പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഈ മാസം 16ലേക്ക് മാറ്റിവച്ചു.
പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മറ്റൊരു ഹർജിയിൽ തീർപ്പുണ്ടായതിനുശേഷം മാത്രം ജാമ്യാപേക്ഷയിൽ വാദം കേട്ടാൽ മതിയെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി.
ജാമ്യാപേക്ഷയിൽ കോടതി പ്രാരംഭവാദം കേൾക്കുന്നതിനിടെയാണ് പ്രതിഭാഗം ഈ ആവശ്യം ഉന്നയിച്ചത്. കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിക്കാതെതന്നെ, അനുമതി ലഭിച്ചുവെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും ഇക്കാര്യം വിജിലൻസ് കോടതി കർശനമായി പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായ സുരക്ഷിത പരീക്ഷാ സംവിധാനത്തിൽ തങ്ങൾക്ക് എങ്ങനെ ക്രമക്കേട് നടത്താൻ കഴിയുമെന്നും പ്രതികൾ കോടതിയിൽ പ്രാരംഭ വാദമായി ഉന്നയിച്ചു.
കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സതീഷ് ഉൾപ്പടെയുള്ളവരെ വിജിലൻസ് നേരത്തേ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പരിഗണിച്ച കോടതി കേസ് തുടർനടപടികൾക്കായി 16ലേക്ക് മാറ്റുകയായിരുന്നു.
Tags : Bail Adjourned R. Hari Vigilence Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash