സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യവ്യാപകമായി കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സുപ്രീംകോടതി. ഡൽഹി സത്യനികേതനിൽ ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട വിഷയം പരാമർശിക്കവേയാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഹോസ്റ്റൽ അപകടവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റുമെന്നും വിഷയം ഉടൻ പരിഗണിക്കുമെന്നും ജസ്റ്റീസുമാരായ എ. അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഡൽഹിയിലെ സ്വകാര്യ പിജികളിലും ഹോസ്റ്റലുകളിലും അടിയന്തര സുരക്ഷാ പരിശോധനയും ഓഡിറ്റും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സമാന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ കേസ് സുപ്രീംകോടതിയിലേക്കു മാറ്റുന്നതാണ് ഉചിതമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും നിർദേശിച്ചു.
സത്യനികേതനിലെ അപകടം നടുക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തേ ഡൽഹിയിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെ, അപകടകരമായ കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കാത്ത മുനിസിപ്പൽ അധികൃതരെ സുപ്രീംകോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ചില മേഖലകളിൽ വിദഗ്ധ പരിശോധന നടത്താനും ഉത്തരവിട്ടിരുന്നു.
ഉടമകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ
അപകടവുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമകളായ ഹരിറാം ഗുപ്ത (81), ഭാര്യ ഊർമിള (75) എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും ഇവരുടെ മകൻ മഹേഷിനെ രണ്ടുദിവസത്തെ പൊലിസ് കസ്റ്റഡിയിലും വിട്ടു. ബേസ്മെന്റിൽ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനായുള്ള തെരച്ചിൽ തുടരുകയാണ്. ദുരിതബാധിതർക്ക് സാമ്പത്തികസഹായം നൽകുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Supreme Court calls for nationwide