വിക്രംസിംഗ്
ന്യൂഡൽഹി: ഡൽഹിയിൽ പ്രമുഖ മണിപ്പുരി സംഗീതജ്ഞൻ ചോങ്താം വിക്രംസിംഗിനെ (54) ഒരു സംഘമാളുകൾ ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ എട്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ നീതിയും നിഷ്പക്ഷമായ അന്വേഷണവും വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. തങ്ങൾക്കു പ്രതികാരം വേണ്ടെന്നും പകരമായി കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഡൽഹി മണിപ്പുർ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ വിക്രം സിംഗിന്റെ ഭാര്യ പറഞ്ഞു.
വംശീയ അധിക്ഷേപവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ നേരിടുന്ന വിവേചനവുമാണ് ഈ ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫോറം ആരോപിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളും വിദ്യാർഥിസംഘടനകളും ‘ഞങ്ങളും ഇന്ത്യക്കാർ’ എന്ന മുദ്രാവാക്യമുയർത്തി മെഴുകുതിരി മാർച്ച് നടത്തി.
സംഭവത്തിൽ ഡൽഹി പൊലിസിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി. ഡൽഹിയിലെ വടക്കുകിഴക്കൻ മേഖലകളിൽനിന്നുള്ള കുടുംബങ്ങൾക്കിടയിൽ ഈ കൊലപാതകം വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അവർക്കെതിരേ വർധിച്ചുവരുന്ന അക്രമങ്ങൾ തടയാൻ ആഭ്യന്തരമന്ത്രാലയം എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സാധാരണ പൗരന്മാർ നിസഹായരായി തീർന്നിരിക്കുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കേജരിവാളും ആരോപിച്ചു. ഈ കൊലപാതകം ദേശീയതലത്തിൽ തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
അതേസമയം, ഇത്രയും ദൗർഭാഗ്യകരമായ സംഭവത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും പ്രതികൾക്കെതിരേ അതിവേഗം കുറ്റപത്രം സമർപ്പിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Widespread protests fatal assault