തിരുവനന്തപുരം: തെറ്റുതിരുത്തലിന് പ്രത്യേക സംസ്ഥാന കമ്മിറ്റി ചേരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കം.
പ്രതിപക്ഷ നേതാവും പാർട്ടിയുടെ മുതിർന്ന പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരേ അഴിമതിനിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് ഇന്നലെ കത്തു നൽകിയതു സിപിഎമ്മിനെ മാത്രമല്ല, മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുമ്പോഴും രാഷ്ട്രീയമായി വല്ലാത്ത അങ്കലാപ്പിലാണു പാർട്ടി.
പിണറായി വിജയൻ, മകൾ വീണാ തൈക്കണ്ടി, വീണയുടെ ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരെ പ്രതിചേർത്തു കേസെടുക്കണമെന്നാണ് ഇഡി ഡിജിപിക്കു കത്തു നൽകിയിരിക്കുന്നത്.
ഇഡിയുടെ കത്തിന്മേൽ പിണറായി വിജയനെതിരേ കേസെടുത്താൽ അതു സിപിഎമ്മിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നു മാത്രമല്ല, പൊതുജനമധ്യത്തിൽ പാർട്ടിക്കു കൂടുതൽ ക്ഷീണമുണ്ടാക്കുകയും ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു സംഘടനാപരമായി വലിയ തിരുത്തലുകൾക്കു മുതിരുകയാണു സിപിഎം. ഇതിന്റെ ഭാഗമായാണ് ഈ മാസം 13 മുതൽ 15 വരെ കോഴിക്കോട് പ്രത്യേക സംസ്ഥാന കമ്മിറ്റി ചേരുന്നത്. തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ അവലോകന റിപ്പോർട്ടിനെ തള്ളി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കെതിരേ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കടുത്ത അമർഷത്തിലാണ്.
തോമസ് ഐസക്കിനെപ്പോലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഈ അതൃപ്തി പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. സജി ചെറിയാൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ മാത്രമാണു പിണറായിയെ പിന്തുണച്ചത്. ഇങ്ങനെ പാർട്ടിയിൽ പിണറായിക്കെതിരേ ശക്തമായ നീക്കം ഒരുവശത്തു നടക്കുന്നതിനിടെയാണ് ഇഡിയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. പിണറായിക്കെതിരേ കേസെടുത്താൽ അദ്ദേഹത്തിനെതിരേയുള്ള മറുപക്ഷത്തിന്റെ നീക്കങ്ങൾക്കു ശക്തി കൂടും.
ഇഡിയുടെ കത്തിന്മേൽ കേസെടുത്താൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തു തുടരുന്നതു പാർട്ടിക്കുള്ളിൽ ചോദ്യംചെയ്യപ്പെടും. ഇങ്ങനെയൊരു ആവശ്യം പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ ആര് ഉന്നയിക്കുമെന്നതാണു ചോദ്യം.
സാധാരണ നിലയിൽ അജണ്ടയിൽ ഉൾപ്പെടുത്തുന്ന വിഷയങ്ങൾ മാത്രമേ ഇത്തരത്തിലുള്ള പ്രത്യേക കമ്മിറ്റികളിൽ ചർച്ച ചെയ്യാനാകൂ.
സ്വാഭാവികമായും അജണ്ട നിശ്ചയിക്കുമ്പോൾ ഇക്കാര്യം ഉൾപ്പെടാൻ ഒരു സാധ്യതയും ഇല്ല. ഒരു പക്ഷേ സംസ്ഥാന കമ്മിറ്റിക്കു മുമ്പു കേസെടുത്താലും ഈ വിഷയം യോഗം പരിഗണിക്കില്ല. അതാണു സിപിഎം സംഘടനാ രീതി. ഇനി ധാർമികതയിൽ ഊന്നി പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നു മാറണമെന്ന അഭിപ്രായം വന്നാൽ ലാവ്ലിൻ കേസ് ഉയർത്തി അദ്ദേഹം അതിനെ നേരിടും.
പാർട്ടിയും അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നിൽക്കാനാണു സാധ്യത. ലാവ്ലിൻ കേസ് പുറത്ത് എങ്ങനെ സിപിഎം നേരിട്ടുവോ അതിനു സമാനമായിരിക്കും മാസപ്പടി കേസിനെയും പാർട്ടി പ്രതിരോധിക്കുക. ഇഡിയിൽനിന്ന് ഇങ്ങനെയൊരു നീക്കം പിണറായിയും പാർട്ടി നേതൃത്വവും മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതുമാണ്. അതുകൊണ്ടുതന്നെ കേസ് വന്നാൽ നേരിടാനുള്ള വഴികൾ നിയമവിദഗ്ധരുമായി വളരെ മുമ്പുതന്നെ പിണറായിയും പാർട്ടിയും ചർച്ച ചെയ്തിരുന്നു.
പിണറായിക്കെതിരേ കേസെടുത്താൽ കൂടുതൽ പ്രതിരോധത്തിലാകുന്നതു പാർട്ടി കേന്ദ്ര നേതൃത്വവും ഒപ്പം ജനറൽ സെക്രട്ടറി എം.എ.ബേബിയും കൂടിയാണ്.
Tags : Deepika DeepikaNewspaper BreakingNews CPM to spearhead fight against the ED