ജംഷീർ, ഹാരിസ്
മലപ്പുറം: ദേശീയപാതയിൽ ഇടിമൂഴിക്കലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പെരുവള്ളൂർ കൂമണ്ണ വലിയപറന്പ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പെരുവള്ളൂർ കൂമണ്ണ പൂവ്വത്തൻമാട് കോട്ടീരി മുഹമ്മദിന്റെ മകൻ ഹാരിസ് (31), കൂമണ്ണ പൂവ്വത്തൻമാട് കഴുങ്ങുംതോട്ടത്തിൽ അബൂബക്കറിന്റെ മകൻ ജംഷീർ (36) എന്നിവരാണു മരിച്ചത്.കൂടെയുണ്ടായിരുന്ന മുസമ്മിൽ, ഉവൈസ്, ജാബിർ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ മൂന്നോടെ രാമനാട്ടുകര നിസരി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവർ അപകടം നടന്നയുടൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമൂഴിക്കൽ വച്ച് ദിശതെറ്റിച്ച് ഓവർടേക്കിംഗ് ട്രാക്കിലൂടെ എത്തിയ കല്ലുകയറ്റിയ ലോറി, യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു.
നാട്ടിലെ സുഹൃത്തുക്കളായ അഞ്ചുപേരും കോഴിക്കോട് ബീച്ച് സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങവയാണ് അപകടമുണ്ടായത്. കണ്ണൂരിൽനിന്ന് ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിസരി ജംഗ്ഷനിൽ എത്തി ഹൈവേയിലേക്ക് കയറുകയും കുറച്ച് ദൂരം പോയി തിരിച്ച് സർവീസ് റോഡിലേക്കിറങ്ങാൻ തിരികെ യുടേണ് എടുത്ത് കോഴിക്കോട് ഭാഗത്തേക്കു വരുന്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കാറിൽ വന്നിടിച്ചെന്നാണ് പൊലിസ് പറയുന്നത്. അപകടം നടന്നയുടൻ തേഞ്ഞിപ്പലം പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഹാരിസിന്റെ ഭാര്യ: ഫർസാന (കൊളപ്പുറം). മകൾ: ആയിഷ ഇസ (മൂന്ന് വയസ്). സഹോദരങ്ങൾ റഹൂഫ് (മദീന), റഹീം, റാഹില. അമ്മ: റുഖിയ. ജംഷീറിന്റെ ഭാര്യ: ഫൗസിയ. മക്കൾ: നഫീസത്തുൽ മിസ്രിയ, ആയിശത്തുൽ ഖുബ്റ, മുഹമ്മദ് ബിലാൽ. സഹോദരങ്ങൾ: മൻസൂർ, റസീന, സൗദാബി. അമ്മ: നഫീസ.
Tags : YouthsDie Lorry Car Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash