ഡോ. എം.കെ. റാം
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
റാമിനെ രക്ഷിക്കാന്‍ പോലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നതടക്കമുള്ള വിമര്‍ശനങ്ങളാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉന്നയിച്ചത്.
ഡോ. റാമിന് തലശേരി എസ്സി/എസ്ടി പ്രത്യേക കോടതിയില്‍നിന്നു ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം പോലീസ് വിശദമായി അന്വേഷിക്കണം. അല്ലെങ്കില്‍ കോടതി ഉത്തരവിടുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ടവരുടെ കോള്‍ റെക്കോര്‍ഡുകളടക്കം പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യും.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതിയാണിത്. കാശുള്ളവന് എന്തുമാകാമെന്ന ഹുങ്കാകാം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ല. ഭരണനിര്‍വഹണത്തിലെ പരാജയമാണിത്.
ഡിവൈഎസ്പിക്കു തുടരാന്‍ അര്‍ഹതയില്ല
പ്രതി പോയിടത്തെല്ലാം പോലീസ് പിന്നാലെ പോയി ഫുഡ് അടിച്ച് ആഘോഷമാക്കി. അയാള്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങാന്‍ പഴുതിട്ട് അറസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ ഇവിടെ പോലീസ്? ഡിവൈഎസ്പിക്കു പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം അറിയിക്കണമെന്ന് അത്തരമൊരാള്‍ക്ക് അറിയാഞ്ഞിട്ടാണോ? ആദ്യമായിട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്?
ഡിവൈഎസ്പിയുടെ നടപടി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണ്. ലോണ്‍ ആപ്പിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് നിതിന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള പോലീസിന്റെ വാദം ജനം വിശ്വസിക്കില്ല. ലോണ്‍ കേസില്‍ പ്രതികളെ വേഗത്തില്‍ പിടികൂടി. മാനദണ്ഡങ്ങളും പാലിച്ചു. പോലീസ് ആരുടെ കൂടെയാണു നില്‍ക്കുന്നതെന്ന് ജനം കാണുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് അന്വേഷണസംഘത്തെ മാറ്റി തലയൂരാനുള്ള ശ്രമം നടത്തുകയാണെന്നും കോടതി പറഞ്ഞു.
പ്രതിയെ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് നാളെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ മാനദണ്ഡം പാലിക്കാന്‍ എന്തു ചെയ്തുവെന്ന് വിവരിച്ച് സത്യവാങ്മൂലവും നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് ജാമ്യക്കോടതിയും സമര്‍പ്പിക്കണം. അറസ്റ്റിനു കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്ന പ്രവണത പതിവാണ്. അതിനാല്‍ ജാമ്യക്കോടതികള് ഇതു കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മ പരിശോധന നടന്നോ എന്നതില്‍ പ്രത്യേക ജഡ്ജി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഡോ. റാമിനെ ജാമ്യത്തിൽ വിട്ടയച്ച സാഹചര്യം ചൂണ്ടിക്കാട്ടി നിതിന്‍ രാജിന്റെ മാതാപിതാക്കളായ ലത, രാജന് എന്നിവര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. വിഷയം നാളെ വീണ്ടും പരിഗണിക്കും.
Tags : KeralaHighCourt criticizes DrRam bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash