയന്ത്രണങ്ങൾ: വലിയ ബാഗുകൾക്ക് കർശന വിലക്കുണ്ട്. പരമാവധി 20 x 15 x 10 സെന്റീമീറ്റർ വലിപ്പമുള്ളതോ മൂന്ന് ലിറ്ററിൽ താഴെ ശേഷിയുള്ളതോ ആയ ചെറിയ ബാഗുകൾ മാത്രമേ അനുവദിക്കൂ.
കഠാരകൾ, മൂർച്ചയേറിയ വസ്തുക്കൾ, ഗ്ലാസ് ബോട്ടിലുകൾ എന്നിവ പ്രവേശന കവാടങ്ങളിൽ വച്ചുതന്നെ പിടിച്ചെടുക്കും.
എഐ ഹീറ്റ് മാപ്പുകൾ: മൈതാനത്തെ സിസിടിവി ദൃശ്യങ്ങൾ തത്സമയം വിശകലനം ചെയ്ത് ജനക്കൂട്ടത്തിന്റെ സാന്ദ്രത മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കും.
അപകടകരമായ രീതിയിൽ ആൾക്കൂട്ടം തിങ്ങിക്കൂടുന്നത് മുൻകൂട്ടി കണ്ട് നിയന്ത്രിക്കാൻ "ക്രൗഡ് സ്പോട്ടർമാർ' രംഗത്തുണ്ടാകും. മൈതാനത്തേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിലെല്ലാം കർശനമായ മെറ്റൽ ഡിറ്റക്ടർ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
"സേഫ് നൗ' ആപ്പും അത്യാധുനിക മിനി-ഹോസ്പിറ്റലും
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തെരേസിയൻവീസയിൽ സിടി സ്കാനറും ചെറിയ ഓപ്പറേഷൻ തിയറ്ററുകളുമടങ്ങുന്ന ഒരു അത്യാധുനിക മിനി-ഹോസ്പിറ്റൽ (Wiesn Outpatient Clinic) തന്നെ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏഴായിരത്തിലധികം പേർക്ക് ഇവിടെ ചികിത്സ നൽകിയിരുന്നു. അത്യാഹിത സന്ദേശം ലഭിച്ചാൽ നാല് മിനിറ്റിനകം മെഡിക്കൽ സംഘം എത്തും. ഇതിനുപുറമെ, വലിയ എട്ട് ടെന്റുകളിൽ "സേഫ് നൗ' മൊബൈൽ ആപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
അടിപിടിയോ ശല്യപ്പെടുത്തലുകളോ ഉണ്ടായാൽ മൊബൈലിലെ ഒരൊറ്റ ബട്ടൺ അമർത്തുന്നതിലൂടെ കൃത്യമായ ലൊക്കേഷൻ സെക്യൂരിറ്റി ജീവനക്കാർക്ക് ലഭിക്കും.
വനിതകൾക്കായി "സേഫ് സ്പേസ്'
സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കായി ആംബുലൻസ് സെന്ററിനോട് ചേർന്ന് പ്രത്യേക സുരക്ഷിത കേന്ദ്രം പ്രവർത്തിക്കും.
കൂടെയുള്ളവരിൽ നിന്ന് വഴിതെറ്റുകയോ മൊബൈലോ പണമോ നഷ്ടപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾക്കും അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കും കൗൺസിലിംഗും മറ്റ് നിയമ-പ്രായോഗിക സഹായങ്ങളും വസ്ത്രങ്ങളും നൽകാൻ ഈ വിഭാഗം സദാ സന്നധമായിരിക്കും.
സന്ദർശകർക്ക് ചില നിർദേശങ്ങൾ
മുൻകൂട്ടി പ്ലാൻ ചെയ്യുക: റിസർവേഷൻ ഇല്ലാത്തവർ ടെന്റുകളിൽ ഇടം ലഭിക്കാൻ വാരാന്ത്യങ്ങളിൽ രാവിലെ ഒൻപത് മണിക്ക് മുൻപെങ്കിലും എത്തണം.
മിതത്വം പാലിക്കുക: ബവേറിയൻ ഫെസ്റ്റ് ബിയറുകളിൽ സാധാരണയേക്കാൾ ആൽക്കഹോൾ അളവ് കൂടുതലായിരിക്കും (ഏകദേശം ആറ് ശതമാനം). അതിനാൽ ബിയറിനൊപ്പം ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുടുംബത്തോടൊപ്പമുള്ളവർക്ക്: തിക്കും തിരക്കും ഒഴിവാക്കാൻ പ്രവൃത്തിദിനങ്ങളിലെ (Monday to Friday) ഉച്ചസമയങ്ങൾ സന്ദർശനത്തിനായി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
മ്യൂണിക്ക് നഗരത്തിലെ മെട്രോ (U-Bahn), എസ്-ബാൻ (S-Bahn) സർവീസുകൾ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തും.
പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ ഫെസ്റ്റ് ടെന്റുകളിലെല്ലാം കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി റിസർവേഷൻ ഇല്ലാത്തവർ രാവിലെ നേരത്തെ തന്നെ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.
തിക്കും തിരക്കും ഒഴിവാക്കാൻ കുടുംബത്തോടൊപ്പം എത്തുന്നവർ പ്രവൃത്തിദിനങ്ങളിലെ ഉച്ചസമയങ്ങൾ തെരഞ്ഞെടുക്കുന്നത് സൗകര്യപ്രദമായിരിക്കും.
International
ബർലിൻ: പടിഞ്ഞാറൻ ജർമൻ നഗരമായ വുപ്പർറ്റാലിൽ സിനഗോഗിൽ തീയിടാൻ ശ്രമം. സംഭവത്തിൽ 37കാരനായ അഫ്ഗാനിസ്ഥാൻ പൗരൻ പിടിയിലായി. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
സിനഗോഗിന്റെ പടികളിലേക്ക് ഇയാൾ ദ്രാവകമൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആരാധനാലയത്തിന്റെ രണ്ടാമത്തെ പ്രവേശന കവാടത്തിലും ഇയാൾ തീയിടാൻ ശ്രമിച്ചു.
എന്നാൽ യഹൂദസമൂഹത്തിലെ അംഗങ്ങൾ സമയബന്ധിതമായി ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
NRI
ബെർലിൻ: ലോകമെമ്പാടുമുള്ള ആളുകൾ അധിവസിക്കുന്ന ജർമനിയുടെ കോസ്മോപൊളിറ്റൻ തലസ്ഥാനമായ ബെർലിൻ നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നഗരത്തിലെ നാലിലൊന്ന് ജനങ്ങൾക്കും വോട്ടവകാശമില്ലെന്ന വസ്തുത വലിയ ചർച്ചയാകുന്നു.
ബെർലിനിലെ 39 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 9.76 ലക്ഷത്തിലധികം മുതിർന്നവർക്ക് ജർമൻ പൗരത്വമില്ലെന്ന ഒരൊറ്റ കാരണത്താൽ വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജർമൻ തലസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രയധികം ആളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുന്നത് ഇതാദ്യമാണ്.
ഈ മാസം 20ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 16 ആയി കുറച്ചതുവഴി വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്ന വിദേശ പ്രഫഷണലുകളും തൊഴിലാളികളുമടങ്ങുന്ന വലിയൊരു വിഭാഗം ഇപ്പോഴും പ്രാതിനിധ്യമില്ലാതെ അവഗണിക്കപ്പെടുകയാണ്.
വെറുമൊരു എടിഎം മെഷീൻ മാത്രം; നിരാശയിൽ പ്രവാസികൾ
വർഷങ്ങളായി ജർമനിയിൽ ജീവിക്കുകയും കൃത്യമായി ഉയർന്ന നികുതി അടയ്ക്കുകയും ചെയ്യുന്ന വിദേശികളാണ് തങ്ങളുടെ ശബ്ദം കേൾക്കാൻ ആരുമില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നത്.
കുതിച്ചുയരുന്ന വാടക, സങ്കീർണമായ ഉദ്യോഗസ്ഥ ഭരണരീതികൾ, ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ എന്നിവ തങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിലും നഗരഭരണത്തിൽ ഒരു വാക്ക് പറയാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്ന് ഐടി ജീവനക്കാരടക്കമുള്ള പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.
വരുമാനത്തിന്റെ പകുതിയോളം നികുതിയായി ഈടാക്കുമ്പോഴും യാതൊരു രാഷ്ട്രീയ പ്രാതിനിധ്യവുമില്ലാതെ പണം നൽകുന്ന ബാങ്ക് മെഷീനായിമാത്രം തങ്ങൾ മാറുന്നുവെന്നാണ് പലരുടെയും അമർഷം.
സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിൽ നിശ്ചിത മാനദണ്ഡങ്ങളോടെ വിദേശികൾക്കും വോട്ടവകാശം നൽകുമ്പോൾ, ജർമനിയിൽ ബെർലിൻ ഒരു പ്രത്യേക സംസ്ഥാനം ആയതിനാൽ വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ നിയമപരമായി സാധിക്കില്ല.
യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ലോക്കൽ ജില്ലാ കൗൺസിലുകളിൽ വോട്ട് ചെയ്യാമെങ്കിലും അതിന് പരിമിതമായ സ്വാധീനം മാത്രമാണുള്ളത്.
മലയാളി സമൂഹത്തെയും ബാധിക്കുന്ന വിഷയം
ബെർലിനിൽ അടുത്ത കാലത്തായി ഐടി, നഴ്സിംഗ്, എഞ്ചിനിയറിംഗ്, ഗവേഷണ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.
കുടുംബത്തോടൊപ്പം വർഷങ്ങളായി ബെർലിനിൽ സ്ഥിരതാമസമാക്കിയവരും വലിയ തുക സോഷ്യൽ സെക്യൂരിറ്റിയും നികുതിയും നൽകുന്നവരുമായ മലയാളി പ്രവാസികൾക്കും ഈ രാഷ്ട്രീയ അവഗണന കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്.
കിന്റർഗാർട്ടൻ ക്ഷാമം, സ്കൂൾ പ്രവേശനം, ഭവന പ്രതിസന്ധി തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല നഗരനയങ്ങളിലും സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ മലയാളി സമൂഹത്തിനും അവസരമില്ലാത്ത അവസ്ഥയാണിവിടെയുള്ളത്.
പ്രതീകാത്മക വോട്ടെടുപ്പുമായി ഗ്രീൻ പാർട്ടി മേയർ
വിദേശികൾ തിങ്ങിപ്പാർക്കുന്ന ബെർലിൻ-മിറ്റെ ജില്ലയിൽ ആകെയുള്ള ജനസംഖ്യയിൽ മൂന്നിലൊന്നോളം പേർക്കും വോട്ടവകാശമില്ല. ഇതിനെതിരേ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഗ്രീൻ പാർട്ടി മേയറായ സ്റ്റെഫാനി റെംലിംഗർ വിദേശികൾക്കായി പ്രത്യേക പ്രതീകാത്മക തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.
170-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന തലസ്ഥാനത്ത് അവരുടെ ശബ്ദം മൂല്യമുള്ളതാണെന്ന് അറിയിക്കാനാണ് ഈ നീക്കമെന്ന് അവർ പറഞ്ഞു.
എന്നാൽ ജർമനിയിലാകെ ഇപ്പോൾ വീശിയടിക്കുന്ന വലതുപക്ഷ കുടിയേറ്റ വിരുദ്ധ തരംഗം കാരണം വിദേശികൾക്ക് വോട്ടവകാശം ഉദാരമാക്കുന്നതിനെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഭയക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പൗരത്വ അപേക്ഷകളിലെ കാലതാമസവും ആശങ്കകളും
പൗരത്വം നേടുക എന്നതാണ് വോട്ടവകാശത്തിലേക്കുള്ള ഏക വഴിയെങ്കിലും ബെർലിനിലെ പൗരത്വ അപേക്ഷകളിൽ വർഷങ്ങളോളമാണ് തീരുമാനം വൈകുന്നത്.
ഇതിനിടയിൽ, ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്ന് വർഷം കൊണ്ടുള്ള ഫാസ്റ്റ് ട്രാക്ക് പൗരത്വ വ്യവസ്ഥ റദ്ദാക്കിയിരുന്നു.
അഞ്ച് വർഷത്തെ താമസത്തിന് ശേഷം അപേക്ഷിക്കാമെന്ന നിയമം നിലനിൽക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് വലിയ തടസമാണ് സൃഷ്ടിക്കുന്നത്.
രാജ്യത്ത് 2029-ഓടെ 4.4 ലക്ഷത്തിലധികം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുമ്പോഴും, കുടിയേറ്റ വിരുദ്ധ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി ബെർലിനിൽ പോലും 20 ശതമാനത്തോളം പിന്തുണയോടെ മുന്നേറുകയാണ്.
ജർമനിയുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യൻ-മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതിരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
NRI
ബെർലിൻ: കിഴക്കൻ ജർമൻ സംസ്ഥാനമായ സാക്സണി - അൻഹാൾട്ടിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി) നേടിയ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയം രാജ്യത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിക്കുമെന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ്.
സ്വന്തം പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേരിട്ട കനത്ത പരാജയത്തിൽ അസ്വസ്ഥത പ്രകടമാക്കിയെങ്കിലും താൻ പ്രഖ്യാപിച്ച സാമ്പത്തിക - ഭരണ പരിഷ്കരണങ്ങളുമായി ഉറച്ചു മുന്നോട്ടുപോകുമെന്ന് ബെർലിനിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ചാൻസലർ വ്യക്തമാക്കി.
സാക്സണി - അൻഹാൾട്ടിലെ തെരഞ്ഞെടുപ്പ് ഫലം ജർമൻ ഫെഡറൽ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പ്രകമ്പനം വളരെ വലുതാണെന്ന് മെർസ് തുറന്നുസമ്മതിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം ഒരു സംസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, ഇത് ജർമനിയെയാകെത്തന്നെ അടിമുടി മാറ്റിയെഴുതുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
തീവ്ര വലതുപക്ഷ പാർട്ടിയുടെ വളർച്ച ജർമനിയുടെ ജനാധിപത്യത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണെന്ന പരോക്ഷ സൂചനയും അദ്ദേഹം നൽകി.
പരാജയത്തിൽ പതറാതെ പരിഷ്കരണങ്ങളിലേക്ക്
തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും തന്റെ സർക്കാർ മുന്നോട്ടുവച്ച കർശന പരിഷ്കരണ അജണ്ടകളിൽ നിന്ന് പിന്നോട്ടില്ലെന്ന ദൃഢനിശ്ചയത്തിലാണ് മെർസ്. രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പ് മറികടക്കാനും തൊഴിൽ വിപണി കാര്യക്ഷമമാക്കാനും പൊതുസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള നടപടികൾ കൂടുതൽ ഊർജ്ജസ്വലമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളിൽ നിലനിൽക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നുവെന്നും യഥാർഥ പരിഹാരങ്ങളിലൂടെ മാത്രമേ ജനവിശ്വാസം വീണ്ടെടുക്കാൻ സാധിക്കൂവെന്നും ചാൻസലർ കൂട്ടിച്ചേർത്തു.
സഖ്യസർക്കാരിന് മുന്നിലെ കനത്ത പരീക്ഷണങ്ങൾ
സാക്സണി - അൻഹാൾട്ടിൽ എഎഫ്ഡി തരംഗമുണ്ടാക്കിയതിന് പിന്നാലെ മറ്റ് രണ്ട് കിഴക്കൻ ജർമൻ സംസ്ഥാനങ്ങളിലും നിർണായകമായ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചാൻസലർ മെർസിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് മുന്നിലുള്ള വഴി അത്യന്തം ദുഷ്കരമാണ്.
മുഖ്യധാരാ പാർട്ടികൾക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്ന അവസ്ഥയും എഎഫ്ഡി കൂടുതൽ ശക്തിയാർജ്ജിക്കുന്നതും ജർമനിയുടെ ഭാവി നയങ്ങളെ, പ്രത്യേകിച്ച് കുടിയേറ്റം, വിദേശനയം, യൂറോപ്യൻ യൂണിയൻ നയങ്ങൾ എന്നിവയെ എത്തരത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
സാക്സണി-അൻഹാൽറ്റിലെ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് ജനവിശ്വാസം തിരിച്ചുപിടിക്കാൻ മെർസിനും സഖ്യകക്ഷികൾക്കും സാധിക്കുമോ എന്നാണ് ജർമൻ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Sports
ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്. കലാശപ്പോരിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ 6-3, 7-6, 5-7, 6-2 എന്ന സ്കോറിന് കീഴടക്കിയാണ് സ്വരേവ് കിരീടം സ്വന്തമാക്കിയത്. മൂന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഷെൽട്ടനെ ജർമൻ താരം കീഴടക്കിയത്.
ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി സ്വരേവ് മത്സരത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. എന്നാൽ മൂന്നാം സെറ്റിൽ ശക്തമായി തിരിച്ചെത്തിയ ഷെൽട്ടൻ മത്സരം ആവേശകരമാക്കി. 5-7ന് മൂന്നാം സെറ്റ് നഷ്ടപ്പെട്ടതോടെ സ്വരേവിന് മേൽ സമ്മർദമേറിയെങ്കിലും നിർണായകമായ നാലാം സെറ്റിൽ ജർമൻ താരം തന്റെ മികവ് പുറത്തെടുത്തു.
തുടക്കം മുതൽ ആക്രമണാത്മകമായ പ്രകടനം പുറത്തെടുത്ത സ്വരേവ് നാലാം സെറ്റ് 6-2ന് സ്വന്തമാക്കി. ഇതോടെ തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടവും കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവും സ്വന്തം പേരിലാക്കി. 2020ലെ യുഎസ് ഓപ്പൺ ഫൈനലിൽ ഡൊമിനിക് തീമിനോട് പരാജയപ്പെട്ട സ്വരേവിന് ആറുവർഷത്തിന് ശേഷമാണ് ന്യൂയോർക്കിൽ കിരീടമുയർത്താനായത്.
NRI
ബെർലിൻ: ചരിത്രത്തിൽ ഒരിക്കലും മായാത്ത കറുത്ത ഏടായി മാറിയ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് കാൽനൂറ്റാണ്ട്. ലോകത്തെ മുഴുവൻ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ അന്നത്തെ സംഭവങ്ങളും അവ ലോകരാഷ്ട്രങ്ങളിൽ വരുത്തിയ ദൂരവ്യാപകമായ മാറ്റങ്ങളും പുനർവായിക്കുകയാണ് ജർമനിയടക്കമുള്ള രാജ്യങ്ങൾ.
ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾ തകർന്നു വീഴുന്ന ദൃശ്യങ്ങൾ കണ്ട് വിറങ്ങലിച്ചു നിന്ന ലോകത്തോട് അന്നത്തെ (1999 - 2004) ജർമൻ പ്രസിഡന്റായിരുന്ന യൊഹാനസ് റൗ പറഞ്ഞത് "ഈ ദിവസം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു' എന്നായിരുന്നു.
ആ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഏകദേശം 3,000 പേരിൽ 92 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. അതിൽ 11 പേർ ജർമൻ പൗരന്മാരായിരുന്നു എന്നത് രാജ്യത്തിന് ഏൽപ്പിച്ച ആഘാതം വലുതായിരുന്നു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "ഹാംബർഗ് സെൽ' എന്ന ഭീകരസംഘത്തിന്റെ കേന്ദ്രം ജർമനിയായിരുന്നു എന്നത് രാജ്യാന്തരതലത്തിൽ വലിയ സുരക്ഷാ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അൽ-ഖ്വെയ്ദ ബന്ധമുള്ള ഈ സംഘത്തിന്റെ സൂത്രധാരൻ മുഹമ്മദ് അത്ത ഉൾപ്പെടെയുള്ളവർ ഹാംബുർഗിലാണ് താമസിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെ ജർമ്മൻ സർക്കാർ ആഭ്യന്തര സുരക്ഷ ശക്തമാക്കുകയും കടുത്ത നിയമ നിർമ്മാണങ്ങൾ നടപ്പിലാക്കുകയും ചെയ്തു.
ഭീകരവാദത്തിനെതിരേ സമാനതകളില്ലാത്ത ഐക്യദാർഢ്യമാണ് അന്നത്തെ ചാൻസലർ ഗെഹാർഡ് ഷ്രോഡർ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്തത്. തുടർന്ന് രാജ്യത്ത് ആന്റി-ടെററിസം നിയമങ്ങൾ പ്രാബല്യത്തിൽ വരികയും സുരക്ഷാ ഏജൻസികളുടെ അധികാരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
എങ്കിലും മുറാദ് കുർനാസ് പോലുള്ള ജർമ്മൻ പൗരന്മാർ ഗുവാന്തനാമോ തടങ്കൽ പാളയത്തിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ പിന്നീട് ജർമൻ രാഷ്ട്രീയത്തിലും വലിയ കോളിളനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ താലിബാനു എതിരായ യുദ്ധത്തിലും ജർമൻ സൈന്യമായ ബുണ്ടസ്വേർ പങ്കാളിയായി. രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ആ സംഘർഷത്തിൽ നിരവധി അന്താരാഷ്ട്ര സൈനികർക്കൊപ്പം ജർമൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
25 വർഷങ്ങൾക്കിപ്പുറവും 9/11 വരുത്തിയ ആഘാതങ്ങളും ഭീകരവാദത്തിനെതിരേയുള്ള കരുതലും ലോകരാഷ്ട്രങ്ങൾ അതീവ ഗൗരവത്തോടെയാണ് ഓർമിക്കുന്നത്.
Leader Page
പഴയ കിഴക്കൻ ജർമനിയിൽപെട്ട സാക്സണി-ആൻഹാൾട്ട് സംസ്ഥാനത്തെ സ്റ്റേറ്റ് പാർലമെന്റിലേക്ക് ഈ മാസം ആറിനു നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റ് നേടിയത് എഎഫ്ഡി (ആൾട്ടർനേറ്റീവ് ഫോർ ജർമനി) പാർട്ടിയാണ്. ഭൂരിപക്ഷത്തിന് മൂന്നു സീറ്റ് മാത്രം കുറവ്. ആകെ 83 സീറ്റുകളുള്ള പാർലമെന്റിൽ എഎഫ്ഡി നേടിയത് 39 സീറ്റുകൾ. ഭരണകക്ഷിയായിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 15 സീറ്റുകൾ ലഭിച്ചു. ഇടതുപക്ഷ പാർട്ടിക്കും സോഷ്യലിസ്റ്റ് പാർട്ടിക്കും ഗ്രീൻ പാർട്ടിക്കും എട്ടു വീതവും ഇടതുപക്ഷം പിളർന്നുണ്ടായ ബിഎസ്ഡബ്ല്യുവിന് അഞ്ചും സീറ്റുകൾ നേടാനായി. ആകെ 78% പേർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. 2021ൽ 60% പേർ മാത്രമാണ് വോട്ട് ചെയ്തത്. ജർമനിയിലെ ഏറ്റവും വലിയ പാർട്ടിയും ഫെഡറൽ ഭരണകക്ഷിയുമായ ക്രിസ്ത്യൻ ഡെമോക്രാറ്റുകളിൽനിന്ന് (സിഡിയു) വിട്ടുപോന്നവർ 2013ൽ സ്ഥാപിച്ചതാണ് എഎഫ്ഡി പാർട്ടി.
സിഡിയുവിന്റെ നയങ്ങളോടുള്ള എതിർപ്പാണ് എഎഫ്ഡിയുടെ സ്ഥാപനത്തിലേക്ക് നയിച്ചത്. ഏറ്റവും പ്രധാനമായി കുടിയേറ്റ വിഷയത്തിലാണ് എഎഫ്ഡിക്ക് അഭിപ്രായ ഭിന്നതയുള്ളത്. കുടിയേറ്റക്കാർക്ക് അനിയന്ത്രിതമായി പ്രവേശനം അനുവദിക്കുന്ന സിഡിയുവിന്റെയും അന്നത്തെ ചാൻസലർ ആഞ്ചല മെർക്കെലിന്റെയും നയങ്ങൾ ജർമനിയെ തകർക്കുമെന്നാണ് എഎഫ്ഡി പറഞ്ഞുപോന്നിരുന്നത്. ജർമൻ ദേശീയ വാദത്തിന്റെ ഏറ്റവും തീവ്രമായ രൂപമാണ് എഎഫ്ഡിയുടെത്. ജർമൻ ഭരണകൂടം ഇപ്പോൾ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ അപ്പാടെ പൊളിച്ചെഴുതണമെന്നും എഎഫ്ഡിക്ക് അഭിപ്രായമുണ്ട്.
ഭരണപരിഷ്കാരങ്ങൾക്ക് വേഗം പോരാ
ഫെഡറൽ ഗവൺമെന്റ് മുൻകൂട്ടി കാണുന്ന ഭരണപരിഷ്കാരങ്ങൾക്ക് വേഗം പോരാ എന്നാണ് എഎഫ്ഡിയുടെ നിലപാട്. ഭരണനിർവഹണത്തിന്റെ നൂലാമാലകൾക്കും ബ്യൂറോക്രസിയുടെ നിയന്ത്രണങ്ങൾക്കും നടുവിൽ ജനത നട്ടംതിരിയുകയാണ്. പൗരന്മാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതും കുറച്ചു മാത്രം ഭരിക്കുന്നതുമായ ഒരു ഭരണമാണ് എഎഫ്ഡിയുടെ വാഗ്ദാനം. ജർമൻ വംശീയതയിൽ ഊന്നിയ ദേശീയവാദമാണ് പാർട്ടിയുടെ മുഖമുദ്ര. പെൻഷൻ പ്രായമുയർത്തുക, ചെറുപ്പക്കാരുടെ കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക, നികുതികൾ വർധിപ്പിക്കാതിരിക്കുക ഇതൊക്കെ പാർട്ടിയുടെ വാഗ്ദാനങ്ങളാണ്. എന്നാൽ ഇതിനൊക്കെ വേണ്ടിവരുന്ന 2.6 ലക്ഷം കോടി യൂറോ എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സെമികണ്ടക്ടർ നിർമാണമോ ചിപ്പ് ടെക്നോളജിയോ പരാമർശിച്ചിട്ടില്ല.
എഎഫ്ഡി സന്ദേശം വ്യക്തം
എഎഫ്ഡിയുടെ വിജയം ജർമൻ സാമ്പത്തിക മേഖലയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ജർമൻ പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ, യൂറോപ്യൻ യൂണിയനിൽനിന്നുള്ള ജർമനിയുടെ പിന്മാറ്റം, റഷ്യയോടുള്ള ചങ്ങാത്തം, യുക്രെയ്നുള്ള സഹായം വെട്ടിച്ചുരുക്കൽ, വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള ശ്രമം എന്നിങ്ങനെ സാമ്പത്തിക മേഖലയെ സ്പർശിക്കുന്ന നിരവധി നടപടികൾ അവർ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ ഫെഡറൽ തലത്തിൽ എടുക്കുന്നതുകൊണ്ട് സാക്സണി- ആൻഹാൾട്ട് സംസ്ഥാനത്തിനു മാത്രമായി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധ്യമല്ലതന്നെ. സംസ്ഥാനത്ത് മുക്കാൽ ലക്ഷത്തിലേറെ വിദേശ വിദഗ്ധ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം നാടുകടത്തുമെന്ന മുന്നറിയിപ്പ് നടപ്പാക്കുക അത്ര എളുപ്പമല്ല. ഈ തസ്തികകളെല്ലാം ജർമൻ തൊഴിലാളികളെ കൊണ്ടുമാത്രം നിറയ്ക്കാനും സാധ്യമല്ല.
കോടതികളിൽനിന്നുള്ള ഇടപെടലും ഉണ്ടാകും. എങ്കിലും എഎഫ്ഡി നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. ഭാവിയിൽ വിദേശ തൊഴിലാളികൾക്ക് ജർമനി അനാകർഷകമായി മാറാം. മാത്രമല്ല ജർമനിയിൽ ജോലി ചെയ്യുന്ന അന്യ നാട്ടുകാർതന്നെ മറ്റു നാടുകളിലേക്കോ മാതൃരാജ്യത്തേക്കോ പോകാനും സാധ്യതയുണ്ട്. രാജ്യത്തുള്ള വിദേശികളെ റിവേഴ്സ് മൈഗ്രേഷനു (റെമിഗ്രേഷൻ) പ്രേരിപ്പിക്കുക പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വിദഗ്ധ തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യരംഗം, ഹോട്ടൽ-ടൂറിസം വ്യവസായം, ഭക്ഷ്യ സംസ്കരണം, കൃഷി, നിർമാണ രംഗം, ഗതാഗതം തുടങ്ങിയ തൊഴിൽ മേഖലകളിൽ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ ഇപ്പോൾതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
അധികാരത്തെക്കാൾ ആദർശം പ്രധാനം
എഎഫ്ഡിയുമായി ജർമൻ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്ന തൊട്ടുകൂടായ്മ (firewall) മൂലം ആരൊക്കെ അവരുമായി സഹകരിക്കുമെന്നും ഭരണത്തിൽ എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും കാത്തിരുന്നു കാണണം. സംസ്ഥാനത്ത് ആരുമായും സഖ്യത്തിൽ ഏർപ്പെടാൻ തങ്ങൾ തയാറാണെന്നാണ് പാർട്ടിയുടെ നിലപാട്. എന്നാൽ തങ്ങളുടെ നിലപാടുകളിൽ വെള്ളംചേർക്കാൻ തയാറല്ലെന്നും അവർ പറയുന്നുണ്ട്. അധികാരത്തെക്കാൾ ആദർശമാണത്രേ അവർക്ക് പ്രധാനം. അതുകൊണ്ട് പ്രതിപക്ഷത്തിരിക്കാനുള്ള സന്നദ്ധതയും പാർട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ഇന്റലിജൻസ് ഏജൻസികൾ എഎഫ്ഡിയെ വിലയിരുത്തിയിരിക്കുന്നത് ‘തീവ്ര വലതുപക്ഷം’ എന്നാണ്. അതുകൊണ്ട് മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും അവരുമായി സഖ്യത്തിൽ ഏർപ്പെടാൻ തയാറല്ല. അതുകൊണ്ടുതന്നെ മന്ത്രിസഭാ രൂപീകരണം ഒരു കീറാമുട്ടിയാണ്. തീവ്രനിലപാടുകൾ പുലർത്തുന്ന എഎഫ്ഡിയെ നിരോധിക്കണം എന്ന ആവശ്യം ഇപ്പോൾ ജർമനിയിൽ വ്യാപകമായി ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നുതന്നെ ബർലിൻ, ഹാംബർഗ്, ഫ്രാങ്ക്ഫർട്ട്, മയിൻസ്, സ്റ്റുട്ഗാർട്ട് മുതലായ നഗരങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത വൻ പ്രകടനങ്ങളാണ് എഎഫ്ഡിക്ക് എതിരായി നടന്നത്.
ഫലപ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതാക്കളായ ആലീസ് വൈഡൽ, ടിനോ ക്രുപ്പല്ല, മുഖ്യമന്ത്രിയാകും എന്നു പ്രതീക്ഷിക്കുന്ന ഉൾറിക്ക് സീഗ്്മുണ്ട് എന്നിവർ ബെർലിനിൽ ഒരു പത്രസമ്മേളനം നടത്തി. ഒറ്റയ്ക്ക് സംസ്ഥാനത്ത് ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും അനതിവിദൂര ഭാവിയിൽ ജർമനിയുടെ ഭരണത്തിലെത്തും എന്ന കാര്യത്തിൽ അവർക്ക് നല്ല ആത്മവിശ്വാസമാണ്. സിഡിയു മേലിൽ ഒരിക്കലും ജർമനിയിൽ അധികാരത്തിൽ വരില്ലെന്നാണ് അവരുടെ ബോധ്യം. ജർമനിയുടെ അടുത്ത ചാൻസലർ താൻ ആകുമെന്നും ആലീസ് വൈഡൽ പറഞ്ഞു. ഈ മാസംതന്നെ 20ന് തെരഞ്ഞെടുപ്പ് നടക്കേണ്ട മെക്ളൻബുർഗ്-വെസ്റ്റേൺ പോമറേനിയ സംസ്ഥാനത്തും എഎഫ്ഡി മുന്നിലാണെന്ന് സർവേകൾ പറയുന്നു.
ഗൗരവതരമായ ഭയങ്ങൾ സത്യമായിത്തീര്‍ന്നു
എഎഫ്ഡിയുടെ വിജയത്തിൽ തന്റെ ഹൃദയത്തിനു മുറിവേറ്റതായി ആഞ്ചല മെർക്കെൽ പറഞ്ഞു. നുണകൾ എല്ലായിടത്തും ആധിപത്യം നേടുന്നതായി അവർ നിരീക്ഷിച്ചു. തൊലിയുടെ നിറത്തിന്റെയും ഉത്ഭവത്തിന്റെയും പേരിൽ വംശീയ ശുദ്ധീകരണം നടത്തുകയാണ് എഎഫ്ഡിയുടെ ലക്ഷ്യമെന്ന് ചാൻസലർ മെർട്സ് ഇന്നലെ പാർലമെന്റിൽ പ്രസ്താവിച്ചതിനെതിരേ കേസ് കൊടുക്കുമെന്ന് എഎഫ്ഡി നേതാക്കൾ അറിയിച്ചതാണ് പുതിയൊരു സംഭവവികാസം. ജർമനിയിലെ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സഭകളും ഇതര ക്രൈസ്തവ സഭകളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ഏറ്റവും ഗൗരവതരമായ ഭയങ്ങൾ സത്യമായി തീർന്നതായി പ്രതികരിച്ചു.
ജനാധിപത്യപരമായ തീർപ്പ് അംഗീകരിക്കുന്നുണ്ടെങ്കിലും ജനങ്ങൾ തമ്മിലുള്ള അനുരഞ്ജനം, നിയമവാഴ്ച, മനുഷ്യമഹത്വം മുതലായ മൂല്യങ്ങൾ ഒരിക്കലും ചോദ്യംചെയ്യപ്പെടാൻ പാടില്ല എന്ന് അവർ പ്രസ്താവിച്ചു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തങ്ങൾ നിശബ്ദരായിരിക്കുകയില്ലെന്ന് സഭാ നേതാക്കൾ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയും പൗരന്മാരുടെ മൗലികാവകാശങ്ങളും മാനിക്കാൻ പുതിയ ഭരണാധികാരികൾ തയാറാകണം. എഎഫ്ഡി 44 ശതമാനം പേരുടെ പിന്തുണ നേടിയത് ജനാധിപത്യത്തിന്റെ അപചയമാണ്. ജനങ്ങളെ വംശീയമായും മതപരമായും വിഭജിക്കുന്ന അവരുമായി ജനാധിപത്യ പാർട്ടികൾ സഖ്യത്തിൽ ഏർപ്പെടരുതെന്ന് അവർ ആവശ്യപ്പെട്ടു.
കുടിയേറ്റം സാമൂഹ്യ യാഥാർഥ്യം
രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ച യഹൂദ വനിതയായ 93കാരി ഷാർലറ്റ് ക്നോബ്ലോക്ക് എഎഫ്ഡിയുടെ വിജയത്തെ അവിശ്വസനീയം എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകർന്നതായും തനിക്ക് ഭയം തോന്നുന്നതായും അവർ പറഞ്ഞു. കിഴക്കൻ ജർമനിയിലെ കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾ അപരവത്കരണവും വംശീയതയും മുഖമുദ്രയാക്കിയ എഎഫ്ഡിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ആളുകളുടെ ജന്മനാട്, മതം, കുടിയേറ്റ ചരിത്രം എന്നിവ നോക്കി വിധിക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. കുടിയേറ്റം ഒരു അപവാദമോ സംസ്കാരിക അധിനിവേശമോ അല്ല, സാമൂഹ്യ യാഥാർഥ്യമാണെന്ന് അവർ പറയുന്നു.
അഭയാർഥികൾക്ക് സ്വാഗതമോതിയത് വിനയായി!
എഎഫ്ഡിയുടെ വിജയം പാശ്ചാത്യ രാജ്യങ്ങൾ യാഥാർഥ്യത്തെ തിരസ്കരിക്കുന്നതിന്റെയും അവരുടെ നിസഹായതയുടെയും ഫലമാണെന്ന് ഫ്രഞ്ച് ദിനപത്രമായ ല്‍ ഫിഗാറോ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. കുടിയേറ്റക്കാരും അഭയാർഥികളും ഉയർത്തിയ പ്രശ്നങ്ങളോടുള്ള പാശ്ചാത്യ ഭരണകൂടങ്ങളുടെ നിസംഗത വംശീയവാദത്തെയും വലതുപക്ഷ തീവ്രവാദത്തെയും പോറ്റി വളർത്തുകയാണ് ചെയ്തത്. തന്റെ ചില നയങ്ങൾ എഎഫ്ഡിയുടെ വളർച്ചയ്ക്ക് കാരണമായതായി ആഞ്ചല മെർക്കെൽ ഏറ്റു പറഞ്ഞതും സ്മരണീയമാണ്. ജർമൻ ജനതയുടെ ദേശീയതയും സ്വത്വബോധവും വിസ്മരിച്ചുകൊണ്ട് അഭയാർഥികൾക്ക് പരിധികളില്ലാതെ സ്വാഗതമോതിയത് ഒരു വിനയായി തീർന്നതായി ജർമൻ ജനത കരുതുന്നു. അഭയാർത്ഥികൾക്ക് ഭാഷ, സംസ്കാരം, ജനാധിപത്യബോധം, സ്ത്രീപുരുഷ സമത്വം തുടങ്ങിയ മൂല്യങ്ങൾ പകർന്നു നൽകാനുള്ള ശ്രമങ്ങൾ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ.
അഭയാർത്ഥികൾ മൂലമുണ്ടായ വൻ സാമ്പത്തിക ബാധ്യതയും പ്രശ്നമായി. ഇക്കാര്യങ്ങളെല്ലാം ആദ്യമായി മനസിലാക്കി പ്രതികരിച്ചത് സ്കാൻഡിനേവിയൻ രാജ്യങ്ങളാണ്. ഏറ്റവും പ്രധാനമായി കുടിയേറ്റക്കാരിലൂടെ ജർമൻ ജനതയ്ക്കു കൈവന്ന അരക്ഷിത ബോധമാണ് എഎഫ്ഡിയെ വിജയത്തിലേക്കു നയിച്ചത്. ഇറ്റലി, ഫ്രാൻസ്, നെതർലാൻഡ്സ്, സ്പെയിൻ, പോളണ്ട്, ഹങ്കറി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം വലതുപക്ഷ ദേശീയതാവാദം വളരുകയാണ്.
NRI
ബെർലിൻ: ജർമനിയിലെ സ്കൂൾ വിദ്യാഭ്യാസ രംഗം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പുതിയ പിസ പഠന റിപ്പോർട്ട് പുറത്ത്.
വായനയിലും ഗണിതശാസ്ത്രത്തിലും ജർമൻ വിദ്യാർഥികൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുന്നതായാണ് അന്താരാഷ്ട്ര പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യം "പിസ ഷോക്ക് 3.0' എന്ന ഭീതിദമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി വാർത്ത പുറത്തുവിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
പഠനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന "റിസ്ക് ഗ്രൂപ്പ്' വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് ഭയാനകമായ രീതിയിൽ വർധിച്ചുവരികയാണ്.
നിത്യജീവിതത്തിന് ആവശ്യമായ അടിസ്ഥാന ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനോ, ലളിതമായ പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കാനോ പോലും വലിയൊരു വിഭാഗം കുട്ടികൾക്ക് സാധിക്കുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
പ്രധാന കണ്ടെത്തലുകൾ ഗണിതത്തിലും വായനയിലും വൻ തിരിച്ചടി: ജർമ്മനിയിലെ സ്കൂളുകളിൽ ഭൂരിഭാഗം കുട്ടികൾക്കും നിശ്ചിത സിലബസ് പൂർത്തിയാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല.
റിസ്ക് ഗ്രൂപ്പുകളുടെ വർദ്ധന: അടിസ്ഥാന നിലവാരം പോലുമില്ലാത്ത കുട്ടികളുടെ അനുപാതം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന തോതിലേക്ക് എത്തി.
അധ്യാപക ക്ഷാമവും സംവിധാനത്തിലെ പോരായ്മകളും: സ്കൂളുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ അധ്യാപക പ്രതിസന്ധിയും ക്ലാസ് മുറികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത സംസ്കാരവും കൊണ്ട് പ്രശസ്തമായ ജർമനിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഇടിവ് ഭരണകൂടത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പ്രശ്നം അതീവ ഗൗരവത്തോടെ കാണണമെന്നും വിദ്യാഭ്യാസ നയങ്ങളിൽ ഉടൻ അഴിച്ചുപണി വേണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങൾക്കിടയിലും പുതിയ റിപ്പോർട്ട് ആശങ്ക പടർത്തുന്നുണ്ട്.
കുട്ടികളുടെ ഭാവിയെയും ഉന്നത വിദ്യാഭ്യാസത്തെയും മുൻനിർത്തി സ്കൂൾ തെരഞ്ഞെടുപ്പിലും പഠനകാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്ന് പ്രവാസി രക്ഷിതാക്കൾ, മലയാളികൾ വിലയിരുത്തുന്നു.
പ്രശ്നപരിഹാരത്തിനായി സ്കൂളുകളിൽ അധിക പരിശീലന ക്ലാസുകളും ഡിജിറ്റൽ നവീകരണങ്ങളും കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും തകർച്ച മറികടക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്.
NRI
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) നേതൃത്വത്തിലുള്ള ഓണാഘോഷം ഞായറാഴ്ച ബോണില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില്‍ വി.കുര്‍ബാന, കലാപരിപാടികള്‍, ഓണക്കളികള്‍, സദ്യ തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് അറിയിച്ചു.
NRI
ഹാന്നോവർ/തിമിരി: പച്ചാണി കരിമ്പനൂർ തോമസ് (70) ജർമനിയിലെ ഹാന്നോവറിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
ജർമനിയിലെ ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനായി ജർമനിയിലെ ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ ഇടപെട്ട് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
പൊട്ടൻപ്ലാവ് തട്ടാപറമ്പിൽ കുടുംബാംഗമായ ലില്ലി തോമസാണ് ഭാര്യ. മക്കൾ: ലിജോ, ജിബിൻ (ഇരുവരും ജർമനി), നോബിൻ (ദുബായി). മരുമക്കൾ: ജോസിന,ആഷ്മ (ഇരുവരും ജർമനി), അഞ്ജു.
സഹോദരങ്ങൾ: മറിയാമ്മ, അന്നമ്മ, ജോസഫ്, ജെയിസൺ (വിമുക്തഭടൻ), പരേതയായ ത്രേസ്യാമ്മ.
NRI
സീഗൻ: ബഥേൽ ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ച് (BIPC) ജർമനിയുടെ വാർഷിക സമ്മേളനവും പ്രത്യേക കൃതജ്ഞതാ സ്തോത്ര പ്രാർഥനയും ശനിയാഴ്ച സീഗനിൽ നടക്കും. ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ദൈവീക വിടുതലിനും നന്ദിപ്രകാശനത്തിനുമായി വേർതിരിച്ച ഈ സമയം 'കൃതജ്ഞതയുടെയും ആരാധനയുടെയും പ്രാർഥനയുടെയും' (Time of Gratitude, Worship and Prayer) അനുഗ്രഹീത ധന്യനിമിഷങ്ങളായി മാറും.
കഴിഞ്ഞ നാളുകളിൽ സഭയ്ക്കും കുടുംബങ്ങൾക്കും ലഭിച്ച ദൈവീക കരുതലിന് നന്ദി അർപ്പിക്കുന്നതോടൊപ്പം ഗാനശുശ്രൂഷയും ദൈവവചന ശുശ്രൂഷയും മധ്യസ്ഥ പ്രാർഥനയും സമ്മേളനത്തിൽ നടക്കും. തുടർന്ന് ഉച്ചവിരുന്നും (അഗാപ്പെ) ഒരുക്കിയിട്ടുണ്ട്.
സീഗനിലും ജർമനിയുടെ വിവിധ ഭാഗങ്ങളിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും ചടങ്ങിൽ പങ്കെടുക്കും. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
NRI
മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.
ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്.
1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്റെ ആരോപണം. ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
International
ബെർലിൻ: തെക്കൻ ജർമനിയിലെ ഓഗ്സ്ബെർഗ് നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപം സ്ഫോടനം. ഇതിനു പിന്നാലെ സ്റ്റേഷനിൽനിന്ന് സംശയാസ്പദ വസ്തു കണ്ടെത്തുകയും ചെയ്തു. രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവച്ചു.
ബുധനാഴ്ച പുലർച്ചെ 3.15നായിരുന്നു സ്ഫോടനം. രണ്ടു പേർക്കു നിസാര പരിക്കേറ്റു. യുക്രെയ്ൻ പൗരന്മാരായ പതിനേഴുകാരിക്കും പതിനെട്ടുകാരനുമാണ് പരിക്കേറ്റത്.
ബവേറിയൻ സംസ്ഥാനത്തെ സ്ഫോടകവസ്തു വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
NRI
ലൈപ്സിഗ്: ജർമൻ മണ്ണിൽ യുക്രെയ്ൻ സൈനിക വിമാനം തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ വൻ ഡ്രോൺ അട്ടിമറി ശ്രമത്തിന്റെ നിർണായക തെളിവുകൾ പുറത്ത്.
ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ അടങ്ങിയ മൂന്നാമത്തെ ഡ്രോൺ അന്വേഷണ സംഘം കണ്ടെടുത്തു.
ഡ്രോണിനൊപ്പം 50 ഗ്രാം അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളും (Sprengstoff) സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
ലക്ഷ്യം യുക്രെയ്ൻ സൈനിക വിമാനം: ജർമനിയിലെ ലൈപ്സിഗ് വിമാനത്താവളത്തിൽ എത്തിയ തന്ത്രപ്രധാനമായ യുക്രെയ്ൻ സൈനിക വിമാനം ആക്രമിക്കുകയായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യമെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
മൂന്നാമത്തെ ഡ്രോൺ: വിമാനത്താവളത്തിന് സമീപം മുൻപ് രണ്ട് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ഫോടകവസ്തുക്കളുമായി മൂന്നാമതൊരു ഡ്രോൺ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പരാജയപ്പെട്ട അട്ടിമറി: കൃത്യമായ ആസൂത്രണത്തോടെ നടത്തിയ നീക്കമാണെങ്കിലും സാങ്കേതിക തകരാറോ സുരക്ഷാ സംവിധാനങ്ങളുടെ ഇടപെടലോ മൂലം അട്ടിമറി ശ്രമം ലക്ഷ്യം കാണാതെ പരാജയപ്പെടുകയായിരുന്നു.
അന്വേഷണം ഊർജിതമാക്കി ജർമൻ രഹസ്യാന്വേഷണ വിഭാഗം
ഡ്രോൺ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഫോറൻസിക് വിരലടയാളങ്ങളും ഡിജിറ്റൽ ഡാറ്റകളും ജർമൻ ഫെഡറൽ അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
വിദേശ ചാരസംഘടനകളുടെയോ അട്ടിമറി ഗ്രൂപ്പുകളുടെയോ നേരിട്ടുള്ള ഇടപെടൽ ഇതിന് പിന്നിലുണ്ടോയെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ജനറലിന്റെ നേതൃത്വത്തിൽ അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.
ജർമനിയുടെ ആഭ്യന്തര സുരക്ഷയ്ക്കും വ്യോമതാവളങ്ങൾക്കും നേരെയുണ്ടായ ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഈ സംഭവം മാറിയതോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
NRI
ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജർമൻ സർക്കാർ മുന്നോട്ട്. വിവിധ ജയിലുകളിൽ കഠിനതടവ് അനുഭവിച്ചിരുന്ന 23 കൊടുംകുറ്റവാളികളായ അഫ്ഗാൻ പൗരന്മാരെ ജർമനി പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.
തിങ്കളാഴ്ച അർധരാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിൽ നിന്നാണ് ഫ്രീബേർഡ് എയർലൈൻസ് പ്രത്യേക വിമാനം നാടുകടത്തപ്പെട്ടവരുമായി പറന്നുയർന്നത്. ജർമൻ ഫെഡറൽ പോലീസിന്റെ (Bundespolizei) പ്രത്യേക സുരക്ഷാ സേനയുടെ കാവലിൽ തുർക്കിയിലെ ട്രാബ്സണിൽ (Trabzon) ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനം ചൊവ്വാഴ്ച പുലർച്ചെ കാബൂളിലെത്തി.
ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർ: ലൈംഗികാതിക്രമങ്ങൾ, വധശ്രമം, മാരകമായ കവർച്ചകൾ, വൻതോതിലുള്ള ലഹരിക്കടത്ത് തുടങ്ങിയ ഗുരുതര കേസുകളിൽ കോടതി ശിക്ഷിച്ചവരെയാണ് നാടുകടത്തിയത്. ഇവർക്ക് അഭയാർഥി പദവിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുടെ കർശന നിലപാട്: ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ നമ്മുടെ രാജ്യം വിടണം എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. താമസാനുമതിയില്ലാത്തവരും കുറ്റവാളികളും നാടുകടത്തപ്പെടും; ഈ നയം കർശനമായി നടപ്പാക്കും എന്ന് ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് വ്യക്തമാക്കി.
താലിബാനുമായുള്ള ധാരണയും വിമർശനങ്ങളും: അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടവുമായി ധാരണയുണ്ടാക്കിയാണ് ജർമ്മനി ഈ നീക്കം നടത്തിയത്.
എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ കവരുന്ന താലിബാനുമായി സർക്കാർ സന്ധി ചെയ്യുകയാണെന്ന് ആരോപിച്ച് ഗ്രീൻ പാർട്ടി എം.പിമാർ രംഗത്തെത്തി.
വിമാനത്താവളത്തിൽ പ്രതിഷേധം: നാടുകടത്തൽ തടയാൻ തിങ്കളാഴ്ച രാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിന് മുന്നിൽ എഴുപതോളം വരുന്ന മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, അഭയാർഥി നിയമങ്ങൾ കർശനമാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികളെ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുമുള്ള ജർമൻ സർക്കാരിന്റെ കടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിമാന സർവീസ്.
ഭാവിയിലും സമാനമായ ശക്തമായ നാടുകടത്തൽ നടപടികൾ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.
NRI
ബ്രസൽസ്: ബെൽജിയം - ജർമൻ അതിർത്തിയിലെ ഹോഹെസ് വെൻ പ്രകൃതിസംരക്ഷണ മേഖലയിൽ പടർന്ന വൻ കാട്ടുതീയിൽ നേരിയ ആശ്വാസമായി മഴ. ഏകദേശം 3,000 ഹെക്ടർ വനഭൂമി ഇതിനകം കത്തിനശിച്ചതായാണ് റിപ്പോർട്ട്.
മഴയും അന്തരീക്ഷത്തിലെ തണുപ്പും തീയുടെ വ്യാപനം കുറച്ചെങ്കിലും ശക്തമായ കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. തീ പൂർണമായി നിയന്ത്രണവിധേയമാക്കുന്നതിനായി നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തനം തുടരുന്നു.
തീയുടെ വടക്ക്, കിഴക്ക് മേഖലകളെ ബന്ധിപ്പിച്ച് പ്രതിരോധ വലയം തീർക്കാൻ ഇനി ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം ബാക്കിയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ജർമൻ അതിർത്തിക്ക് സമീപം തീ തുടരുന്നതിനാൽ മോൺഷൗ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
കാറ്റിന്റെ ദിശ ജർമ്മൻ അതിർത്തിയിലേക്ക് ആയതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും അഗ്നിശമന ഉപകരണങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നുള്ള കനത്ത പുക കൊളോൺ, വുപ്പർറ്റാൽ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചു.
വായുമലിനീകരണ സാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് വുപ്പർറ്റാൽ ഫയർ ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിൽ കർഷകരുടെ ട്രാക്ടറുകളും മറ്റ് ഉപകരണങ്ങളും നിർണായക സഹായമായി.
തീയുടെ ഭീഷണി കുറഞ്ഞതോടെ ഒഴിപ്പിച്ച ചില ഗ്രാമങ്ങളിലെ താമസക്കാർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും തീ പൂർണമായി അണയ്ക്കാനും മണ്ണിനടിയിലെ കനലുകൾ ഇല്ലാതാക്കാനും ആഴ്ചകൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
NRI
ഹെർണെ: ജർമനിയിലെ ഹെർണെയിൽ താമസിക്കുന്ന പ്രവാസി മലയാളി ചിന്നമ്മ വള്ളോന്തറ (77) അന്തരിച്ചു. പെരുവന്താനം, കടുവാപ്പാറ കോഴിമല കുടുംബാംഗമാണ്.
സംസ്കാരം പിന്നീട്. കല്ലൂപ്പാറ സ്വദേശി പരേതനായ ബെനഡിക്ട് വള്ളോന്തറയാണ് ഭർത്താവ്. മക്കൾ: ഷീബ, സ്വെൻ. മരുമക്കൾ: വിൻസി, പ്രീത.
1966 നവംബറിലാണ് ചിന്നമ്മ ജർമ്മനിയിലേക്ക് കുടിയേറുന്നത്.
International
ബെർലിൻ: ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പടിഞ്ഞാറൻ, മധ്യ ജർമനിയിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. പടിഞ്ഞാറൻ ജർമൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിലെ വാൾഡോർഫിലാണ് അപകടം നടന്നത്.
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 58 വയസ്സുകാരി പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് രക്ഷനേടാൻ സമീപത്തെ താൽക്കാലിക ഷെൽട്ടറിലേക്ക് മാറിയെങ്കിലും, മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബവേറിയയിലെ ക്രോണാഹിൽ നടന്ന ഒരു പ്രാദേശിക ഉത്സവ നഗരിയിൽ കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.
ഏകദേശം 3,500 പേരെ ഔട്ട്ഡോർ വേദിയിൽ നിന്നും സുരക്ഷിതമായി ബിയർ ഹാളുകളിലേക്ക് മാറ്റി. ഹെസ്സനിലെ വെറ്റ്സ്ലാർ മേഖലയിൽ മാത്രം അറുപതോളം വീടുകൾക്ക് ചുഴലിക്കാറ്റിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
തുരിങ്ങൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റിൽ മരങ്ങൾ വീണും ഗതാഗതം തടസ്സപ്പെട്ടും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജർമനിയിലെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NRI
ബെർലിൻ: ജർമനിയിൽ നിന്ന് അഭയാർഥികളെ ഡബ്ലിൻ ചട്ടപ്രകാരം ഇറ്റലിയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജർമനിയിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ച അഭയാർഥികളെ തിരിച്ചെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ വിസമ്മതിച്ചു.
ഇതോടെ യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ നയത്തെച്ചൊല്ലി ജർമനിയും ഇറ്റലിയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി. ഈ മാസം 19ന് ജർമനിയിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ നിശ്ചയിച്ചിരുന്ന മൂന്ന് അഭയാർഥികളുടെ കൈമാറ്റമാണ് റോം നിരസിച്ചത്.
ഇറ്റലി വഴി യൂറോപ്യൻ യൂണിയനിൽ പ്രവേശിച്ച് പിന്നീട് ജർമനിയിലെ ബന്ധുക്കളുടെ അടുത്തെത്തിയ 22 വയസുകാരിയായ സൊമാലിയൻ യുവതിയും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയുടെ നിലപാട്
ജൂൺ 12ന് പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ കരാർ പ്രകാരം, അഭയാർഥികൾ യൂറോപ്പിൽ ആദ്യം പ്രവേശിച്ച രാജ്യത്തേക്ക് അവരെ തിരിച്ചയക്കാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്നാണ് ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
സൊമാലിയൻ യുവതിയുടെ കേസിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇറ്റലി മറുപടി നൽകാതിരുന്നതിനാൽ, ഡബ്ലിൻ ചട്ടപ്രകാരം അഭയാർഥിയെ സ്വീകരിക്കാൻ ഇറ്റലി സമ്മതിച്ചതായി കണക്കാക്കാമെന്നാണ് ജർമ്മനിയുടെ വാദം.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ ആദ്യം പ്രവേശിച്ച ശേഷം ജർമനിയിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിലാണ്.
2025ൽ ജർമനി സമർപ്പിച്ച 35,900 കൈമാറ്റ അപേക്ഷകളിൽ 23,900 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 5,370 പേരെ മാത്രമാണ് യഥാർഥത്തിൽ തിരിച്ചയക്കാൻ കഴിഞ്ഞത്.
ഇറ്റലിയുടെ കടുത്ത നിലപാട്
ജർമനിയുടെ വാദം ഇറ്റലി അംഗീകരിക്കുന്നില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേസുകളാണ് നിലവിലുള്ളതെന്നും ഇത്തരം പഴയ കേസുകൾ പരിഗണിക്കേണ്ടതില്ലെന്ന ധാരണ ബെർലിനുമായി ഉണ്ടായിരുന്നുവെന്നുമാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാറ്റിയോ പിയാന്തെദോസി വ്യക്തമാക്കുന്നത്.
ജർമൻ എൻജിഒകളുടെ രക്ഷാപ്രവർത്തന കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തി ഇറ്റാലിയൻ തീരത്ത് എത്തിച്ച അഭയാർഥികളുടെ എണ്ണവും പരിഗണിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ഈ വർഷം ഇതുവരെ ജർമൻ എൻജിഒകളുടെ കപ്പലുകൾ വഴി ഏകദേശം 2,200 അഭയാർഥികൾ ഇറ്റാലിയൻ തീരത്തെത്തിയതായാണ് കണക്ക്.
അഭയാർഥി വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്നും മെലോണി വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റലിയുടെ പുതിയ നിലപാട് ജർമനിയുടെ തിരിച്ചയക്കൽ നയത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത യൂറോപ്യൻ യൂണിയന്റെ പൊതുവായ കുടിയേറ്റ - അഭയനയം നടപ്പാക്കുന്നതിലും കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.
International
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിൽ ബെൽജിയൻ അതിർത്തിയോടു ചേർന്ന ഗെയ് ഗ്രാമത്തിൽ കാട്ടുതീ പടരുന്നു. ഇവിടെ താമസിച്ചിരുന്ന രണ്ടായിരം പേരെ വെള്ളിയാഴ്ച പുലർച്ചെ അടിയന്തരമായി ഒഴിപ്പിച്ചു.
അവശ്യസാധനങ്ങളും തിരിച്ചറിയൽ രേഖകളും മരുന്നും മാത്രം കയ്യിലെടുത്താൻ മതിയെന്നാണ് ഗ്രാമീണരോട് നിർദേശിച്ചത്. സമീപത്തെ പ്രൈമറി സ്കൂളിൽ തയാറാക്കിയ അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ഗ്രാമത്തോടു ചേർന്ന വനത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തു വീണ ബോംബുകളുണ്ടെന്നാണ് കരുതുന്നത്. തീപടരുന്നതിനിടെ ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടായി.
NRI
ബെർലിൻ: ഓണാഘോഷങ്ങൾക്ക് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകരാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ പുതിയ ഓണപ്പാട്ട് ഒരുങ്ങുന്നു.
"ശ്രാവണപുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര തിരുവോണ ആൽബത്തിന്റെ റെക്കോർഡിംഗ് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയായി.
കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി ഓൺലൈനിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാൻ ഒരുക്കിയ മൂന്നാമത്തെ (2021, 2025 വർഷങ്ങൾക്ക് ശേഷമുള്ള) ഉത്സവ ഗാനമാണ് ശ്രാവണപുലരി.
സംഗീതരംഗത്തെ പ്രമുഖരുടെ കൂട്ടായ്മ
കൊച്ചി മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലിയാണ് ഈണം നൽകിയിരിക്കുന്നത്.
പിന്നണി ഗായിക ചിത്ര അരുൺ ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജോബി പ്രിമോസ് ആണ്. ഷിയാസ് മേനോലിൽ ആണ് സോംഗ് ഡിസൈനർ.
നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ആൽബം നിർമിക്കുന്നത്. സഹകരണം: പ്രവാസി ഓൺലൈൻ മീഡിയ പങ്കാളിത്തത്തോടെയാണ് സംഗീത വിരുന്ന് പ്രവാസികൾക്ക് മുന്നിലേക്ക് എത്തുന്നത്.
ശനിയാഴ്ച ജർമനിയിൽ ഔദ്യോഗിക റിലീസ്
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജർമനിയിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് ശ്രാവണപുലരി എന്ന സിംഗിൾ ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യും.
ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു... എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം കുമ്പിൾ ക്രിയേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളി പ്രേക്ഷകരിലേക്ക് എത്തും.
മലയാളി പ്രവാസികളുടെയും സംഗീതാസ്വാദകരുടെയും പ്രാർഥനയും സ്നേഹവും പിന്തുണയും ഈ നല്ല സംരംഭത്തിന് ഉണ്ടാകണമെന്ന് ഗാനരചയിതാവ് ജോസ് കുമ്പിളുവേലിൽ അഭ്യർഥിച്ചു.
NRI
ബെർലിൻ: എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിജിറ്റൽ കണ്ടന്റുകളും സൃഷ്ടിക്കുന്നവർക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിലവിൽ വന്നു.
ഈ മാസം രണ്ട് മുതൽ യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ ജർമനി ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിലെ എഐ കണ്ടന്റ് സൃഷ്ടിക്കുന്നവരും ഉപയോഗിക്കുന്നവരും ചില സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും.
ജർമനിയിൽ കഴിയുന്ന മലയാളി യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ, ബിസിനസുകൾ എന്നിവർക്കും ഈ നിയമങ്ങൾ പ്രസക്തമാണ്.
എന്നാൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും നിർബന്ധമായും പൊതുവായി എഐ ജനറേറ്റഡ് എന്ന് ലേബൽ ചെയ്യണമെന്നല്ല പുതിയ വ്യവസ്ഥയുടെ അർഥം.
പ്രത്യേകിച്ച് ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും മനുഷ്യരുടെ എഡിറ്റോറിയൽ നിയന്ത്രണമില്ലാതെ പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഐ-ജനറേറ്റഡ് ടെക്സ്റ്റുകളുമാണ് വ്യക്തമായി വെളിപ്പെടുത്തേണ്ട പ്രധാന വിഭാഗങ്ങൾ.
ആരെയാണ് നിയമം ബാധിക്കുക?
എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നവർക്കും പ്രഫഷണൽ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നവർക്കും പുതിയ സുതാര്യതാ ബാധ്യതകൾ ബാധകമാണ്.
എഐ ഉപയോഗിച്ച് ചിത്രങ്ങൾ, ഓഡിയോ, വീഡിയോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ സ്വഭാവവും ഉപയോഗരീതിയും അനുസരിച്ചാണ് ലേബലിംഗ് ആവശ്യകത തീരുമാനിക്കപ്പെടുന്നത്.
ഡീപ്ഫേക്കുകൾക്ക് വ്യക്തമായ ലേബൽ വേണം
ഒരു യഥാർഥ വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ വസ്തുവിനെയോ അനുകരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത് കൃത്രിമമായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് വെളിപ്പെടുത്തണം.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കുന്നതിനായി എഐ ഉപയോഗിച്ച് തയാറാക്കിയതോ മാറ്റം വരുത്തിയതോ ആയ ടെക്സ്റ്റ് മനുഷ്യന്റെ പരിശോധനയോ എഡിറ്റോറിയൽ നിയന്ത്രണമോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലും അതിന്റെ എഐ സ്വഭാവം വ്യക്തമായി അറിയിക്കേണ്ടതുണ്ട്.
എല്ലാ എഐ കണ്ടന്റിനും ഒരേ രീതിയിലുള്ള ലേബൽ നിർബന്ധമല്ല
സാധാരണ എഡിറ്റിംഗിന് സഹായിയായി എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ അടിസ്ഥാന സ്വഭാവമോ അർഥമോ കാര്യമായി മാറ്റാത്ത പക്ഷം ചില ഒഴിവുകൾ ബാധകമാണ്.
അതുപോലെ കലാപരമായോ സൃഷ്ടിപരമായോ ഉള്ളടക്കങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും വ്യവസ്ഥകളിലുണ്ട്. എങ്കിലും ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത തുടരും.
ലംഘിച്ചാൽ പിഴ എത്ര?
എഐ ആക്ടിലെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതിന് കമ്പനികൾക്ക് വൻ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. പൊതുവായ ചില ബാധ്യതകളുടെ ലംഘനത്തിന് പരമാവധി 1.5 കോടി യൂറോ വരെ അല്ലെങ്കിൽ കമ്പനിയുടെ മുൻ സാമ്പത്തിക വർഷത്തിലെ ആഗോള വാർഷിക വിറ്റുവരവിന്റെ മൂന്ന് ശതമാനം വരെ, ഏതാണ് കൂടുതലോ അതനുസരിച്ച് പിഴ ചുമത്താം.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിഴ നിശ്ചയിക്കുമ്പോൾ ആനുപാതികത പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, 3.5 കോടി യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ എന്ന ഉയർന്ന പിഴ എല്ലാ എഐ ലേബലിംഗ് വീഴ്ചകൾക്കും ബാധകമല്ല.
നിരോധിത എഐ രീതികളോ ഡാറ്റയുമായി ബന്ധപ്പെട്ട ചില ഗുരുതര ലംഘനങ്ങളോ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ഉയർന്ന പരിധി ബാധകമാകുന്നത്.
പഴയ എഐ കണ്ടന്റുകൾക്ക് എന്താണ് നിയമം?
ഓഗസ്റ്റ് രണ്ടിന് മുമ്പ് സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച എഐ ഉള്ളടക്കങ്ങൾക്ക് പൊതുവെ പിന്നീടായി നിർബന്ധിതമായി ലേബൽ നൽകേണ്ടതില്ല. കൂടാതെ, ഓഗസ്റ്റ് രണ്ടിന് മുമ്പ് വിപണിയിലെത്തിച്ച ചില എഐ സംവിധാനങ്ങൾക്ക് മെഷീൻ-റീഡബിൾ മാർക്കിംഗുമായി ബന്ധപ്പെട്ട ബാധ്യതകൾ പാലിക്കാൻ ഡിസംബർ രണ്ട് വരെ പരിവർത്തന കാലയളവും നൽകിയിട്ടുണ്ട്.
യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എന്തുചെയ്യണം?
ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രഫഷണൽ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർ ഇനി മുതൽ തങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം പ്രത്യേകം പരിശോധിക്കണം.
പ്രത്യേകിച്ച് എഐ ഉപയോഗിച്ച് യഥാർഥ വ്യക്തികളെ അനുകരിക്കുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തയാറാക്കുമ്പോൾ വ്യക്തമായ ഡിസ്ക്ലെയിമർ നൽകുന്നത് പ്രധാനമാണ്.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഐ ഉപയോഗിച്ച് തയാറാക്കുന്ന വാർത്താസ്വഭാവമുള്ള ടെക്സ്റ്റുകൾ മനുഷ്യൻ പരിശോധിച്ച് എഡിറ്റോറിയൽ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം.
എഐ ഉപയോഗം മറച്ചുവയ്ക്കുന്നതിലൂടെ ആളുകളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഉള്ളടക്കത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയുമാണ് പുതിയ യൂറോപ്യൻ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
NRI
ബെർലിൻ: പത്തുപേരെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്ലിനിക്കൽ കെയർടേക്കർ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ വൂർസെലെനിലുള്ള റൈൻ-മാസ് ക്ലിനിക്കിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഉൽറിച്ച് എസ് (45) എന്ന നഴ്സിനെതിരേ 120-ലധികം പുതിയ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ആഹൻ, കൊളോൺ പ്രോസിക്യൂട്ടർമാർ അറിയിച്ചു.
46 മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നു
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 46 മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജോലിഭാരം കുറയ്ക്കാൻ ചെയ്ത ക്രൂരത
നൈറ്റ് ഷിഫ്റ്റുകളിൽ രോഗികളുടെ പരിചരണ ഭാരം കുറയ്ക്കുന്നതിനും ജോലി സമയത്ത് സ്വസ്ഥമായി ഇരിക്കുന്നതിനുമായി, ഗുരുതര രോഗാവസ്ഥയിലുള്ള രോഗികൾക്ക് മാരകമായ അളവിൽ വേദനാസംഹാരികളും ഉറക്കഗുളികകളും നൽകി മയക്കിക്കിടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
പഴയ കേസുകളും അന്വേഷണ പരിധിയിൽ
2023 ഡിസംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങൾക്കാണ് 2025 നവംബറിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇയാൾ 2020 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
തുടർന്ന് 2022 വരെയുള്ള കാലയളവിലെ ദുരൂഹ മരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആഹൻ പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുന്നത്.
കൊളോണിലും അന്വേഷണം വ്യാപിപ്പിച്ചു
2020-ന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന കൊളോണിലെ ആശുപത്രി കേന്ദ്രീകരിച്ചും കൊളോൺ പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ കൂടുതൽ കൊലപാതക കേസുകളിൽ ആഹൻ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ് വ്യക്തമാക്കി.
NRI
നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.
ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.
അപകടത്തെ തുടർന്ന് റേഗൻസ്ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
എന്നെപ്പെറ്റാൽ: പ്രവാസി മലയാളി മനസിന് നാടൻ തനിമയുടെ കുളിരേകി നമസ്തേ ജർമനി മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് ശനിയാഴ്ച എന്നെപ്പെറ്റാലിൽ അരങ്ങേറും.
ജർമൻ പാർലമെന്റ് അംഗം (Hagen - Ennepe-Ruhr-Kreis I) ടിജെൻ അറ്റയെഗ്ലൂ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എന്നെപ്പെറ്റാൽ ഗ്യാസ് സ്ട്രാസ് 10-ലുള്ള (Haus Ennepetal, Gasstrasse 10) ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും.
പാരമ്പര്യ തനിമയും ആധുനികതയും സമന്വയിക്കുന്ന വേറിട്ട കലാസാംസ്കാരിക വിരുന്നാണ് ഇക്കുറി സംഘാടകർ പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ
25 ഇനങ്ങളോടെ ഓണസദ്യ: നാവിൽ കൊതിയൂറുന്ന 25-ഓളം വിഭവങ്ങളുമായി പരമ്പരാഗത തനിമ ചോരാതെയുള്ള ഗംഭീര സദ്യ.
ആവേശകരമായ വടംവലി മത്സരം: കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന, പ്രവാസി മലയാളികളുടെ ആവേശം വാനോളമുയർത്തുന്ന വടംവലി പോരാട്ടം.
മലയാളി മങ്ക മത്സരം: മലയാളിത്തവും സാംസ്കാരിക തനിമയും വ്യക്തിത്വവും വിളിച്ചോതുന്ന സുന്ദരമായ മത്സരവേദി.
സാംസ്കാരിക പ്രകടനങ്ങളും സംഗീതവിരുന്നും: നാടൻ കലാസന്ധ്യകളും മനംകവരുന്ന സംഗീത, നൃത്ത പരിപാടികളും.
കിഡ്സ് ആക്ടിവിറ്റീസ് & ഫൺ ഗെയിംസ്: കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളും മത്സരങ്ങളും.
അത്യുഗ്രൻ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൊഴുപ്പേകി യുവത്വത്തെ ഇളക്കിമറിക്കാൻ അത്യുഗ്രൻ ഡിജെ നൈറ്റ്.
ഓണാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നമസ്തേ ജർമനി ഭാരവാഹികൾ അറിയിച്ചു.
International
ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്‍പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.
NRI
ബെർലിൻ: ജർമനിയിലെ ജീസസ് യൂത്ത് അപ്പസ്തോലിക് പ്രസ്ഥാനത്തിന്റെ 20 വർഷത്തെ മിഷൻ പ്രവർത്തനങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ദേശീയ ജൂബിലി കോൺഫറൻസ് "ലുമെൻ 2026' ജർമനിയിലെ ഷോൺസ്റ്റാറ്റ്, വാലൻഡാറിൽ നടക്കുന്നു.
ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും 500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ നാല് ദിവസത്തെ ആത്മീയ സംഗമത്തിൽ കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
"നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുൻപിൽ പ്രകാശിക്കട്ടെ' (മത്തായി 5:16) എന്ന തിരുവചനത്തെ ആസ്പദമാക്കി "Receive, Renew, Radiate' എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ കുർബാന, ആരാധന, ഗാനശുശ്രൂഷ, ആത്മീയ പ്രഭാഷണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ എന്നിവ പരിപാടികളുടെ ഭാഗമാണ്.
1985-ൽ കേരളത്തിൽ ആരംഭിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം നേടിയ ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ദിനചര്യ പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, സഹവാസം, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പ്രതിബദ്ധത എന്നീ ആറു ആത്മീയ തൂണുകളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾ.
കോളോൺ അതിരൂപതയുടെ സഹായമെത്രാൻ ഡോ. ഡൊമിനിക്കസ് ഷ്വാഡർലാപ്പ്, ജീസസ് യൂത്ത് ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ മനോജ് സണ്ണി, മുൻ ഇന്റർനാഷണൽ കോഓർഡിനേറ്റർ ജോർജ് ദേവസി, പ്രഫസർ ഡോ. ബീന മനോജ്, എഡിഎഫ് ഇന്റർനാഷണലിലെ സോഫിയ കൂബി, കത്തോലിക്കാ അക്കാദമിക് ഡോ. ജസ്റ്റിൻ അരിക്കൽ എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ സമ്മേളന വേദിയിൽ നിന്ന് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി jesusyouth.de/lumen2026 സന്ദർശിക്കാവുന്നതാണ്.
NRI
ഹൈൽബ്രോൺ: ജർമനിയിലെ ബാഡൻ-വ്യൂർട്ടൻബെർഗ് സംസ്ഥാനത്തിലെ ഓബർസുൽമിന് സമീപമുള്ള ബ്രൈറ്റൻഔവർ തടാകത്തിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ നാരായണൻ മാളക്കാരന്റെ (29) സംസ്കാരം ശനിയാഴ്ച രാത്രി 10ന് നടക്കും.
കോയമ്പത്തൂരിലെ ബോഷ് കമ്പനിയിൽ എൻജിനിയറായിരുന്ന രാഹുൽ, ഭാര്യ വർഷയോടൊപ്പം ജോലി സംബന്ധമായ ഡെപ്യൂട്ടേഷനിൽ ഹൈൽബ്രോണിൽ എത്തിയപ്പോഴാണ് ദുരന്തത്തിന് ഇരയായത്.
മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ബോഷ് കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയും നടപടികൾ ഏകോപിപ്പിക്കുന്നതിൽ സഹകരിച്ചു.
വെള്ളിയാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് വസതിയിലെത്തിച്ച ശേഷം രാത്രി 10ന് സംസ്കാരം നടക്കും.
ഈ മാസം 24നാണ് ബ്രൈറ്റൻഔവർ തടാകത്തിൽ അപകടമുണ്ടായത്. തടാകത്തിലെ ആഴം കുറഞ്ഞ നോൺ-സ്വിമ്മർ മേഖലയിലാണ് നീന്തുന്നതിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്.
സഹായത്തിനായി കൈ ഉയർത്തിയതിനെ തുടർന്ന് സുഹൃത്തും സമീപത്തുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും സിപിആറും നൽകിയ ശേഷവും ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം ബ്രൈറ്റൻഔവർ തടാകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മുങ്ങിമരണമാണിതെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അപ്രതീക്ഷിതമായിയുണ്ടായ ആരോഗ്യപ്രശ്നമാണോ അപകടത്തിന് കാരണമായതെന്നതുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.
രാഹുൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും ദയയുടെയും മകനാണ്. ഭാര്യ: വർഷ പുല്ലൂർ (തൃശൂർ). സഹോദരൻ: ആദിത്യ.
NRI
ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.
ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് എക്സ്ചേഞ്ച് (IMAGE e.V.) ആണ് യൂറോപ്പിലെ പ്രവാസി സമൂഹങ്ങൾക്ക് മാതൃകയാകുന്ന ഈ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ജർമനിയിലെ റൈൻലാൻഡ്-പ്ഫാൽസ് സംസ്ഥാനത്തിലെ മനോഹരമായ ഉങ്കൽ നഗരത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.
പ്രധാന ആകർഷണങ്ങളും ചർച്ചകളും:
റേഡിയോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI in Radiology): രോഗനിർണയ രംഗത്ത് നിർമ്മിത ബുദ്ധി (AI) വരുത്തുന്ന വിപ്ലവാത്മക മാറ്റങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വിദഗ്ദ്ധ അവതരണങ്ങൾ നടക്കും.
ആയുർവേദ മെഡിസിൻ: പാശ്ചാത്യ മെഡിക്കൽ ലോകത്ത് ഇന്ത്യൻ പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ കൈവരിക്കുന്ന വളർച്ചയും പ്രാധാന്യവും ചർച്ചയാകും.
സിഎംഇ പോയിന്റുകൾ: തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസത്തിന് (CME) സഹായിക്കുന്ന പോയിന്റുകൾ ലഭ്യമാകുന്ന സെമിനാറുകൾ എന്ന നിലയിൽ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് പുറമെ, ജർമ്മനിയിലെ പ്രവാസി ഭാരതീയ ഡോക്ടർമാർ തമ്മിലുള്ള സൗഹൃദ കൂട്ടായ്മകൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ അവസരമായി ഈ രണ്ടു ദിവസത്തെ സമ്മേളനം മാറുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ബെയ്സി മാത്യു അറിയിച്ചു.
നിലവിൽ കോൺഫറൻസ് ഹോട്ടലിലെ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ, താൽപ്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പകൽ അതിഥികളായി (Day Guests) പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
NRI
ബോൺ: ജർമനിയിലെ ബോണിലുള്ള സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.
ഇടവക വികാരി ഫാ. ജോസഫ് ചേലംപറമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുനാൾ ശുശ്രൂഷകൾ. വിശുദ്ധ ബലിക്ക് നിയുക്ത കോറെപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ് കോയിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തില്‍നിന്നു ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഭാഗമായി തെരഞ്ഞെടുത്ത് ജര്‍മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കുകൂടി നിയമനക്കരാർ കൈമാറി.
നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഏഴാം ബാച്ചിലെ ദേവിക ബൈജു, ജിസ്മോൾ ജോർജ്, മേഘ ജയകുമാർ, ഫരിഷാബീവി ഇബ്രാഹിം, ജെസീന ജോസ്, അപർണ കുമാരി, ഷെഫിൻ ജോസഫ്, മേഘ ജോയ്, മരിയ ജോയ്, ബ്ലെസി ബേബി, അർപ്പിത താഴം എന്നിവരും ആറാം ബാച്ചിലെ ജിസ്മി വർഗീസിനുമാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.
ഇവര്‍ക്കു സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തോടെ ജര്മനിയിലെത്താനാകും. ജര്‍മനിയിലെ വിഖ്യാതമായ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്കു നിയമനം ലഭിക്കുക. കഴിഞ്ഞ ദിവസവും 12 പേര്‍ക്ക് നിയമനക്കരാര് നല്‍കിയിരുന്നു.
തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ടി.എ. മുഹമ്മദ് നജീബ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവർ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള.
International
ബെർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ പ്രൈഡ് മാർച്ചിലേക്കു വാൻ പാഞ്ഞുകയറി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ ഇരുപത്തിയൊന്നുകാരനെ പോലീസ് വെടിവച്ചു കൊന്നു.
ലബനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദ് (21) ആണ് കൊല്ലപ്പെട്ടത്. കത്തിയുമായി ഓടിയ ഇയാളെ പോലീസ് വെടിവയ്ക്കുകയായിരുന്നു.
ബല്ലൂദ് വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ സ്ത്രീ പോളണ്ടുകാരിയാണ്. ഇസ്ലാമിക് ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു.
Business
മ്യൂണിക്: നഷ്ടം കുമിഞ്ഞുകൂടിയതിനെത്തുടർന്ന് ജർമനിയിലെ പ്രമുഖ ലിഥിയം-അയൺ ബാറ്ററി നിർമാതാക്കളായ ‘വർത’ പാപ്പരത്ത അപേക്ഷകൾ നൽകി.
കമ്പനിയുടെ പ്രധാന ഓഹരി ഉടമകളായ പ്രമുഖ സ്പോർട്സ് കാർ നിർമാണ കന്പനിയായ പോർഷെ, ഓസ്ട്രിയൻ നിക്ഷേപകനായ മൈക്കിൾ ടോജ്നർ എന്നിവർ കൂടുതൽ സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കമ്പനി പാപ്പരത്ത നടപടികളിലേക്കു കടന്നത്.
കന്പനി നാല് പാപ്പരത്ത അപേക്ഷകൾ നൽകിയതായി സ്റ്റുട്ട്ഗാർട്ട് ജില്ലാ കോടതി വക്താവ് അറിയിച്ചു.
NRI
കാൾസ്റൂഹെ: ജർമനിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് റെയിൽവേ സുരക്ഷാ ജീവനക്കാരനെ പുറത്തേക്ക് തള്ളിയിട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന റീജിയണൽ എക്സ്പ്രസ് (RE) ട്രെയിനിൽ നിന്നാണ് "ഡിബി സെക്യൂരിറ്റി' ജീവനക്കാരനായ 26 വയസുകാരൻ തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ജീവന് വേണ്ടി പോരാടുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനായ ജർമൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 7.35ഓടെ ഒഫൻബുർഗിൽ നിന്ന് കാൾസ്റൂഹെയിലേക്കുള്ള റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
പ്രോസിക്യൂഷനും കാൾസ്റൂഹെ പോലീസും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
പരിശോധനയ്ക്കിടെ തർക്കവും കൈയാങ്കളിയും
ട്രെയിനിലെ ടിക്കറ്റ് പരിശോധകർ ഒരു യാത്രക്കാരനെ പരിശോധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ച അവസ്ഥയിലായിരുന്ന യാത്രക്കാരൻ പരിശോധകരോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇവർ റെയിൽവേ സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും യാത്രക്കാരനും തമ്മിൽ ട്രെയിനിനുള്ളിൽ വച്ച് കടുത്ത കൈയാങ്കളിയുണ്ടായി.
മൽപ്പിടുത്തത്തിനിടയിൽ ഇരുവരും നിലത്തു വീഴുകയും, ഇതിനിടെ ട്രെയിനിന്റെ വാതിൽ പെട്ടെന്ന് തുറക്കപ്പെടുകയുമായിരുന്നു. എറ്റ്ലിംഗൻ-ബ്രൂഹ്ഹൗസൻ ഭാഗത്ത് വച്ച് 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് സുരക്ഷാ ജീവനക്കാരൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
രണ്ടു കിലോമീറ്റർ അകലെ ട്രാക്കിൽ കണ്ടെത്തി
സംഭവമറിഞ്ഞയുടൻ ട്രെയിനിലെത്തിയ പോലീസ് പ്രതിയായ 36 വയസുകാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റെയിൽവേ പാതയിൽ നടത്തിയ തിരച്ചിലിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ ട്രാക്കിൽ മാരകമായി പരിക്കേറ്റ നിലയിൽ സുരക്ഷാ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ എങ്ങനെ തുറന്നു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. കാൾസ്റൂഹെ ക്രിമിനൽ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി ട്രെയിൻ പോലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ചർച്ചയായി റെയിൽവേ ജീവനക്കാരുടെ സുരക്ഷ
ജർമ്മനിയിൽ റെയിൽവേ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അക്രമവും നടന്നിരിക്കുന്നത്. കൈസേർസ്ലൗട്ടേണിൽ (Kaiserslautern) നിന്ന് ഹോംബർഗിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ, സെർകാൻ സലാർ എന്ന 36 വയസുകാരനായ ട്രെയിൻ ഗാർഡിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ജർമനിയെ ഒന്നാകെ നടുക്കിയിരുന്നു.
ഈ കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ സംഭവം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുൻപാണ് റെയിൽവേ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ അക്രമം നടന്നിരിക്കുന്നത്.
International
ബർലിൻ: ജർമനിയിലെ ട്രിയറിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറ്റവാളികളായ അഫ്ഗാൻകാരെ നാടുകടത്താൻ സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ 15ന് ട്രിയർ സർവകലാശാലാ വിദ്യാർഥി 22കാരനായ മരിയുസ് ഡിക് കുത്തേറ്റ് മരിക്കുകയും അഫ്ഗാൻ വംശജനായ 22കാരൻ അറസ്റ്റിലാകുകയും ചെയ്തതാണ് നടപടികൾ കടുപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
നിലവിലെ നിയമമനുസരിച്ച് ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെ നാടുകടത്താൻ വ്യവസ്ഥയുണ്ടെങ്കിലും കോടതി ഇടപെടലുകളും സാങ്കേതിക തടസങ്ങളും കാരണം പലപ്പോഴും ഇതു നടപ്പാക്കാൻ സാധിക്കാറില്ല.
ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണിയായവരെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ആലോചിക്കുന്നത്.
അതേസമയം, ട്രിയർ സർവകലാശാലയിലെ 29കാരിയായ വിദ്യാർഥിനിയെ ഇന്നലെ സ്വന്തം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 19ന് കാണാതായ വിദ്യാർഥിനിയെയാണ് നോർഡാലിക്കിനു സമീപമുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് കൊലപാതകമാണെന്ന് സംശയിക്കുന്ന രീതിയിൽ പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്.
NRI
കൊളോൺ: ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ(72) സംസ്കാരം നടത്തി. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 8:30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹോൺഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കൊളോൺ ഹോൾവൈഡെ സെമിത്തേരിയിൽ സംസ്കരിച്ചു. സിഎംഐ സഭാംഗം ഫാ. ടിജോ താന്നിയത്ത് വി. കുർബാനയ്ക്കും ശുശ്രൂഷകൾക്കും കാർമികത്വം വഹിച്ചു.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജിയുടെ ഭാര്യയാണ് സാറാമ്മ. പരേത റാന്നി കാഞ്ഞിക്കാവില്‍ കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
NRI
ബെർലിൻ: ജർമൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി 2006 മുതൽ രാജ്യത്ത് നിലവിലുള്ള വിവരാവകാശ നിയമം വെട്ടിച്ചുരുക്കാൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരുങ്ങുന്നു.
രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളും സൈബർ ആക്രമണങ്ങളും മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ ഇത് ഭരണകൂടത്തിന്റെ സുതാര്യത തകർക്കുമെന്നും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
യൂറോപ്പിലെ പ്രവാസികൾക്കും മാധ്യമങ്ങൾക്കും നിർണ്ണായകമാവുന്ന പുതിയ നിയമ പരിഷ്കാരത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
1. സംഘടനകളെ ഒഴിവാക്കും; വ്യക്തികൾക്ക് മാത്രം അനുമതി
നിലവിലെ വിവരാവകാശ നിയമപ്രകാരം ജർമനിയിലെ ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഫെഡറൽ ഏജൻസികളിൽ നിന്നും വിവരങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആവശ്യപ്പെടാം. എന്നാൽ പുതിയ കരട് നിർദ്ദേശപ്രകാരം:
ഇനി മുതൽ സംഘടനകൾക്കോ അസോസിയേഷനുകൾക്കോ വിവരങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കില്ല, "വ്യക്തികൾക്ക്' മാത്രമേ ഇതിന് അവകാശമുണ്ടായിരിക്കൂ.
വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഭീഷണികൾ തടയാൻ എന്ന പേരിൽ വിവരങ്ങൾ നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ പേരുകൾ പൂർണമായും കറുത്ത മഷി പുരട്ടി മറച്ചുപിടിക്കും.
2. വിദേശ പൗരന്മാർക്ക് വിവരങ്ങൾ ലഭിക്കില്ലേ?
ഏറ്റവും വലിയ വിവാദത്തിന് കാരണമായിരിക്കുന്നത് ഈ നിർദ്ദേശമാണ്. വിവരാവകാശ നിയമം ഉപയോഗിക്കാനുള്ള അവകാശം ഇനി മുതൽ "ജർമൻ പൗരന്മാരും ജർമ്മനിയിൽ താമസിക്കുന്ന മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാരും' മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള മറ്റ് വിദേശ പൗരന്മാർക്ക് ജർമ്മൻ സർക്കാരിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ തേടാൻ സാധിക്കാതെ വരും.
കൂടാതെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
3. കനത്ത പ്രതിഷേധവുമായി പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും
ഗ്രീൻ പീസ്, ട്രാൻസ്പെരൻസി ഇന്റർനാഷണൽ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങി നൂറിലധികം സിവിൽ സൊസൈറ്റി സംഘടനകൾ സംയുക്തമായി ഈ നീക്കത്തിനെതിരേ സർക്കാരിന് കത്തയച്ചു.
വിവരങ്ങൾ ചോദിക്കാനുള്ള അവകാശം തടയുന്നതിലൂടെ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരിനെ നിരീക്ഷിക്കാനുള്ള പൊതുജനങ്ങളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷമായ ഗ്രീൻ പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഭരണകക്ഷിയിൽ ഭിന്നത; നിയമം പാസാകുമോ?
പ്രതിഷേധം ശക്തമായതോടെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ പാർലമെന്റിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് എസ്പിഡി വ്യക്തമാക്കി കഴിഞ്ഞു.
ജർമനിയിൽ 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വിവരങ്ങളും പൗരന്മാർക്ക് കൃത്യമായി ലഭിച്ചിരുന്നു.
ഈ സുതാര്യത ഇല്ലാതാക്കാനുള്ള സർക്കാരിന്റെ നീക്കം വരും ദിവസങ്ങളിൽ ജർമ്മൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
NRI
കൊളോൺ: ജർമനിയിലെ കൊളോണിൽ താമസിച്ചുവരികയായിരുന്ന സാറാമ്മ ചെറുവാഴകുന്നേൽ (72) അന്തരിച്ചു. മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യയാണ് പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.
47 വർഷത്തിലേറെ നഴ്സായി സേവനമനുഷ്ഠിച്ച സാറാമ്മ, ആദ്യകാലത്ത് ജർമനിയിൽ കുടിയേറിയ മലയാളികളിൽ ഒരാളായിരുന്നു. ജർമൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.
വിരമിച്ചശേഷം കൊളോണിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: ഡോണാ, ഡെക്സി ഡാർലിൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൃതദേഹം കൊളോണിലെ സൂർ ഹെലീഗിൻ ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് രാവിലെ 10ന് കൊളോണിലെ ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ഫൈനലില്‍.
ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ അര്‍തര്‍ ഫെറിയെ കീഴടക്കിയാണ് സ്വരേവ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. സ്കോര്‍: 7-6 (7-0), 6-2, 6-4. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ് സ്വരേവ്.
ചെക് ഫൈനല്‍
വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്നു നടക്കും. ചെക് താരങ്ങളായ കരോളിന മുചോവയും ലിന്‍ഡ നോസ്കോവയും തമ്മിലാണ് കലാശപ്പോരാട്ടം. നോസ്കോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്. മുചോവയുടെ രണ്ടാമത്തെതും.
NRI
ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
NRI
ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).
ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.
വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.
NRI
ബെർലിൻ: വർധിച്ചുവരുന്ന അസുഖ അവധികളും അതുമൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അസുഖ അവധി സംബന്ധിച്ച നിയമങ്ങളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ ജർമ്മൻ സർക്കാർ ഒരുങ്ങുന്നു.
നിലവിൽ മന്ത്രിസഭാ തലത്തിൽ അംഗീകരിച്ചിരിക്കുന്ന പരിഷ്കരണ നിർദേശങ്ങൾ നിയമമായാൽ, രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരെയും പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാകും നിലവിൽ വരിക.
ഒന്നാം ദിവസം മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
നിലവിലെ ചട്ടപ്രകാരം അസുഖം ബാധിച്ചാൽ നാലാം ദിവസം മുതൽ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് (eAU) സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദേശമനുസരിച്ച്, അസുഖ അവധിയുടെ ആദ്യ ദിവസം മുതൽ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
അതേസമയം, കമ്പനികൾക്ക് തൊഴിൽ കരാറുകളിലൂടെ ജീവനക്കാർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള അവസരം തുടരുമെന്നാണ് സൂചന.
ഫോൺ വഴി അസുഖ അവധി അവസാനിപ്പിക്കും
2023-ൽ നടപ്പാക്കിയ, ചെറിയ അസുഖങ്ങൾക്കായി ഫോൺ വഴി ഡോക്ടറുമായി സംസാരിച്ച് അഞ്ച് ദിവസം വരെ അസുഖ അവധി സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം രോഗികൾ നേരിട്ട് ക്ലിനിക്കിലെത്തി ഡോക്ടറെ കാണുകയോ വീഡിയോ കൺസൾട്ടേഷൻ വഴി ചികിത്സ തേടുകയോ വേണം.
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് കർശന നടപടി
മെഡിക്കൽ പരിശോധന കൂടാതെ വ്യാജമായി അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ജർമൻ ക്രിമിനൽ നിയമപ്രകാരം (StGB) കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം
സർക്കാരിന്റെ പുതിയ നിർദേശത്തിനെതിരേ ജർമൻ ഡോക്ടർമാരുടെ സംഘടനയായ കെബിവി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
ചെറിയ അസുഖങ്ങൾക്കുപോലും രോഗികൾ നേരിട്ട് ക്ലിനിക്കുകളിൽ എത്തേണ്ടി വരുന്നത് ആശുപത്രികളിലും ക്ലിനിക്കുകളിലും അമിത തിരക്കിന് ഇടയാക്കുമെന്നും ഗുരുതര രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുമായി രോഗികൾ കാത്തിരിപ്പ് മുറികളിൽ കൂടുതൽ സമയം ചെലവിടുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ജീവനക്കാർ അസുഖ അവധി ദുരുപയോഗം ചെയ്യുന്നു എന്ന പൊതുസംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർദേശം തയാറാക്കിയിരിക്കുന്നതെന്നും വിമർശകർ ആരോപിക്കുന്നു.
ഫോൺ വഴിയുള്ള അസുഖ അവധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യക്തമായ തെളിവുകളില്ലെന്ന നിലപാടാണ് ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ ഡിഎകെ ഉൾപ്പെടെയുള്ളവരും സ്വീകരിച്ചിരിക്കുന്നത്.
നിയമമാകാൻ പാർലമെന്റിന്റെ അംഗീകാരം വേണം
സർക്കാർ അംഗീകരിച്ചിരിക്കുന്ന ഈ നിർദേശങ്ങൾ പ്രാബല്യത്തിൽ വരാൻ ജർമ്മൻ പാർലമെന്റായ ബുണ്ടെസ്റ്റാഗിന്റെ അംഗീകാരം ലഭിക്കണം.
നിയമനിർമാണ നടപടികൾ പൂർത്തിയായ ശേഷമേ പുതിയ ചട്ടങ്ങൾ എപ്പോൾ മുതൽ നടപ്പാക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
NRI
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (എഎഫ്ഡി) ദേശീയ പാർട്ടി കോൺഗ്രസ് നടക്കുന്ന തൂരിങ്ങൻ സംസ്ഥാന തലസ്ഥാനമായ എർഫുർട്ടിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയും.
പാർട്ടി സമ്മേളനം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ നഗരം കനത്ത പോലീസ് നിയന്ത്രണത്തിലായി. പ്രതിഷേധക്കാർ പല ഭാഗങ്ങളിലും റോഡുകളും ട്രാം സർവീസുകളും തടസപ്പെടുത്തി.
ചിലയിടങ്ങളിൽ കല്ലേറും പടക്കപ്രയോഗവും ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ടു. പ്രതിഷേധം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
20,000 പ്രതിഷേധക്കാർ, 6,000 പോലീസുകാർ വിന്യസിച്ചു
ശനിയാഴ്ച രാവിലെ മുതൽ തന്നെ എർഫുർട്ടിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക് ആരംഭിച്ചു. പോലീസ് കണക്കുകൾ പ്രകാരം ഏകദേശം 20,000 പേരാണ് എഎഫ്ഡി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
ഇതിൽ ചിലർ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,000-ത്തോളം പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു.
പ്രതിഷേധക്കാർ നടത്തിയ സിറ്റ്-ഇൻ ബ്ലോക്കേഡ് മൂലം റോഡുകളിലും റെയിൽ ഗതാഗതത്തിലും തടസങ്ങൾ നേരിട്ടു.
നാസി ചരിത്രവുമായി ബന്ധപ്പെടുത്തി വിമർശനം
എഎഫ്ഡി സമ്മേളനത്തിനായി തെരഞ്ഞെടുത്ത സമയവും സ്ഥലവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 1926 ജൂലൈ മൂന്ന്, നാല് തീയതികളിൽ ഹിറ്റ്ലറുടെ നാസി പാർട്ടി ആദ്യത്തെ "റൈഹ്സ് പാർട്ടി ദിനം' നടത്തിയ വൈമറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സമ്മേളനമെന്നത് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത് മനഃപൂർവമായ രാഷ്ട്രീയ സന്ദേശമാണെന്ന് ആരോപിച്ച് ജർമൻ ട്രേഡ് യൂണിയൻ സംഘടനയായ ഡിജിബി ഉൾപ്പെടെയുള്ള സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
വിവിധ ചർച്ചുകളും സമാധാന പ്രാർഥനകളിലൂടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
പ്രതിഷേധത്തിനിടയിലും സമ്മേളനം ആരംഭിച്ചു
പുറത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടയിലും എഎഫ്ഡി ദേശീയ പാർട്ടി കോൺഗ്രസ് എർഫുർട്ട് എക്സിബിഷൻ ഹാളിൽ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ചു. പുലർച്ചെ തന്നെ നൂറുകണക്കിന് പ്രതിനിധികൾ സമ്മേളന വേദിയിലെത്തി.
പാർട്ടിയുടെ സഹ അധ്യക്ഷനായ ടിനോ ച്രുപ്പല്ല സമ്മേളനത്തിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് ശക്തമായ നിലപാട് പ്രഖ്യാപിച്ചു. എഎഫ്ഡി ഇനി വെറും പ്രതിപക്ഷ പാർട്ടി മാത്രമല്ല, ഭാവിയിലെ ഭരണത്തിൽ പങ്കാളിയാകാൻ കഴിയുന്ന ജനകീയ ശക്തിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലീസ് വൈഡൽ (Alice Weidel) ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളും നേതൃത്വ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
നിരോധിക്കപ്പെട്ട മുൻ യുവജന സംഘടനയായ ജുങ്കെ ആൾട്ടർനേറ്റീവിന് പകരമായി ജനറേഷൻ ഡോയ്ച്ച്ലാൻഡ് എന്ന പുതിയ യുവജന വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നൽകാനും സമ്മേളനത്തിൽ തീരുമാനമായി.
എഎഫ്ഡി ജനപിന്തുണയിൽ മുന്നിൽ
ജർമനിയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സർവേ കണക്കുകൾ പ്രകാരം എഎഫ്ഡിക്ക് ഏകദേശം 27 ശതമാനം ജനപിന്തുണയുമായി മുന്നിലെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ സിഡിയു ഏകദേശം 22 ശതമാനവും എസ്പിഡി 12 ശതമാനവും പിന്തുണയുമായി പിന്നിലാണ്.
എർഫുർട്ടിൽ വരും ദിവസങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത തുടരുകയാണ്.
NRI
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിനാലാമത്തെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ജൂലൈ 11,12 (ശനി,ഞായര്‍) ദിവസങ്ങളില്‍ നടക്കും.
56 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regenten Str.4, 51063 Koeln) നടക്കുന്നത്.
11ന് വൈകുന്നേരം നാലിന് വി. കുർബാനയെ തുടർന്ന് തിരുനാളിന് കൊടിയേറും. 12ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് കാര്‍മികത്വം വഹിക്കും.
തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
ബോണിൽ താമസിക്കുന്ന തൃശൂര്‍ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും സീറോമലബാർ കൂട്ടായ്മയാണ് കൊളോണിലെ കാത്തലിക് കമ്യൂണിറ്റി.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സമൂഹത്തിന്റെ ചാപ്ലയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.
NRI
ബോൺ: ജർമനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോൺ/കൊളോൺ ഇടവക തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാർഷികവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
പരിപാടിയോടനുബന്ധിച്ച് നിയുക്ത കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട ജർമനിയിലെ മലങ്കര സഭ കോ-ഓർഡിനേറ്റർ ഫാ. സന്തോഷ് തോമസ് കോയിക്കലിന് സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്.
ബോൺ വീനസ്ബെർഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലാണ് പരിപാടികൾ നടക്കുക. വിശുദ്ധ കുർബാനയിലേക്കും മറ്റ് വിവിധ പരിപാടികളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് അറിയിച്ചു.
NRI
ബെർലിൻ: വടക്കൻ ജർമനിയിലെ ലുഡ്വിഗ്സ്ലസ്റ്റ് നഗരത്തിലുള്ള ഒരു ആശുപത്രിയിലുണ്ടായ ഭീകരമായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നിരവധി രോഗികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.
ഔദ്യോഗിക വൃത്തങ്ങളും ജർമൻ വാർത്താ ഏജൻസികളായ ഡിപിഎ, എഎഫ്പി എന്നിവരും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തീ പടർന്നതിനെ തുടർന്ന് ആശുപത്രി അധികൃതരും അഗ്നിശമനസേനയും ചേർന്ന് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര ഒഴിപ്പിക്കൽ: തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വാർഡുകളിൽ ചികിത്സയിലായിരുന്ന രോഗികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തീ നിയന്ത്രണവിധേയം: ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കഠിനപ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
പ്രവാസി ശ്രദ്ധയ്ക്ക്: ജർമനിയിലെ മലയാളി നഴ്സുമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ തോതിൽ ജോലി ചെയ്യുന്ന മേഖലയാണിത്.
എന്നാൽ അപകടത്തിൽപ്പെട്ടവരിൽ മലയാളികളോ മറ്റ് വിദേശികളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ജർമൻ അധികൃതർ അനുശോചനം അറിയിച്ചു.
NRI
കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജർമനിയിൽ അന്തരിച്ചു. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നഴ്സായി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത.
റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്സി, ഡാർവിൻ എന്നിവർ. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ തോമസ് - 972 898 0525.
NRI
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Sports
ബോസ്റ്റണ്‍: ജര്‍മനി ഫിഫ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ജർമനി പ്രീ ക്വാര്‍ട്ടര്‍ കാണാതെയാണ് പുറത്താകുന്നത്. ഇതോടെ പരാഗ്വെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 42ാം മിനിട്ടില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വെ ലീഡെടുത്തു. എന്നാല്‍ കായ് ഹാവെര്‍ട്സിലൂടെ ജര്‍മനിയുടെ മറുപടി. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ലീഡെടുക്കാന്‍ സാധിച്ചില്ല.
ഇതേതുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു. ജര്‍മന്‍ താരങ്ങളായ കായ് ഹാവെര്‍ട്സ്, നിക് വോള്‍ട്മെയ്ഡ് എന്നിവരുടെ കിക്ക് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടഞ്ഞിട്ടു.
ജോണ്‍താന്‍ താഹ് തന്റെ കിക്ക് പുറത്തേക്കടിച്ചു. പരാഗ്വെ താരങ്ങളായ അന്റോണിയോ സനാബ്രിയ, ഫാബിയന്‍ ബാല്ബ്യൂന എന്നിവര്‍ക്ക് തങ്ങളുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
International
ബെർലിൻ: വടക്കൻ ജർമനിയിലെ സ്റ്റേഡ് നഗരത്തിലുണ്ടായ കൂട്ടവെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന രണ്ട് പേരെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു. ഏകദേശം അമ്പതിനായിരത്തോളം ആളുകൾ താമസിക്കുന്ന ശാന്തമായ ഒരു പ്രദേശമാണ് സ്റ്റേഡ്.
സംഭവത്തെത്തുടർന്ന് നഗരമധ്യത്തിന് പുറത്ത് വലിയ തോതിലുള്ള പ്രതിരോധ ഓപ്പറേഷനാണ് പോലീസ് ആസൂത്രണം ചെയ്യുന്നത്. സുരക്ഷ മുൻനിർത്തി പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിതമായ വിശാലമായ ഇടങ്ങളിലേക്ക് മാറാനും പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചു.
അമേരിക്കയെ അപേക്ഷിച്ച് തോക്ക് ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് ജർമനി. ജർമൻ നിയമപ്രകാരം 25 വയസിന് താഴെയുള്ളവർക്ക് തോക്ക് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ കർശനമായ സൈക്യാട്രിക് പരിശോധനകളിൽ വിജയിക്കേണ്ടതുണ്ട്.
International
ബർലിൻ: ബ്രിട്ടനു പിന്നാലെ ജർമനിയിലും പെൺകുട്ടികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ രീതിയിലുള്ള ‘ഗ്രൂമിംഗ് ഗാംഗുകൾ’ സജീവമാകുന്നതായി റിപ്പോർട്ട്.
ന്യൂറംബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനും സമീപത്തെ നെൽസൺ മണ്ടേല പ്ലാസയും കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കിയും ഭീഷണിപ്പെടുത്തിയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടാണു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പാക് വംശജരാണെന്നാണു റിപ്പോർട്ട്.
13നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ഈ ക്രിമിനൽ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘാംഗങ്ങൾ ആദ്യഘട്ടത്തിൽ ഇവർക്കു സൗജന്യമായി മയക്കുമരുന്നുകൾ നൽകി ഇതിന് അടിമകളാക്കുകയാണ് ചെയ്യുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടികൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഉറപ്പുവരുത്തിയശേഷം ക്രൂരമായ ലൈംഗികപീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇവരെ ഇരയാക്കുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നിർബന്ധിത വേശ്യാവൃത്തിക്കുവരെ ഉപയോഗിച്ചതായാണു ജർമൻ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച പോലീസ് മാതാപിതാക്കളും സ്കൂൾ അധികൃതരും കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ബ്രിട്ടനിലെ ഗ്രൂമിംഗ് ഗാംഗുകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സമിതികളുടെയും സ്വതന്ത്ര അന്വേഷണങ്ങളുടെയും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1990കൾക്കു ശേഷം രാജ്യത്തെ വിവിധ പ്രാദേശിക ഭരണകൂട പരിധികൾക്കു കീഴിലായി കുറഞ്ഞത് 2,50,000 പെൺകുട്ടികളെങ്കിലും സംഘടിത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ 11 മുതൽ 16 വയസ് വരെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഭൂരിഭാഗവും.
പരാതികൾ വ്യാപകമായതോടെ യുകെ സർക്കാർ ഇത്തരം കുറ്റവാളികൾക്കായി രാജ്യവ്യാപക പരിശോധന നടത്തിവരികയാണ്. ഇതിനോടകം നിരവധി പേർ അറസ്റ്റിലായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിഭാഗവും പാക് വംശജരായിരുന്നു.
NRI
ബെർലിൻ: ജർമനിയിലെ പെൻഷൻ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനുള്ള നിർണായക പരിഷ്കാരങ്ങൾക്ക് സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.
കമ്മീഷൻ സമർപ്പിച്ച 33 ശുപാർശകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയിൽ ഒന്നും ഒഴിവാക്കാതെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ചാൻസലർ ഫ്രീഡ്രിഷ് മെർസ് അറിയിച്ചു.
ജനസംഖ്യയിലെ വാർധക്യം, ആയുർദൈർഘ്യം വർധിക്കുന്നത്, പെൻഷൻ ഫണ്ടിന് നേരിടുന്ന സാമ്പത്തിക സമ്മർദം എന്നിവ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.
വിരമിക്കൽ പ്രായം 70ലേക്ക്
നിലവിൽ 67 വയസിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്ന വിരമിക്കൽ പ്രായം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ 67.5 വയസായി ഉയർത്തും. തുടർന്ന് ആയുർദൈർഘ്യത്തിലെ വർധനവിന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിച്ച് 2051-ഓടെ 68 വയസിലേക്കും 2091-ഓടെ 70 വയസിലേക്കും എത്തിക്കാനാണ് ശുപാർശ.
63-ാം വയസിൽ വിരമിക്കാനുള്ള ആനുകൂല്യം അവസാനിക്കും
45 വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് 63-ാം വയസിൽ പൂർണ പെൻഷനോടെ വിരമിക്കാനുള്ള നിലവിലെ ആനുകൂല്യം അവസാനിപ്പിക്കും. ദീർഘകാലം ജോലി ചെയ്തവരുടെ കുറഞ്ഞ വിരമിക്കൽ പ്രായം 64 വയസായി ഉയർത്തും.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി തുടരാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.
മിനി ജോലിക്കാർക്കും നിർബന്ധിത പെൻഷൻ വിഹിതം
നിലവിൽ മിനി ജോലിക്കാർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള അവസരമുണ്ട്. പുതിയ പരിഷ്കാരത്തോടെ എല്ലാ മിനി ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം.
സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. വിദ്യാർഥികളായി ജോലി ചെയ്യുന്ന പലർക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.
സ്വീഡിഷ് മാതൃകയിൽ നിക്ഷേപ ഫണ്ട്
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വീഡിഷ് മാതൃകയിൽ മൂലധന വിപണിയിൽ നിക്ഷേപിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസവരുമാനത്തിന്റെ രണ്ട് ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണം.
സർക്കാർ നടപ്പാക്കുന്ന "എർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.
കൂടുതൽ വിഭാഗങ്ങളെ പെൻഷൻ പദ്ധതിയിലേക്ക്
ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ സ്വയംതൊഴിൽ ചെയ്യുന്നവർ, രാഷ്ട്രീയ പ്രവർത്തകർ, കമ്പനി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും നിർബന്ധമായും പെൻഷൻ പദ്ധതിയുടെ ഭാഗമാകും.
പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സിവിൽ സർവീസ് നിയമനങ്ങൾ ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാർട്ട് ടൈം വിരമിക്കൽ പ്രായവും ഉയരും
ഘട്ടംഘട്ടമായി വിരമിക്കാൻ അനുവദിക്കുന്ന പാർട്ട് ടൈം റിട്ടയർമെന്റ് പദ്ധതിയുടെ പ്രായപരിധി 55ൽ നിന്ന് 58 വയസായി ഉയർത്തും.
നിലവിൽ പ്രചാരത്തിലുള്ള "ബ്ലോക്ക് മോഡൽ' സംവിധാനവും അവസാനിപ്പിക്കും.
എപ്പോൾ നിയമമാകും?
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നിയമനിർമാണ നടപടികൾ ആരംഭിക്കും. 2026 അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്റ്റാഗും ബുണ്ടസ്റാത്തും ബിൽ പാസാക്കിയാൽ 2027 തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
NRI
ബെർലിൻ: ജർമനിയിലെ റെയിൽ ഗതാഗതത്തെ പൂർണമായി സ്തംഭിപ്പിച്ച വൻ ഐടി പ്രതിസന്ധി. ചൊവ്വാഴ്ച രാത്രി ജർമൻ നാഷണൽ റെയിൽവേയായ ഡോയ്ച്ചേ ബാനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ പൂർണമായി നിശ്ചലമായി.
രാജ്യത്തെ മുഴുവൻ അതിവേഗ ദീർഘദൂരം ട്രെയിനുകളും (ICE), പ്രാദേശിക സർവീസുകളും (Regional trains), നഗരങ്ങളിലെ എസ്-ബാൻ സർവീസുകളും ഒരേസമയം പാതിവഴിയിൽ നിർത്തേണ്ടി വന്നത് കനത്ത പരിഭ്രാന്തി സൃഷ്ടിച്ചു.
അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഏകദേശം 90 മിനിറ്റോളമാണ് രാജ്യം മുഴുവൻ ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചത്.
എമർജൻസി സിസ്റ്റം വഴി സ്ഥിതി നിയന്ത്രണവിധേയമാക്കി
ട്രെയിനുകൾ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ റേഡിയോ സംവിധാനമായ GSM-R തകരാറിലായതാണ് ഈ വൻ പ്രതിസദ്ധിക്ക് കാരണമായത്. തുടർന്ന് ഐടി വിദഗ്ദ്ധർ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങുകയും അടിയന്തിര ബാക്കപ്പ് സംവിധാനം ഉപയോഗിച്ച് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുകയുമായിരുന്നു.
90 മിനിറ്റ് നീണ്ട കടുത്ത പ്രതിസന്ധിക്കൊടുവിൽ അടിയന്തിര സംവിധാനങ്ങൾ ഉപയോഗിച്ച് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വൻ തകരാറിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന് ഡോയ്ച്ചേ ബാൻ പാസഞ്ചർ വിഭാഗം മേധാവി എവ്ലിൻ പാല്ല പറഞ്ഞു.
തകരാർ ഉണ്ടായ ഉടൻ തന്നെ സുരക്ഷ മുൻനിർത്തി ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ അടിയന്തിരമായി നിർത്തിയിടാൻ നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പ്ലാറ്റ്ഫോമുകളിൽ ഇറക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
എന്നാൽ ഹാനോവർ, വുൾഫ്സ്ബുർഗ് തുടങ്ങിയ സ്റ്റേഷനുകളിൽ നൂറുകണക്കിന് യാത്രക്കാരാണ് അർദ്ധരാത്രിയിൽ കുടുങ്ങിയത്. ബെർലിൻ, മ്യൂണിക്ക് നഗരങ്ങളിലെ എസ്-ബാൻ സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു.
ഗെൽസൻകിർഹനിൽ നടന്ന പ്രശസ്ത ഗായിക ഹെലൻ ഫിഷറിന്റെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ ആയിരക്കണക്കിന് ആരാധകരും വടക്കൻ ജർമനിയിലെ പ്രശസ്തമായ "കീൽ ഫെസ്റ്റിവൽ' കാണാൻ എത്തിയവരുമാണ് ട്രെയിനുകൾ റദ്ദാക്കിയതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായത്. ഇവിടെ പോലീസും റെയിൽവേ അധികൃതരും ചേർന്ന് കനത്ത തിരക്ക് നിയന്ത്രിച്ചു.
റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിലെ ചില ഘടകങ്ങൾ മാറ്റിയതുമായി (Components change) ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാകാം തകരാറിന് കാരണമെന്ന് സുരക്ഷാവൃത്തങ്ങളിൽ നിന്നും സൂചനയുണ്ടെങ്കിലും ഡച്ചെ ബാൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ മുതൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ഇന്നും രാജ്യത്തുടനീളം ട്രെയിനുകൾ വൻതോതിൽ വൈകാനും ചില സർവീസുകൾ പൂർണമായി റദ്ദാക്കാനും സാധ്യതയുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപായി മൊബൈൽ ആപ്പുകൾ വഴി ട്രെയിൻ സമയങ്ങൾ കൃത്യമായി പരിശോധിക്കാൻ ജർമനിയിലെ യാത്രക്കാരോട് അധികൃതർ അഭ്യർഥിച്ചു.
NRI
ബെർലിൻ: ജർമനിയെയാകെ നിശ്ചലമാക്കിയ ഡോയ്ച്ചേ ബാനിന്റെ അർദ്ധരാത്രിയിലെ വൻ ട്രെയിൻ സ്തംഭനത്തിന് കാരണം കാലഹരണപ്പെട്ട കമ്യൂണിക്കേഷൻ സംവിധാനമാണെന്ന് വെളിപ്പെടുത്തൽ.
ട്രെയിൻ ലോക്കോ പൈലറ്റുമാരും കൺട്രോൾ റൂമും തമ്മിൽ ബന്ധപ്പെടുന്നതിനും അടിയന്തിര സന്ദേശങ്ങൾ കൈമാറുന്നതിനുമുള്ള ജർമൻ റെയിൽവേയുടെ ഡിജിറ്റൽ റേഡിയോ സംവിധാനം (GSM-R) ഒരു "ടൈം ബോംബ്' പോലെ അപകടകരമായ അവസ്ഥയിലാണെന്ന് പ്രമുഖ മാധ്യമമായ "ബിൽഡ്' പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് നൽകി വിദഗ്ധർ
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഐടി തകരാർ തികച്ചും അപ്രതീക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജർമൻ റെയിൽവേയിലെ കമ്യൂണിക്കേഷൻ സംവിധാനം എത്രത്തോളം ദുർബലമാണെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ആഭ്യന്തര വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ അവഗണിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.
പഴഞ്ചൻ 2G സാങ്കേതികവിദ്യ
ആധുനിക യുഗത്തിലും ജർമ്മൻ റെയിൽവേയുടെ ഈ സുപ്രധാന സുരക്ഷാ കമ്മ്യൂണിക്കേഷൻ ശൃംഖല പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള "2G' (2G Technology) നെറ്റ്വർക്കിനെ അടിസ്ഥാനമാക്കിയാണ്.
കനത്ത ട്രെയിൻ ഗതാഗതമുള്ള ജർമനി പോലുള്ള ഒരു രാജ്യത്ത് ഈ സംവിധാനം ഏതുനിമിഷവും തകരാം എന്നതായിരുന്നു അവസ്ഥ.
അത്യാവശ്യ ആശയവിനിമയം അസാധ്യമായി: ട്രെയിനുകൾ ഓടിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ ബ്രേക്ക് ഇടുന്നതിനും സിഗ്നൽ വിവരങ്ങൾ കൈമാറുന്നതിനും ലോക്കോ പൈലറ്റുമാർക്ക് ഈ റേഡിയോ സംവിധാനം അത്യന്താപേക്ഷിതമാണ്.
ഇത് പണിമുടക്കിയതോടെ ട്രെയിനുകളുടെ സുരക്ഷയെ കരുതി സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കുകയല്ലാതെ റെയിൽവേയ്ക്ക് മറ്റ് വഴികളില്ലായിരുന്നു.
5Gയിലേക്കുള്ള മാറ്റം കനത്ത കടമ്പ
നിലവിലെ പഴഞ്ചൻ സംവിധാനം മാറ്റി ഏറ്റവും പുതിയ 5G സാങ്കേതികവിദ്യയിലേക്ക് റെയിൽവേ കമ്യൂണിക്കേഷൻ പൂർണമായി മാറ്റാൻ ജർമ്മനി പദ്ധതിയിടുന്നുണ്ടെങ്കിലും അത് പെട്ടെന്ന് തീർക്കാവുന്ന ഒന്നല്ലെന്നാണ് വിലയിരുത്തൽ.
രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന റെയിൽവേ പാളങ്ങളിലും ട്രെയിനുകളിലും ഈ മാറ്റം വരുത്തുക എന്നത് കോടിക്കണക്കിന് യൂറോ ചെലവഴിക്കേണ്ടി വരുന്ന ഒരു ഭഗീരഥ പ്രയത്നമാണ്.
ഈ മാറ്റം പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമെന്നിരിക്കെ, സമാനമായ തകരാറുകൾ ഭാവിയിലും ഉണ്ടാകാതിരിക്കാൻ താത്കാലികവും അടിയന്തിരവുമായ മറ്റ് പോംവഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ഡോയ്ച്ചേ ബാനിലെ ഉന്നത ഉദ്യോഗസ്ഥരും ഐടി സാങ്കേതിക വിദഗ്ധരും.
Sports
ഈസ്റ്റ് റൂതർഫോർഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വന്പൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്.
ജർമനിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റിൽ ലിറോയ് സാനെയാണ് ജർമനിയെ മുന്നിലെത്തിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു.
പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 77-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ 2-1 ന് ഇക്വഡോർ മത്സരം സ്വന്തമാക്കി. വിജയത്തോടെ നാല് പോയിന്റായ ഇക്വഡോർ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആറ് പോയിന്റുള്ള ജർമനി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് തന്നെയുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗോൾ ശരാശരിയിൽ മുന്നിലായതിനാലാണ് ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
NRI
ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായി മാറ്റിമറിച്ചുകൊണ്ട് തീവ്ര വലതുപക്ഷ പാർട്ടിയായ "ആൾട്ടർനേറ്റീവ് ഫോർ ജർമനി' (AfD) ജനപ്രീതിയിൽ പുതിയ റിക്കാർഡുകൾ കുറിക്കുന്നു.
പ്രമുഖ പൊതുമാധ്യമം പുറത്തുവിട്ട ഏറ്റവും പുതിയ "പൊളിറ്റ്ബാരോമീറ്റർ' സർവേ പ്രകാരം, എഎഫ്ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനം ജനപിന്തുണ വർധിപ്പിച്ച എഎഫ്ഡി 28 ശതമാനം വോട്ടുകളോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത്.
1. നിലംതൊടാതെ പരമ്പരാഗത പാർട്ടികൾ; മെർസിന് തിരിച്ചടി
നിലവിലെ ജർമൻ ചാൻസലർ ഫ്രഡ്രിച്ച് മെർസിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സഖ്യമായ സിഡിയു/സിഎസ്യു ഭാവിക്കുള്ള വലിയൊരു മുന്നറിയിപ്പാണ് ഈ സർവേ ഫലം.
സിഡിയു/സിഎസ്യു: ഒരു പോയിന്റ് ഇടിഞ്ഞ് 24 ശതമാനം പിന്തുണയോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഫ്ഡിയുമായി ഇപ്പോൾ നാല് ശതമാനത്തിന്റെ വ്യക്തമായ വ്യത്യാസമുണ്ട്.
എസ്പിഡി (SPD): നിലവിൽ ഭരണത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ നേരിയ ആശ്വാസമായി ഒരു ശതമാനം തിരിച്ചുപിടിച്ച് 13 ശതമാനത്തിൽ എത്തി.
ഗ്രീൻസ് (Green Party): രണ്ട് ശതമാനം ഇടിവോടെ 12 ശതമാനത്തിലേക്ക് വീണു. ലെഫ്റ്റ് പാർട്ടി (Die Linke): മാറ്റങ്ങളില്ലാതെ 11 ശതമാനത്തിൽ തുടരുന്നു.
എഫ്ഡിപി (FDP): ബിസിനസ്സ് അനുകൂല പാർട്ടിയായ എഫ്.ഡി.പി കേവലം 4 ശതമാനം പിന്തുണ മാത്രമാണ് നേടിയത്. ജർമൻ നിയമപ്രകാരം പാർലമെന്റിൽ പ്രവേശിക്കാൻ വേണ്ട കുറഞ്ഞ പരിധിയായ അഞ്ച് ശതമാനം വോട്ട് മറികടക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
2. മറ്റ് സർവേകളിലെ "അഫ്ഡി തരംഗം':
കഴിഞ്ഞ ചൊവ്വാഴ്ച പ്രമുഖ ആഗോള സർവേ ഏജൻസിയായ "യൂഗോവ്' പുറത്തുവിട്ട കണക്കുകളിൽ എഫ്ഡിക്ക് 29 ശതമാനം വരെ പിന്തുണ പ്രവചിച്ചിരുന്നു. അതായത് സിഡിയുവിനേക്കാൾ വൻ മാർജിനിലുള്ള മുന്നേറ്റം.
അതിനേക്കാൾ അല്പം കുറവാണെങ്കിലും, വെള്ളിയാഴ്ച പുറത്തുവന്ന "ഫോർഷുംഗ്സ്ഗ്രൂപ്പെ വാലൻ' ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പുതിയ സർവേയും ജർമനിയിൽ എഫ്ഡിയുടെ സ്വാധീനം അതിവേഗം ഉറയ്ക്കുകയാണെന്ന് അടിവരയിടുന്നു.
3. എഫ്ഡി ഒന്നാമതെത്തിയാലും ഭരിക്കാൻ സാധിക്കുമോ?
കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ജർമനിയിലെ രണ്ടാമത്തെ വലിയ കക്ഷിയായി എഫ്ഡി മാറിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അവർ ഒന്നാമത് എത്തിയാൽ പോലും ഭരണം പിടിക്കുക എളുപ്പമാകില്ല.
"ഫയർവാൾ' നയം:
ജർമനിയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ (സിഡിയു, എസ്പിഡി, ഗ്രീൻസ്) എഫ്ഡിയുമായി യാതൊരുവിധ രാഷ്ട്രീയ സഖ്യത്തിനും ഭരണ പങ്കാളിത്തത്തിനും തയാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നിലൊന്ന് വോട്ടുകൾ പോലും തികച്ചുമില്ലാത്ത അഫ്ഡിയെ മാറ്റിനിർത്തി മറ്റ് പാർട്ടികൾ ഒന്നിച്ച് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത. എങ്കിലും ജർമൻ ജനതയുടെ വലിയൊരു വിഭാഗം പരമ്പരാഗത രാഷ്ട്രീയ ശൈലികളോട് കാണിക്കുന്ന കടുത്ത അമർഷത്തിന്റെ പ്രതിഫലനമാണ് എഫ്ഡിയുടെ ഈ പുതിയ റിക്കാർഡ് കുതിപ്പ്.
NRI
ബെർലിൻ: ജർമനിയിൽ നികുതി വെട്ടിപ്പുകാർക്കും കുടിശിക വരുത്തുന്നവർക്കുമെതിരേ നടപടികൾ അതീവ കർശനമാക്കി ധനകാര്യ വകുപ്പ്.
ഹെസൻ സംസ്ഥാനത്തെ വിയേൺഹൈമിലുള്ള ഒരു വ്യവസായിക മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ നികുതി അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർ കാറുകൾ പിടിച്ചെടുത്തു.
രണ്ട് സാധാരണ വെയർഹൗസുകളിൽ ഒളിപ്പിച്ചിരുന്ന അവസ്ഥയിലായിരുന്നു ഈ ആഡംബര വണ്ടികൾ. നിലവിലെ വിപണി മൂല്യമനുസരിച്ച് പിടിച്ചെടുത്ത കാറുകൾക്ക് ആകെ ഒരു മില്യൺ യൂറോയിലധികം (ഏകദേശം 9.3 കോടി രൂപ) വിലവരും.
റോൾസ് റോയ്സും ഫെരാരിയും ഇനി ഫിനാൻസ് വകുപ്പിന് സ്വന്തം; വില്ലനായത് നികുതി കുടിശിക
ബുധനാഴ്ച രാവിലെ 10 ഓടെയോടെയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരും വലിയ ടോവിംഗ് ട്രക്കുകളും വിയേൺഹൈമിലെ ഗോട്ട്ലീബ്-ഡെയ്ംലർ സ്ട്രീറ്റിലേക്ക് ഇരച്ചെത്തിയത്.
കനത്ത നികുതി കുടിശിക വരുത്തിയതിനെ തുടർന്ന് ഉടമസ്ഥന്റെ വിലപിടിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിയമപരമായ ഉത്തരവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.
പിടിച്ചെടുത്ത പ്രധാന ലക്ഷ്വറി കാറുകൾ
റോൾസ് റോയ്സ് കള്ളിനൻ (Rolls-Royce Cullinan): ഇതിന്റെ മാത്രം പുതിയ വില ഏകദേശം 3,90,000 യൂറോയ്ക്ക് (3.6 കോടി രൂപ) മുകളിലാണ്.
ആസ്റ്റൺ മാർട്ടിൻ DB11 (Aston Martin): രണ്ട് ആസ്റ്റൺ മാർട്ടിൻ കാറുകളാണ് പിടിച്ചെടുത്തത്. ഒന്നിന്റെ മാത്രം വില 1,90,000 യൂറോയിൽ അധികമാണ്.
ഫെരാരി 458 ഇറ്റാലിയ (Ferrari 458 Italia): വിപണിയിൽ 2,00,000 യൂറോയ്ക്ക് മുകളിൽ വിലയുള്ള സൂപ്പർ കാർ.
മെഴ്സിഡസ് GLE (Mercedes GLE): ഏകദേശം 90,000 യൂറോയ്ക്ക് മുകളിൽ വിലമതിക്കുന്ന ആഡംബര എസ്യുവി.
അനക്കാൻ പറ്റാത്ത രീതിയിൽ "റെഡ് സീൽ' പതിപ്പിച്ചു
പരിശോധനയ്ക്ക് ശേഷം ഫ്രാങ്ക്ഫർട്ട് ചീഫ് ടാക്സ് ഓഫീസിന്റെ ഒഫീഷ്യൽ "റെഡ് സീൽ' എല്ലാ കാറുകളുടെയും വിൻഡ്ഷീൽഡിൽ ഉദ്യോഗസ്ഥർ പതിപ്പിച്ചു. ജർമൻ നിയമപ്രകാരം ഈ സീൽ പതിപ്പിച്ച വാഹനങ്ങൾ പിന്നീട് അനക്കാനോ ഉപയോഗിക്കാനോ പാടില്ല.
തുടർന്ന് ഉദ്യോഗസ്ഥർ ഈ കാറുകളെല്ലാം ടോവിംഗ് ട്രക്കുകളിൽ കയറ്റി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. യാതൊരുവിധ എതിർപ്പുകളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ അതീവ വേഗത്തിലാണ് ഉദ്യോഗസ്ഥർ ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
കുടിശികയുള്ള നികുതിപ്പണം പൂർണമായി അടച്ചുതീർക്കാത്ത പക്ഷം ഈ ലക്ഷ്വറി കാറുകൾ ഗവൺമെന്റ് ലേലത്തിൽ വച്ച് പണം ഈടാക്കാനാണ് സാധ്യത. ജർമനിയിൽ ടാക്സ് നിയമങ്ങൾ ലംഘിച്ചാൽ എത്ര വലിയ കോടീശ്വരനാണെങ്കിലും രക്ഷയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ കനത്ത നടപടി.
NRI
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആഘാതത്തിൽ രണ്ട് ട്രെയിൻ വാഗണുകൾ റെയിൽവേ പാലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെയുള്ള റോഡിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും വൻ സന്നാഹത്തോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷണ്ടിംഗ് ജോലികൾക്കിടെ വൻ കൂട്ടിയിടി
മ്യൂണിക്കിലെ മിൽബെർട്ഷോഫൻ (Milbertshofen) മേഖലയിലെ ഷ്ലൈസ്ഹൈമർ സ്ട്രീറ്റിലുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. പാലത്തിന് മുകളിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ ഒരേസമയം ഷണ്ടിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയെ തുടർന്ന്, ഒരു ട്രെയിൻ പിന്നോട്ട് ആഞ്ഞുപോവുകയും അതിന്റെ രണ്ട് വലിയ വാഗണുകൾ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള റോഡിലേക്ക് കുത്തനെ പതിക്കുകയുമായിരുന്നു.
പാലത്തിന്റെ അരികിൽ നിന്നും റോഡിലേക്ക് "വി' ആകൃതിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് വാഗണുകൾ ഉള്ളത്. അപകടത്തിൽ പെട്ട ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ശനിയാഴ്ച രാവിലെ പോലീസ് ഒഫീഷ്യലായി സ്ഥിരീകരിച്ചു.
അപകടസാധ്യതയില്ല; രക്ഷാപ്രവർത്തനം തുടരുന്നു
റോഡിലേക്ക് പതിച്ച ഗുഡ്സ് വാഗണുകളിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് (Unbeladen) പോലീസ് വ്യക്തമാക്കി. അതിനാൽ രാസവസ്തുക്കളോ മറ്റ് ഇന്ധനങ്ങളോ ചോരാനുള്ള സാധ്യതകൾ ഇല്ലാത്തത് വലിയൊരു അപകടമൊഴിവാക്കി.
ഫെഡറൽ പോലീസ്, സ്റ്റേറ്റ് പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തിര രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (Gutachter) നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം പൂർണമായി തടസപ്പെട്ടു; റെയിൽ യാത്രക്കാരെ ബാധിക്കില്ല
അപകടത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടർ റിങ്ങിനും മാക്സ് ഡയമണ്ട് സ്ട്രീറ്റിനും ഇടയിലുള്ള ഷ്ലൈസ്ഹൈമർ റോഡ് ഇരുവശത്തേക്കും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ഭാരമേറിയ വൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മാത്രമേ ഈ വാഗണുകൾ റോഡിൽ നിന്നും മാറ്റാൻ സാധിക്കൂ. അതിനാൽ ഈ പാതയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച രാത്രിയോ അല്ലെങ്കിൽ ഞായറാഴ്ച വരെയോ സമയമെടുത്തേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
എന്നാൽ, ഈ റെയിൽവേ ട്രാക്ക് ചരക്ക് തീവണ്ടികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാൽ ജർമനിയിലെ മറ്റ് റീജിയണൽ, ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവീസുകളെ (DB) ഈ അപകടം ഒരു രീതിയിലും ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
NRI
ബെർലിൻ: ജർമനിയിലെ അമച്വർ ബാഡ്മിന്റൺ താരങ്ങൾക്ക് ആവേശം പകരാൻ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ "ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.
കായികമേളയുടെ പ്രധാന വിശദാംശങ്ങൾ താഴെ നൽകുന്നു:
മത്സര ക്രമീകരണങ്ങൾ: തീയതി - ജൂലൈ നാല് (ശനിയാഴ്ച). സ്ഥലം: നെക്കാർഗെമ്യുണ്ട് ( ഹൈഡൽബർഗിന് സമീപം) Münzenbachhalle, Neckargemund, (bei Heidelberg, Germany).
മത്സര വിഭാഗങ്ങൾ: ഡബിൾസ് മത്സരങ്ങളാണ് (Doppel-Kategorien: Herren, Damen, Mixed) ടൂർണമെന്റിൽ ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ഡബിൾസ്, വനിതകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്.
സമ്മാനം: എല്ലാ വിജയികൾക്കും പ്രൈസ് മണിയായി 2000 യൂറോയ്ക്കുമേൽ തുകയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
രജിസ്ട്രേഷൻ വിവരങ്ങൾ:
ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായി ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യൽ വെബ്സൈറ്റായ http ://www.chavaracup-badminton.de വഴി കളിക്കാർക്ക് തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഫോൺ: Loice - 004915163114937, Martin - 0041787297154.