മിന്നൽ പ്രളയത്തെത്തുടർന്ന് ചെളിയിൽ മുങ്ങുകയും തകരുകയും ചെയ്ത വീടുകളുടെ വിദൂരദൃശ്യം.
കാഠ്മണ്ഡു: നേപ്പാളിൽ സർവനാശം വിതച്ച മഹാപ്രളയം നടന്ന് 11 ദിവസത്തിനുശേഷവും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മൃതദേഹങ്ങൾ അഴുകിയതും അപൂർണവുമായ അവസ്ഥയിലായതിനാൽ അവ തിരിച്ചറിയുന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
ദുരന്തത്തിൽ ഇതുവരെ 1,344 പേർ മരിക്കുകയും 589 വിദേശികൾ ഉൾപ്പടെ 5000ത്തോളം പേരെ കാണാതാകുകയും ചെയ്തതായി നേപ്പാൾ പൊലിസ് അറിയിച്ചു. 13,100ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കണ്ടെടുത്ത മൃതദേഹങ്ങളിൽ 85 എണ്ണം കുട്ടികളുടേതാണ്. 500ഓളം മൃതദേഹങ്ങൾ ശരീരഭാഗങ്ങൾ വേർപെട്ട നിലയിലാണ്. വെള്ളത്തിലും ചെളിയിലും കിടന്ന് ജീർണിച്ചതിനാൽ 98 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
തിരിച്ചറിയപ്പെടാത്ത ആയിരത്തിലധികം മൃതദേഹങ്ങൾ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചശേഷം സംസ്കരിച്ചു. പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഇതുവരെ 1,012 രക്തബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകളും നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശമായ ടിബറ്റിൽ ദുരന്തത്തിൽ 31 പേർ മരിക്കുകയും 500ലേറെ പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
ദുരന്തബാധിത മേഖലകളിൽ ദുരിതാശ്വാസ സാമഗ്രികളുടെ ക്ഷാമമുണ്ടാകില്ലെന്നും തകരാറിലായ ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചുവരികയാണെന്നും വാർത്താവിനിമയ മന്ത്രി ബിക്രം തിമിത്സീന അറിയിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളിൽ നേപ്പാളിന് ‘കാലാവസ്ഥാ നീതി’ ലഭിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രളയം 17,000ത്തോളം കുട്ടികളെ ബാധിച്ചതായി യൂണിസെഫ് വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിലെ 250ഓളം വിദ്യാർഥികളെയും അധ്യാപകരെയും കാണാതായിട്ടുണ്ടെന്നും 23ഓളം സ്കൂളുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗോർഖയിൽ വീണ്ടും പ്രളയം
അതിനിടെ ഇന്നലെ പുലർച്ചെ ഗോർഖ ജില്ലയിലെ നാംറുംഗ് ഖോല നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നാല് വീടുകളും ഒരു തൂക്കുപാലവും ഒലിച്ചുപോയി. പ്രദേശവാസികൾ മുൻകൂട്ടി മാറിത്താമസിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇവിടെയുള്ള രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കാഠ്മണ്ഡു: പ്രളയത്തെത്തുടർന്ന് വീടുകൾ നഷ്ടപ്പെട്ട് താത്കാലിക ക്യാമ്പുകളിൽ കഴിയുന്ന കുഞ്ഞുങ്ങളും അമ്മമാരും കടുത്ത ദുരിതത്തിൽ. ആവശ്യത്തിനു ഭക്ഷണവും സ്വകാര്യതയുമില്ലാത്തതും ക്യാമ്പുകളിലെ കടുത്ത തിരക്കുമാണ് ഇവരുടെ ജീവിതം പ്രയാസത്തിലാക്കുന്നത്.
മുതിർന്നവർക്ക് നൽകുന്ന ഭക്ഷണം കുഞ്ഞുങ്ങൾക്കു നൽകേണ്ട അവസ്ഥയാണെന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഷർമിള ശ്രേഷ്ഠ പറയുന്നു.
പോഷകാഹാരത്തിന്റെ കുറവിനുപുറമെ, മുലയൂട്ടുന്ന അമ്മമാർക്ക് ആവശ്യമായ സ്വകാര്യതയും ക്യാമ്പുകളിലില്ല. നൂറുകണക്കിന് ആളുകൾ ഒന്നിച്ചുകഴിയുന്ന ഹാളുകളിലെ പുകവലിയും മദ്യത്തിന്റെ ദുർഗന്ധവും കാരണം കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് അമ്മമാർ സാക്ഷ്യപ്പെടുത്തുന്നു.റസുവ, നുവാകോട്ട്, ധാഡിംഗ് തുടങ്ങിയ ജില്ലകളിലാണ് സ്ത്രീകളും കുഞ്ഞുങ്ങളും കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
ദുരന്തബാധിത പ്രദേശങ്ങളിൽ 5000ത്തോളം ഗർഭിണികളുണ്ടെന്നാണ് യുഎൻ ഏജൻസികളുടെ കണക്ക്. ഇതിൽ 500ഓളം പേരുടെ പ്രസവം അടുത്ത ഒരു മാസത്തിനുള്ളിൽ നടന്നേക്കാം. എന്നാൽ റോഡുകൾ തകർന്നതും മണ്ണിടിച്ചിലും കാരണം ഇവരെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാനാകുമോ എന്ന ഭയത്തിലാണ് ബന്ധുക്കൾ.
ഇതിനുപുറമെ പെൺകുട്ടികൾക്ക് ആവശ്യത്തിന് സാനിറ്ററി പാഡുകൾ പോലും ലഭ്യമാകുന്നില്ലെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
Tags : NepalFloods: FlashFloods SearchContinues Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash