ബെർലിൻ: കഴിഞ്ഞ വർഷം മേയിൽ ജർമൻ നഗരമായ ബീലെഫെൽഡിലെ ബാറിന് മുന്നിൽ ഫുട്ബോൾ വിജയം ആഘോഷിക്കുകയായിരുന്ന ആളുകൾക്ക് നേരെ കത്തിക്കുത്ത് നടത്തിയ സിറിയൻ സ്വദേശി എം. മഹ്മൂദിന്റെ (36) കേസിൽ ഡ്യുസൽഡോർഫ് ഹൈയർ റീജിയൺ കോടതി വിധി പ്രസ്താവിച്ചു.
പ്രൊസിക്യൂഷന്റെ ആവശ്യം പൂർണമായി അംഗീകരിച്ച കോടതി, പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവും അതോടൊപ്പം ശിക്ഷാകാലാവധിക്ക് ശേഷവും ജയിലിൽ തുടരേണ്ടി വരുന്ന കടുത്ത തടങ്കലും വിധിച്ചു.
2025 മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 18 സെന്റിമീറ്റർ നീളമുള്ള കത്തി ഘടിപ്പിച്ച നടപ്പുസഹായി ഉപയോഗിച്ചാണ് ഇയാൾ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഫുട്ബോൾ ആരാധകരെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചത്.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി, തന്റെ വ്യക്തിഗത രേഖകൾ അടങ്ങിയ ബാഗ് സംഭവസ്ഥലത്ത് മറന്നുവച്ചിരുന്നു.
തുടർന്ന് ഹീലിഗൻ ഹൗസിലുള്ള ബന്ധു താമസിക്കുന്ന മുറിയിൽ ഒളിക്കാൻ ശ്രമിച്ച ഇയാളെ, ബന്ധുവിന്റെ റൂംമേറ്റ് സംശയം തോന്നി മുറിക്കുള്ളിൽ പൂട്ടിയിടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്.
∙ പ്രതിയുടെ ഭീകരവാദ പശ്ചാത്തലം 2015ൽ സിറിയയിൽ വച്ച് ഐഎസ് ഭീകരസംഘടനയിൽ ചേർന്ന ഇയാൾ, സംഘടനയുടെ കലിഫേറ്റിനോട് കൂറുപ്രഖ്യാപിക്കുകയും ട്രെയിനിംഗ് ക്യാംപിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
2016 വരെ ഐഎസിന് വേണ്ടി സജീവമായി പോരാടിയ ഇയാളെ പിന്നീട് കുർദിഷ് സേന പിടികൂടി. എട്ട് മാസത്തെ തടവിന് ശേഷം തുർക്കി വഴി 2023-ലാണ് ജർമനിയിൽ എത്തിയത്.
ജർമനിയിൽ എത്തിയ ശേഷം മാനസികനില കൂടുതൽ വഷളാവുകയും ആക്രമണത്തിന് 10 ദിവസം മുൻപ് സ്കെച്ച് തയാറാക്കി കൃത്യം നടത്തുകയുമായിരുന്നു.
∙ ഐഎസ് ബന്ധം 2023-ൽ ജർമനിയിലെത്തുന്നതിന് മുൻപ് ഇയാൾ സിറിയയിൽ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നതായും ജിഹാദി ചിന്താഗതികളാൽ പ്രേരിതമായാണ് ഈ ആക്രമണം നടത്തിയതെന്നും പ്രൊസിക്യൂഷൻ തെളിയിച്ചു.
സിറിയയിൽ വച്ച് സ്വന്തം അർദ്ധസഹോദരൻ ഉൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയതായി പ്രതി കോടതിയിൽ സമ്മതിച്ചു. പ്രതി കടുത്ത തീവ്രവാദ ചിന്താഗതി വച്ചുപുലർത്തുന്നയാളാണെന്നും ഇരകളോട് യാതൊരു സഹതാപവും കാണിച്ചിട്ടില്ലെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.
ജീവപര്യന്തത്തിന് പുറമെ, ജയിൽ ശിക്ഷ കഴിഞ്ഞാലും ഇയാൾ സമൂഹത്തിന് ഭീഷണിയായതിനാൽ തുടർന്നും തടങ്കലിൽ സൂക്ഷിക്കാനുള്ള പ്രത്യേക ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
∙ പ്രതിഭാഗത്തിന്റെ നിലപാട് ചെയ്ത തെറ്റിൽ ഖേദിക്കുന്നുവെന്ന് പ്രതി കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്ക് കടുത്ത വിഷാദരോഗം ഉണ്ടായിരുന്നുവെന്നും മോശം കുട്ടിക്കാലമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ശിക്ഷ 12 വർഷമായി ചുരുക്കണമെന്ന് പ്രതിഭാഗം വക്കീൽ ലൂട്സ് ക്ലോസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.
ആക്രമണത്തിൽ മാരകമായി പരിക്കേറ്റ നാല് ഇരകൾക്കും 70,000 യൂറോ വീതം (ഏകദേശം 65 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വക്കീൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags : Germany ISIS militant Stabbing Attack Sentences to life