കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിനു നല്കിയ പണം കൈക്കൂലിയാണെന്ന ആരോപണത്തില്‍ തുടങ്ങിയ കേസാണു ഹവാല ഇടപാടും കടന്ന് ഏറ്റവുമൊടുവില്‍ പിണറായി വിജയനില്‍ എത്തിനില്‍ക്കുന്നത്.
സേവനങ്ങളൊന്നും നല്‍കാതെ വീണയുടെ കമ്പനിക്ക് പണം നല്കിയതു സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്കു വിരല്‍ചൂണ്ടുന്ന തെളിവുകള്‍, വിവിധയിടങ്ങളിലെ പരിശോധനകള്‍ക്കു പിന്നാലെ കഴിഞ്ഞ 19ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിരുന്നു.
പരിശോധനയില്‍ വീണയുടെ പക്കല്‍നിന്ന് ഇഡി കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.ഡയറി കേന്ദ്രീകരിച്ചുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് ഇഡി. സിഎംആര്‍എലില്‍നിന്നു ലഭിച്ചതിനേക്കാള്‍ തുകയുടെ ഇടപാടുകള്‍ ഡയറിയില്‍ കാണിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇഡിയുടെ കണ്ടെത്തലുകള്‍
കോര്‍പറേറ്റ് തട്ടിപ്പുകളും കൈക്കൂലി ഇടപാടുകളും അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയ്ക്ക്, യാതൊരു സേവനവും നല്കാതെതന്നെ സിഎംആര്‍എല്‍ പണം നല്കി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഐടി കണ്‍സള്‍ട്ടന്‍സി 2.78 കോടി രൂപ സിഎംആര്‍എല്ലില്‍നിന്നു കൈപ്പറ്റി.
സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നല്കി. മുമ്പ് വാങ്ങിയ തുകകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
മേയിൽ വീണയുടെയും സിഎംആര്‍എല്‍ പ്രമോട്ടര്‍മാരുടെയും കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീണ എഴുതിയ ചില കൈയെഴുത്ത് കുറിപ്പുകള്‍ ഇഡി പിടിച്ചെടുത്തു. ഇതില്‍ പണമിടപാടുകള്‍ നടത്തിയ വ്യക്തികളുടെ പേരുകള്‍, ചെലവാക്കിയ തുകകള്‍, ദുബായിലേക്കു കടത്തിയ പണം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
83.49 ലക്ഷം യുഎഇ ദിര്‍ഹം (ഏകദേശം 85 ലക്ഷം രൂപയോളം) ദുബായിലേക്കു കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയിലുള്ള ഇടപാടുകള്‍ ഏകദേശം 20.05 കോടി രൂപയോളവും വരും
വീണയുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് മറ്റൊരാളുടെ പേരില്‍ എടുത്ത സിം കാര്‍ഡിന്റെ ഫോട്ടോ കണ്ടെത്തി. വൈഫൈ റൂട്ടര്‍ വഴി ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍ ചെയ്യാനാണ് ഇതുപയോഗിച്ചതെന്ന് ഇഡി സംശയിക്കുന്നു. സിം നല്കിയ വ്യക്തിയെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഹവാല ചാനലുകള്‍ വഴി പണം കടത്തിയതിന് തെളിവുകളുണ്ട്.
വീണ കൈകാര്യം ചെയ്ത തുകകള്‍ അവരുടെ അറിയപ്പെടുന്ന വരുമാന മാര്‍ഗങ്ങള്‍ക്ക് അപ്പുറത്തുള്ളതാണ്.
ഡയറിയില്‍ കാണിച്ചിരിക്കുന്ന തുകകള്‍ സിഎംആര്‍എല്ലിൽനിന്നു ലഭിച്ചതിനേക്കാള്‍ വളരെ കൂടുതലാണ്.
സാധ്യത വിജിലൻസ് അന്വേഷണത്തിന്
തിരുവനന്തപുരം: നിർണായകമായ ഇഡി റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. ഇഡി സംസ്ഥാ ന പൊലിസ് മേധാവിക്കു നൽകിയത് 25 പേജുള്ള സമഗ്ര റിപ്പോർട്ടാണ്. റിപ്പോർട്ട് അഡ്വക്ക റ്റ് ജനറലിന്റെ നിയമോപദേശത്തിനു വിട്ടെങ്കിലും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾക്കും മുൻ മന്ത്രിയായ മരുമകനും എതിരേ വരുന്നത്.
അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത് വിജിലൻസ് മാന്വൽ അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയ ശേഷം കേസെടുത്താൽ മതിയോ, കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കണോ എന്നതിലാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ വിജിലൻസ് തുടർ നടപടി സ്വീകരിക്കുക.
വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതോടെ കേസിൽ നിയമപരമായ വലിയ മാറ്റമുണ്ടാകും. വിജിലൻസ് കേസെടുക്കുന്നതിലൂടെ പ്രെഡിക്കേറ്റ് ഒഫൻസ് (പൂർവ കുറ്റകൃത്യം) നിലവിൽ വരികയും ഇഡിക്ക് പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസിൽ ഇവരെ പ്രതി ചേർക്കാൻ സാധിക്കുകയും ചെയ്യും.
Tags : Deepika DeepikaNewspaper BreakingNews Investigation initiated over bribery