National
അഹമ്മദാബാദ്: അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസിൽ അറസ്റ്റിലായി അഹമ്മദാബാദ് സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം. ഗാന്ധിനഗർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കേസിൽ ഒരാഴ്ചക്കാലം അദ്ദേഹം ജയിൽവാസം അനുഭവിച്ചിരുന്നു.
2020-21 കാലയളവിൽ അദാനി എന്റർപ്രൈസിനെതിരായ വിവരങ്ങൾ എക്സിലും ബ്ലോഗിലും പങ്കുവെച്ചതിനെ തുടർന്നാണ് അദാനി ഗ്രൂപ്പ് രവി നായർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.2026 ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ മാൻസ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ കേസിൽ രവി നായർക്ക് ഒരു വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു.
മാർച്ച് മാസത്തിൽ സെഷൻസ് കോടതിയിൽ നിന്ന് ശിക്ഷയ്ക്കെതിരെ സ്റ്റേ വാങ്ങിയെങ്കിലും, സെപ്റ്റംബർ മൂന്നിന് അപ്പീൽ വാദത്തിന് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. സെപ്റ്റംബർ 17-ന് കോടതിയിൽ നേരിട്ട് ഹാജരായ രവി നായരെ പൊലിസ് അറസ്റ്റ് ചെയ്ത് അഹമ്മദാബാദ് സെൻട്രൽ ജയിലിലടച്ചു.
ഒരു ദിവസം ഹാജരാകാതിരുന്നതിന് നോട്ടീസോ സമൻസോ നൽകുന്നത് ഒഴിവാക്കി നേരിട്ട് ജയിലിലടച്ച നടപടിയെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി വിമർശിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രവി നായർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നതിനിടയിലാണ് ഇപ്പോൾ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
International
ലണ്ടൻ: സാന്പത്തികതട്ടിപ്പുകേസിൽ പ്രതിയായ വ്യവസായി മെഹുൽ ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാളിന് ലൈംഗികാതിക്രമ കേസിൽ യുകെയിലെ കോടതി ജാമ്യം നിഷേധിച്ചു.
കുറ്റാരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തതിനെത്തുടർന്നാണ് സൗത്ത് വാക്ക് ക്രൗൺ കോടതി ജാമ്യം നിഷേധിച്ചത്.
അഞ്ചാഴ്ചയായി ജയിലിൽ കഴിയുന്ന ക്രിമിനൽ അഭിഭാഷകനായ വിജയ് അഗർവാളിനെ ഓഗസ്റ്റ് 11-നാണ് ലണ്ടനിലെ ആഡംബരവസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. നാല് ലൈംഗികാതിക്രമ കേസുകൾക്ക് പുറമേ ബലാത്സംഗ ആരോപണവും ഇയാൾക്കെതിരേയുണ്ട്.
അഗർവാളിനൊപ്പം അറസ്റ്റിലായ സഹായി മൻപ്രീത് കൗറിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇരുവരും വിചാരണ തീയതിയായ 2027 മാർച്ച് 15വരെ കസ്റ്റഡിയിൽ തുടരും.
Kerala
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് നിശ്ചിത ഇടവേളകളില് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തിയത്.
അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ജസ്റ്റീസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഉടനടി സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.
പാധികൾ ഇങ്ങനെ
ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണു പ്രധാന വ്യവസ്ഥ. എല്ലാ ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം കോടതിയുടെ അനുമതിയില്ലാതെ കേരളത്തിനു പുറത്തേക്കു പോകരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.
Kerala
കണ്ണൂര്: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 14 വര്ഷത്തിനുശേഷം പിടിയില്. കോയമ്പത്തൂര് സ്വദേശി ആനന്ദിനെയാണ് കണ്ണൂര് സിറ്റി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
2012 ഡിസംബറിലാണ് അഴീക്കോട് സ്വദേശി മണികണ്ഠനെ പ്രതി മര്ദിച്ച് കൊലപ്പെടുത്തിയത്. ഈ കേസില് വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്ത ആനന്ദ്, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില് പോവുകയായിരുന്നു. തുടര്ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിക്കാന് മൊബൈല് ഫോണ് ഉപയോഗിക്കാതെയായിരുന്നു പ്രതിയുടെ ഒളിവുജീവിതം. ഇതിനിടെ 2021ല് തമിഴ്നാട്ടില് നടന്ന മറ്റൊരു കൊലപാതകക്കേസിലും ഇയാള് ഉള്പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഒടുവില് കോയമ്പത്തൂരില് വച്ച് പ്രതി പിടിയിലായത്.
Kerala
സുൽത്താൻബത്തേരി: വീട്ടില് നിന്ന് വന്തോതില് വിദേശമദ്യവും ഇന്ത്യന് നിര്മിത മദ്യവും പിടികൂടിയ കേസില് അറസ്റ്റിലായ റിപ്പോര്ട്ടര് ടി.വി മാനേജിങ് എഡിറ്റര് ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്ത്താന് ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ ആന്റോ അഗസ്റ്റിൽ റിമാൻഡിൽ തുടരും. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്ഡ് ചെയ്തിരുന്നു. കൊച്ചിയിലെ റിപ്പോര്ട്ടര് ടി.വി ആസ്ഥാനത്തെത്തി വയനാട്ടില് നിന്നുള്ള എക്സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
National
വടകര: അധ്യാപികമാര് ഉള്പ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില് ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ വടകര എന്ഡിപിഎസ് കോടതി തള്ളി.
പേരാമ്പ്ര ബിആര്സിയിലെ അധ്യാപകരായിരുന്ന മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും അഞ്ചാം പ്രതിയും ഡെലിവറി ബോയുമായ ഇരിട്ടി സ്വദേശി ജിജില് കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ജിജില് കുര്യാക്കോസ് പയ്യോളി പൊലിസ് രജിസ്റ്റര് ചെയ്ത മറ്റൊരു എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലും പ്രതിയാണ്.
ഒന്നാം പ്രതി വടകര താഴെഅങ്ങാടി സ്വദേശി സഫ്വാന് 60 ദിവസം ജുഡീഷ്യല് കസ്റ്റഡിയില് കഴിഞ്ഞതിനാല് വടകര എന്ഡിപിഎസ് കോടതിയും, രണ്ടാം പ്രതി പേരാമ്പ്ര ബിആര്സി അധ്യാപിക കീര്ത്തനയ്ക്ക് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. അധ്യാപികമാരായ കീര്ത്തന, കാവ്യ, നീഷ്മ തുടങ്ങിയവര് അഞ്ചാം പ്രതിയായ ജിജില് കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ആറു മാസംകൊണ്ട് ഒരു കോടിയിലേറെ രൂപ ജിജില് കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഇടപാട് നടത്തിയതായും കണ്ടെത്തി.
ഈ പണം മുഖ്യപ്രതിയായ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് പോയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
റിമാൻഡിലായി 48ാം ദിവസമാണ് റാമിന് ജാമ്യം ലഭിക്കുന്നത്. അഞ്ചരക്കണ്ടി കോളജിൽ കയറരുതെന്നാണ് നിർദേശം. ജൂലൈ 24നാണ് റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാൻഡ് ചെയ്യുന്നതും. തുടർന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്തു. തെളിവെടുപ്പും നടത്തി. ഇതെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു എം.കെ. റാമിന്റെ ആവശ്യം.
അഞ്ചരക്കണ്ടി ദന്തൽ കോളജിൽ കയറരുത്, വിദ്യാർഥികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രിൽ 10നാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
Kerala
തൃശൂര്: യുവാവിനെ പൂജപ്പുര സെന്ട്രല് ജയിലില് കരുതല് തടങ്കലിലാക്കി. മയക്കുമരുന്ന് വില്പ്പന ഉള്പ്പെടെയുള്ള ക്രിമിനല് കേസുകളില് പ്രതിയായ കൊടുങ്ങല്ലൂര് കുന്നംകുളം മേത്തല വെണ്ണാട്ടു വീട്ടില് ഷൈനെയാണ് എന്ഡിപിഎസ് നിയമ പ്രകാരം ഒരു വര്ഷം തടങ്കലിലാക്കിയത്. കൊടുങ്ങല്ലൂര് പൊലിസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസില് ജാമ്യത്തിലിറങ്ങി വീണ്ടും പുതുക്കാട് വച്ച് മയക്കുമരുന്നുമായി പിടിയിലായതിനെ തുടര്ന്നാണ് ഇയാള്ക്കെതിരെ നടപടി സ്വീകരിച്ചത്.
2022ല് കൊടുങ്ങല്ലൂര് പൊലിസ് സ്റ്റേഷന് പരിധിയില് 1.830 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും 2026 ഏപ്രിലില് പാലിയേക്കര ടോള് പ്ലാസയ്ക്ക് സമീപത്തുനിന്നു 90.200 ഗ്രാം മെത്താംഫെറ്റാമൈന് പിടികൂടിയ കേസിലും ഷൈന് പ്രതിയാണ്. പുതുക്കാട് കേസില് അറസ്റ്റിലായി ഇരിങ്ങാലക്കുട സ്പെഷല് സബ് ജയിലില് റിമാന്ഡില് കഴിയുകയായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ജയിലില്നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്ന്ന് നിയമനടപടികള് പൂര്ത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെന്ട്രല് ജയിലില് എത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
Kerala
തിരുവനന്തപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കല്ലിയൂർ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ ‘ബൾബ് കണ്ണൻ’ പ്രദീപ് എന്ന പ്രദീപിനെയാണ് പനയറക്കുന്നിലെ ബന്ധുവീട്ടിൽ നിന്ന് പൊലിസ് പിടികൂടിയത്.
നേമം പൊലിസാണ് പ്രദീപിനെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്നാറിൽ മേസ്തിരിപ്പണിക്കിടെ മതിലിടിഞ്ഞുവീണ് ഇടതുകാലിന് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ബന്ധുവീട്ടിലെത്തിയതായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലിസ് ഇയാളെ പിടികൂടിയത്.
കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രദീപ് ഒളിവിൽ പോയത്. 2022 മുതൽ ഇയാളെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ വേറെയും ഉണ്ടെന്ന് പൊലിസ് പറയുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അനിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം.
തിരുവനന്തപുരം ഡിസിസി മുൻ അംഗം കൂടിയായ ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് സാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനായിരുന്നു സാമ്പിൾ ശേഖരിച്ചത്.
Kerala
തിരുവനന്തപുരം: എക്സാലോജിക് കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ 27-ാം പ്രതി ആദർശിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
പ്രതി ചെയ്തതു ഗൗരവതരമായ കുറ്റകൃത്യമാണെന്നും ആരോപിക്കപ്പെട്ട കുറ്റങ്ങൾ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻപ് അറസ്റ്റിലായ 26 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ, കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി നിഥിൻ രാജ്, 16-ാം പ്രതിയും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും ഇതേ കോടതിയുടെ പരിഗണനയിലുണ്ട്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘം തടഞ്ഞുവച്ചു ക്രൂരമായി മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
Kerala
കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.
ചേലാട് റിസോർട്ടിൽനിന്നു പിടികൂടിയ കേസിൽ നേരത്തേ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ആദ്യം ഈ കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് കോതമംഗലം എസ്എച്ച്ഒയ്ക്കെതിരേ സമൂഹമാധ്യമത്തിൽ ഭീഷണിയുമായി ഇയാൾ രംഗത്തു വരുന്നത്. തുടർന്ന് ഈ കേസന്വേഷിച്ച ഊന്നുകൽ എസ്എച്ച്ഒയ്ക്കെതിരേ ഭീഷണിയുമായി രംഗത്തുവരികയും ചെയ്തു.
തലശേരിയിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരേ ജില്ലാ ഭരണകൂടം കാപ്പ ചുമത്തുകകൂടി ചെയ്തതോടെ ജയിൽവാസം നീളുന്ന സാഹചര്യമാണു നിലവിലുള്ളത്.
Kerala
കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് എസ്.കെ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ദേശീയ നേതാവുകൂടിയായ രണ്ടാം പ്രതി അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും ആയുധപരിശീലനത്തിലും ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതിലും സജീവ പങ്കാളിയാണ് ഹർജിക്കാരനെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ വാദം പരിഗണിച്ചാണ് ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
Kerala
കൊച്ചി: മലപ്പുറം കുരുളായി ആയുധപരിശീലന കേസില് എന്ഐഎ അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് തമിഴ്നാട് സ്വദേശി അയ്യപ്പന്റെ ജാമ്യഹര്ജി ഹൈക്കോടതി തള്ളി.
2022 ജൂണ് 24ന് അറസ്റ്റിലായ അയ്യപ്പന് അന്നുമുതല് ജയിലിലാണ്. നാലു വര്ഷമായി ജയിലിലാണെന്നതിന്റെ പേരില് മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര് എന്നിവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം കേസിന്റെ വിചാരണ പൂര്ത്തിയാകുമെന്ന എന്ഐഎയുടെ വിശദീകരണവും കോടതി കണക്കിലെടുത്തു.
2016 കാലഘട്ടത്തില് മലപ്പുറം കുരുളായി വനമേഖലയില് രാജ്യവിരുദ്ധ പ്രവര്ത്തനങ്ങള്ക്കായി ആയുധപരിശീലനം നടത്തിയെന്നാണ് അയ്യപ്പനെതിരായ കേസ്. ആറു മാസത്തിനകം വിചാരണ പൂര്ത്തിയാക്കിയില്ലെങ്കില് വീണ്ടും ജാമ്യഹര്ജി സമര്പ്പിക്കാന് ഹര്ജിക്കാരനു സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
National
ജമ്മു: നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഇൻഷ ജാൻ എന്നറിപ്പെടുന്ന ഇൻഷ താരിഖിന്റെ ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതി തള്ളി.
പ്രതിക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നിലനിൽക്കുന്നുവെന്നു കാണിച്ചാണ് പ്രത്യേക ജഡ്ജി പ്രേം സാഗർ ജാമ്യാപേക്ഷ തള്ളിയത്. പുൽവാമ സ്വദേശിയായ ഇൻഷയ്ക്കൊപ്പം അച്ഛൻ താരിഖ് അഹമ്മദ് ഷായും പിടിയിലായിരുന്നു.
District News
കാലടി: സംസ്കൃത സർവകലാശാലയിലെ സമരത്തിനിടെ പൊലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായിരുന്ന നാല് എസ്എഫ്ഐ പ്രവർത്തകർക്കു കോടതി ജാമ്യം അനുവദിച്ചു. എസ്എഫ്ഐ പ്രവർത്തകരായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവർക്കാണ് പെരുമ്പാവൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ 13നാണ് ഒരു സംഘം സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്ന് പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.
വൈസ്ചാൻസലർക്കെതിരായ അതിക്രമത്തിന് പുറമേ, നിലവിലെ വൈസ്ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങും സംഘം നടത്തിയിരുന്നു. വൈസ്ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ്ചാൻസലർമാർ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.
പൊലിസ് സ്ഥലത്തുണ്ടായിരുന്നിട്ടും സംഭവത്തിൽ ഇതുവരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നതിൽ ആശങ്കയുണ്ടെന്നും വിസിമാർ അഭിപ്രായം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ച വിസിമാർ കുറ്റകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തത്.
National
ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ (യുഎപിഎ) പ്രകാരമുള്ള കേസുകളിൽ സ്വഭാവിക ജാമ്യത്തിനുള്ള പരിധി 90 ദിവസമല്ല 180 ദിവസമായി തുടരുന്നുവെന്ന് ഡൽഹി ഹൈക്കോടതി.
കഴിഞ്ഞവർഷം നവംബറിലെ ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതി ജസീർ ബിലാൽ വാനി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു ജസ്റ്റീസുമാരായ പ്രതിഭ എം. സിംഗ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിൽ വന്ന സാഹചര്യത്തിൽ യുഎപിഎ നിയമത്തിൽ മാറ്റങ്ങൾ വരുത്താത്തതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Kerala
കൊച്ചി: കാലടി സർവകലാശാലയിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം മെബിൻ ജോസ്, ബേസിൽ, യദു, വിജേഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ഓഗസ്റ്റ് 16ന് ആണ് എസ്എഫ്ഐ പ്രവർത്തകർ പിടിയിലായത്. സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും കാട്ടി വൈസ് ചാൻസലർ സിസ തോമസ് പരാതി നൽകിയിരുന്നു.
ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി കോടതി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കി വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക നടപടി. അതേസമയം സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ വാദം ശരിയല്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് സംഘപരിവാർ സഹയാത്രികനായ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്യൽ , വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ ഭൂരിഭാഗവും മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ട്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നായിരുന്നു സൈബർ പോലീസ് കേസെടുത്തത്.
Kerala
കൊച്ചി : അർജുൻ ആയങ്കിയുടെ സഹായികളെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം നൽകിയത്.
കോതമംഗലം കോടതി അവധിയായിരുന്നതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. അതിനിടെ പോലീസ് വ്യാപകമായി തിരച്ചിൽ തുടരുന്നതിനിടെ അർജുൻ ആയങ്കി വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ ഇന്നത്തെ പരാമർശങ്ങൾക്ക് മറുപടിയായാണ് പോസ്റ്റ്. സിപിഎമ്മിന് വേണ്ടി പ്രതികരിച്ചതിന്റെ പേരിൽ താൻ കള്ളക്കേസിൽ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും ആയങ്കി പോസ്റ്റിൽ ആരോപിച്ചു. രാഷ്ട്രീയ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ലഖിംപുർ ഖേരി അക്രമക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
കേസിൽ ജാമ്യം അനുവദിച്ചെങ്കിലും യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥകളുള്ളതിനാൽ മകളുടെ ജന്മദിനാഘോഷം അടക്കമുള്ള കുടുംബചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശിഷ് മിശ്ര കോടതിയെ സമീപിച്ചത്.
എന്നാൽ, ജാമ്യവ്യവസ്ഥകളിൽ ഇളവ് നല്കാൻ തക്കതായ കാരണം നിലവിൽ ഇല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
കേസിന്റെ വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിർണായക സാക്ഷികളെ കൂട്ടത്തോടെ ഒഴിവാക്കുകയാണെന്ന് പരാതിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്നലെ കോടതിയെ അറിയിച്ചു. ഇത്തരം പരാതികൾ ആദ്യം വിചാരണക്കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് രണ്ടു പ്രതികള്ക്ക് കൂടി ജാമ്യം. ഷഹിന്, നിതിന് രാജ് എന്നിവര്ക്കാണ് കര്ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേസില് ഇതുവരെ 15 പ്രതികള്ക്ക് ജാമ്യം ലഭിച്ചു.
തിങ്കളാഴ്ച ഒൻപത് പ്രതികള്ക്കും ചൊവ്വാഴ്ച നാലു പ്രതികള്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്ക്കാരും ഇഡിയും പ്രതികള്ക്ക് ജാമ്യം നല്കുന്നതിനെ എതിര്ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണ്, തെളിവുകള് പൂര്ണമായും കണ്ടെടുത്തിട്ടില്ല എന്നായിരുന്നു സര്ക്കാരിന്റെ വാദം.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രണം നടന്നത്, ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം, അതുകൊണ്ട് പ്രതികള്ക്ക് ജാമ്യം നല്കരുത് എന്നായിരുന്നു ഇഡിയുടെ വാദം. ഈ വാദങ്ങള് കോടതി തള്ളുകയായിരുന്നു.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് വീണയുടെ വീട്ടില് ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില് ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്സിപ്പല് സെഷന്സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.
കഴിഞ്ഞദിവസം ഒമ്പത് പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒമ്പത് പ്രതികൾക്ക് 67 ദിവസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് അടക്കമുള്ള പ്രതികൾക്കാണ് ഇന്ന് ജാമ്യം നൽകിയത്.
ബുധനാഴ്ച നാല് പ്രതികളുടെ ജാമ്യ ഹർജികൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണ്, അന്വേഷണം അവസാനഘട്ടത്തിലെത്തി, പോലീസിന്റെ കസ്റ്റഡി ആവശ്യവും നിലനിൽക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ജാമ്യം അനുദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് ഏഴു പ്രതികള്ക്ക് കര്ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതി ജസ്റ്റീസ് കൗസര് എടപ്പഗത്ത് അധ്യക്ഷനായ സിംഗിള് ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.
കിരണ് പി.എസ്, ജീവന്, അനില് കുമാര്, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്ഥ് എസ്., ഷെഫീഖ് എന്നീ പ്രതികള്ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അപ്പീലുമായി പ്രതികള് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം അങ്ങേയറ്റം ഗൗരവമാണെന്ന് വിലയിരുത്തിയ കോടതി കസ്റ്റഡി കാലാവധി കഴിഞ്ഞത് അടക്കം നിരീക്ഷിച്ചാണ് ജാമ്യം നല്കിയത്. പ്രതികള്ക്ക് ജാമ്യം നല്കരുത് എന്നായിരുന്നു ഇഡിയുടെ വാദം.
11 പേരാണ് അപ്പീല് സമര്പ്പിച്ചിരുന്നത്, അതില് ഏഴ് പേര്ക്കാണ് ജാമ്യം അനുവദിച്ചത്. കേസില് 67 ദിവസം ജയിലില് കിടന്ന ശേഷമാണ് ഹൈക്കോടതി പ്രതികള്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നായിരുന്നു സിപിഎം പ്രവര്ത്തകരുടെ വാദം. കേസില് തങ്ങള്ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല് നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയത് അനാവശ്യമാണെന്നും ഹര്ജിയില് പറഞ്ഞിരുന്നു.
മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് വീണയുടെ വീട്ടില് ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില് ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്സിപ്പല് സെഷന്സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
വടകര: കാഫിര് സ്ക്രീന്ഷോട്ട് കേസില് പ്രതിചേര്ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്കൂര് ജാമ്യം ലഭിച്ചതിനാല് റിബേഷിനെ ചോദ്യം ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യത്തില് വിട്ടു.
ഇന്നലെ രാവിലെയാണു റിബേഷ് വടകരയിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് മുമ്പാകെ ഹാജരായത്. ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കാണിച്ച് അന്വേഷണസംഘം റിബേഷിനു നോട്ടീസ് നല്കിയിരുന്നു.
കേസില് ഇതുവരെ മൂന്നുപേര് അറസ്റ്റിലായി. വിവാദ സ്ക്രീന്ഷോട്ട് ആദ്യം വ്യാപകമായി ഷെയര് ചെയ്ത വ്യക്തികളില് ഒരാള് റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയര് ചെയ്തിട്ടുണ്ട്. ജിതിന് ഭാസ്കര് നിര്മിച്ച കാഫിര് സ്ക്രീന്ഷോട്ട് റിബേഷിനാണ് ആദ്യം അയച്ചത്. റിബേഷ് ഇത് റെഡ് എന്കൗണ്ടേഴ്സ് എന്ന ഗ്രൂപ്പില് പങ്കുവച്ചു.
ഈ ഗ്രൂപ്പില്നിന്ന് സിപിഎം വടകര കണ്ണങ്കുഴി ബ്രാഞ്ച് അംഗം അമല് റെഡ് ബറ്റാലിയനിലേക്ക് ഷെയര് ചെയ്തു. ഈ മൂന്നുപേരുടെയും അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇവ ഇപ്പോള് ജാമ്യത്തിലാണ്.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ദന്തല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെ രൂക്ഷമായി വിമര്ശിച്ച് ഹൈക്കോടതി.
റാമിനെ രക്ഷിക്കാന് പോലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നതടക്കമുള്ള വിമര്ശനങ്ങളാണു ജസ്റ്റീസ് എ. ബദറുദ്ദീന് ഉന്നയിച്ചത്.
ഡോ. റാമിന് തലശേരി എസ്സി/എസ്ടി പ്രത്യേക കോടതിയില്നിന്നു ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം പോലീസ് വിശദമായി അന്വേഷിക്കണം. അല്ലെങ്കില് കോടതി ഉത്തരവിടുമെന്ന് സിംഗിള് ബെഞ്ച് പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ടവരുടെ കോള് റെക്കോര്ഡുകളടക്കം പരിശോധിക്കാന് നിര്ദേശിക്കുകയും ചെയ്യും.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷന്സ് കോടതിയില് ഹാജരാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതിയാണിത്. കാശുള്ളവന് എന്തുമാകാമെന്ന ഹുങ്കാകാം. കഴിഞ്ഞ 15 വര്ഷത്തിനിടെ ഇങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ല. ഭരണനിര്വഹണത്തിലെ പരാജയമാണിത്.
ഡിവൈഎസ്പിക്കു തുടരാന് അര്ഹതയില്ല
പ്രതി പോയിടത്തെല്ലാം പോലീസ് പിന്നാലെ പോയി ഫുഡ് അടിച്ച് ആഘോഷമാക്കി. അയാള് കീഴടങ്ങാന് വന്നപ്പോള് നടപടിക്രമങ്ങള് പാലിക്കാതെ പുറത്തിറങ്ങാന് പഴുതിട്ട് അറസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ ഇവിടെ പോലീസ്? ഡിവൈഎസ്പിക്കു പദവിയില് തുടരാന് അര്ഹതയില്ല. അറസ്റ്റ് ചെയ്യുമ്പോള് കാരണം അറിയിക്കണമെന്ന് അത്തരമൊരാള്ക്ക് അറിയാഞ്ഞിട്ടാണോ? ആദ്യമായിട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്?
ഡിവൈഎസ്പിയുടെ നടപടി ഉന്നത ഉദ്യോഗസ്ഥര് ഉള്പ്പെട്ട ഗൂഢാലോചനയുടെ ഫലമാണ്. ലോണ് ആപ്പിലെ വായ്പ തിരിച്ചടയ്ക്കാന് കഴിയാത്തതുകൊണ്ട് നിതിന് ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള പോലീസിന്റെ വാദം ജനം വിശ്വസിക്കില്ല. ലോണ് കേസില് പ്രതികളെ വേഗത്തില് പിടികൂടി. മാനദണ്ഡങ്ങളും പാലിച്ചു. പോലീസ് ആരുടെ കൂടെയാണു നില്ക്കുന്നതെന്ന് ജനം കാണുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് അന്വേഷണസംഘത്തെ മാറ്റി തലയൂരാനുള്ള ശ്രമം നടത്തുകയാണെന്നും കോടതി പറഞ്ഞു.
പ്രതിയെ ഹാജരാക്കിയപ്പോള് കോടതിയില് സമര്പ്പിച്ച രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് നാളെ ഹാജരാകാന് കോടതി നിര്ദേശിച്ചു. സുപ്രീംകോടതിയുടെ മാനദണ്ഡം പാലിക്കാന് എന്തു ചെയ്തുവെന്ന് വിവരിച്ച് സത്യവാങ്മൂലവും നല്കണം. ഉത്തരവിന്റെ പകര്പ്പ് ജാമ്യക്കോടതിയും സമര്പ്പിക്കണം. അറസ്റ്റിനു കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്ന പ്രവണത പതിവാണ്. അതിനാല് ജാമ്യക്കോടതികള് ഇതു കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തില് സൂക്ഷ്മ പരിശോധന നടന്നോ എന്നതില് പ്രത്യേക ജഡ്ജി റിപ്പോര്ട്ട് നല്കണമെന്നും കോടതി നിര്ദേശിച്ചു.
ഡോ. റാമിനെ ജാമ്യത്തിൽ വിട്ടയച്ച സാഹചര്യം ചൂണ്ടിക്കാട്ടി നിതിന് രാജിന്റെ മാതാപിതാക്കളായ ലത, രാജന് എന്നിവര് നല്കിയ ഹര്ജിയാണു കോടതി പരിഗണിച്ചത്. വിഷയം നാളെ വീണ്ടും പരിഗണിക്കും.
Kerala
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിനു പിന്നാലെ മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയെങ്കിലും ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടാൻ തീരുമാനിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും വിവരങ്ങൾ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയതുമാണ് വീഴ്ചയായത്.
എന്നാൽ, കോടതി വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഡോ. റാമിനെ കോടതി വളപ്പിൽ നിന്ന് ബലം പ്രയോഗിച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ചിന്റെ ഈ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ പറഞ്ഞു.
National
ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം. ബംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി. ബിനു അടക്കം എട്ട് പ്രതികൾ ജാമ്യ ഹർജി ഫയൽ ചെയ്തു.
കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ടി. ഗീനാകുമാരിയുടെ പിഴവു മൂലമാണെന്ന് ആരോപിച്ച് ഇവരെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജികൾ പരിഗണിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടിനെ തുടർന്ന് ഹരീഷ്കുമാറിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തങ്ങൾക്കും ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് മറ്റു പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പുതുതായി ചുമതലയേറ്റ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ്കുമാർ ഹാജരായി.
Kerala
കൊച്ചി: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന ഗുരുതരമായ വകുപ്പുകളും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ മാർച്ചിൽ പീഡന പരാതി ഉയർന്നതിന് പിന്നാലെ രണ്ടു മാസത്തോളം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ മണ്ണാർക്കാട് പ്രത്യേക കോടതിയും തുടർന്ന് ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
തുടർന്ന് പ്രതിയോട് അടിയന്തരമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ പോലീസിൽ കീഴടങ്ങിയ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
ബലാത്സംഗം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നിവയുൾപ്പെടെയുള്ള കടുത്ത വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം.
കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പോലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം.
അതേസമയം മാസപ്പടി കേസില് നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് വിജയ് വിമലിനെ അറസ്റ്റ് ചെയ്തിരുന്നത്.
വിജയ് വിമല് പോലീസുകാർക്കുനേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീട്ടിൽ നിന്ന് റെയ്ഡ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
Kerala
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർജാമ്യമില്ല.
ഹൈക്കോടതിയാണ് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഏപ്രില് 10 നാണ് നിതിന് രാജ് കോളജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.
അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു.
Kerala
കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്ജുന് ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്ജുന് ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള് ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്ട്രേറ്റ് കോടതിയില് റിപ്പോര്ട്ട് നല്കി. അര്ജുന് ആയങ്കിയുടെ ഭീഷണി പോസ്റ്റില് പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല് കേസുകളില് പ്രതിയായ അര്ജുന് ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില് കോടതിയില് നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.
കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില് ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില് നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ടജീവിതം നയിക്കാന് സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില് വ്യക്തമാക്കിയിരുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്ക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റില് മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങള് വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പോലീസ് കോടതിയില് നല്കിയ റിപ്പോര്ട്ടില് പറയുന്നു.
കോടതി നിര്ദേശങ്ങള് ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില് ഏര്പ്പെട്ട പശ്ചാത്തലത്തില് പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനു പുറമെ പുതുതായി രജിസ്റ്റര് ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പോലീസ് നടപടികള് വേഗത്തിലാക്കുമെന്നാണ് വിവരം.
District News
ആലപ്പുഴ: നവകേരള യാത്രയിൽ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ്-കെഎസ്യു നേതാക്കളെ മര്ദിച്ച കേസില് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥര് നല്കിയ മുന്കൂര് ജ്യാമാപേക്ഷയില് വിധി ചൊവ്വാഴ്ച. ഇരുവിഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷമാണ് വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്ഷന്സ് കോടതി ജഡ്ജി ഹണി എം. വര്ഗീസ് അറിയിച്ചത്.
പ്രതികള് മര്ദിക്കാന് ഉപയോഗിച്ച ആയുധം ഡിപ്പാര്ട്ട്മെന്റില് നിന്ന് നൽകിയതല്ലെന്ന് വാദിഭാഗം അറിയിച്ചു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് മര്ദനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വാദിഭാഗം പറഞ്ഞു. പ്രത്യേക ലക്ഷ്യം വച്ച് തന്നെയാണ് തല്ലിച്ചതച്ചത്. പോലീസ് ഫോ ട്ടോഗ്രഫര് പകര്ത്തിയ ദൃശ്യങ്ങളില് മര്ദനമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
എന്നാല്, പോലീസ് ഫോട്ടോഗ്രാഫര് പകര്ത്തിയില്ലെന്ന് കരുതി മര്ദനം നടന്നിട്ടില്ലന്ന് പറയരുതെന്ന് കോടതി പറഞ്ഞു. എസ്ഐടി സമര്പ്പിച്ച റിപ്പോര്ട്ടിലെ വിശദാംശങ്ങള് കോടതിയില് നല്കുന്നതിന് മുമ്പ് മാധ്യമങ്ങളില് വന്നതില് കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്ന്നാണ് വിധി പറയുന്നത് മാറ്റിയത്.
അതേസമയം, കഴിഞ്ഞദിവസം വാദം നടക്കുമ്പോള് കോടതി ഉന്നയിച്ച സംശയങ്ങള്ക്ക് മറുപടി നല്കിക്കൊണ്ടുള്ള പുതിയ റിപ്പോര്ട്ട് എസ്ഐടി ഇന്നലെ സമര്പ്പിച്ചു. മുന്കൂര് ജാമ്യം പരിഗണിക്കുന്നതിന് മുമ്പാണ് റിപ്പോര്ട്ട് നല്കിയത്.
Kerala
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസിലെ സിപിഎം പ്രവർത്തകരുടെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ (മൂന്ന്) ഉത്തരവ് സ്റ്റേ ചെയ്തതു ചോദ്യം ചെയ്ത് 17 പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റീസ് കൗസർ എടപ്പഗത്ത് തീർപ്പാക്കി.
സെഷൻസ് കോടതി ജഡ്ജിന്റെ ഉത്തരവ് നേരത്തേ സ്റ്റേ ചെയ്തിരുന്നതിനാൽ പ്രതികൾ ജാമ്യത്തിലായിരുന്നു. ഈ സാഹചര്യത്തിൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ഹർജി തീർപ്പാക്കിയത്.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില് തന്ത്രി കണ്ഠര് രാജീവര്ക്ക് വിജിലന്സ് കോടതി ജാമ്യം അനുവദിച്ചതു ചോദ്യം ചെയ്യുന്ന ഹര്ജിയില് ഹൈക്കോടതി വിശദ വാദം കേള്ക്കും.
ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയില്നിന്നു സ്വര്ണം കവര്ന്ന കേസില് 13-ാം പ്രതിയും ദ്വാരപാലകശില്പ കേസില് 16-ാം പ്രതിയുമായ തന്ത്രി രാജീവര്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനും കോടതി നടത്തിയ പരാമര്ശങ്ങള് നീക്കം ചെയ്യാനും എസ്ഐടി നല്കിയ ഹര്ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന് പരിഗണിച്ചത്.
പരാമര്ശങ്ങള് ആവശ്യമില്ലാത്തതും ഒഴിവാക്കേണ്ടതുമാണെന്ന് ഹര്ജി പരിഗണിക്കവെ കോടതി വാക്കാല് പറഞ്ഞു. എന്നാല്, ഇതിനെ ഹര്ജിക്കാരന്റെ അഭിഭാഷകന് എതിര്ത്തു. തുടര്ന്നാണ് ഹര്ജിയില് വിശദവാദം കേള്ക്കാമെന്നു കോടതി വ്യക്തമാക്കിയത്. തുടര്ന്ന് ഹര്ജി വീണ്ടും ഒമ്പതിന് പരിഗണിക്കാന് മാറ്റി.
തന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവിന്റെ കണികപോലുമില്ലെന്നായിരുന്നു വിജിലന്സ് കോടതിയുടെ പരമാര്ശം.
Kerala
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
സിപിഎം പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
2018 ഫെബ്രുവരി 12ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ്(ആകാശ് തില്ലങ്കേരി-34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ. അസ്കർ (34), മുട്ടിൽവീട്ടിൽ കെ. അഖിൽ (30), പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (30), നിലാവിൽ സി. നിജിൽ (30), പി.കെ. അഭിനാഷ് (32), എ. ജിതിൻ (30), സാജ് നിവാസിൽ കെ. സഞ്ജയ് (31), രജത് നിവാസിൽ കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), മുട്ടിൽ എ.കെ. സുബിൻ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.
National
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതു പരിഗണിച്ച് ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതികൾക്കു സുപ്രീംകോടതി നിർദേശം നൽകി.
ഇരകളുടെ അവകാശം സംരക്ഷിച്ചുകൊണ്ടുതന്നെ ജാമ്യഹർജികൾ വേഗത്തിൽ തീർപ്പാക്കണമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രാജ്യത്തുടനീളമുള്ള ഹൈക്കോടതികൾക്കു ഇതിനാവശ്യമായ നിർദേശം നൽകിയത്. ഇതിനായി ഹൈക്കോടതികളും അന്വേഷണ ഏജൻസികളും ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ടുള്ള സമീപനമുണ്ടാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ഓട്ടോമാറ്റിക് സോഫ്റ്റ്വേർ അധിഷ്ഠിത സംവിധാനത്തിലൂടെ ആഴ്ചയിലോ 14 ദിവസത്തിലോ ജാമ്യഹർജികൾ ലിസ്റ്റ് ചെയ്യണമെന്നാണു സുപ്രീംകോടതിയുടെ മറ്റൊരു നിർദേശം. പുതിയ ജാമ്യഹർജികൾ ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിലൊരിക്കലോ ലിസ്റ്റ് ചെയ്യണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുവേണ്ടി കേസുകൾ വെറുതെ മാറ്റിവയ്ക്കുന്ന ശീലം ഒഴിവാക്കണമെന്നും ജാമ്യഹർജികൾ തീർപ്പാക്കുന്നതിനായി ബാഹ്യമായി സമയപരിധികൾ വയ്ക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരേ ആരോപണങ്ങളുന്നയിച്ചതിന് ആസാം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ കോണ്ഗ്രസ് ദേശീയവക്താവ് പവൻ ഖേര നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി പിന്നീട് വിധി പറയും.
പവൻ ഖേരയുടെയും ആസാം പോലീസിന്റെയും അഭിഭാഷകർ നടത്തിയ വാദമുഖങ്ങൾ അവസാനിച്ചശേഷമാണ് ജാമ്യാപേക്ഷയിലെ വിധി കോടതി റിസർവ് ചെയ്തത്.
വാദങ്ങൾ അവസാനിച്ചതോടെ എഐസിസിയുടെ മാധ്യമവിഭാഗം തലവൻകൂടിയായ പവൻ ഖേരയ്ക്ക് അറസ്റ്റിൽനിന്നു സംരക്ഷണം നൽകണോ ഖേരയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ ആസാം പോലീസിന് അനുവാദം നൽകണോയെന്നത് കേസ് ഇനി പരിഗണിക്കുന്പോൾ സുപ്രീംകോടതി ഉത്തരവിടും.
ആസാം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയായ റിങ്കി ഭൂയാൻ ശർമ ഒന്നിലധികം വിദേശ പാസ്പോർട്ടുകളും അമേരിക്കയിലും യുഎഇയിലും കണക്കിൽപ്പെടാത്ത സ്വത്തുകളും കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് പവൻ ഖേര വാർത്താസമ്മേളനത്തിൽ ആരോപിച്ചതോടെയാണു വിവാദമുണ്ടായത്.
ഇതിനെതിരേ റിങ്കി നൽകിയ പരാതിയിലാണ് ആസാം പോലീസ് ഖേരയ്ക്കെതിരേ കേസെടുത്തത്. എന്നാൽ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് പവൻ ഖേരയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി വാദിച്ചു.
ആസാം മുഖ്യമന്ത്രി മുൻ അവസരങ്ങളിൽ നടത്തിയിട്ടുള്ള ചില പ്രസ്താവനകളെപ്പറ്റി സൂചിപ്പിച്ച അഭിഷേക് മനു സിംഗ്വി, പവൻ ഖേര തന്റെ ശേഷിക്കുന്ന ജീവിതം തടവറയിൽ ചെലവഴിക്കുമെന്ന് ഹിമന്ത നടത്തിയ ഭീഷണിയും പരമോന്നത കോടതിയുടെ മുന്പാകെ വാദമായി ഉയർത്തി.
അപകീർത്തി കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും വ്യാജരേഖ ചമച്ചെന്ന വകുപ്പുകളടക്കം നിലനിൽക്കില്ലെന്നും മനു സിംഗ്വി വ്യക്തമാക്കി. വാദമുഖങ്ങൾക്കുശേഷം കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
National
ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് ജാമ്യം. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോംഗ് കോടതി ജാമ്യം അനുവദിച്ചത്. 10 മാസമായി ജയിലിൽ കഴിയുന്ന സോനത്തിന് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് കോടതി ജാമ്യം നൽകിയത്.
സോഹ്റയിൽനിന്ന് ദമ്പതികളെ കാണാതായതിന് പിന്നാലെ രാജയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് പിടിയിലായ സോനം തന്റെ കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി മൊഴി നൽകിയിരുന്നു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്. സോനം മാത്രമാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഉൾപ്പെടുത്തി 790 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ഈസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് കോടതിയിലെ ലീഗൽ എയ്ഡ് സെൽ ജാമ്യാപേക്ഷ നൽകിയത്. താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചുവെന്നും ഭാവിയിലും അത് തുടരുമെന്നും സോനം കോടതിയെ അറിയിച്ചു. പത്ത് മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുന്ന സോനത്തിന് ജാമ്യത്തുക കെട്ടിവയ്ക്കുന്നതിനായി പിതാവും ബന്ധുവും ഷില്ലോംഗിൽ എത്തിയിട്ടുണ്ട്.
ഷില്ലോംഗിൽ എത്തിയ ശേഷം സോഹ്റയിലേക്ക് പോയ ദമ്പതികളെ 2025 മേയ് 26നാണ് കാണാതായത്. തുടർന്ന് മേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തി. ജൂൺ രണ്ടിന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള കൊക്കയിൽനിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായതും അറസ്റ്റുകളുണ്ടായതും.
National
ഷില്ലോംഗ്: ഹണിമൂണിനിടെ കാമുകനും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശിക്ക് ജാമ്യം.
പത്ത് മാസങ്ങളായി ജയിലിൽ കഴിയുന്ന സോനത്തിന് ഷില്ലോംഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് പ്രാവശ്യം ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
2025 മേയിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നിൽ വച്ചാണ് കൊലപാതകം നടന്നത്. ഹണിമൂണിനായി ഇവിടെയെത്തിയ ദാമ്പതികളെ കാണാതാവുകയായിരുന്നു. തുടർന്ന് സോനത്തിന്റെ ഭർത്താവ് രാജയുടെ മൃതദേഹം മലയിടുക്കിൽ നിന്നും കണ്ടെത്തി.
പിന്നീട് ഉത്തർപ്രദേശിൽ വച്ചാണ് സോനം അറസ്റ്റിലായത്. കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായി ചേർന്ന് കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതായി അവർ സമ്മതിച്ചു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്.
രാജയും സോനവും സൊഹ്റയിലേക്ക് പോകുന്നതിന് മുമ്പ് ഷില്ലോംഗിലെത്തിയിരുന്നു. മേയ് 26നാണ് ദമ്പതികളെ കാണാതായത്. തുടർന്ന് വലിയ തോതിൽ തിരച്ചിൽ നടന്നു. ജൂൺ രണ്ടിന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് സോനം.
National
ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ ഗോഹട്ടി ഹൈക്കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്ഗ്രസ്. പവൻ ഖേരയ്ക്കൊപ്പം ഒറ്റക്കെട്ടായി ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് നിൽക്കുമെന്ന് ഐഎസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തലിന്റെ രാഷ്ട്രീയത്തിന്മേൽ നീതി ലഭിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാന് വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും ഒന്നിലധികം പാസ്പോർട്ടുകൾ കൈവശമുണ്ടെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് ഖേരയ്ക്കെതിരേ കേസെടുത്തത്.
റിനികി ഭുയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തിൽ തെലുങ്കാന ഹൈക്കോടതി പവർ ഖേരയ്ക്ക് ഏഴ് ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ജാമ്യത്തിനായി ഗോഹട്ടി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു.
ആരോപണങ്ങൾക്ക് ആധാരമായ രേഖകളുടെ ഉറവിടം കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി.
Kerala
മലപ്പുറം: എടക്കര മാവോയിസ്റ്റ് കേസിൽ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. തൃശൂർ സ്വദേശി സി.ജി. രാജൻ, തമിഴ്നാട് സ്വദേശി ആർ. രാഘവേന്ദ്രൻ, ചത്തീസ്ഗഢ് സ്വദേശി ദീപക് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നിലമ്പൂർ കാടുകളിലടക്കം ആയുധപരിശീലനം നടത്തിയെന്ന കേസിലായിരുന്നു എൻഐഎയുടെ അന്വേഷണം. എറണാകുളം ജില്ലയിൽ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്ഥിരമായി ഹാജരാകണമെന്നും ഉൾപ്പെടെ കർശന നിബന്ധനകളോടെയാണ് ജാമ്യം.
2016ൽ എടക്കരയിൽ സായുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് കുറ്റപത്രം. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മിറ്റി ചേർന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
National
നാസിക്: നാസിക്കിലെ ടിസിഎസിൽ മതപരിവർത്തനത്തിനു ശ്രമിച്ചുവെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള ജീവനക്കാരി നിദ ഖാൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.
രണ്ടുമാസം ഗര്ഭിണി ആയതിനാല് മുന്കൂര് ജാമ്യം വേണമെന്നാണ് ആവശ്യം. ഏഴുവര്ഷത്തില് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും നാസിക് സെഷന്സ് കോടതിയില് നല്കിയ അപേക്ഷയിൽ പറയുന്നു.
നിദ ഖാനെതിരേ മതപരിവര്ത്തനത്തിനു ശ്രമിച്ചു എന്ന കേസ് മാത്രമാണ് നിലവിലുള്ളതെന്ന് നാസിക് പോലീസ് കമ്മിഷണര് സന്ദീപ് കാര്നിക് അറിയിച്ചു. അതിനിടെ നിദ ഖാന് എച്ച്ആര് മാനേജര് ആണെന്ന തരത്തിലുള്ള വാര്ത്തകള് അടിസ്ഥാനരഹിതമാണെന്ന് ടിസിഎസും വ്യക്തമാക്കി. ഫോണ് വഴി മാര്ക്കറ്റിംഗ് നടത്തുന്ന ടെലികോളര് ജീവനക്കാരി മാത്രമാണിവർ.
ഓഫീസിലെ ലൈംഗികാതിക്രമ പരാതികള് പരിഹരിക്കാനുള്ള സമിതിയില് 2022നും 2026നുമിടയില് ആരും പരാതിപ്പെട്ടിട്ടില്ലെന്നും ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസന് പറഞ്ഞു.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം തുടരുകയാണ്. വിവാദത്തിൽ നിദ ഉള്പ്പെടെ എട്ടു പേര്ക്കെതിരെയാണു കേസ്. ടീം ലീഡര്മാര് ഉള്പ്പെടെ ആറു പുരുഷന്മാരും ഓപ്പറേഷന്സ് വിഭാഗത്തിലെ ഒരു സ്ത്രീയും നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവര് സംഘം ചേര്ന്നാണു പ്രവര്ത്തിച്ചതെന്നാണു വിവരം. അന്വേഷണത്തിന് എന്ഐഎയുടെ സഹായം തേടിയിട്ടുണ്ട്.
ആരോപണങ്ങള് അതീവ ഗൗരവമുള്ളതാണെന്നും കോര്പറേറ്റ് ജിഹാദിന്റെ ഭാഗമാണെന്നു തെളിഞ്ഞാല് ശക്തമായ നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.സംഭവത്തിന്റെ മൂലകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില് ജാമ്യം ലഭിച്ച സംവിധായകന് രഞ്ജിത്ത് എറണാകുളം സബ് ജയിലില് നിന്നും പുറത്തിറങ്ങി. അറസ്റ്റിലായി പത്തു ദിവത്തിന് ശേഷമാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ടു പോകരുത്, പാസ്പോര്ട്ട് സറണ്ടര് ചെയ്യണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല് ഹാജരാകണം എന്നീ ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നല്കിയത്.
മാര്ച്ച് 31ന് ആണ് രഞ്ജിത്ത് അറസ്റ്റിലായത്. തുടര്ന്ന് 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാന്ഡ് ചെയ്യുകയായിരുന്നു. നടിയുടെ അഭിനയത്തെ സംവിധായകന് എന്ന നിലയില് വിമര്ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്ന്നുള്ള വ്യാജ പരാതി എന്നായിരുന്നു രഞ്ജിത്തിന്റെ വാദം.
രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു. എന്നാല് രഞ്ജിത്തിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി 30ന് നടന്ന സംഭവത്തില് പരാതി നല്കാന് വൈകിയതില് അസ്വാഭാവികയുണ്ട് എന്നും വാദിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
പോലീസ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യുകയും കാരവാനില് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. വോട്ട് ചെയ്യാനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള് ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല് രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
ഫോര്ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിലെ കാരവാനില് വച്ച് പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില് അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നടന് ബോബി കുര്യന്റെ കാറില് ഒളിവില് പോകാന് ശ്രമിക്കവെ ആയിരുന്നു പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസില് സംവിധായകന് രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷല് ഫസ്റ്റ് ക്ലാസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല് സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു.
തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കൂടുതല് പ്രാധാന്യമുള്ള റോള് നല്കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
Kerala
തൃശൂർ: നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദന്റെ പഴ്സണൽ സ്റ്റാഫ് അസ്ഹർ മജീദിനു ജാമ്യം. തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ എസ്സി, എസ്ടി ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾക്കു വിധേയമായാണു നടപടി.
ഗീത ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനപ്രാതിനിധ്യനിയമപ്രകാരവും എസ്സി, എസ്ടി വകുപ്പുപ്രകാരവുമായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണിൽനിന്നു വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തിരുന്നു.
ഗീത ഗോപിക്കെതിരേ അസ്ഹർ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. കെ. ജയചന്ദ്രൻ, എം. അരവിന്ദ് എന്നിവർ ഹാജരായി.
Kerala
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.
ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
National
പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തതെ തുടർന്ന് നിരവധി പേർ മരിച്ച കേസിൽ നൈറ്റ് ക്ലബ്ബ് ഉടമകളായ ഗൗരവ് ലൂത്രയ്ക്കും സൗരഭ് ലൂത്രയ്ക്കും ജാമ്യം.
മെഴ്സസിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ, വ്യാജരേഖ ചമച്ചുവെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല.
25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്ന ലൂത്ര സഹോദരന്മാരെ തിരികയെത്തിച്ചിരുന്നു. നോർത്ത് ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിലാണ് ഇവരുള്ളത്. തീപിടുത്തവുമായി ബന്ധപ്പെട്ട്, അശ്രദ്ധ, മനുഷ്യജീവൻ അപകടത്തിലാക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തീ പിടിത്തമുണ്ടായ കേസിലെ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. വിചാരണയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും പ്രതികളെ ഇനിയും ജയിലിൽ അടയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളുടെ മൊബൈൽ നമ്പറുകളും താമസ വിലാസവും സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പാസ്പോർട്ടുകളും സമർപ്പിക്കണം. എന്നാൽ, നിശാക്ലബ് നടത്തുന്നതിന് ആവശ്യമായ രേഖകൾ വ്യാജമായി നിർമിച്ചെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
Kerala
പാലക്കാട്: ലൈംഗീക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ. കോടതിയിൽ. മണ്ണാർക്കാട് എസ്സി-എസ്റ്റി പ്രത്യേക കോടതിയെയാണ് മുൻകൂർ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്.
പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിരപരാധിയാണെന്നും കള്ളക്കേസാണെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.
തനിക്കെതിരെ നടന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണെന്നും ഡിജിറ്റൽ തെളിവുകൾ വ്യാജമായി നിർമിച്ചതാണെന്നും പ്രശോഭ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ്സി എസ്റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് ജാമ്യാപേക്ഷയില് സംവിധായകൻ രഞ്ജിത്ത്. സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല് പരാതി നല്കിയത് രണ്ട് മാസങ്ങള്ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള് രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്ജി പരിഗണിക്കുക. അറസ്റ്റിന്റെ നടപടി ക്രമങ്ങളില് വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില് അറിയിക്കും.
അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം നൽകിയത്.
അതേസമയം വെള്ളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ മറ്റൊരു പരാതിയിൽ എസ്സി-എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം തേടി ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുള്ളൻപന്നിയെ കൊന്ന കേസിൽ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ശശി കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയായിരുന്നു. അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള് വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
Kerala
കൊല്ലം: ശബരിമല സ്വര്ണക്കൊള്ളയില് രണ്ടു പ്രതികള് കൂടി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധനും ചെന്നൈ സ്മാര്ട്ട് ക്രിയേഷന്സ് ഉടമ പങ്കജ് ഭണ്ഡാരിയുമാണ് ഇന്നലെ കൊല്ലം വിജിലന്സ് കോടതിയില്നിന്നു സ്വാഭാവിക ജാമ്യം നേടി ജയിലിനു പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്ഷം ഡിസംബര് 19നാണ് ഗോവര്ധനെയും പങ്കജ് ഭണ്ഡാരിയെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്നത്. അറസ്റ്റിലായി 90 ദിവസം പൂര്ത്തിയായിട്ടും കുറ്റപത്രം സമര്പ്പിക്കാത്തതിനാലാണ് ഇരുവര്ക്കും ജാമ്യം ലഭിച്ചത്. ഇതോടെ 12 പ്രതികളുള്ള സ്വര്ണക്കൊള്ള കേസില് കുറ്റപത്രം സമര്പ്പിക്കാന് കഴിയാത്തതോടെ പത്തു പ്രതികള് ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബു, മുന് എക്സിക്യൂട്ടീവ് ഓഫീസര് ഡി. സുധീഷ് കുമാര്, മുന് പ്രസിഡന്റും കമ്മീഷണറുമായ എന്. വാസു, മുന് എക്സിക്യൂട്ടീവ് ഓഫീസര് എസ്. ശ്രീകുമാര്, മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പത്മകുമാര് എന്നിവര്ക്കു സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന് തിരുവാഭരണം കമ്മീഷണര് കെ.എസ്. ബൈജു എന്നിവര്ക്കു സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്. ഇനി ജാമ്യം ലഭിക്കേണ്ടതു മുന് ദേവസ്വം ബോര്ഡ് അംഗങ്ങളായ എന്. വിജയകുമാറിനും കെ.പി. ശങ്കരദാസിനുമാണ്.
അടുത്ത ആഴ്ചയോടെ റിമാന്ഡില് വിജയകുമാര് 90 ദിവസം പൂര്ത്തിയാക്കും. ഇതോടെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാൻ സാധ്യതയേറി. അതിനിടെ പ്രതികള് ഓരോരുത്തരായി പുറത്തുവരുന്നതു പ്രത്യേക അന്വേഷണ സംഘത്തിനു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അന്വേഷണത്തെ ബാധിക്കുമെന്ന നിലപാട് എസ്ഐടി വ്യക്തമാക്കുമ്പോഴും പ്രാഥമിക കുറ്റപത്രം പോലും കേടതിയില് നല്കിയിട്ടില്ല. ഈ മാസം 31നകം കുറ്റമറ്റ കുറ്റപത്രം സമര്പ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്ഐടിക്കു നല്കിയിരിക്കുന്ന നിര്ദേശം.
Kerala
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രിക്കെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടായെന്നും വധശ്രമം നടന്നുവെന്നുമാണ് പോലീസ് ചാർജ് ചെയ്ത കേസ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുമ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചു എന്ന വാദത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് പ്രോസിക്യൂഷന്റെ വാദങ്ങളെ ദുർബലപ്പെടുത്തിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. മന്ത്രിക്കെതിരെ ശാരീരികമായ ആക്രമണം നടന്നതായി ദൃശ്യങ്ങളിലില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് രണ്ടാഴ്ചയിലധികമായി തടവിൽ കഴിഞ്ഞിരുന്ന കെഎസ്യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
Kerala
കൊച്ചി: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ ജാമ്യഹര്ജി ഹൈക്കോടതി തള്ളി.
അന്വേഷണം നിര്ണായക ഘട്ടത്തിലാണെന്നും തെളിവ് ശേഖരിക്കുന്നതിനടക്കം സമയം അനുവദിക്കേണ്ടതുണ്ടെന്നും കണക്കിലെടുത്താണ് ജസ്റ്റീസ് കൗസര് എടപ്പഗത്ത് ഹര്ജി തള്ളിയത്.
നിരപരാധിയാണെന്നും കേസില് കുടുക്കിയതാണെന്നുമായിരുന്നു ഹര്ജിക്കാരന്റെ വാദം.
Kerala
കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങളില് പോലീസ് വീഴ്ച വരുത്തിയതിനെത്തുടര്ന്ന് ലഹരിക്കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പള്ളുരുത്തി പോലീസ് രജിസ്റ്റര് ചെയ്ത എംഡിഎംഎ കേസില് ആറാം പ്രതിയായ കൊണ്ടോട്ടി ചിറയില് ആഷിഖിനാണു ജസ്റ്റീസ് ഡോ. കൗസര് എടപ്പഗത്ത് ജാമ്യം നല്കിയത്. അറസ്റ്റ് വിവരം പ്രതിയുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കുന്നതില് പോലീസിനു വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണിത്.
മറ്റൊരു കേസില് ജയിലില് കഴിയുന്ന പ്രതിയുടെ അറസ്റ്റ് പ്രൊഡക്ഷന് വാറന്റ് മുഖേന രേഖപ്പെടുത്തുമ്പോള് അറസ്റ്റ് വിവരങ്ങള് പ്രത്യേകമായി അറിയിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതിയാണ് പത്മകുമാർ. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബു, മുന് എക്സിക്യൂട്ടീവ് ഓഫീസര് ഡി. സുധീഷ് കുമാര്, മുന് പ്രസിഡന്റും കമ്മീഷണറുമായ എന്. വാസു, മുന് എക്സിക്യൂട്ടീവ് ഓഫീസര് എസ്. ശ്രീകുമാര് എന്നിവര്ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര്, മുന് തിരുവാഭരണം കമ്മീഷണര് കെ.എസ്. ബൈജു എന്നിവര്ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.