ദാരാസിംഗ്
ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ദാരാസിംഗിന്റെ മോചനത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ ഒഡീഷ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജയിൽമോചനവുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിൽ അടിയന്തരമായി തീരുമാനമെടുക്കാൻ ജസ്റ്റീസുമാരായ മനോജ് മിശ്ര. വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ഒഡീഷ സർക്കാരിനോട് ആവശ്യപ്പെട്ടു.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ തീരുമാനമെടുത്തില്ലെങ്കിൽ സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജയിൽമോചനത്തിൽ തീരുമാനമെടുക്കാൻ നാലാഴ്ച സമയംകൂടി ഒഡീഷ സർക്കാർ നീട്ടി ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. തുടർച്ചയായി സാവകാശം തേടാൻ സർക്കാരിന് സാധിക്കില്ലെന്നും ബെഞ്ച് പറഞ്ഞു.
സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് വിഷയം പരിഗണിച്ചുവരികയാണെന്നാണ് കഴിഞ്ഞതവണ കേസ് വാദിച്ചപ്പോൾ ഒഡീഷ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
അതേസമയം ജയിൽമോചനം സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം സംബന്ധിച്ചു തനിക്ക് വ്യക്തമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ഇന്നലെ കോടതിയെ അറിയിച്ചു. വിഷയം 17ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 25 വർഷമായി താൻ ജയിൽവാസം അനുഭവിക്കുകയാണെന്നും അതിനാൽ മോചനം വേണമെന്നും ആവശ്യപ്പെട്ടാണ് ദാരാസിംഗ് കോടതിയെ സമീപിച്ചത്.
Tags : Deepika DeepikaNewspaper BreakingNews Dara Singh's release from prison