ഹർസിമ്രത് കൗർ ബാദൽ
അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും ഭാര്യ ഗുർപ്രീത് കൗറിനുമെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകി ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ. ബലാത്സംഗക്കേസിലെ പ്രതിയെ സംരക്ഷിക്കാനും രക്ഷപ്പെടാൻ സഹായിക്കാനും മുഖ്യമന്ത്രിയും ഭാര്യയും ഒത്തുകളിച്ചെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർസിമ്രതിന്റെ ആവശ്യം.
ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ കിഷോർ രഹത്കറെ നേരിൽ കണ്ടാണ് ഹർസിമ്രത് ബാദൽ പരാതിയും തെളിവുകളും കൈമാറിയത്. പീഡനത്തിനിരയായ അഞ്ച് സ്ത്രീകൾ നീതിക്കായി സമീപിച്ചപ്പോൾ പരാതി പിൻവലിക്കാൻ അവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് ഹർസിമ്രത് ആരോപിച്ചു. കേസിൽ ആരോപണവിധേയനായ വ്യക്തിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയതായും അവർ പറഞ്ഞു.
സ്ത്രീകളുടെ അഭിമാനം അഞ്ച് കോടി രൂപയ്ക്ക് പണയം വെക്കുകയാണെന്ന് ആരോപിച്ച അവർ, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും കൂട്ടാളികൾക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എഎപി ഭരണത്തിൽ പഞ്ചാബിൽ ക്രമസമാധാന നില പൂർണമായും തകർന്നെന്നും കടക്കെണിയിലായ സംസ്ഥാനത്ത് അഴിമതിയും ലഹരിമാഫിയയും വൻതോതിൽ വർധിച്ചെന്നും അവർ ആരോപിച്ചു. അതേസമയം, ഹർസിമ്രത് ബാദൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഭഗവന്ത് മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ പ്രതികരിച്ചു.
Tags : ShiromaniAkaliDal HarsimratKaurBadal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash