ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: മനസിൽ സമാധാനം വളർത്തണമെന്നും സമാധാനത്തിന്റെ സേവകരായി മാറണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. റോമിന് തെക്കുകിഴക്കുള്ള ജനസാനോയിലെ അഗസ്റ്റീനിയൻ തീർഥാടനകേന്ദ്രമായ സദുപദേശത്തിന്റെ മാതാവിന്റെ ബസിലിക്കയിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന പ്രത്യേക വിശുദ്ധ കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
“നമുക്കുള്ളിൽ സമാധാനം വളരാൻ നമ്മൾ അനുവദിക്കണം. അതു ക്രമേണ ലോകത്തിൽ വിടരുകയും പുഷ്പിക്കുകയും ചെയ്യും. ഈ ദൗത്യത്തിൽ സദുപദേശത്തിന്റെ മാതാവ് നമ്മെ വഴിനടത്തും” - മാർപാപ്പ പറഞ്ഞു. തന്റെ ജീവിതത്തിലുടനീളം മാതാവിന്റെ മാതൃസഹജമായ സാന്നിധ്യവും ജ്ഞാനവും കൂടെയുണ്ടായിരുന്നുവെന്ന് മാർപാപ്പ ഓർമിച്ചു.
നശീകരണത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ കാലഘട്ടത്തിൽ സമാധാനവും ദൈവത്തിന്റെ പ്രവൃത്തികളും തിരിച്ചറിയാൻ മറിയത്തിന്റെ ലളിതവും ശാന്തവുമായ ജീവിതമാതൃക നമ്മെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മേയ് മാസത്തിൽ സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കകം തന്നെ ലെയോ മാർപാപ്പ ഈ ബസിലിക്ക സന്ദർശിച്ചിരുന്നു. റോമിലെ പഠനകാലം മുതൽ ലെയോ മാർപാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട തീർഥാടനകേന്ദ്രമാണു ജനസാനോയിലെ ഈ ബസിലിക്ക. പതിനാറാം നൂറ്റാണ്ട് മുതൽ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള ഈ പള്ളി മുന്പും നിരവധി മാർപാപ്പമാർ സന്ദർശിച്ചിട്ടുണ്ട്. മാർപാപ്പയുടെ സന്ദർശനത്തിന്റെ ഓർമയ്ക്കായി അദ്ദേഹം മാതാവിന്റെ ചിത്രത്തിനുമുന്നിൽ പ്രാർഥിക്കുന്ന പുതിയ ചിത്രം ബസിലിക്കയിൽ അനാച്ഛാദനം ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews Let peace grow in the heart