മുനീർ (35), ഭാര്യ സഫ്ന (25)
തൃശ്ശൂർ: തൃശ്ശൂരിലെ കുന്നംകുളത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ സഫ്ന (25), മൂന്ന് വയസുകാരനായ മകൻ യാമിൽ ഐബക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രിയോടെ ഗുരുവായൂർ-കുന്നംകുളം റോഡിലെ കുറുക്കൻപാറയിലാണ് അപകടം നടന്നത്.
വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം, ഫോൺ കോൾ വന്നതിനെ തുടർന്ന് വഴിയരികിൽ ബൈക്ക് നിർത്തി സംസാരിക്കുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിച്ച ആഘാതത്തിൽ മൂവരും 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. സമീപത്തെ വൈദ്യുതി പോസ്റ്റിലും ട്രാൻസ്ഫോർമറിലും ബൈക്ക് ചെന്നിടിച്ചതോടെ വൈദ്യുതി ലൈൻ പൊട്ടിവീണത് രക്ഷാപ്രവർത്തനം സങ്കീർണമാക്കി.
ബാറിൽ നിന്ന് മടങ്ങുകയായിരുന്ന കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നു. അപകടത്തിന് ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു രണ്ട് യാത്രക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വെള്ളിയാഴ്ച രാത്രി തൃശ്ശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് തമിഴ്നാട്ടിൽ നിന്നുള്ള എട്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചതിന് തൊട്ടുപിറ്റേന്നാണ് ഈ ദുരന്തം സംഭവിച്ചത്.
Tags : Accident Thrissur Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash