റോജി എം. ജോൺ
ന്യൂഡൽഹി: കേരളം നടപ്പാക്കാനിരുന്ന സ്വകാര്യ സർവകലാശാലാ ബിൽ തിരിച്ചുവിളിച്ച് പകരം പുതിയ ബിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. നിലവിലെ ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലായതിനാൽ അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ ഇതു പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സർവകലാശാലാ നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക എന്നതുതന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ സർവകലാശാലകളുടെ ഭരണസംവിധാനം ഏകീകൃത മാതൃകയിലാക്കാനും പരീക്ഷകൾ കൃത്യമായി നടത്തുന്നതിന് ഏകീകൃത അക്കാദമിക് കലണ്ടർ തയാറാക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘യൂണിവേഴ്സിറ്റി ടൗൺഷിപ്പ്’പദ്ധതിക്കായി കേരളം അപേക്ഷ നൽകും. കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ ‘കേരള നോളജ് വാലി’, ‘റിസർച്ച് പാർക്ക്’ പദ്ധതികൾ യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പ്രോഗ്രാമുമായി ചേർന്നുപോകുന്നവയാണ്. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥലം ലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച ‘മൾട്ടി ഡിസിപ്ലിനറി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഇംപ്രൂവ്മെന്റ് ഇൻ ടെക്നിക്കൽ എഡ്യുക്കേഷൻ’ പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി റോജി എം. ജോൺ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Private University Bill to be withdrawn