ആൻഡ്രൂ ടെറ്റും ട്രിസ്റ്റൻ ടെറ്റും
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പ്രൊഫഷണൽ കിക്ക്ബോക്സറുമായ ആൻഡ്രൂ ടെറ്റും (39) സഹോദരൻ ട്രിസ്റ്റൻ ടെറ്റും (38) അമേരിക്കയിൽ അറസ്റ്റിലായി.
ബ്രിട്ടീഷ് അധികൃതർ ഇരുവർക്കുമെതിരേ 38 പുതിയ ക്രിമിനൽ കുറ്റങ്ങൾകൂടി ചുമത്തിയതിനു പിന്നാലെ യുഎസ് മാർഷൽസ് സംഘമാണ് മിയാമിയിൽനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബ്രിട്ടനിലേക്കു നാടുകടത്തുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
പുതിയ കുറ്റപത്രങ്ങൾ കൂടി വന്നതോടെ ഇരുവർക്കുമെതിരേയുള്ള കേസുകളുടെ എണ്ണം 59 ആയി ഉയർന്നു. ഇതിൽ ആൻഡ്രൂ ടെറ്റ് 42 കേസുകളും ട്രിസ്റ്റൻ 17 കേസുകളുമാണ് നേരിടുന്നത്.
2010 ജൂലൈ മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നടന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളിലാണ് യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആൻഡ്രൂ ടെറ്റിനെതിരേ ഏഴ് പുതിയ ബലാത്സംഗക്കേസുകൾ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ട്രിസ്റ്റൻ ടെറ്റിനെതിരേ രണ്ടു ബലാത്സംഗക്കേസുകൾ, ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിനു സൗകര്യമൊരുക്കൽ തുടങ്ങിയ കുറ്റങ്ങളാണുള്ളത്.
ബ്രിട്ടീഷ്-യുഎസ് ഇരട്ട പൗരത്വമുള്ളവരാണ് ടെറ്റ് സഹോദരന്മാർ. നേരത്തേ റുമേനിയയിലും സമാനമായ മനുഷ്യക്കടത്ത്, ബലാത്സംഗ കേസുകളിൽ ഇവർ വിചാരണ നേരിട്ടിരുന്നു. അതേസമയം തങ്ങൾക്കെതിരേയുള്ള എല്ലാ കുറ്റങ്ങളും ടെറ്റ് സഹോദരന്മാർ നിഷേധിച്ചു.
ബ്രിട്ടനിൽ തങ്ങൾ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെ പ്രതിരോധിക്കാൻ വേണ്ടി മനഃപൂർവം കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ നീക്കമാണ് പുതിയ കുറ്റപത്രങ്ങളെന്ന് ഇവരുടെ അഭിഭാഷകനായ ജോസഫ് മക്ബ്രൈഡ് ആരോപിച്ചു.
Tags : AndrewTate brother arrested US TristanTate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews