പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: തോട്ടം മേഖലയിൽ കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്തി നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കാൻ കേന്ദ്രസർക്കാർ.
നിലവിൽ തേയില, കാപ്പി, റബർ, ഏലം, പാം, ഒലിവ് എണ്ണ തുടങ്ങിയവയ്ക്ക് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം എഫ്ഡിഐ അനുമതിയുണ്ട്. ഇതല്ലാതെ തോട്ടം മേഖലയിലെ മറ്റു വാണിജ്യവിളകൾക്ക് നിലവിൽ വിദേശനിക്ഷേപത്തിന് അനുമതിയില്ല. വാഴ ഉൾപ്പടെയുള്ള വിളകളെ ഉൾപ്പെടുത്തി ഈ മേഖലയിലേക്ക് കൂടുതൽ ഇളവുകൾ വ്യാപിപ്പിക്കാനാണു സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി ബന്ധപ്പെട്ട പങ്കാളികളുമായി സർക്കാർ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
വാർഷിക ഉത്പാദനം 30 ദശലക്ഷം ടണ്ണിലധികമുള്ള ഇന്ത്യയാണു ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം. ആഗോള ഉത്പാദനത്തിന്റെ 26.45 ശതമാനവും ഇന്ത്യയിൽനിന്നാണെങ്കിലും ലോകവിപണിയിലെ കയറ്റുമതി വിഹിതം വെറും ഒരു ശതമാനം മാത്രമാണ്.
2024-25 സാമ്പത്തികവർഷത്തിൽ 37 കോടി ഡോളറിന്റെ വാഴപ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. വരും വർഷങ്ങളിൽ ഇത് 100 കോടിയാക്കി ഉയർത്താനാണു ലക്ഷ്യമിടുന്നത്. ഇതിനായി എഫ്ഡിഐ ഉൾപ്പടെ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇറാൻ, ഇറാക്ക്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടത്തുന്നതെങ്കിലും അമേരിക്ക, റഷ്യ, ജർമനി, ജപ്പാൻ തുടങ്ങിയ വികസിത രാജ്യങ്ങളുടെ വിപണികളും ലക്ഷ്യം വയ്ക്കുന്നുണ്ട്.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ വാഴപ്പഴം ഉത്പാദനത്തിന്റെ 67 ശതമാനവും സംഭാവനചെയ്യുന്നത്.
Tags : Government ForeignInvestment Opportunities HorticultureSector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash